Tuesday, June 5, 2012

ഹാന്‍ഡ് വാഷും ഓര്‍മകളും

ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ഞാനും കുടുംബവും കൂടി ഏട്ടന്റെ വീട്ടിലേയ്ക്ക് പുതിയ പുസ്തകങ്ങള്‍ കട്ടെടുക്കാനായി പോയി. ഒരു വൈകുന്നേരം അവിടെ ചെലവാക്കിയ ശേഷം കനം വെച്ച ബാഗും കൊണ്ട് തിരിച്ചുവരുന്നതിനിടയ്ക്ക് അങ്ങാടിയില്‍ എത്തിയപ്പോള്‍ കുട്ടി എന്റെ ഷര്‍ട്ടില്‍ പിടിച്ചുവലിച്ച് പറഞ്ഞു.

അച്ചാ, ഗോതമേട്ടന്റെ (ഏട്ടന്റെ മകന്‍, മുഹമ്മദ് ഗൗതം എന്ന കഥയിലെ നായകന്‍) വീട്ടിലെ പൈപ്പിന്റെ അടുത്ത് കയ്യ് കഴുകുന്ന സോപ്പ് കുപ്പീലാക്കി വെച്ചിട്ടുണ്ട്. നമ്മടെ വീട്ടിലെന്താ അതില്ലാത്തത് ?

സ്റ്റൈല്‍ ! ഇത്തവണ കണ്ട കാഴ്ചകളില്‍ ചെക്കനെ ആകര്‍ഷിച്ചത് ഹാന്‍ഡ് വാഷ് ആണ്. ഇപ്പൊ കേരളത്തിലെ മിക്ക മധ്യവര്‍ഗ വീടുകളിലും വാഷ് ബേസിനടുത്ത് കാണുന്ന, ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമ്യായ വസ്തുക്കളിലെ പുത്തന്‍പുതിയ അധ്യായമായ ഹാന്‍ഡ് വാഷ്

ഏഴോ എട്ടോ കൊല്ലം (ചിലപ്പോള്‍ അതിലധികം) മുമ്പാണെന്ന് തോന്നുന്നു, നമ്മുടെ ഉള്‍നാടന്‍ വിപണികളില്‍ ഈ ഹാന്‍ഡ് വാഷിന്റെ ആദ്യത്തെ രംഗപ്രവേശം. അതും വല്ലാത്തൊരു വിവാദത്തോടെ. കൈ കഴുകിയില്ലെങ്കില്‍ അസുഖങ്ങള്‍ പിടിച്ചേയ്കാം എന്നും അതുകൊണ്ട് കൈ കഴുകാന്‍ ഒരു വസ്തു എന്നും മറ്റും പറഞ്ഞ് ഏതോ യൂറോ അമേരിക്കന്‍ സംഘടനയുടെ ഔദ്യോഗിക സ്വരത്തോടെ വന്ന ഈ കുപ്പിസോപ്പിനെ വിമര്‍ശകര്‍ നേരിട്ടത് വല്ലാത്തൊരു മുദ്രാവാക്യത്തോടുകൂടിയായിരുന്നു. ഞങ്ങളുടെ വായനശാലയില്‍ തമ്മില്‍ കണ്ടാല്‍ അഭിപ്രായങ്ങള്‍ എതിര്‍ക്കുക മാത്രം ശീലമാക്കിയ എല്ലാവരും, ഞാനടക്കം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. തൂറിയാല്‍ ചന്തി കഴുകാത്ത സായിപ്പ് മലയാളികളെ കൈ കഴുകാന്‍ പഠിപ്പിക്കണ്ട.

അങ്ങനെ മലയാളികളുടെ സ്വകാര്യ അഭിമാനമായ വ്യക്തിശുചിത്വത്തിനു നേരെ കൊഞ്ഞനം കുത്തിയ ഈ പുതിയ ഉല്‍പന്നത്തിനെ അന്ന് പലരും എതിര്‍ത്തു. തെറ്റായ വഴിയാണ് തങ്ങള്‍ തെരഞ്ഞെടുത്തത് എന്ന് ഉല്‍പാദകര്‍ക്കും മനസ്സിലായിട്ടുണ്ടാവണം. പിന്നീട് ഹാന്‍ഡ് വാഷ് എന്ന ഉല്‍പന്നത്തെപ്പറ്റി ഞാന്‍ കേള്‍ക്കുന്നത് ടി.വി. പരസ്യങ്ങളില്‍ കൂടിയാണ്. ഉപദേശങ്ങള്‍ക്ക് നേരെ അത് നന്നായാലും അല്ലെങ്കിലും നമുക്ക് മുഖം തിരിക്കാം/പക്ഷേ നിങ്ങള്‍ പറയുന്നതാണ് ശരി എന്നും നിങ്ങള്‍ക്ക് ഒരു പുതിയ അനുഭൂതി എന്നും പറഞ്ഞ് വരുന്ന പരസ്യങ്ങളെ. അവ കൊണ്ട് വരുന്ന കണ്‍സ്യൂമറിസത്തെ അതിജീവിക്കാന്‍,എതിര്‍ക്കാന്‍ അത്ര എളുപ്പമല്ല.

അടുത്ത വീട്ടുകാരന്റെ വാഷ് ബേസിന്‍ ഹാന്‍ഡ് വാഷ് കൊണ്ട് സമൃദ്ധമാണ്. അന്ന് നമ്മുടെ ഈഗോയെ മുറിപ്പെടുത്തിയ ആ സോപ്പുവെള്ളം കൊണ്ട് വേണം ഇന്ന് നമുക്ക് അവനോടൊപ്പമെത്താന്‍. അതുകൊണ്ട് ഞാനും വാങ്ങി ഒരു കുപ്പി.

ഈ പോസ്റ്റ് എഴുതിയതിനു ശേഷം ഞാന്‍ കൈ വൃത്തിയായി കഴുകുന്നുണ്ട്. അന്നത്തെ നിലപാടുകളുടെ രക്തം എന്റെയോ എന്റെ കിടാങ്ങളുടെയോ ദേഹത്ത് വീഴാതിരിക്കാന്‍

2 comments:

 1. ഉപ“ഭോഗ”സംസ്കാരം വിന്ധ്യനും സഹ്യനുമൊക്കെ തരണം ചെയ്ത് വരുന്ന വരവില്‍ ഈ മാറ്റങ്ങളൊക്കെയുണ്ടാകും. എങ്ങിനെയും വാങ്ങിപ്പിക്കുക എന്നതാണിപ്പോഴത്തെ നയം. അധികാരവര്‍ഗം അതിനു മുഴുപിന്തുണയും. ഇതുപോലുള്ള ഒറ്റപ്പെട്ട ശബ്ദങ്ങളൊക്കെ ഒടുങ്ങിപ്പോകും മെല്ലെ

  ReplyDelete
  Replies
  1. അജിത്, വാങ്ങലുകളെ ഞാന്‍ ഇപ്പോള്‍ എതിര്‍ക്കാറില്ല. അതങ്ങനെ വളര്‍ന്നുകൊണ്ടേയിരിക്കും. പക്ഷേ മലയാളിയെ കൈ കഴുകാന്‍ പഠിപ്പിച്ച് ഇറക്കുമതി ചെയ്ത ഈ ഉല്‍പന്നം ഇത്രവേഗം വിപണി കീഴടക്കുന്നത് കണ്ടപ്പോള്‍ ഒരു അതിശയം തോന്നി.

   പരസ്യങ്ങളില്‍ വഞ്ചിതരാവാതിരിക്കൂ എന്ന സ്ലോഗന്‍ തന്നെ പരസ്യമായി ഉപയോഗിക്കുന്ന കാലമല്ലേയിത് !

   Delete