Friday, May 25, 2012

അവസാനത്തെ കത്ത്

പ്രിയപ്പെട്ടവളേ

ശരിക്കും
നിന്റെ പേര്
ചന്ദ്രിക
എന്നുതന്നെ
ആയിരുന്നോ ?

ആടുജീവിതത്തെപ്പറ്റിയും
കാടുജീവിതത്തെപ്പറ്റിയും
നിറം തുടിക്കുന്ന
സ്വപ്നങ്ങള്‍ മെനഞ്ഞത്
നീ തന്നെയായിരുന്നോ ?

നീ ആരാണ്
ചന്ദ്രികയായി നടിച്ച രജനിയോ
അതോ
രാഗിണിയായി നടിച്ച വൈരാഗിയോ ?

അറിയാനായിട്ടൊരാശ.
പറഞ്ഞില്ലെങ്കിലും തെറ്റൊന്നുമില്ല

എന്ന്

നിന്റെ പ്രിയപ്പെട്ട

രമണന്‍

Sunday, May 13, 2012

കുലം കുത്തി എന്നാല്‍


മലയാളത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് സി.വി. രാമന്‍പിള്ളയുടെ ഭാവനയിലുടലെടുത്ത ചന്ത്രക്കാറന്‍. ധര്‍മരാജായില്‍ ചന്ത്രക്കാറനെ അവതരിപ്പിക്കുന്ന രണ്ടാമധ്യായം ഈയിടെയെടുത്ത് വായിച്ചപ്പോള്‍ മുമ്പ് അത്ര കാര്യമാക്കാതെ വിട്ട ഒരു സംഭാഷണത്തില്‍ മനസ്സുടക്കി. തന്റെ മുന്നില്‍ വന്ന് സങ്കടബോധനം നടത്തുന്ന ഉമ്മിണിപ്പിള്ളയോട് ചന്ത്രക്കാറന്‍ പറയുന്ന ഈ വരികള്‍ രസകരവും അര്‍ഥസമ്പുഷ്ടവുമാണ്. 
മച്ചമ്പിക്കന്നാ, ആ കൊലംകുത്തിപ്പടത്തലവന്റെ മോളെ നീ വേട്ടൂടാ - ചെമ്പകശ്ശേരിയില്‍ ചവിട്ടൂണ കാല് ചെലമ്പിനേത്ത് തീണ്ടിക്കൂടാ. ചെമ്പകശ്ശേരിക്കാരും ചെലമ്പിനേത്തുകാരും നെഴല് വെലങ്ങിക്കൂടെടാ  - വെലങ്ങിക്കൂടാ
നെഴല് വെലങ്ങിക്കൂടെടാ  - വെലങ്ങിക്കൂടാ എന്ന് ചന്ത്രക്കാറന്‍ രണ്ടുവട്ടം ആവര്‍ത്തിക്കുമ്പോള്‍ അയാള്‍ക്ക് ചെമ്പകശ്ശേരിക്കാരുമായുള്ള ശത്രുതയുടെ ആഴം നമുക്ക് മനസ്സിലാക്കാം. ചെമ്പകശ്ശേരിക്കാരുമായി ചന്ത്രക്കാറന് എന്താണ് ഇത്ര ശത്രുത? അതറിയാന്‍ മാര്‍താണ്ഡവര്‍മയുടെ കാലത്തേയ്ക്ക് പോവേണ്ടിവരും.

എട്ടുവീട്ടില്‍ പിള്ളമാരും തിരുവിതാങ്കോട്ടിലെ മാടമ്പിപ്രഭുക്കന്മാരുമായുള്ള ബലാബലത്തില്‍ മാര്‍താണ്ഡവര്‍മയ്ക്ക് തുണയായി നിന്നത് പിള്ളമാരുടെ ബന്ധുക്കളായ അനന്തപത്മനാഭനും സംഘപ്രധാനിയായ കുടമണ്‍പിള്ളയുടെ അനന്തരവളായ സുഭദ്രയുമായിരുന്നു. ന്യായീകരണങ്ങളെന്തൊക്കെയുണ്ടായാലും വ്യക്തിവൈഭവത്തേക്കാള്‍ കുലമഹിമയ്ക്കും വിത്തശക്തിയേക്കാള്‍ വംശപാരമ്പര്യത്തിനും വിലകല്‍പിക്കുന്ന ഒരു സമൂഹത്തില്‍ കുലദ്രോഹം ഏറ്റവും നീചമായ അപരാധം തന്നെയാണ്. ആ കൊടുമ്പാതകം ചെയ്തവരില്‍ പ്രധാനിയായ സുഭദ്ര കഥാന്ത്യത്തില്‍ തന്നെ കുടമണ്‍പിള്ളയുടെ വാളിനിരയായി തന്റെ ശിക്ഷ ഏറ്റുവാങ്ങുന്നു.

അവശേഷിച്ചവരില്‍ മുമ്പന്‍ “ സ്വവര്‍ഗക്കാരായ കാട്ടാനകളെ പിടിപ്പാന്‍ പരിശീലിക്കപ്പെടുന്ന താപ്പാനകളെപ്പോലെ ” എട്ടുവീടരെ മുടിക്കുന്നതില്‍ സഹായിയായിരുന്ന അനന്തപത്മനാഭനാണ്. അയാളാവട്ടെ ഇന്ന് ധര്‍മരാജാവിന്റെ വലിയപടത്തലവനാണ്. രാമനാമഠം പിള്ളയുടെ മകനായ ചന്ത്രക്കാറന്റെ മനസ്സില്‍ നിന്നും പക്ഷേ സ്ഥാനമഹിമ കൊണ്ടോ വിത്തബലം കൊണ്ടോ കഴുകിക്കളയാവുന്നതല്ല അനന്തപത്മനാഭന്‍ ചെയ്ത അപരാധം. വലിയപടത്തലവനാണെങ്കിലും ചന്ത്രക്കാറന്‍ അനന്തപത്മനാഭനെ വിശേഷിപ്പിക്കുന്നത് കുലംകുത്തിപ്പടത്തലവന്‍ എന്നാണ്.  അനന്തപത്മനാഭനുമായുള്ള ബലപരീക്ഷണത്തില്‍ ചന്ത്രക്കാറന്‍ പലതവണ തോറ്റു. പക്ഷേ കുലത്തിന്റെ മഹിമയില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ശിക്ഷ, സ്ത്രീ സന്താനമില്ലാതെ അന്യം നില്‍ക്കുന്ന അവസ്ഥ ചെമ്പകശ്ശേരിക്കാര്‍ക്ക് ഒറ്റത്തലമുറയ്ക്കപ്പുറം വന്നെത്തുമ്പോള്‍ ദൈവനീതിയ്ക്ക് ദാക്ഷിണ്യമില്ല എന്ന് നാമറിയുന്നു. 

പടത്തലവന്റെ മകളെ മോഹിച്ചുനടക്കുന്ന ഉമ്മിണിയോട് തുടക്കം തൊട്ട് ഒടുക്കം വരെ അയാള്‍ക്ക് ഒന്നേ പറയാനുള്ളൂ. “ആ കൊലംകുത്തിപ്പടത്തലവന്റെ മോളെ നീ വേട്ടൂടാ”.കുലദ്രോഹത്തിന്റെ അളവുകോല്‍ ജനപ്രിയതയുമായി ഒത്തുനോക്കാവുന്നതല്ല. സത്യത്തിനായി നിലകൊണ്ടു എന്നതോ അധികാരികളുടെ പിന്തുണയുണ്ട് എന്നതോ ജനപ്രിയനാണ് എന്നതോ ഒരാ‍ളെ കുലദ്രോഹി അഥവാ നല്ല മലയാളത്തില്‍ പറഞ്ഞാല്‍ കുലംകുത്തി അല്ലാതാക്കുന്നില്ല. വ്യക്തികളേക്കാള്‍ പ്രധാനം കുലത്തിനും വംശത്തിനും മതത്തിനും സംഘത്തിനും ഗോത്രത്തിനും നാം നല്‍കുമ്പോള്‍ കുലംകുത്തികള്‍ സ്വാഭാവികമായും ഉണ്ടാകും. കുലമഹിമയില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ ശിക്ഷാര്‍ഹരുമാണ്. 

ആദികാവ്യമെന്ന് പലരും കരുതുന്ന രാമായണത്തില്‍ തന്നെ ആദ്യത്തെ കുലംകുത്തിയേയും നമുക്ക് കാണാനാവും. അന്യന്റെ ഭാര്യയെ കട്ടതിനെച്ചൊല്ലി  കുംഭകര്‍ണന്‍ രാവണനോട് കലഹിക്കുന്നുവെങ്കിലും ലങ്കയ്ക്ക് വേണ്ടി പോരാടാന്‍ അയാള്‍ ഒരുമടിയും കാണിക്കുന്നില്ല. എന്നാ‍ല്‍ വാനരപ്പട കടലിനക്കരെയെത്തി എന്നറിഞ്ഞപ്പോള്‍ ധര്‍മത്തിന്റേയും ന്യായത്തിന്റെയും കറുത്ത മറപറ്റി സ്വജനങ്ങളെ ഉപേക്ഷിച്ചുപോയ വിഭീഷണന്‍ കുലംകുത്തിയല്ലാതെ മറ്റാരുമല്ല. ഒരു രാവണായനമുണ്ടെങ്കില്‍ അതില്‍ വിഭീഷണന്റെ സ്ഥാനം ഒരു ചതിയന്റേതായിരിക്കും. സി.എന്‍. എഴുതിയ ലങ്കാലക്ഷ്മിയില്‍ മേഘനാഥന്‍ പറയുന്നതുപോലെ, “ആപത്തില്‍ പിരിയുന്നവന്‍ ശത്രുവാണ്, വധ്യനുമാണ് !”

പക്ഷേ വ്യക്തികളില്‍ വിശ്വസിക്കുന്നവര്‍ക്ക് കുലത്തെപ്പറ്റിയോ കുലമഹിമയെപ്പറ്റിയോ കുലദ്രോഹത്തെപ്പറ്റിയോ കുലംകുത്തികളെപ്പറ്റിയോ ഒരു ചുക്കുമറിയില്ല. ചെയ്യുന്നതെല്ലാം കുലമഹിമയുമായി ഒത്തുനോക്കുന്നവര്‍ അതൊരു വലിയ തെറ്റായി കണക്കാക്കാറുണ്ടെങ്കിലും. 

അവലംബം
1) എന്‍. കൃഷ്ണപിള്ളയുടെ പ്രതിപാത്രം ഭാഷണഭേദം
2) ഡ്കോ:കെ.ഭാസ്കരന്‍ നായരുടെ ദൈവനീതിക്ക് ദാക്ഷിണ്യമില്ല 

Saturday, May 12, 2012

ചിത്രം വരയ്കുന്നവര്‍


പടര്‍ന്നുപൊന്തിയ കടലാസില്‍ 
ഒരിടത്തൊരച്ചനും  മകനും കൂടി 
ഒരു മാവുവരച്ചു. 


മാവിന്റെ ഇങ്ങേക്കൊമ്പില്‍ 
കൂടുകാക്കുന്ന ഒരു കാക്ക


മാവിന്റെ അങ്ങേക്കൊമ്പില്‍ 
പാട്ടുപാടുന്ന ഒരു കുയില്‍ 


ഹായ് ഹായ് ഹായ്...
കാക്കയെ നോക്കി കുട്ടി തുള്ളിച്ചാടി. 


കൂയ് കൂയ് കൂയ്...
പാട്ടുകേട്ട് അവന്‍ കൂക്കിവിളിച്ചു.  


ദേഷ്യം പിടിച്ച കാക്ക 
ചിത്രത്തില്‍ നിന്നിറങ്ങി 
കുട്ടിയെ കൊത്താന്‍ വന്നു 


അതു കണ്ട് 
അച്ചന്‍ കാക്കയെ എറിഞ്ഞോടിച്ചു.


പേടിച്ചുപോയ കുയില്‍ 
വേഗം അപ്പുറത്തെ പറമ്പിലേയ്ക്ക് പാറിപ്പോയി.


കുയിലിന്റെ പിന്നാലെ കുട്ടി.. 
കുട്ടിയുടെ പിന്നാലെ അച്ചന്‍.. 


ചിത്രത്തിലിപ്പോള്‍ മാവു മാത്രം ...  


പടര്‍ന്നുനിക്കുന്ന ആ മാവിന്റെ ചോട്ടിലിരുന്ന് 
രണ്ടു കുണ്ടന്മാര്‍ ചിത്രം വരയ്ക്കാന്‍ തുടങ്ങി.


മാവിന്റെ  ഇങ്ങേ വശത്ത്
പൊന്നണിഞ്ഞൊരു പെണ്ണ്‌ !!


മാവിന്റെ അങ്ങേ വശത്ത്
പമ്മിനിക്കുന്നൊരു കള്ളന്‍ !!