Tuesday, May 25, 2010

മേല്‍ജാതിയുടെ പൂജകബഹുവചനം !

മലയാളം എന്ന് നാം വിളിക്കുന്ന നമ്മുടെ മാതൃഭാഷ മറ്റേതൊരു ഭാഷയെയും പോലെ ഒരുപാട് മാറ്റങ്ങള്‍ക്ക് ശേഷമാണ് ഇന്നു നാം കാണുന്ന നിലയില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. ആദ്യകാല മൊഴികളില്‍ നിന്നും തമിഴില്‍ നിന്നും സംസ്കൃതത്തില്‍ നിന്നും സെമിറ്റിക് ഭാഷകളില്‍ നിന്നും യൂറോപ്യന്‍ ഭാഷകളില്‍ നിന്നും വേണ്ടതും വേണ്ടാത്തതുമായ എല്ലാ വാക്കുകളെയും സ്വീകരിച്ച് ഇന്ന് നാം കാണുന്ന മലയാളമായ നമ്മുടെ ഭാഷ പക്ഷേ എല്ലാവര്‍ക്കും യഥേഷ്ടം സംസാരിക്കാവുന്ന ഒരു ഭാഷയായത് ഏതാനും ദശകങ്ങള്‍ക്ക് മുമ്പ് മാത്രമാണ്.

നമ്പൂരി മുതല്‍ നായാടി വരെ സമൂഹത്തിലെ വിവിധ ജാതിക്കാര്‍ക്കും ഹിന്ദു മുതല്‍ ജൂതന്‍ വരെ വിവിധമതക്കാര്‍ക്കും ഒക്കെയും സംസാരിക്കാന്‍ വേറെ വേറെ മലയാളങ്ങളുണ്ട് . നമ്പൂരിക്ക് വിധിച്ച മലയാളം സംസാരിച്ചാല്‍ നായര്‍ ശിക്ഷാര്‍ഹനാവുന്ന കാലം അത്ര പഴയതല്ല. ഭാഷയില്‍ അയിത്തം നിലനിന്ന ഏക സ്ഥലം എന്നാണ് പി.കെ. ബാലകൃഷ്ണന്‍ ഇതിനെപ്പറ്റി പറഞ്ഞിട്ടുള്ളത്. മുസ്ലീമിന്റെ മലയാളം സംസാരിച്ചാല്‍ ഒരു മേല്‍ജാതി ഹിന്ദുവിനു കിട്ടുക എന്താണ് :) രാമന്‍ നായര്‍ ആയി വേഷം മാറിയെത്തിയ ജമാല്‍ “ മാണ്ട ” എന്ന് പറഞ്ഞപ്പോള്‍ തമ്പുരാക്കന്മാരുടെ കണ്ണുകള്‍ സംശയം കൊണ്ട് വിടര്‍ന്നു. 

മേല്‍ജാതികള്‍ എന്നും ഭാഷയില്‍ അവരുടെ അധീശത്വം നിലനിര്‍ത്തുന്നതിന് മന:പൂര്‍വം ശ്രമിച്ചിരുന്നു. അതില്‍ വിചിത്രമായി ഒന്നുമില്ല താനും. ലോകത്ത് എല്ലായിടത്തും വിജയികളായ സമൂഹത്തെ അവരുടെ ഭാഷ പിന്തുടരാറുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലെ സ്വയം പ്രഖ്യാപിത മേല്‍ ജാതികളായ നമ്പൂരിമാര്‍ മൊഴിയുന്ന മലയാളമാണ് ഏറ്റവും ശ്രേഷ്ടമായ മലയാളം. വേദവും സംസ്കൃതവും കൊണ്ട് ദന്തധാവനവും ശൌചവും നിര്‍വഹിക്കുന്ന ഇവര്‍ക്ക് പക്ഷേ എപ്പോഴും മലയാളനിലവാരം നോക്കി നില്‍ക്കാന്‍ നേരമില്ലാഞ്ഞതിനാലാവും നമ്പൂരിഭാഷയ്ക് തൊട്ടുപിന്നാലെ വര്‍മമലയാളവും അമ്പലവാസിമലയാളവും നായര്‍ മലയാളവും ഒക്കെ മെല്ലെ മെല്ലെ ലക്ഷണമൊത്ത മലയാളങ്ങള്‍ ആയി മാറി. കീഴ് ജാതിക്കാരെന്ന് സ്വയം പ്രഖ്യാപിത മേല്‍ ജാതിക്കാര്‍ ആക്ഷേപിക്കുന്നവരുടെ മലയാളം സാഹിത്യമേഖലയില്‍ നിന്നും വരമൊഴിയില്‍ നിന്നും അറുപത്തിനാലടി അയിത്തം പാലിക്കണമെന്ന് ഈ ഉണ്ണിമലയാളങ്ങള്‍ വാശിപിടിച്ചു. 

ഭാഷയിലെ സംബോധനകളിലും ഈ അയിത്തം തെളിഞ്ഞു വന്നു. വണങ്ങേണ്ടവരെ വണങ്ങാനും തഴയേണ്ടവരെ തഴയാനും നമ്മുടെ മലയാളം മെല്ലെ മെല്ലെ ശീലിച്ചു. ഏകവചനത്തില്‍ മാത്രം സംബോധന ചെയ്യേണ്ടവരെ ബഹുവചനമുപയോഗിച്ച് സംബോധന ചെയ്യുന്നത് ബഹുമാനം പ്രകടിപ്പിക്കാന്‍ പറ്റിയ മാര്‍ഗമാണെന്ന് മലയാളം മനസ്സിലാക്കി. നീ എന്ന് പറയുമ്പോള്‍ നുരയുന്ന ധിക്കാരം നിങ്ങള്‍ ( നീ + കള്‍ ) എന്നാവുമ്പോള്‍ അടങ്ങുന്നത് മലയാളം ശ്രദ്ധിച്ചു. അവള്‍ (അ+അള്‍ ) എന്ന് ചൂണ്ടിക്കാട്ടുമ്പോള്‍ കിട്ടുന്ന അര്‍ഥമല്ല അവര്‍ ( അ + അര്‍ )എന്ന് ചൂണ്ടുമ്പോള്‍ കിട്ടുന്നതെന്ന് മലയാളത്തിന് മനസ്സിലായി. അങ്ങനെ മലയാളം പൂജകബഹുവചനം ഉപയോഗിക്കാന്‍ തുടങ്ങി. ഒരു വ്യക്തിക്കു തന്നെ ബഹുമാനത്തിനു വേണ്ടി ചെയ്യുന്നത് പൂജകബഹുവചനം.
അര്‍ എന്നലിംഗപുംസ്ത്രീകള്‍ ക്കിവര്‍ക്കേ മാര്‍ സലിംഗമാം ക്ലീബത്തില്‍ കള്‍ ചേര്‍ച്ച പോലെ പൂജകത്തിന്നു മൂന്നുമാം
കേരളപാണിനീയത്തിലെ വചനപ്രകരണത്തില്‍ പെട്ട അന്‍പതാം കാരികയിലെ ആദ്യ നാലുവരികളാണ് മുകളില്‍ കൊടുത്തിട്ടുള്ളത്. അര്‍, മാര്‍, കള്‍ ഇവ ബഹുവചനപ്രത്യയങ്ങളാണ്. ഇവ മൂന്നും പൂജകബഹുവചനത്തിന്ന് ഉപയോഗിക്കുകയും ചെയ്യാം. ബ്രാഹ്മണന്‍ എന്നതിന്റെ ബഹുവചനം ബ്രാഹ്മണര്‍ തന്നെ, ബ്രാഹ്മണര്‍ക്ക് അല്പം കൂടി ബഹുമാനം കൊടുക്കാന്‍ ബ്രാഹ്മണര്‍കള്‍ എന്ന് പറയാം. വല്ല പാവപ്പെട്ടവനും ബ്രാഹ്മണര്‍ കള്‍ ശാപ്പിടും സ്ഥലം എന്ന ബ്രാഹ്മണാള്‍ ഹോട്ടല്‍ ബോര്‍ഡ് കണ്ട് ബ്രാഹ്മണന്‍ കള്ളു കുടിക്കുന്ന സ്ഥലമാണെന്ന് കയറി തല്ലു വാങ്ങാം :)

ബ്രാഹ്മണര്‍ ബ്രാഹ്മണര്‍കള്‍ ആയാല്‍ പൂജകബഹുവചനമായി. ബഹുമാനസംബോധനയായി. മറ്റു ജാതിക്കാരോ ?
മണ്ണാന്‍എന്ന ഏകവചനരൂപം മണ്ണാര്‍ ആയാലും മണ്ണാന്മാര്‍ ആയാലും വിശേഷിച്ചൊന്നുമില്ല. ആദ്യത്തേത് ഏകവചനം. പിന്നെ രണ്ടും ബഹുവചനം. പൂജകബഹുവചനം എന്ന ഇടം മണ്ണാനെ സംബന്ധിച്ചിടത്തോളം മലയാളം അനുവദിച്ചില്ലെന്ന് പറയാം. കൊല്ലന്റെയും തട്ടാന്റെയും ഒക്കെ അവസ്ഥ ഇതു തന്നെ. ഏകവചനരൂപം
 1. ഈഴവന്‍
 2. തീയന്‍
 3. കൊല്ലന്‍
 4. തട്ടാന്‍
 5. കരുവാന്‍
 6. മുക്കുവന്‍
 7. മണ്ണാന്‍
ബഹുവചനരൂപം
 1. ഈഴവന്‍മാര്‍
 2. തീയന്‍മാര്‍
 3. കൊല്ലന്‍മാര്‍
 4. തട്ടാന്‍മാര്‍
 5. കരുവാന്‍മാര്‍
 6. മുക്കുവര്‍ , മുക്കുവന്‍മാര്‍
 7. മണ്ണാര്‍ , മണ്ണാന്‍മാര്‍
ഇവിടെയൊക്കെ ഏകവചനരൂപത്തിനു പ്രത്യയം അന്‍ ആണ്. ബഹുവചനത്തിനു മിക്കവാറും മാര്‍ എന്നതും. ചില പേരുകള്‍ക്ക് അര്‍ കൂടി ചേര്‍ക്കാം എന്ന് മാത്രം. അര്‍ ബഹുമാന വചനം കൂടിയാണെന്ന് നാം കണ്ടു കഴിഞ്ഞതാണല്ലോ. എന്നാല്‍ കീഴ്ജാതികള്‍ക്ക് അര്‍ വെറും ബഹുവചനം മാത്രമാണ്. ബഹുമാനവചനം അവരെ സംബന്ധിച്ചിടത്തോളം ഇല്ല. മറ്റു ചില ജാതിപ്പേരുകള്‍ കൂടി
ഏകവചനം
 1. പട്ടര്‍
 2. മാരാര്‍
 3. വാരിയര്‍
 4. നമ്പിയാര്‍
 5. നായര്‍
 6. അയ്യര്‍
ഇവിടെയൊക്കെ ഏകവചനരൂപങ്ങള്‍ അവസാനിക്കുന്നത് സ്വതവേ ഒരു ബഹുവചനപ്രത്യയമായ അര്‍ വെച്ചാണെന്ന് കാണാം. അന്‍ എന്ന പ്രത്യയം കാണാനേയില്ല.
ബഹുവചനം
 1. പട്ടന്‍മാര്‍
 2. മാരാന്‍മാര്‍
 3. വാരിയന്‍മാര്‍
 4. നമ്പിയാന്‍മാര്‍
 5. നായന്‍മാര്‍
ബഹുവചനപ്രത്യയം മറ്റുള്ളവരുടെ പോലെ മാര്‍ തന്നെ. ബഹുവചനരൂപത്തില്‍ നിന്നും മാര്‍ നെ ഒന്നു മാറ്റി നിര്‍ത്തിയാല്‍ അന്‍ എന്ന ഏകവചനരൂപം താനെ പ്രത്യക്ഷപ്പെടും ഒന്നു കൂടി നോക്കിയാല്‍ സ്വയം പ്രഖ്യാപിത മേല്‍ജാതിയില്‍ പെട്ട പട്ടരും കീഴ്ജാതിയായ കൊല്ലനും തമ്മിലുള്ള ഏകവചനരൂപവ്യത്യാസം ഇവരുടെ ബഹുവചനരൂപങ്ങള്‍ തമ്മില്‍ ( പട്ടന്‍മാര്‍ ‍, കൊല്ലന്‍മാര്‍ ) ഇല്ല എന്നു കാണാം. അന്‍ / അള്‍ എന്നിവയില്‍ അവസാനിക്കുന്ന വാക്കുകള്‍ മേല്‍ ജാതികളില്‍ വളരേ കുറവായിരിക്കുന്നു. ഈ വ്യത്യാസത്തിനു കാരണമായി എനിക്ക് തോന്നുന്നത് ഇത്രയേ ഉള്ളൂ. ഇന്ന് മേല്‍ജാതിയായി അഭിമാനിക്കുന്നവരാണ് ഭാഷ പൊതുവേ ഭരിച്ചിരുന്നത് എന്നതിനാല്‍ അവരുടെ ജാതികളുടെ ഏകവചനരൂപത്തിനു പകരം പൂജകബഹുവചനം ഉപയോഗിച്ചു. ബഹുവചനരൂപത്തില്‍ മാറ്റങ്ങള്‍ വരുത്തിയതുമില്ല.

ഈ വിചാരത്തില്‍ വല്ല ശരിയുമുണ്ടോ ? ഭട്ടന്‍ എന്ന വാക്കിന്റെ തത്ഭവമായ പട്ടനെ പട്ടര്‍ ആക്കിയത് ഈ സര്‍ക്കസ്സ് കളിച്ചിട്ടാണെന്ന് ഞാന്‍ കരുതുന്നു. കാളിപ്രഭാവഭട്ടന്‍, മാണിക്കഗൌണ്ടന്‍ എന്നൊക്കെ കേട്ടിട്ടില്ലേ. ഇപ്പൊ ഭട്ടര്‍ , ഗൌണ്ടര്‍ എന്നിവ മാത്രമല്ലേ ഉള്ളൂ. കേരളപാണിനീയത്തില്‍ കാരികയുടെ വിശദീകരണത്തില്‍ ഈ വിഷയം പ്രസ്താവിച്ചത് ഇങ്ങനെയാണ്. ഭട്ടന്‍ എന്നതിന്റെ പൂജകബഹുവചനമാണ് ഭട്ടര്‍ ( പൂജ്യനീയനായ ഭട്ടന്‍ എന്നര്‍ഥം ). തട്ടാന്‍ എന്നതിനു തട്ടാര്‍ എന്നൊരു പൂജകബഹുവചനമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നു. പൊതു സമൂഹത്തില്‍ തട്ടാര്‍ എന്ന വാക്ക് അത്ര ചിരപരിചിതം അല്ലെങ്കിലും സിനിമാപ്പാട്ടില്‍ അത് കടന്നുവന്നിട്ടുണ്ടെന്ന് കാണാം. (മനസ്സിലുണ്ടേ മോഹമെന്നൊരു മടിച്ചിത്താറാവ് : അതിനേ തവിടു കൊടുത്തു വളര്‍ത്തീ തട്ടാര്).  

ശബ്ദതാരാവലിയില്‍ മേല്‍ജാതിപ്പേരുകള്‍ പരിശോധിച്ചാല്‍ കിട്ടുന്ന ഫലങ്ങള്‍ നമ്പി, മാരാന്‍, നായന്‍, വാരിയന്‍ എന്നിങ്ങനെയാണ്. മാരാര്‍, വാരിയര്‍ എന്നീ വാക്കുകള്‍ ഇല്ലെന്ന് തന്നെ കാണാം. നായര്‍, നമ്പിയാര്‍, നമ്പീശന്‍ എന്നീ വാക്കുകള്‍ ബഹുമാനസൂചകങ്ങള്‍ ആണെന്നും അതില്‍ കുറിപ്പ് കാണുന്നു. (നായന്‍ എന്നൊരു പദം നടപ്പില്ലായ്കയാല്‍ നായര്‍ ഏകവചനാര്‍ഥമുള്ള പൂജകബഹുവചനമാണ് എന്ന് സി.വി. വാസുദേവഭട്ടത്തിരി). സ്ത്രീ ലിംഗജാതിപ്പേരുകളിലും ഇതിന് സമാനമായ മാറ്റങ്ങള്‍ കാണാനാവും. കൊല്ലത്തി,കരുവാത്തി, മണ്ണാത്തി, എന്നിവപോലെ പട്ടത്തി, വാരിയത്തി, മാരാത്തി എന്നീ വാക്കുകളും ഉണ്ടായിരുന്നിരിക്കും. ഒടുവില്‍ പറഞ്ഞ മൂന്നും പട്ടത്തിയാര്‍, മാരാസ്സിയാര്‍, വാരസ്സിയാര്‍ എന്നിങ്ങനെ മാറി എന്നു മാത്രം എനിക്ക് അറിയാം.
പഴഞ്ചൊല്ലുകളില്‍ ആണ് പരിശോധനയെങ്കില്‍ അവിടെയും കാണാം ഈ പ്രാചീനരൂപങ്ങളുടെ ഫോസില്‍ അവശിഷ്ടങ്ങള്‍. എമ്പ്രാന്റെ വിളക്കത്ത് വാരിയന്റെ അത്താഴം എന്ന ആ ചൊല്ലില്‍ വാരിയന്‍ എന്ന വാക്ക് ഇന്നും കാണുന്നുണ്ട്. ഒരിക്കല്‍ ഉണ്ടായിരുന്നതിനാലാവണം വാരിയന്‍ എന്ന വാക്ക് പഴഞ്ചൊല്ലില്‍ ഇടം പിടിച്ചത്. ഇന്ന് വാരിയന്‍ ഇല്ല , വാരിയരേ ഉള്ളൂ
 1. എമ്പ്രാന്റെ വെളക്കത്ത് വാരിയന്റെ അത്താഴം (വാരിയന്‍, എമ്പ്രാന്‍ എന്നീ രൂപങ്ങള്‍) ശബ്ദതാരാവലിയിലും പഴഞ്ചൊല്‍ പ്രപഞ്ചത്തിലും ഈ പഴഞ്ചൊല്ല് കാണിച്ചിട്ടുണ്ട്
 2. മാരാന്‍ നിര്‍തിയാല്‍ മാക്കാന്‍ തുടങ്ങും (മാരാന്‍ എന്ന രൂപം) (ശബ്ദതാരാവലി, പഴഞ്ചൊല്‍ പ്രപഞ്ചം )
 3. തല്ലു വാങ്ങാന്‍ ചെണ്ട , പണം വാങ്ങാന്‍ മാരാന്‍
മൂന്നാമത്തെ പഴഞ്ചൊല്ല് കുഞ്ചന്റെ കാലമാവുമ്പോഴേയ്ക്ക് മാരാര്‍ എന്നായതായി കാണാം. കുഞ്ചന്‍ തന്നെയും പൂജകബഹുവചനം ചേര്‍ത്ത രൂപമാണ് പരിഹാസത്തിനിടയ്ക്കും ചേര്‍ത്തിരിക്കുന്നത്. തന്റെ ജാതി നമ്പിയാര്‍ ആണെന്നും മൂപ്പര്‍ പറഞ്ഞിട്ടുണ്ട്.
നമ്പി ആരെന്നു ചോദിച്ചു നമ്പിയാരെന്നു ചൊല്ലിനേന്‍ നമ്പി കേട്ടഥ കോപിച്ചു തപുരാനേ പൊറുക്കണേ
എന്തിനാണ് ഇതൊക്കെ പറയുന്നത് എന്നു ചോദിച്ചാല്‍ ഉത്തരം ഇത് മാത്രമാണ്. പൂജകബഹുവചനം ചേര്‍ത്ത പേരുകളാണ് മേല്‍ജാതിക്കാര്‍ ഉപയോഗിക്കുന്നത് എന്ന് ചിലരെങ്കിലും മറന്നിട്ടുണ്ടാവും. ഭാഷയില്‍ പരിണാമങ്ങള്‍ നടന്നേ തീരൂ. അങ്ങനെ പരിണമിക്കാത്ത ഭാഷകളെയാണ് (ഉദാ:- സംസ്കൃതം) മൃതഭാഷകള്‍ എന്ന് പറയുന്നത്. എന്നാല്‍ പഴയകാലങ്ങള്‍, രൂപങ്ങള്‍ ഉണ്ടായിരുന്നു എന്നു നാം മറന്നാല്‍ അത് തീരാത്ത കുറ്റമാവും. ആ ഫോസില്‍ രൂപങ്ങളും ജീവിക്കുന്ന ഫോസിലുകളും നമ്മുടെ ശ്രദ്ധയില്‍ പെട്ടില്ല എങ്കില്‍ നാം ചുറ്റും കാണുന്ന സൃഷ്ടിവാദികളെപ്പോലെ ഭാഷാപിതാവിനെ അന്വേഷിച്ച് അര്‍ഥമില്ലാതെ അലയേണ്ടി വരും.