Monday, February 14, 2011

പാച്ചുവും കോവാലനും C/O പി.കെ.മന്ത്രി

പൊടിപിടിച്ചു കിടക്കുന്ന ആനുകാലികങ്ങള്‍ക്കിടയില്‍ അത് ഉണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു. അതിനാല്‍ പഴകിത്തുടങ്ങിയ ആ മാസിക കണ്ടപ്പോള്‍ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. തീര്‍ച്ചയായും അതവിടെ കണ്ടിരുന്നില്ലെങ്കില്‍ ഞാന്‍ ആകെ പരിഭ്രമിച്ചേനെ ! മൂന്നുരൂപമാത്രം  വിലയിട്ടിരുന്ന ആ പുസ്തകം നഷ്ടപ്പെട്ടാല്‍ ഉടനടിയൊന്നും തിരിച്ചുകിട്ടാന്‍ വഴിയില്ലാത്ത വിലപിടിപ്പുള്ള ഒരു വസ്തുവണെന്ന് ഞാന്‍ കരുതുന്നു.

കാര്‍ടൂണുകളുടെ ഒരു സമാഹാരം എന്ന് കേള്‍ക്കുമ്പോള്‍ മിക്ക മലയാളികളും ആദ്യമോര്‍മിക്കുക ടോംസിനെ ആയിരിക്കും. അരവിന്ദന്റെ ചെറിയലോകവും വലിയമനുഷ്യരും ഓര്‍ത്തെടുക്കുന്നവര്‍ കുറവായിരിക്കും. ഇവ രണ്ടും ഇന്ന് വിപണിയില്‍ സുലഭമാണ്. എന്നാല്‍ ഈയിടെയൊന്നും ഞാന്‍ പുസ്തകശാലകളില്‍ കണ്ടെത്താത്ത ഒരാളുണ്ട്. സാമൂഹ്യവും രാഷ്ട്രീയവുമായ വിഷയങ്ങള്‍ പ്രത്യശാസ്ത്രത്തിന്റെ അടിമത്തത്തിനു വഴങ്ങാതെ അവതരിപ്പിച്ച ഒരു പ്രതിഭ.




1934 മെയ് 30നു കുളനട പൂമംഗലത്ത് കേശവന്റെയും കൊച്ചിക്കയുടെയും മകനായി പിറന്ന കുട്ടിക്ക് പി.കെ. മന്ത്രികുമാരന്‍ എന്ന പേര് കിട്ടിയത് ഒരു സാമൂഹ്യവിപ്ലവത്തിന്റെ ഭാഗം തന്നെയാണ് . ഹീനമായ പേരുകള്‍ മാത്രം സ്വന്തമാക്കാന്‍ അവകാശമുള്ള ഒരു സമൂഹത്തില്‍ നിന്നുള്ള പ്രതിഷേധസ്വരമാവണം ഈ പേര്. ഏതായലും ആ പേരിട്ടയാള്‍ക്ക് പിഴച്ചില്ല. സമൂഹത്തിന്റെ പൊങ്ങച്ചങ്ങളെ നിരന്തരം കളിയാക്കുന്ന ഒരു വ്യക്തിയായി ആ കുട്ടി വളര്‍ന്നു.

മനോരാജ്യം വാരികയിലാണെന്നുതോന്നുന്നു പാച്ചുവും കോവാലനും പ്രസിദ്ധീകരിച്ചിരുന്നത്. പാച്ചു , കോവാലന്‍ , ചേട്ടത്തി (പാച്ചുവിന്റെ ഭാര്യ), ഉപ്പായിമാപ്ല മുതലായവരാണ് പ്രധാനകഥാപാത്രങ്ങള്‍. പ്രശസ്തനിരൂപകനായ ശ്രീ: ഏം.കൃഷ്ണന്‍ നായരുടെ പോലും അഭിനന്ദനത്തിന് പാത്രമായ കഥാപത്രങ്ങളാണിവ .


ആറാം ക്ലാസും ഗുസ്തിയും മാത്രം ക്വാളിഫിക്കേഷനായുള്ള പാച്ചു ചെറിയതോതില്‍ രാഷ്ട്രീയസ്വാധീനം ഉള്ള ഒരാളാണ്. കാര്യമായ ബി.പി. (ഭാര്യയെ പേടി) ഉള്ള പാച്ചുവിന്റെ പ്രധാനബലഹീനത വെള്ളമടിയാണ്. ഇതിന്റെ പേരില്‍ " കേരവൃക്ഷത്തിന്റെ ശാഖോപശാഖകള്‍ കൊണ്ടുള്ള പ്രാണേശ്വരിയുടെ മൃദുതാഢനങ്ങള്‍ " പാച്ചു ഇടക്കിടക്ക് സഹിക്കേണ്ടി വരുന്നു. പൊടിമീശയും കോലന്‍മുടിയുമുള്ള കോവാലന്‍ അവിവാഹിതനാണ്. ഏട്ടന്റെ നിഴല്‍ പോലെ എപ്പൊഴും കാണപ്പെടുന്ന ഈ കക്ഷി പേര്‍ഷ്യയില്‍ പോവണമെന്ന ആഗ്രഹവും താലോലിച്ച് നടക്കുകയാണ് . പാച്ചുവിന്റെ ഡയലോഗുകള്‍ കുറിക്ക് കൊള്ളുന്നത് കോവാലന് അതിനോടുള്ള പ്രതികരണത്തോട് കൂടിയാണെന്ന് കരുതണം.


എങ്ങനെയെങ്കിലും ഒന്ന് അക്കരെക്കടക്കണമെന്ന വിചാരവുമായി നടക്കുന്ന മലയാളികള്‍ക്ക് ഇടയിലേയ്ക്ക് എടുത്താല്‍ പൊങ്ങാത്ത ജാടയുമായി (ഉദാ:ബ്ലഡ്ഡി മല്ലു ) കടന്നുവരുന്ന പേര്‍ഷ്യക്കാരെ പാച്ചുവിന് കടുത്ത പുഛമാണ്. പണം എങ്ങനെ ഇന്‍വെസ്റ്റ് ചെയ്യണമെന്ന് അറിയില്ലെന്ന് പറയുന്ന ഒരു പേര്‍ഷ്യാക്കാരനോട് അയാള്‍ പറയുന്നത് സെക്രടേറിയറ്റ് തീരു കൊടുക്കുന്നു, വാങ്ങി വാടകക്ക് കൊടുത്താല്‍ നല്ല ലാഭമാണെന്നാണ്. എന്നാല്‍ മിക്കവാറും തൊട്ടടുത്ത ദിവസം അയാള്‍ കോവാലന് ഒരു എന്നോസി സംഘടിപ്പിക്കാന്‍ ഓടി നടക്കുകയാവും .


കനത്ത തലമുടിക്കെട്ടും ഭര്‍ത്താവിനെ കാര്യമായി സംശയവും ഉള്ള ചേടത്തി ഒരു സാദാ മലയാളി ഭാര്യ തന്നെ. ആയില്യം  നക്ഷത്രത്തിലുള്ള വേലക്കാരി തന്നെ വേണമെന്ന് ശാഠ്യം പിടിക്കുന്ന ( അയല്‍വക്കം മുടിഞ്ഞുപോവും !). സിനിമാരംഗത്തേയ്ക്ക് കടക്കണമെന്ന പാച്ചുവിന്റെ മോഹത്തെ മുളയിലേ നുള്ളുന്ന , രണ്ടും കൂടി ഇപ്പൊ വല്ലവളുമായും  സൊള്ളുകയാവും എന്ന് കരുതുന്ന ചേട്ടത്തി കോവാലനേക്കാള്‍ പ്രാധാന്യമുള്ളവളാണെന്ന് ഞാന്‍ കരുതുന്നു . വിചിത്രമെന്ന് പറയട്ടെ , തന്റെ കഥാപാത്രങ്ങളോടൊപ്പം മന്ത്രിയും ചിലപ്പോള്‍ കാര്‍ടൂണില്‍ പ്രത്യക്ഷപ്പെടുന്നു.
പാച്ചുവിനെ കാണാന്‍ മന്ത്രിമാരാരാണ്ട് വരുന്നെന്ന് ഫോണ്‍ വന്നപ്പോള്‍ ചേടത്തിയുടെ സന്തോഷം പറയാനില്ല . കൊടിവെച്ച കാറില്‍ മന്ത്രി വന്നിറങ്ങുന്നത് കണ്ടോടീ എന്ന് അയല്ക്കാരിയോട് പൊങ്ങച്ചം പറഞ്ഞ ചേട്ടത്തിയുടെ മുമ്പില്‍ എത്തുന്നത് നടന്ന് വിയര്‍ത്ത ഒരു മന്ത്രിയാണ് . അയ്യോ പോലീസ് എസ്കോര്‍ടും കാറും  ഒന്നുമില്ലേയെന്ന ചോദ്യത്തിന് ചേടത്തി ഞാനേതോ താല്‍കാലികമന്ത്രിയാണെന്ന് വിചാരിച്ചുകാണും. ഞാനൊരു സ്ഥിരം മന്ത്രിയാണെന്നാണ് കാര്‍ടൂണിലേക്ക് കടന്നുവന്ന പി.കെ. മന്ത്രിയുടെ മറുപടി
ഈ കാര്‍ടൂണിലെ മറ്റൊരു പ്രധാനകഥാപാത്രം ഉപ്പായിമാപ്ലയാണ്. റ്റോംസിന്റെ കഥാപാത്രമായ ഉപ്പായിമാപ്ല ആദ്യകാലങ്ങളില്‍ ബോബന്റെയും മോളിയുടെയും കൂട്ടുകാരനായിരുന്നു. അന്ന് പഞ്ചായത്ത് പ്രസിഡണ്ടായ ചേട്ടനെ റ്റോംസ് അവതരിപ്പിച്ചിരുന്നില്ല. പിന്നെ എങ്ങനെയാണ് ഉപ്പായിമാപ്ല മന്ത്രിയുടെ കയ്യില്‍ നിന്ന് വിരിഞ്ഞ് തുടങ്ങിയതെന്ന് അറിവുള്ളവര്‍ പറഞ്ഞുതരേണ്ടിവരും  ! എന്തായാലും റ്റോംസിന്റെ ഉപ്പായിമാപ്ലയല്ല മന്ത്രിയുടെ ഉപ്പായിമാപ്ല എന്ന് നിസ്സംശയം പറയാം .
അഞ്ചടിയോളം മാത്രം ഉയരമുള്ള , ആരോടും അധികം  അടുപ്പമില്ലാത്ത പിന്നില്‍ കയ്യും  കെട്ടി വീടിന്റെ മുറ്റത്തുകൂടി സദാ തെക്കുവടക്കുനടക്കുന്ന ഒരു കുട്ടനാട്ടുകാരനാണ് റ്റോംസിന്റെ ഭാഷയില്‍ ഉപ്പായി മാപ്ല. വീമ്പും വിഡ്ഢിത്തങ്ങളുമാണ് അയാളുടെ കൈമുതല്‍. എന്നാല്‍ അതേ ഛായയുള്ള മന്ത്രിയുടെ ഉപ്പായിമാപ്ലയാവട്ടെ ഉപ്പായിശബ്ദം എന്ന പ്രസിദ്ധീകരണത്തിന്റെ ഉടമയോ പത്രാധിപരോ ഒക്കെയാണ്. തികഞ്ഞ പരിഷ്കാരിയും കഴിവുള്ളവനുമായ ഒരു ആധുനികന്‍ !


മന്ത്രിയുടെ മരണശേഷം  ( 1984 ഡി. 6) കോട്ടയത്തുള്ള അമ്പിളി പബ്ളിക്കേഷന്‍ പ്രസിദ്ധീകരിച്ച ഈ സമാഹാരത്തില്‍ 84 നാലുകോളം കാര്‍ടൂണുകളുണ്ട്. ഇവയില്‍ കുടുംബകാര്യങ്ങളും നാട്ടുകാര്യങ്ങളും തീര്‍ത്തും നര്‍മം മാത്രമായുള്ളവയും ഉള്‍പ്പെടുന്നു. പാച്ചുവും കോവാലനും ചിലപ്പോള്‍ കാര്‍ടൂണിനുപുറത്തുകടക്കുന്നു. വായനക്കാരും നിരൂപകരും കഥാപാത്രങ്ങളായിമാറുന്നു. ചേട്ടത്തിയുടെ മുടി കൃത്രിമമാണോ എന്ന ഒരു മനോരാജ്യം  വായനക്കാരന്റെ സംശയം  ചേട്ടത്തിയെ ക്ഷുഭിതയാക്കുന്നുണ്ട്. ഇതാ മറ്റൊന്ന്






                 എങ്ങനെയുണ്ട് ചേട്ടത്തിയുടെ കുശുമ്പ് ?!


രാഷ്ട്രീയനേതാക്കള്‍ക്ക് അഹിതമായ കാര്‍ടൂണുകള്‍ വരച്ചതിന് ശിക്ഷയനുഭവിച്ച മന്ത്രിയുടെ കടുത്ത രാഷ്ട്രീയവിമര്‍ശനം ഉള്ള കാര്‍ടൂണുകള്‍ ഈ പുസ്തകത്തില്‍ അധികമില്ല . പ്രസാധകര്‍ ഒരു മുന്‍കരുതല്‍ എടുത്തതാവണം . അല്ലെങ്കില്‍ വരും ലക്കങ്ങളില്‍ ( ഇതൊരു തുടര്‍ പദ്ധതിയായിരുന്നു,ഒരു ലക്കം കൂടി  ഞാന്‍ വാങ്ങിയിരുന്നു എന്ന ഓര്‍മയുണ്ട് . അത് അക്കാലത്ത് തന്നെ എവിടെയോ പോയി ) പ്രസിദ്ധീകരിക്കാന്‍ തയ്യാറെടുത്തിരിക്കണം . എനിക്ക് ഏറ്റവും  ഇഷ്ടപ്പെട്ട രണ്ടെണ്ണം കൂടി ഇവിടെ ചേര്‍ക്കുന്നു. ഓഫ് : മുഴുവനും  ഫോട്ടോ ആയി ഇവിടെ കൊടുക്കാന്‍ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ പകര്‍പ്പവകാശം എന്ന കാര്യം ഓര്‍ക്കണമല്ലോ :).


ഈ നാലുകോളം വരികള്‍ ഏതൊക്കെ നെഞ്ഞുപിളര്‍ന്നിട്ടുണ്ടാവണം  !




ഇതോ ! ആദര്‍ശവും കക്ഷത്തില്‍ വെച്ച് കൊണ്ട് നടക്കുന്ന പലരും ഇത് കണ്ടാല്‍ സഹിക്കുമോ !! 


ഈകുറിപ്പില്‍ ഞാന്‍ കൊടുത്ത മുഴുവന്‍ ചിത്രങ്ങളും കോട്ടയത്തെ അമ്പിളി പബ്ളിക്കേഷന്‍ പുറത്തിറകിയ മാസികയിലുള്ള ശ്രീ: പി.കെ.മന്ത്രിയുടെ കാര്‍ടൂണുകളും ഛായാപടവുമാണ്. ഇവയുടെ പകര്‍പ്പവകാശം ആര്‍ക്കെന്ന് നേരത്തെ പറഞ്ഞപോലെ എനിക്ക് അറിയില്ല. ആ വ്യക്തിയെപറ്റി എഴുതുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ രചനാപാടവം  വെളിപ്പെടുത്തുന്നതിനുവേണ്ടി മാത്രമാണ് ഈ കാര്‍ടൂണുകള്‍ ഇവിടെ കൊടുത്തിട്ടുള്ളത് .പി.കെ. മന്ത്രി എന്ന് ഗൂഗിള്‍ ചെയ്തപ്പോള്‍ ഉള്ള ഫലം തീര്‍ത്തും നിരാശാജനകമാണ്.  ഇംഗ്ലീഷ് വിക്കിയില്‍ അരപ്പേജ് . മലയാളത്തിലാണെങ്കില്‍ നാല് വരി. പാച്ചുവും  കോവാലനും പുതുതലമുറയ്ക്ക് അന്യം നില്‍ക്കരുതെങ്കില്‍ അവ പുന:പ്രസിദ്ധീകരിച്ചേ മതിയാവൂ. അതിന് ഇന്ന് അവയുടെ പകര്‍പ്പവകാശം കൈവശമുള്ളവര്‍ തന്നെ മുന്‍കയ്യെടുക്കണം . ഒന്നുമില്ലെങ്കില്‍ ഓണ്‍ ലൈനില്‍ അവ പ്രസിദ്ധപ്പെടുത്തി അവയെ വായനക്കാര്‍ക്ക് കൈമാറണം  .അത് കാര്‍ടൂണൂകളെ സ്നേഹിക്കുന്ന മലയാളികളുടെ അവകാശമാണ്.
 

Thursday, February 3, 2011

അറബി പഠിക്കുന്ന സ്കൂള്‍കുട്ടി

ഗൗതം ഒന്നാംക്ളാസില്‍ ചേര്‍ന്നപ്പോള്‍ സഫിയടീച്ചറായിരുന്നു അവന്റെ ക്ളാസ് ടീച്ചര്‍ . കരച്ചിലിനെപ്പറ്റി ആലോചിക്കാനേ നേരമില്ലാത്ത ചേലില്‍ അവന് സ്കൂള് പെട്ടെന്നിഷ്ടായി. അവിടത്തെ ഓരോവിശേഷവും വൈകുന്നേരം  അവന്‍ ഓടിവന്ന് വീട്ടുകാരോട് പറഞ്ഞു. അവിടത്തെ കൂട്ടുകാര്‍ , അവന്‍ കളിച്ച കളികള്‍ , അവന്റെ പുസ്തകത്തിലെ ചിത്രങ്ങള്‍ ഒക്കെ വീട്ടിലവന്‍ വാരിവിതറി . അങ്ങനെ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ സ്കൂള്‍ വിട്ട് ഓടിവന്ന് അവന്‍ ധൃതിയില്‍ പറഞ്ഞു . 

"അമ്മേ അമ്മേ , അറബി പഠിക്കണ്ടോര് നാളെ പേര്    കൊടുക്കണംന്ന് പറഞ്ഞു ടീച്ചര്‍ "
"അതിന് നിനക്കെന്താ ? നിനക്കും പഠിക്കണോ "
"വേണം ."
"എന്നാ പേര് കൊടുത്തോ"

അങ്ങനെയാണ് ഗൗതം അറബി പഠിക്കാന്‍ തുടങ്ങിയത്  . അവന്റെ വീട്ടുകാര്‍ക്കും അതൊരു കൗതുകമായിരുന്നു . ഇതുവരെ കാണാത്ത പുതിയ ലിപിവിന്യാസങ്ങള്‍ അവന്റെ പുസ്തകങ്ങളില്‍ അവര്‍ കണ്ടു . അച്ചച്ചനെയും അച്ചമ്മയെയും  അറബി പഠിപ്പിച്ച് മിടുക്കരാക്കുമെന്ന് അവന്‍ അവരോട് പറഞ്ഞു.

ഒന്നുരണ്ടാഴ്ച അങ്ങനെ കഴിഞ്ഞു. അതിനിടയ്ക്ക് അവിചാരിതമായി ഒരു നാട്ടുപ്രമാണി അറബിപ്പുസ്തകവുമായി പോവുന്ന ഗൗതമിനെകണ്ട് നെറ്റിചുളിച്ചു . സഫിയടീച്ചര്‍ ഈ വിവരം അറിഞ്ഞു . ടീച്ചര്‍ക്ക് ആവശ്യത്തിന് ലോകപരിചയം  ഉണ്ടായിരുന്നു. പിറ്റേന്ന് അറബി പഠിക്കാന്‍ പോവേണ്ട കുട്ടികളുടെ കൂട്ടത്തില്‍ ഗൗതമിന്റെ പേര് വിളിച്ചില്ല .  അതിന്റെ പിറ്റേന്നും  ഇതുതന്നെ ആവര്‍തിച്ചു. 

ഗൗതമിനാണെങ്കില്‍ ആകെ സങ്കടം  . ഒപ്പം വരുന്ന റഷീദും ഫൈസലും നജീബും  ഒക്കെ അറബി പഠിക്കാന്‍ പോവുന്നു. അവനും വേറെ ചില കുട്ടികളും  ക്ളാസിലിരുന്ന് പുസ്തകം  വായിക്കുന്നു.  ഇതെന്ത് ലോകം  . അവര്‍ക്കും തനിക്കും തമ്മില്‍ എന്താ വ്യത്യാസം ? അവന്‍ ക്ളാസിലിരുന്ന് ആലോചിക്കാന്‍ തുടങ്ങി . ഒടുവില്‍ അവന്റെ കുഞ്ഞുമനസ്സില്‍ ടീച്ചര്‍ തന്നെ എന്ത് കൊണ്ട് അറബി പഠിപ്പിക്കുന്നില്ലെന്ന് പെട്ടെന്ന് മനസ്സിലായി . അതങ്ങനെവിട്ടാല്‍ പറ്റില്ല. അവന്‍ മുഖം ചുളിച്ചു.

"അടുത്തത് അറബിക്ളാസാണ് . പേര് വിളിക്ക‌ണ കുട്ടികള്‍  അറബിക്ളാസിലേയ്ക്ക് പോവുക , അല്ലാത്തവര്‍ ഒച്ചണ്ടാക്കാതെ ക്ളാസിലിരുന്ന് നല്ലകുട്ടികളായി പഠിക്കുക "
സഫിയ ടീച്ചര്‍ പേര് വായിക്കാന്‍ തുടങ്ങി . കുട്ടികള്‍ ഓരോരുത്തരായി എണീറ്റു .

" മുഹമ്മദ് ഫൈസല്‍ ,
  മുഹമ്മദ് നജീബ് ,
  മുഹമ്മദ് നവാസ് ,
  മുഹമ്മദ് റഷീദ്  "
ടീച്ചര്‍ അവസാനിപ്പിക്കാറായപ്പോള്‍ ഗൗതം പെട്ടെന്ന് എണീറ്റ് തന്റെ പേര് ഉറക്കെ വിളിച്ചുപറഞ്ഞു 
 "മുഹമ്മദ് ഗൗതം "