Wednesday, June 6, 2012

പുസ്തകം വില്‍ക്കുന്നവര്‍

ഒരിടത്തൊരിടത്ത് പുസ്തകക്കച്ചവടം ചെയ്ത് പണക്കാരനായ ഒരു വണികനുണ്ടായിരുന്നു. ഒരിടയ്ക്ക് കച്ചവടത്തിരക്ക് അല്‍പമൊന്ന്, അല്‍പം മാത്രം കുറഞ്ഞപ്പോള്‍ അയാള്‍ക്ക് വല്ലാതെ ഭയം തോന്നി. പുസ്തകങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടാതായോ എന്നയാള്‍ അന്വേഷിച്ചു. പുസ്തകങ്ങളേക്കാള്‍ ഞങ്ങള്‍ക്കാവശ്യം ഭക്ഷണമാണെന്നാണ് അയാള്‍ അന്വേഷിച്ചവരൊക്കെ മറുപടി പറഞ്ഞത്. എന്നാല്‍ ഇനി ഭക്ഷണക്കച്ചവടം കൂടി നടത്താം എന്ന് അയാള്‍ തീരുമാനിച്ചു.

പാവം കച്ചവടക്കാരന്‍.

അയാളുടെ കച്ചവടം പൊളിഞ്ഞു. പഴകിയതും ചീഞ്ഞതും നാറുന്നതുമായ പുസ്തകം വിറ്റ് കാശുണ്ടാക്കുന്ന തന്ത്രം ഭക്ഷണക്കച്ചവടത്തില്‍ വിജയിച്ചില്ല. ഭക്ഷണത്തിന്റെ കാര്യത്തിലാവുമ്പോള്‍ നല്ലതും ചീത്തയും രുചികരവും അരോചകവും വേണ്ടതും വേണ്ടാത്തതും തിരിച്ചറിയുന്ന ജനങ്ങള്‍ അയാളുടെ ഭക്ഷണശാലയുടെ പരിസരത്തേയ്ക്ക് പോലും വന്നില്ല

ഒടുവിലയാള്‍ ഭക്ഷണക്കച്ചവടം മതിയാക്കി വീണ്ടും പുസ്തകക്കച്ചവടം തന്നെ ചെയ്ത് ഇരട്ടി കാശുണ്ടാക്കി സുഖമായി ജീവിച്ചു.

കഥ തീര്‍ന്നു. 

ഈ കഥ മുമ്പ് മറ്റു പലരും പറഞ്ഞിട്ടുണ്ട്. എന്റെയറിവില്‍ ആദ്യം സുന്ദരരാമസ്വാമിയും പിന്നെ ജയമോഹനും. ജയമോഹന്‍ പറഞ്ഞ കഥ താഴെ

ഏട്ടന്‍ പുസ്തകക്കച്ചവടത്തിനൊരുങ്ങിയപ്പോള്‍ അനിയന്‍ ചോദിച്ചു 
ഏട്ടാ, പച്ചക്കറിക്കച്ചവടമല്ലേ കൂടുതല്‍ നല്ലത് ?
ഏട്ടന്‍ പറഞ്ഞു. 
മണ്ടാ, പച്ചക്കറി ചീഞ്ഞുപോവും, പുസ്തകം ചീയില്ല !


കഴിഞ്ഞൊരു ദിവസം തൃശ്ശൂരങ്ങാടിയില്‍ പുസ്തകം വാങ്ങാന്‍ പോയപ്പോള്‍ എനിക്കീ കഥ വെറുതേ ഓര്‍മവന്നു. കച്ചവടക്കാര്‍ അവര്‍ക്ക് ലാഭം കിട്ടുന്ന പുസ്തകങ്ങള്‍ അഴകോടെ ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു. ഒരിടത്ത് ചെന്ന് രാജന്‍ കാക്കനാടനെഴുതിയ ഹിമവാന്റെ മുകള്‍ത്തട്ടില്‍ എന്ന പുസ്തകമുണ്ടോ എന്ന് വെറുതേ ചോദിച്ചു. അതില്ല , പക്ഷേ അതിനേക്കാള്‍ നല്ലതുണ്ട് എന്ന് പറഞ്ഞ് അയാള്‍ രാമചന്ദ്രന്‍ ഹിമാലയത്തിലേയ്ക്ക് നടത്തിയ യാത്രാവിവരണം എടുത്ത് നീട്ടി. അവര്‍ തന്നെ അച്ചടിച്ച പുസ്തകം. ചിരിച്ച് സലാം പറഞ്ഞ് ഞാന്‍ സ്ഥലം വിട്ടു.

തൃശ്ശൂരിലെത്തന്നെ വേറൊരു വന്‍കടയില്‍ ചെന്ന് കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ തപ്പിനോക്കിയപ്പോള്‍ മറ്റൊരതിശയം എന്നെ കാത്തിരുന്നു. റോബിന്‍ ഡിക്രൂസ് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്റര്‍ ആയതില്‍ പിന്നെ അവര്‍ ഒരുപാട് നല്ല പുസ്തകങ്ങള്‍ പുറത്തിറക്കി എന്നെനിക്ക് അറിയാമായിരുന്നു. ( http://www.ksicl.org/ എന്ന സൈറ്റില്‍ ചെന്നാല്‍ അവയുടെ വൈവിധ്യം കാണാം. കണ്ടറിയൂ ) ആ പെരുത്ത കടയില്‍ ഏറെ നേരം തപ്പിനോക്കിയപ്പോള്‍ ഒരു തട്ടിന്റെ ഏറ്റവുമടിയില്‍ കൂട്ടി വെച്ച നിലയില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഒരു പുസ്തകമെനിക്ക് കിട്ടി. അതെടുത്തപ്പോള്‍ മറ്റൊന്ന്. അങ്ങനെ പതിമൂന്ന് പുസ്തകങ്ങള്‍ അവിടെ നിന്ന് ഞാന്‍ കണ്ടെത്തി. ഇതൊക്കെ എന്താണിങ്ങനെ നിലത്ത് കുട്ടിയിട്ടിരിക്കുന്നത് ? എല്ലാവര്‍ക്കും കാണുമ്പടി റാക്കില്‍ വെച്ചുകൂടേ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി വളരെ രസകരമായിരുന്നു.

ഞങ്ങള്‍ പുറത്തിറക്കുന്ന ബാലസാഹിത്യം മാത്രമേ റാക്കില്‍ നിരത്തി വയ്ക്കൂ. 

അത് ശരി. ഞാന്‍ നോക്കിയപ്പോള്‍ ചുറ്റുപാടും കുറേ പുസ്തകങ്ങള്‍ ഉണ്ട്. ഒക്കെ ആ കടക്കാര്‍ അച്ചടിച്ചിറക്കിയവ. ആള്‍ക്കാര്‍ വാങ്ങേണ്ടത് അതാണ് എന്ന് അവര്‍ നിശ്ചയിച്ചാല്‍ വായനക്കാരെന്ത് ചെയ്യും :(

അനുഭവവും തീര്‍ന്നു. ഇനി നിങ്ങളെഴുതു...

Tuesday, June 5, 2012

ഹാന്‍ഡ് വാഷും ഓര്‍മകളും

ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ഞാനും കുടുംബവും കൂടി ഏട്ടന്റെ വീട്ടിലേയ്ക്ക് പുതിയ പുസ്തകങ്ങള്‍ കട്ടെടുക്കാനായി പോയി. ഒരു വൈകുന്നേരം അവിടെ ചെലവാക്കിയ ശേഷം കനം വെച്ച ബാഗും കൊണ്ട് തിരിച്ചുവരുന്നതിനിടയ്ക്ക് അങ്ങാടിയില്‍ എത്തിയപ്പോള്‍ കുട്ടി എന്റെ ഷര്‍ട്ടില്‍ പിടിച്ചുവലിച്ച് പറഞ്ഞു.

അച്ചാ, ഗോതമേട്ടന്റെ (ഏട്ടന്റെ മകന്‍, മുഹമ്മദ് ഗൗതം എന്ന കഥയിലെ നായകന്‍) വീട്ടിലെ പൈപ്പിന്റെ അടുത്ത് കയ്യ് കഴുകുന്ന സോപ്പ് കുപ്പീലാക്കി വെച്ചിട്ടുണ്ട്. നമ്മടെ വീട്ടിലെന്താ അതില്ലാത്തത് ?

സ്റ്റൈല്‍ ! ഇത്തവണ കണ്ട കാഴ്ചകളില്‍ ചെക്കനെ ആകര്‍ഷിച്ചത് ഹാന്‍ഡ് വാഷ് ആണ്. ഇപ്പൊ കേരളത്തിലെ മിക്ക മധ്യവര്‍ഗ വീടുകളിലും വാഷ് ബേസിനടുത്ത് കാണുന്ന, ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമ്യായ വസ്തുക്കളിലെ പുത്തന്‍പുതിയ അധ്യായമായ ഹാന്‍ഡ് വാഷ്

ഏഴോ എട്ടോ കൊല്ലം (ചിലപ്പോള്‍ അതിലധികം) മുമ്പാണെന്ന് തോന്നുന്നു, നമ്മുടെ ഉള്‍നാടന്‍ വിപണികളില്‍ ഈ ഹാന്‍ഡ് വാഷിന്റെ ആദ്യത്തെ രംഗപ്രവേശം. അതും വല്ലാത്തൊരു വിവാദത്തോടെ. കൈ കഴുകിയില്ലെങ്കില്‍ അസുഖങ്ങള്‍ പിടിച്ചേയ്കാം എന്നും അതുകൊണ്ട് കൈ കഴുകാന്‍ ഒരു വസ്തു എന്നും മറ്റും പറഞ്ഞ് ഏതോ യൂറോ അമേരിക്കന്‍ സംഘടനയുടെ ഔദ്യോഗിക സ്വരത്തോടെ വന്ന ഈ കുപ്പിസോപ്പിനെ വിമര്‍ശകര്‍ നേരിട്ടത് വല്ലാത്തൊരു മുദ്രാവാക്യത്തോടുകൂടിയായിരുന്നു. ഞങ്ങളുടെ വായനശാലയില്‍ തമ്മില്‍ കണ്ടാല്‍ അഭിപ്രായങ്ങള്‍ എതിര്‍ക്കുക മാത്രം ശീലമാക്കിയ എല്ലാവരും, ഞാനടക്കം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. തൂറിയാല്‍ ചന്തി കഴുകാത്ത സായിപ്പ് മലയാളികളെ കൈ കഴുകാന്‍ പഠിപ്പിക്കണ്ട.

അങ്ങനെ മലയാളികളുടെ സ്വകാര്യ അഭിമാനമായ വ്യക്തിശുചിത്വത്തിനു നേരെ കൊഞ്ഞനം കുത്തിയ ഈ പുതിയ ഉല്‍പന്നത്തിനെ അന്ന് പലരും എതിര്‍ത്തു. തെറ്റായ വഴിയാണ് തങ്ങള്‍ തെരഞ്ഞെടുത്തത് എന്ന് ഉല്‍പാദകര്‍ക്കും മനസ്സിലായിട്ടുണ്ടാവണം. പിന്നീട് ഹാന്‍ഡ് വാഷ് എന്ന ഉല്‍പന്നത്തെപ്പറ്റി ഞാന്‍ കേള്‍ക്കുന്നത് ടി.വി. പരസ്യങ്ങളില്‍ കൂടിയാണ്. ഉപദേശങ്ങള്‍ക്ക് നേരെ അത് നന്നായാലും അല്ലെങ്കിലും നമുക്ക് മുഖം തിരിക്കാം/പക്ഷേ നിങ്ങള്‍ പറയുന്നതാണ് ശരി എന്നും നിങ്ങള്‍ക്ക് ഒരു പുതിയ അനുഭൂതി എന്നും പറഞ്ഞ് വരുന്ന പരസ്യങ്ങളെ. അവ കൊണ്ട് വരുന്ന കണ്‍സ്യൂമറിസത്തെ അതിജീവിക്കാന്‍,എതിര്‍ക്കാന്‍ അത്ര എളുപ്പമല്ല.

അടുത്ത വീട്ടുകാരന്റെ വാഷ് ബേസിന്‍ ഹാന്‍ഡ് വാഷ് കൊണ്ട് സമൃദ്ധമാണ്. അന്ന് നമ്മുടെ ഈഗോയെ മുറിപ്പെടുത്തിയ ആ സോപ്പുവെള്ളം കൊണ്ട് വേണം ഇന്ന് നമുക്ക് അവനോടൊപ്പമെത്താന്‍. അതുകൊണ്ട് ഞാനും വാങ്ങി ഒരു കുപ്പി.

ഈ പോസ്റ്റ് എഴുതിയതിനു ശേഷം ഞാന്‍ കൈ വൃത്തിയായി കഴുകുന്നുണ്ട്. അന്നത്തെ നിലപാടുകളുടെ രക്തം എന്റെയോ എന്റെ കിടാങ്ങളുടെയോ ദേഹത്ത് വീഴാതിരിക്കാന്‍

വി.എസും കൃഷ്ണനും

വേനലവധി അവസാനിച്ചപ്പോള്‍ പതിവുപോലെ ബസ്സുകളില്‍ തിരക്കേറി. ഇഴഞ്ഞുനീങ്ങുന്ന ഉള്‍നാടന്‍ ബസ്സുകളിലൊന്നില്‍ സീറ്റുകിട്ടാതെ വിഷമിച്ച് നില്‍ക്കുന്ന ഒരു വയസ്സന്‍ കാരണവര്‍ ഉറക്കെയുറക്കെ സംസാരിക്കുന്നുണ്ടായിരുന്നു. സീറ്റു കിട്ടാത്തതിലുള്ള ആത്മരോഷമാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷേ ഇടയ്ക്കൊരു സമയത്ത് മൂപ്പര്‍ നാല് വരി കവിത ചൊല്ലുന്നത് ഞാന്‍ കേട്ടു. അതേതാണ്ട് ഇങ്ങനെയായിരുന്നു.

ജയിച്ചു പാണ്ഡവരെങ്കില്‍  -      
തുണച്ചുവെന്നതു കൊണ്ടും – 
നശിച്ചു പാണ്ഡവരെന്നാല്‍ - 
നമുക്ക് തൊല്ലയും തീര്‍ന്നു. 

ഈ സംഗതി ആര് ആരോട് എപ്പോള്‍ പറഞ്ഞു എന്നൊക്കെ മൂപ്പര്‍ അടുത്ത് നിന്ന ആളോട് വിശദീകരിക്കുന്നുണ്ടായിരുന്നുവെങ്കിലും കുറച്ച് ദൂരെ നിന്ന എനിക്കത് കേക്കാന്‍ പറ്റിയില്ല. മിക്കവാറും കൃഷ്ണനെയോ ബലരാമനെയോ പറ്റിയാവണം. മഹാഭാരതയുദ്ധസമയത്ത് പരസ്യമായി രണ്ടു തോണിയിലും കാലിട്ടവര്‍ വേറെ അധികമില്ല. ഭീഷ്മരുണ്ട്, പക്ഷേ നശിച്ചൂ പാണ്ഡവരെങ്കില്‍ എന്ന വരി പറയുന്നതിനു മുമ്പ് ഭീഷ്മര്‍ ആത്മഹത്യ ചെയ്യും. 

എന്തായാലും ഇതിനു ശേഷം ബസ്സിലെ കാരണവര്‍ പറഞ്ഞത് മുഴുവന്‍ അച്യുതാനന്ദനെക്കുറിച്ചായിരുന്നു. തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ അച്യുതാനന്ദന്‍ നെയ്യാറ്റിന്‍കരയില്‍ പ്രചരണത്തിനു പോയത് അവനവന്റെ യശസ്സുയര്‍താനുള്ള തന്ത്രമാണെന്നായിരുന്നു മൂപ്പരുടെ അഭിപ്രായം . തെരഞ്ഞെടുപ്പ് ജയിച്ചാല്‍ അത് അച്ചുതാനന്ദന്റെ പ്രചാരണത്തിന്റെ ഗുണം, തോറ്റെങ്കില്‍ അത് ഔദ്യോഗികപക്ഷത്തിന്റെ നിലപാടുകള്‍ക്ക് ഏറ്റ തിരിച്ചടിയാണെന്നും പറയാം. രണ്ടായാലും ഗുണം അച്യുതാനന്ദന് തന്നെ. 

സ്വന്തം പെങ്ങളുടെ ഹിതത്തിനായി എന്തിനും തയ്യാറായിവന്ന ധൃഷ്ടദ്യുമ്നന്റെയും പാഞ്ചാലരുടെയും സൈന്യബലമോ ഭീമാര്‍ജുനന്മാരുടെ ബാഹുബലമോ അല്ല, മറിച്ച് യാദവന്‍ കൃഷ്ണന്റെ അനുഗ്രഹവും സഹായവുമാണ് പാണ്ഡവര്‍ യുദ്ധത്തില്‍ ജയിക്കാന്‍ സഹായിക്കുന്നതെന്ന് വിശ്വസിക്കുന്ന ശ്രീകൃഷ്ണഭക്തന്മാരുണ്ട്. ഒരു തരം അന്ധമായ ഭക്തി.

അതുപോലെത്തന്നെ  ദശകങ്ങളായി ജനങ്ങളില്‍ വേരൂന്നിയ ഇടതു ചിന്താഗതിയോ ഭാരവാഹികളുടെ ചിട്ടയായ പ്രവര്‍തനമോ അല്ല, മറിച്ച് അച്യുതാനന്ദന്റെ പ്രചാരണം മാത്രമാണ് ഇടതുസ്ഥാനാര്‍ഥികളുടെ വിജയകാരണം എന്ന് അച്യുതാനന്ദനെ ഒരു വിഗ്രഹമാക്കുന്നവര്‍ ചിലരെങ്കിലും കരുതുന്നെങ്കില്‍ ഞാനെന്ത് പറയാന്‍, ഇതല്ലാതെ


ജയിച്ചു പാണ്ഡവരെങ്കില്‍  -      
തുണച്ചുവെന്നതു കൊണ്ടും – 
നശിച്ചു പാണ്ഡവരെന്നാല്‍ - 
നമുക്ക് തൊല്ലയും തീര്‍ന്നു.

Friday, June 1, 2012

കുടക്, താളുകള്‍ മറയുമ്പോള്‍ തെളിഞ്ഞുവരുന്നത്,


തീയൂര്‍ രേഖകള്‍ എന്ന നോവല്‍ എഴുതിയ എന്‍.പ്രഭാകരന്റെ ഒരു യാത്രാവിവരണഗ്രന്ഥമാണ് കുടക് കുറിപ്പുകള്‍. 1985 മുതലുള്ള പത്തിരുപത് കൊല്ലക്കാലം അദ്ദേഹം കുടകിലേയ്ക്ക് നടത്തിയ യാത്രകളാണ് ഈ പുസ്തകത്തിന്റെ ആധാരം. കുടകരുടെ ദൈവസങ്കല്‍പങ്ങളും രാഷ്ട്രീയവും സാംസ്കാരികവുമായ പ്രത്യേകതകളും ഒക്കെ കൗതുകത്തോടെ നോക്കിക്കാണുന്ന ഒരു വടക്കന്‍ മലബാറുകാരന്റെ കണ്ണുകള്‍ ഈ പുസ്തകത്തിലുടനീളം നമുക്ക് കാണാം. ഗൗരവമേറിയ ഒരുപാട് കാഴ്ചകള്‍ അദ്ദേഹം കാണുന്നുവെന്നതിനാല്‍ കുറിപ്പുകള്‍ക്കും ഗൗരവമേറെയാണ്. അലസമായ ഒരുവായനയ്ക്കുപരി ആഴത്തിലുള്ള പല വായനകളാണ് ആ കുറിപ്പുകള്‍  നമ്മളോട് ആവശ്യപ്പെടുന്നത്. എനിക്കതിന് സാധിച്ചോ എന്നുറപ്പില്ലെങ്കിലും:)

ഈ കുറിപ്പുകളുടെ ഒരു പ്രധാനപോരായ്മ അവ ഏത് കാലത്തെഴുതിയതാണെന്ന് വായനക്കാരനെ അറിയിക്കുന്നില്ല എന്നതാണ്. 1985 മുതല്‍ നടത്തിയ യാത്രകളെക്കുറിച്ച് 2008 ല്‍ കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ഒരു പുസ്തകം 2012 ല്‍ ഞാന്‍ വായിക്കുമ്പോള്‍ എഴുത്തുകാരന്‍ കണ്ട ആ നാട് ഇന്ന് നിലനില്കുന്നുണ്ടെന്ന് ഒരിക്കലും കരുതാനാവില്ല. കുടകിന്റെ സ്ഥിതിയും മറിച്ചാവാന്‍ തരമില്ലെന്ന പൊതുനിയമം സത്യമാണെങ്കില്‍ ഒരിക്കല്‍ ഉണ്ടായിരുന്ന കുടകിനെ പറ്റിയുള്ള എന്‍.പ്രഭാകരന്റെ ഓര്‍മകളാണ് ഈ പുസ്തകമെന്ന് പറയേണ്ടി വരും.

പില്‍കാലത്ത് കതിവന്നൂര്‍ വീരന്‍ എന്ന തെയ്യമായി മാറിയ മാങ്ങാട്ടുകാരനായ മന്ദപ്പന്‍ അച്ചനോട് തെറ്റിപ്പിരിഞ്ഞ് കുടകിലേയ്ക്ക് പോയ വഴിയിലൂടെ 1985 മുതലിങ്ങോട്ട് എഴുത്തുകാരന്‍ നടക്കാന്‍ തുടങ്ങുന്നതോടെയാണ് പുസ്തകം ആരംഭിക്കുന്നത്. മനുഷ്യനായി മലകയറിയ മന്ദപ്പന്‍ ദൈവമായാണ് മലയിറങ്ങുന്നത്. എഴുത്തുകാരനും സമാനമായ ഒരനുഭവം കുടക് നല്‍കിയിരിക്കണം. കുടകിലേയ്ക്ക് പറങ്കിയണ്ടി കള്ളക്കടത്ത് നടത്തുന്നവരേയും വൈകുന്നേരങ്ങളില്‍ ഉറവെടുക്കുന്ന മൂലവെട്ടി എന്ന നാടന്‍ ചാരായത്തിനായി ആലസ്യത്തോടെ കാത്തുകിടക്കുന്ന കാഞ്ഞിരക്കൊല്ലി പോലുള്ള ഗ്രാമങ്ങളേയും പിന്നിട്ട്, ക്ഷയിക്കാത്ത കുടക് കാടുകളുടെ ആഴത്തിലൂടെ ഒരു ഒറ്റമരം നോക്കിയുള്ള യാത്രയാണത്. അങ്ങകലെ നിന്നേ കാണാം ആ മരം. ആ മരമെത്തിയാല്‍ കുടകിലെത്തി എന്നര്‍ഥം !

പന്ത്രണ്ട്‌ അധ്യായങ്ങളാണ് ഈ പുസ്തകത്തിനുള്ളത് 
 
ദൈവത്തിന്റെ വഴിയില്‍ എന്ന ഒന്നാമധ്യായവും ഒരു മരം: ഒറ്റമരം എന്ന രണ്ടാമധ്യായവും കുടകിലേയ്ക്കുള്ള വഴിക്കാഴ്ചകളാണ്.ഒരു മുന്നറിയിപ്പും കുറേ വസ്തുതകളും എന്ന മൂന്നാമധ്യായം മുതല്‍ നാം കടകിനെ അനുഭവിക്കാന്‍ തുടങ്ങുന്നു. കുടകിലെ പ്രകൃതിയുടെയും സ്ത്രീകളുടെയും പുരുഷന്മാരുടെയും ഭംഗിയെപ്പറ്റി കാലങ്ങളായി നാം അറിഞ്ഞ സത്യങ്ങള്‍ പിന്നെയും നമ്മോട് പറയുന്ന എഴുത്തുകാരന്‍ അതു മാത്രമല്ല സത്യമെന്നുകൂടി നമുക്ക് ചൂണ്ടീക്കാണിച്ചുതരുന്നു.

കദനത്തിന്റെ ഊരില്‍ എന്ന നാലാമിടം കതിവന്നൂര്‍ വീരനായ മന്ദപ്പന്റെ ഓര്‍മകളാലാണ് നിറയുന്നത്. അരിവാളും കുരിശും എന്ന പേരുള്ള തൊട്ടടുത്ത ഭാഗത്താവട്ടെ കേരളത്തില്‍ നിന്ന് പോയി കുടകില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഗോണിക്കൊപ്പയിലെ സഖാക്കള്‍ നിറയുന്നു.

ഗോണിക്കൊപ്പയിലെ തന്നെ ആത്മീയ എന്ന സ്ഥാപനത്തിലെ തുളസീദേവിയെയും അരവിന്ദ ആര്യയെയും കുടകിന്റെ തനത് സാംസ്കാരികത കാക്കുന്നതിനായി അവര്‍ നടത്തുന്ന ശ്രമങ്ങളെയും പറ്റിയാണ് ആറാംഭാഗം. പഴയകാലത്ത് നെല്ലു നിറച്ച പത്തായങ്ങള്‍ക്ക് കാവല്‍ നിന്നിരുന്ന പത്തായമുത്തശ്ശിമാരുടെ മരപ്രതിമകള്‍ മുതല്‍ ആധുനികകാലത്ത് നിര്‍മിച്ചെടുത്ത പാരമ്പര്യ കലാരൂപങ്ങളെ വിമര്‍ശിച്ചതിനാല്‍ ആത്മീയ നേരിടുന്ന പ്രശ്നങ്ങള്‍ വരെ ഇതില്‍ നമുക്ക് വായിക്കാം

കുശാലപ്പ എന്ന നെല്‍കൃഷിക്കാരനെക്കുറിച്ചുള്ള ഏഴാം ഖണ്ഡം കുടകിലെ നെല്‍കൃഷിയെപ്പറ്റിയും പുന്നെല്ലും പൊലിപ്പാട്ടും പത്തായം നിറവും അടക്കം നെല്ല് നമുക്ക് തന്ന ഉത്സവങ്ങളെപ്പറ്റിയും കുടകരുടെ ആതിഥ്യമര്യാദയെപ്പറ്റിയും പറയുന്നു. ഒപ്പം നെല്ല് മെല്ലെമെല്ലെ കളമൊഴിയുന്ന കാഴ്ചയും നാം കാണുന്നു. എരുമാട് എന്നു പേരിട്ട എട്ടാം ഭാഗം കുടകിലെ മതബന്ധങ്ങളെപ്പറ്റി നമ്മോട് പറയുന്നു.

കാരണവനാര്‍ ദൈവങ്ങളായി കൂട്ടുകുടുംബങ്ങളുടെ ആരാധ്യനായി കഴിഞ്ഞിരുന്ന, മഞ്ഞുരുകും പോലെ മാഞ്ഞുപോവുന്ന കാഴ്ചകളും കേരളത്തില്‍ നിന്നെത്തി കുടകില്‍ നിലയുറപ്പിച്ച ദൈവങ്ങളും ദ്രാവിഡരെന്ന് അഭിമാനിക്കുമ്പോഴും മെല്ലെമെല്ലെ ബ്രാഹ്മണവാഴ്ചകള്‍ക്ക് കീഴ്പ്പെടുന്ന കുടകന്റെ മത-സാംസ്കാരികബോധവുമെല്ലാം ദൈവങ്ങളുടെ ദേശാടനം എന്ന ഭാഗത്ത് വിവരിക്കപ്പെടുന്നു. ഇതിന്റെ തുടര്‍ച്ചയില്‍ ഹെബ്ബാലെയിലെ കാട്ടിലുള്ള ക്ഷേത്രത്തില്‍ നടക്കുന്ന ലിംഗോത്സവത്തിന്റെ അമ്പരപ്പിക്കുന്ന രംഗങ്ങളാനുള്ളത്.

അവസാനത്തെ രണ്ടു ഭാഗങ്ങളില്‍ സൗന്ദര്യങ്ങള്‍ക്കും കഥകള്‍ക്കുമപ്പുറം കുടകന്റെ യഥാര്‍ഥ ജീവിതത്തെപ്പറ്റിയും ദേശത്തിന്റെ സ്വകാര്യമായ സംസ്കാരങ്ങള്‍ ലോകത്തിന്റെ പൊതുവായ സംസ്കാരത്താല്‍ തിരസ്കരിക്കപ്പെടുമ്പോള്‍ നാട് കടക്കാനൊരുമ്പെടുന്ന കുടകരെപ്പറ്റിയും കാട്ടിത്തരുന്നു. ഈ പുസ്തകത്തിലെ ഏറ്റവും മനോഹരമായ രംഗവും അവസാന അധ്യായങ്ങളിലൊന്നിലാണ്. നിയമവിരുദ്ധമായ പാക്കറ്റ് ചാരായവും മുളമ്പാത്തിയില്‍ കൂടി ഒഴുകിയെത്തുന്ന വെള്ളവും തേടി നിശബ്ദമായി മെഴുകുതിരിയുടെ വെളിച്ചത്തില്‍ എത്തുന്ന ജനങ്ങള്‍ ഒരു പൗരാണികാചാരമെന്ന പോലെ തെളിയുന്ന കാഴ്ച. സത്യം പക്ഷേ എത്രയോ അകലെയാണെങ്കിലും. മലയാളികള്‍ തൊഴിലന്വേഷിച്ച് കുടകില്‍ ചെന്ന ആ പഴയകാലത്തും കഥകള്‍ക്കപ്പുറം ഇത്തരം കയ്പ് നിറഞ്ഞ നേരുകളുണ്ടായിരുന്നു എന്നും എന്‍ പ്രഭാകരന്റെ ഈ പുസ്തകം നമ്മോട് പറയും. ഇങ്ങനെ .... 
 
നാട്ടില് ചായ മന്താളത്തില് 
കൊടകില് പോയപ്പൊ ആട 
ചായ വക്കുപൊട്ടിയ മന്താളത്തില്