Wednesday, April 28, 2010

അകലെ കുന്നിന്റെ ചരിവില്‍  
ഊക്കോടെ മുരളുന്നു ചെണ്ട 

ഇടം തല കോലില്‍ പടരുമ്പോളാണോ 
വലം തല നാണിച്ചകലുമ്പോളാണോ 

ഇലത്താളപ്പെരുമഴയില്‍ പൊങ്ങുന്നു 
നനഞ്ഞ നെഞ്ഞിന്റെ പുരാതനമണം 

തിളക്കുമാ നാദപ്രകമ്പനം സഹി
ക്കരുതാഞ്ഞാരാനും മരിച്ചു പോയാവോ

സര്‍പദംശം

ചെലപ്പോള്‍ 
ഞാന്‍ വെഷം കേറി ചാവും

ഇന്നലെ പാതിരയ്ക്ക്
ആരാന്റെ വളപ്പിലേയ്ക്ക്
ആരുമറിയാതെ കടക്കുമ്പോള്‍
എന്റെ കാലില്‍
പത്തിവിരിച്ച് ആഞ്ഞുകൊത്തി

തുരുമ്പിച്ച ഒരു വേലിക്കമ്പി !

Tuesday, April 27, 2010

കണ്ണാടി


കരിയിലക്കിളി കൂട്ടമായെത്തുന്ന 
സമയമെന്നുടെ വീട്ടിന്റെ പിന്‍പുറം  

ഇമയടക്കാതെനോക്കിഞാന്‍ പക്ഷികള്‍ 
ഇരപിടിക്കുന്നതെങ്ങനെ തിന്നുമോ അരി,  

വിശക്കിലു മൂട്ടുമോ കുഞ്ഞിനെ,
അപരനില്‍ നിന്നു കാക്കുമോ പെണ്ണിനെ?.........  

ഇടവിടാതെഞാന്‍ നോക്കവേ കാണ്‍കയായ്  
ചിലചിലപ്പുകള്‍ക്കുള്ളിലു മേകനാ-
മൊരുവന്‍  നോക്കുന്നുവെന്നെ കുറിക്കുന്നു 
വിരലിനാല്‍ മണ്ണിലാകെ തുരുതുരെ.  

കുതുകമോടെ ഞാന്‍ ചെന്നു നോക്കീടവെ  
കിളിയെഴുത്തുകള്‍ മണ്ണിന്‍ ലിപികളില്‍ 

“മിഴികള്‍ വീഴുംബഹളവു മേകനാ-
മൊരുവന്‍ നമ്മളെ നോക്കുന്ന നോട്ടവും  

പലകുറി കണ്ട കാഴ്ചകള്‍ വീണ്ടുമി
ന്നൊരുകുറി കൂടി കാണുക ദുഷ്കരം”.