Friday, December 4, 2009

നരബലി മുതല്‍ ധനബലി വരെഗാവോ സിങ് ജിയാന്‍ ആത്മശൈലം എന്ന നോവലിന്റെ രണ്ടാം അധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്.

“ക്വിയാങ് പ്രവിശ്യയില്‍ സ്വിചുവാന്‍ താഴ്വരയുടെ അതിര്‍ത്തിമേഖലയില്‍ ആണ് ആദികാലനാഗരികതയുടെ ഒരു അവക്ഷിപ്തം ഞാന്‍ കണ്ടത് -അഗ്നിയാരാധന . സംസ്കാരത്തിന്റെ വാഹകനായ അഗ്നിയെ എല്ലാ നാട്ടിലെയും പൂര്‍വികര്‍ ആരാധിച്ചിരുന്നു. അത് വിശുദ്ധമാണ്. അഗ്നിക്കു മുന്‍പിലിരുന്ന് ഒരു കുടുക്കയില്‍ നിന്നും മദ്യം കുടിക്കുകയാണ് ആ വൃദ്ധന്‍. ഓരോ കവിളിനും മുന്‍പ് അയാള്‍ കുടുക്കയില്‍ വിരലിട്ട് അല്പം മദ്യം അഗ്നിക്ക് സമര്‍പിക്കുന്നു. അപ്പോള്‍ നീലജ്വാലകള്‍ വിശേഷപ്പെട്ടൊരു ശബ്ദത്തോടെ ഉയരും.

ബലി എന്നതിന് ഇതിലും നല്ല ഒരു വിശദീകരണം എനിക്കറിയില്ല. ശബ്ദതാരാവലിയില്‍ നോക്കിയാല്‍ ബലി എന്ന വാക്കിന് കരം,കപ്പം അന്നദാനം എന്നീ അര്‍ഥങ്ങള്‍ കൂടിയുണ്ടെന്ന് കാണാം. ഇങ്ങനെ കഴിയുന്നതിന് നമ്മെ അനുവദിച്ച ദേവന്മാര്‍ക്കും ദേവതമാര്‍ക്കും നല്‍കുന്ന നന്ദിപ്രകടനമാണ് ബലി.

നമ്മുടെ മിച്ചവിഭവത്തിന്റെ ഒരു ഭാഗം നമ്മുടെ അധിദേവതമാര്‍ക്ക് സമര്‍പിക്കുന്ന രീതി എല്ലാ സമൂഹങ്ങളിലും ഉണ്ടായിരുന്നു. വിളവെടുത്ത് കഴിയുമ്പോള്‍ കര്‍ഷകന്‍ വിളവില്‍ ഒരു ഭാഗം ദേവതയ്ക്ക് നല്‍കുന്നത് പോലെ അത്രയും ലളിതമായിരുന്നു അത്. എന്നാല്‍ ആദ്യകാല മനുഷ്യരില്‍ കര്‍ഷകര്‍ വളരെ കുറവായിരുന്നെന്നും നാം ഓര്‍ക്കണം.ആട്ടിടയന്മാരുടെയും നായാട്ടുകാരുടെയും ഭക്ഷണം പ്രധാനമായും മാംസം ആയിരുന്നതിനാല്‍ അവരുടെ ബലിവിഭവങ്ങളും സ്വാഭാവികമായും ചോര മണക്കുന്നവ തന്നെ ആയിരിക്കും . ഒരു ആട്ടിടയന്‍ തന്റെ ആട്ടിന്‍പറ്റത്തില്‍ നിന്നും ഒന്നിനെ ബലി കഴിക്കുന്നത് ഇത്തരം ഒരു നന്ദിപ്രകടനം മാത്രം.

ഇങ്ങനെ ഒരു നന്ദിപ്രകടനം ആയി തുടങ്ങിയ ബലി ഒരു മുന്‍കൂര്‍ പ്രതിഫലം / കടമ ആയി പില്‍ക്കാലത്ത് എപ്പോഴോ മാറി . നമുക്ക് സമ്പത്ത് ഏറാന്‍  ,രോഗം വരാതിരിക്കാന്‍ ,ശത്രുഭയം അകലാന്‍ , ഭക്ഷണം/മന:സുഖം കിട്ടാന്‍ അങ്ങനെ പലതിനും നാം ദേവതമാര്‍ക്ക് മുന്‍കൂര്‍ പ്രതിഫലം നല്‍കിത്തുടങ്ങി.പിന്നീട്   അതൊരു അവകാശമോ നിയമമോ ആയി മാറി. യഹൂദനായ എബ്രാം തന്റെ മകനെ ബലി കൊടുക്കാന്‍ തയ്യാറായി എന്ന കഥ ഇത്തരം നിയമത്തിന്റെയും അതിനെ അനുസരിക്കുന്നവരുടെയും കഥയാണ്.

പില്‍ക്കാലത്ത് അല്പം കൂടി പുരോഗമിച്ച സമൂഹങ്ങളില്‍ സമ്പത്തുക്കള്‍ കാലിക്കൂട്ടങ്ങളും സ്വര്‍ണവും ആയി മാറിയപ്പോള്‍ , സംസ്കാരം അല്പം കൂടി പുരോഗമിച്ചപ്പോള്‍ ലക്ഷണമൊത്ത കാളകളും പൊന്നിന്റെ ആഭരണങ്ങളും ഒക്കെ ആയി ബലിവിഭവങ്ങളും പുരോഗമിച്ചു. പോര്‍ക്കളത്തില്‍ വിജയം നേടാന്‍ കുതിരകള്‍ ആവശ്യമായിരുന്ന രാജാവ് ചക്രവര്‍ത്തി ആവാനായി തന്റെ ഏറ്റവും മികച്ച കുതിരയെ , തീര്‍ച്ചയായും മറ്റനേകം ചടങ്ങുകള്‍ മുന്നിലും പിന്നിലും ചേര്‍ത്തുകൊണ്ടു തന്നെ ബലി കൊടുക്കുന്ന ചടങ്ങാണ് അശ്വമേധം . രാജ്യവും പ്രജകളും എല്ലാം തന്റെ സ്വത്താണെന്ന് കരുതുന്ന ചക്രവര്‍തിമാരാവട്ടെ  പ്രജകളില്‍ ചിലരെ ബലി കൊടുക്കുന്നതാണ് ഏറ്റവും ഉത്തമം എന്ന് കരുതി.  

എന്നു വച്ച് നരബലി പില്‍ക്കാലത്ത് തുടങ്ങിയതാണ് എന്ന് അര്‍ഥമില്ല . ഗോത്രകാലത്തു തന്നെ യുദ്ധത്തില്‍ ജീവനോടെ പിടിക്കപ്പെടുന്ന ശത്രു സൈനികരെ പോരാട്ടത്തിന്റെ ദേവതയ്ക്ക് ബലികഴിച്ചാണ് പലരും വിജയം ആഘോഷിച്ചിരുന്നത് . പുരുഷന്‍ കുടുംബത്തിന്റെ അധിപനായതിനാലാണ്  സ്ത്രീകളെയും കുട്ടികളെയും ബലി നല്‍കാന്‍ അവന്‍ തയ്യാറായത്. മറിച്ച് പണ്ടുണ്ടായിരുന്ന പെണ്ണരശ് കാലങ്ങളില്‍ ബലിവസ്തു ആവാനുള്ള നിയോഗം പുരുഷനായിരുന്നു . പ്രാഗ് യവനകാലത്ത്  ഗ്രീസില്‍ ആര്‍ക്കേഡിയന്‍ പുഷ്പപൂജയുടെ ഭാഗമായി പാന്‍ ദേവന്റെ പുരോഹിതകള്‍ ആട്ടിന്‍ തോല്‍ അണിഞ്ഞ പുരുഷനെ മദിരോത്സവത്തിനു ശേഷം ഭൂമിയ്ക്ക് രക്തബലി നടത്തിയത് ഒരു ഉദാഹരണം മാത്രം

പുരാതനഗ്രീസില്‍ ചിലയിടത്ത് കന്യകമാര്‍ ദേവതാപ്രീതിയ്ക്കായി തങ്ങളുടെ ഒരു ദിവസത്തെ ലൈംഗികത ദേവതയ്ക്ക് ( ദേവപുരോഹിതന് ) നല്‍കുന്ന പതിവും ഉണ്ടായിരുന്നു. ബലി സ്വീകരിക്കുന്നത് അഥവാ ദേവാലയത്തില്‍ എത്തുന്ന ഭക്തര്‍ ആണെങ്കില്‍ അവര്‍ നല്‍കുന്ന പ്രതിഫലം ആയിരിക്കും അവള്‍ ദേവതയ്ക്ക് നല്‍കുന്ന കപ്പം എന്നു മാത്രം   സത്യത്തില്‍ എല്ലാ പെണ്‍കുട്ടികളും ഒറ്റ ദിവസത്തെ ലൈംഗികത ദേവതയ്ക്ക് നല്‍കണമെന്നത് അവിടത്തെ നിയമമായിരുന്നു.


മിച്ചമൂല്യത്തില്‍ ഒരുഭാഗം ദേവതാപ്രീതിയ്ക്കായി സമര്‍പ്പിക്കുന്നത് എല്ലാ സമൂഹത്തിലും പതിവാണ്. എന്നാല്‍ ഇന്ന് നമ്മുടെ സമ്പത്തിന്റെ അളവുകോള്‍ കന്നുകാലികളോ ധാന്യമോ അല്ല.ഇന്നത്തെ സമൂഹത്തില്‍ പണത്തിനും കഴിവിനും ആണ് മൂല്യം. അതിനാല്‍ ബലിയും പൊതുവെ അത്തരത്തില്‍ മാറിപ്പോയി.ദേവാലയത്തില്‍  തന്റെ അധ്വാനം സൌജന്യമായി നല്‍കുന്നവര്‍ , സൌജന്യമായി പാടുന്നവര്‍ , ഒരു ചിത്രം വരച്ചു നല്‍കുന്നവര്‍ എല്ലാവരും ചെയ്യുന്നത് ബലിയാണ്.  കാരണവന്മാര്‍ക്ക് കള്ളും കോഴിയും കൊടുക്കുന്നതും ബലി തന്നെ തനിക്ക് കിട്ടിയ അനുഗ്രഹത്തിന്റെ നന്ദിപ്രകടനമാണ്  ബലി . 


എന്നാല്‍ പഴയ ആചാരങ്ങളെ കയ്യൊഴിയുന്നതിന്റെ ഭാഗമായി   കോഴിവെട്ടിക്കുരുതിയും ആടുവെട്ടിക്കുരുതിയും ആനവെട്ടിക്കുരുതിയും ആള്‍വെട്ടിക്കുരുതിയും നടത്തിയിരുന്ന പടുകൂറ്റന്‍ ബലിക്കല്ലുകള്‍  കാലതിനനുസരിച്ച് കോലം മാറി  നിവേദ്യച്ചോറ് സ്വീകരിക്കാനും തൃപ്തിപ്പെടാനും തയ്യാറായിരിക്കുന്നു. ദേവാലയത്തിനും ദേവതകള്‍ക്കും ബലിച്ചോര ആവശ്യമില്ലെന്നിരിക്കെ , (നിങ്ങള്‍ക്ക് ആ നന്ദിപ്രകടനം നടത്തിയേ കഴിയൂ എന്ന് നിര്‍ബന്ധമാണെങ്കില്‍ ) ദേവാലയ നടത്തിപ്പിന് ആവശ്യമായ പണം നല്‍കുകയായിരിക്കും ഇന്നത്തെ രീതിയില്‍ അഭികാമ്യം . ദേവാലയങ്ങളും പണം സ്വീകരിക്കുന്നതിനാണ് താല്പര്യപ്പെടുന്നത് . 


കേരളത്തിലെ അമ്പലങ്ങളിലേയ്ക്ക് ഒരു ആനയെയൊ കാളയെയൊ നല്‍കിയാല്‍ അതിനു നേരെ ഇന്ന് നീട്ടുന്നത് ബലിക്കതിയല്ല മറിച്ച് സംരക്ഷണമോ വിലച്ചീട്ടോ ആണ് . തീയാട്ട് എന്ന ചടങ്ങ് നടക്കുന്ന ചില ദേവതാസ്ഥാനങ്ങളില്‍ നൂറുകണക്കിന് കോഴികളെയാണ് ഭക്തര്‍ വഴിപാടായി നല്‍കുക. കോഴിവരവ് എന്നാണ് ചിലയിടത്ത് ഇതിന്റെ പേര് തന്നെ.ഒരു കാലത്ത് ബലിക്കല്ലു കാത്തു കിടന്നിരുന്ന ആ കോഴികളെ ഇന്ന് ലേലം ചെയ്തു വില്‍ക്കുന്നു.

പൂജകള്‍ ആയാലും സംഭാവന ആയാലും നാം നല്‍കേണ്ടത്  പണമോ ദേവാലയത്തിന്റെ നടത്തിപ്പിന് ആവശ്യമായ വസ്തുക്കളോ ആണ്. .. പണബലി അഭംഗുരം നടക്കുന്നതുകൊണ്ടാണ് ദേവാലയങ്ങള്‍ വലുതായി വരുന്നത്. വ്യവസായികള്‍ ലാഭത്തിലൊരു പങ്ക് ദൈവത്തിനായി നീക്കി വെയ്കുന്ന രീതി ഇന്ന് നിലവിലുണ്ട്.

എന്നാല്‍ ചില സമൂഹങ്ങള്‍ ആ മൃഗബലി തുടര്‍ന്നുവരുന്നു.പഴയ ആചാരങ്ങള്‍ കയ്യൊഴിയാന്‍ പ്രയാസമുള്ളവര്‍ മതത്തിനു വേണ്ടി അതിനു ന്യായീകരണവും കണ്ടെത്തുന്നു. ധാന്യബലിയേക്കാള്‍ ദൈവത്തിനിഷ്ടം രക്തബലിയാണെന്ന യഹൂദവിശ്വാസം തന്നെ ഉദാഹരണം. എന്നാല്‍ അക്കാലത്ത് കര്‍ഷകരും ഇടയന്മാരും തമ്മില്‍ വഴക്ക് സാധാരണം  ആയിരുന്നെന്നും അന്ന് എണ്ണത്തില്‍ കൂടുതലുള്ള ഇടയന്മാര്‍ തങ്ങളുടെ ബലിയാണ് ദേവതയ്ക്ക് കൂടുതല്‍ ഇഷ്ടം എന്നു സ്ഥാപിക്കുന്നതിന് മെനഞ്ഞെടുത്ത കഥയാണ് കായിന്റെയും ആബേലിന്റെയും എന്നും നാം മനസ്സിലാക്കണം.

ബലിമാംസം ദരിദ്രര്‍ക്ക് ആഹാരമായി ഉപയോഗിക്കും എന്ന് ആശ്വാസം കൊള്ളുന്നവരാകട്ടെ , അങ്ങനെ ആശ്വാസം കൊള്ളുന്നതില്‍ കൂടി ബലി നടത്തുന്നതില്‍ തങ്ങള്‍ക്കുള്ള കുറ്റബോധത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ആ കുറ്റബോധത്തിന്റെ ഒരാവശ്യവും ഇല്ലെന്ന് അവര്‍ക്ക് ആരു പറഞ്ഞു കൊടുക്കും ?  ഒരു ദേവതയ്ക്ക്  നല്‍കിയ ബലി വസ്തുവിന്റെ ഭൌതീക ഗുണങ്ങളെ പറ്റി പറയുന്നത് തന്നെ ആ ദേവതയില്‍ അല്ലെങ്കില്‍ ബലിയില്‍ വേണ്ടത്ര വിശ്വാസം ഇല്ലാത്തതിനാല്‍ ആണ് .

ആളെ ബലി ചെയ്യാന്‍ തയ്യാറായവനോട് ആളു വേണ്ട , പകരം കാളയായാലും മതി എന്നു പറഞ്ഞ യഹൂദരുടെ ദേവതയെ നാം ഓര്‍ക്കണം . ആ പാത പിന്തുടരുന്ന ദേവതമാര്‍ കാള വേണ്ട പകരം കാശു മതി ബലിയായി എന്ന് എന്നേ തീരുമാനിച്ചിട്ടുണ്ടാവണം !

ഒരു മുക്കുവന്‍ ഇന്ന് താന്‍ പിടിച്ച മത്സ്യങ്ങളെ മട്ടവിലയ്ക്ക് വിറ്റ് ആടിനെ വാങ്ങി ബലി നല്‍കുമ്പോള്‍, ഒരു പാചകന്‍ ദേവാലയത്തില്‍ ഉള്ള സദ്യക്ക് സൌജന്യമായി പാചകം ചെയ്യുന്നതിനു പകരം ഒരു കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയുടെ ചിലവ് ഏറ്റെടുക്കുമ്പോള്‍ , ഭക്തനും ബലിക്കും ഇടയില്‍ ആരൊക്കെയോ കടന്നവരുന്നു. 

അദൃശ്യരായി നില്‍ക്കുന്ന ആ ഇടനിലക്കാര്‍ നമ്മളില്‍ നിന്നെന്തോ അപഹരിക്കുന്നുമുണ്ട്.

10 comments:

 1. മതപ്രചരണം കഴിയുന്നത്ര ഒഴിവാക്കാന്‍ അപേക്ഷ

  ReplyDelete
 2. വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു അഭിനന്ദനങ്ങള്‍.

  മനുഷ്യത്വ പ്രചരണത്തിലൂടെ മതപ്രചരണം നിഷ്പ്രഭമാക്കുക.

  ReplyDelete
 3. >> നമുക്ക് സമ്പത്ത് ഏറാന്‍,രോഗം വരാതിരിക്കാന്‍ ,ശത്രുഭയം അകലാന്‍ , ഭക്ഷണം /മന:സുഖം കിട്ടാന്‍ അങ്ങനെ പലതിനും നാം ദേവതമാര്‍ക്ക് മുന്‍കൂര്‍ പ്രതിഫലം നല്‍കിത്തുടങ്ങി.വയസ്സുകാലത്ത് ഒരു കുട്ടിയുണ്ടായാല്‍ അതിനെ ബലി നല്‍കാം എന്നതിനപ്പുറം ഒരു മുന്‍കൂര്‍ വാഗ്ദാനം ആരെവിടെ ചെയ്യാന്‍ ? <<

  ഇതിലെ അവസാന വാചകത്തിന്റെ ഉദ്ദേശ്യം വ്യക്തമാകുന്നില്ല.

  ReplyDelete
 4. ബലിയുടെ പിന്നാമ്പുറക്കഥകള്‍ എന്തു തന്നെയായാലും അത് മനുഷ്യത്വരഹിതവും കിരാതവുമായ നടപടിയായി മാത്രമേ ആധുനികസമൂഹം കരുതുന്നുള്ളു. നിന്നിടത്തു നിന്നവര്‍ അല്ലെങ്കില്‍ ഇനി മുന്നോട്ടു നടക്കാന്‍ സ്വതന്ത്രബുദ്ധി നഷ്ടപ്പെട്ടവര്‍, അവരെ എന്തു പറഞ്ഞു മനസ്സിലാക്കാന്‍ !

  ReplyDelete
 5. @ ജബ്ബാര്‍ , ഭൂതത്താന്‍, ബൈജു ,കാവലാന്‍

  :) :) :) :)

  @ ഒതയാര്‍ക്കം

  ചില ഭാഗങ്ങള്‍ ഒന്നു കൂടി വലുതാക്കുന്നുണ്ട് .

  @ നിസ്സഹായന്‍

  ബലി ഒരു കപ്പം അല്ലെങ്കില്‍ ഒരു നന്ദിപ്രകടനം മാത്രമായിരുന്നു എന്ന് ഞാന്‍ അറിഞ്ഞപ്പോള്‍ അതു പങ്കു വെയ്ക്കാമെന്ന് കരുതി. അത്രമാത്രം . നന്ദി

  ReplyDelete
 6. അരുൺ,
  നല്ല വിവരണം. പ്രകൃതിയിൽ നിന്നും നാം സ്വീകരിക്കുന്നതിന്റെ ഒരംശം പ്രകൃതിക്കുതന്നെ (അതിന്റെ നാഥന്) സമർപ്പിച്ചതിനുശേഷം നമ്മൾ ഉപയോഗിക്കുന്നു എന്നതിന്റെ പ്രതീകവൽക്കരണമാണ് ദേശകാലവ്യത്യാസങ്ങളിൽ പല രൂപത്തിലും കാണപ്പെടുന്ന ബലി. ദൈവം ഒരു ശാപ്പാട് പ്രിയനാണെന്ന അന്ധവിശ്വാസം നിലനിൽക്കുന്നിടത്ത് ഇതൊന്നും മാറാനും പോകുന്നില്ല. (അവസാന വാചകം മനസ്സിലായില്ലെന്ന ചോദ്യം കണ്ടില്ലെ. എന്തിനെയോ ചോദ്യം ചെയ്യുന്നു എന്ന തോന്നലിൽ നിന്നാണത്.)

  ബലിയെക്കുറിച്ച് എഴുതിയ ഒരു പോസ്റ്റ് ഇവിടെയുണ്ട്.

  ReplyDelete