Sunday, March 28, 2010

രണ്ടാണും ഒരു പെണ്ണും

പൊതുവെ മനുഷ്യന്റെ അതിജീവനശേഷി അവന്‍ കയ്യടക്കി വെച്ചിരിക്കുന്ന സമ്പത്തിനെ ആശ്രയിച്ചിരിക്കുന്നു. സമ്പത്ത് എന്നുവെച്ചാല്‍ ധനം മാത്രമല്ല. ആരോഗ്യം ,പദവി, കുടുംബം ഇതൊക്കെ സമ്പത്തിന്റെ പരിധിയില്‍ പെടും. അതുകൊണ്ടു തന്നെ നിലനില്പിനായി താന്‍ വിലപ്പെട്ടതെന്നു കരുതുന്നതൊക്കെ കാത്തുരക്ഷിക്കാന്‍ ഓരോ മനുഷ്യനും ബാധ്യസ്ഥനുമാണ്. അതിനോടൊപ്പം തന്നെ നമ്മളൊക്കെ മറ്റുള്ളവന്റെകയ്യില്‍ നിന്നും എന്തൊക്കെയോ ചിലത് തട്ടിപ്പറിക്കാന്‍ നോക്കും. ഇതിനിടയില്‍ നമുക്ക് ചിലത് നഷ്ടമാവും.. ചുറ്റുമുള്ള നിസ്സഹായരായ ജനങ്ങളെ ആക്രമിച്ച് പൊന്നും പണവും കുന്നുകൂട്ടുന്നൊരു പെരുവഴിക്കൊള്ളക്കാരന്‍ ഒരു കോട്ട പണിയുന്നതോടു കൂടി പ്രതിരോധത്തിന്റെ ഒരു കാലഘട്ടം ആരംഭിക്കുന്നു. ഒരു അവിവാഹിതനില്‍ നിന്നും വിവാഹിതനിലേയ്ക്കുള്ള മാറ്റവും അത്തരം പ്രതിരോധത്തിന്റെ തന്നെയാണ്
നമ്മിലോരോരുത്തനും കാവല്‍ നില്‍ക്കുന്നത് ഒരു രാജ്യത്തിനൊന്നുമല്ല മറിച്ച് സ്വന്തം അധികാരമേഖലയ്ക്ക് മാത്രമാണ്. തന്റെ അധീശമേഖലയില്‍ അന്യന്റെ കയ്യേറ്റം അനുവദിക്കാത്ത , അവനെ തന്റെ ഇണയുടെ പരിസരത്തുനിന്നും എതിരാളികളെ വിരട്ടിയോടിക്കുന്ന ഒരു മൃഗത്തിന്റെ നിലനില്പ് തന്നിലും ശക്തനായ മറ്റൊരു മൃഗം വരുന്നതുവരെ മാത്രെമേ ഉള്ളൂ. താന്‍ നയിക്കുന്ന കൂട്ടത്തിലേയ്ക് കടന്നുകയറുന്ന മൃഗം കൂടുതല്‍ ശക്തനാനെങ്കില്‍ രണ്ടുവഴിയാണ് നമുക്കുള്ളത്. ഒന്നുകില്‍ ചെറുത്തുനില്പും മരണവും. അല്ലെങ്കില്‍ പിന്മാറ്റം. രണ്ടായാലും നമുക്കുള്ളതൊക്കെ താല്‍കാലികമായി അന്യന്‍ കയ്യടക്കും എന്നതില്‍ സംശയം വേണ്ട.
തന്റെ രാജ്യത്തിനു കാവല്‍ നില്‍ക്കുന്ന ഒരു കൂലിപ്പട്ടാളക്കാരന്‍ എതിരാളിയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ തയ്യാറെടുക്കുന്ന രംഗത്തില്‍ നിന്നാണ് മനോരാജ് എഴുതിയ നുഴഞ്ഞുകയറ്റം എന്ന കഥ ആരംഭിക്കുന്നത്. വെറും നാലു കഥാപാത്രങ്ങള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ആ കഥ സെക്സിന്റെയും വയലന്‍സിന്റെയും കടുംചായങ്ങള്‍ കൊണ്ടാണ് വരച്ചെടുത്തത്. തന്റെ രാജ്യത്തിന്റെ അതിര്‍ത്തിക്ക് കാവല്‍ നില്‍ക്കുന്ന ഭര്‍താവ് നുഴഞ്ഞുകയറ്റകാരനോട് പോരാടുമ്പോള്‍ വിരഹിണിയായ ഭാര്യ ജീവിതരസം കണ്ടെത്തുന്നത് രഹസ്യകാമുകനൊത്ത് നടത്തുന്ന മാരയുദ്ധത്തിലാണ്. എതിരാളിയുമായി നടത്തുന്ന യുദ്ധത്തില്‍ ഭര്‍താവ് കൊല്ലപ്പെടുന്ന നിമിഷത്തില്‍ താല്‍കാലികമായി അവസാനിക്കുന്ന  , രക്തവും ശുക്ലവും ഒഴുകിയിറങ്ങുന്ന ആ കഥ സൈന്യസ്നേഹികളുടെയും സദാചാരസ്നേഹികളുടെയും എതിര്‍പ്പ് സ്വാഭാവികമായും നേടിയിരുന്നു.
എങ്കിലും ഈ കഥയില്‍ എന്തോ രസക്കേടുള്ളതായി എനിക്ക് കുറേ നാളായി തോന്നിത്തുടങ്ങിയിട്ട്. സത്യത്തില്‍ ആ കഥയില്‍ മൂന്നുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഇന്നെനിക്ക് മനസ്സിലാവുന്നു. അവന് അക്രമിയും നുഴഞ്ഞുകയറ്റക്കാരനും ആയി അനുഭവപ്പെടുന്ന ആ ഒരാള്‍ തന്നെയാണ് അവള്‍ക്ക് കാമുകനും പ്രിയപ്പെട്ടവനും ആയിമാറുന്നത്. സ്വന്തം അധികാരപ്രദേശത്തുനിന്നും  എതിരാളികളെ ആട്ടിയോടിക്കുന്നതില്‍ ജാഗരൂകനായ ഒരാളാണ് ഭര്‍താവ്. അവന്റെ പ്രതിരോധങ്ങളെ തകര്‍ത്ത് സമ്പത്ത് കവര്‍ന്നെടുക്കാന്‍ വരുന്ന കൂടുതല്‍ ശക്തനായ എതിരാളിയാണ് കാമുകന്‍.. 

മനോരാജിന്റെ കഥയില്‍ എന്താണ് പറയുന്നത് . പൂത്തുലഞ്ഞു നില്‍ക്കുന്നൊരു സ്ത്രീലൈംഗികതയുടെ കാവല്‍ക്കാരനായ ഭര്‍താവ് നുഴഞ്ഞുകയറ്റക്കാരനെ ചെറുക്കുമ്പോള്‍ ഭാര്യ അവനെ ഒരുപാട് പ്രതീക്ഷിക്കുന്നു. കാലഹരണപ്പെട്ട , ദുര്‍ബലമായ ലൈംഗികതയ്ക്ക് പകരം കൂടുതല്‍ കാര്യക്ഷമമായ ഒരു ലൈംഗികതയില്‍ , അതിന്റെ ഉപയോഗത്തില്‍, കൂടുതല്‍ ശക്തനായ ഒരു ഇണയില്‍ ഭാര്യ അലിഞ്ഞുചേരുന്നു. തെമ്മാടി എത്ര സുന്ദരനാണ് . വന്നവനും നിന്നവനും തമ്മില്‍ പെണ്ണിനും പൊന്നിനും വേണ്ടിയുള്ള ഈ പോരാട്ടത്തിന്റെ കഥ തന്നെയല്ലേ ഇലിയഡായും ഒഡീസിയായും ഭാരതമായും രാമായണമായും ബത്ശേബയുടെ കഥയായും വടക്കന്‍പാട്ടുകളായും നമ്മളെ രസിപ്പിച്ചിട്ടുള്ളത്. 

കഥകള്‍ക്കപ്പുറം ചരിത്രത്തില്‍ നാം കേട്ടിട്ടുള്ളതും പലപ്പൊഴും ഇതൊക്കെത്തന്നെയാണ് . ഗുജറാത്ത് രാജാവായ കര്‍ണദേവനെ തോല്പിച്ച് കമലാദേവിയെ കൈക്കലാക്കിയ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജി. അല്ലെങ്കില്‍ എട്ടുവീട്ടില്‍ പിള്ളമാരെ കീഴടക്കി അവരുടെ പൊന്നും പണവും സന്തതിപരമ്പരയും കീഴടക്കുന്ന വീരമാര്‍താണ്ഡവര്‍മ എന്നിവരെത്തന്നെ ഉദാഹരണമാക്കാം. ഒരു കൊടുങ്കാറ്റു പോലെ ചെന്ന് അന്യഗോത്രങ്ങളെ ആക്രമിക്കാനും അവരുടെ പുരുഷന്മാര്‍ വധികപ്പെടുകയോ ജീവനുവേണ്ടി പിന്തിരിയുകയോ ചെയ്യുമ്പോള്‍ അവിടത്തെ സ്ത്രീകളെ സ്വന്തമാക്കാനും അവരില്‍ തങ്ങളുടെ അധികാരം സ്ഥപിക്കാനും മധ്യേഷ്യന്‍ കുതിരപ്പടയാളികള്‍ക്ക് അധികാരമുണ്ടായിരുന്നതിനെ പറ്റിയും പരാമര്‍ശങ്ങള്‍ കാണാം.

ലൂസിയാദ് എന്ന ചരിത്രനോവലിലാവട്ടെ അന്യദേശങ്ങളിലെ കടല്‍ത്തീരത്ത്  ചെന്ന് അവിടത്തെ പെണ്ണുങ്ങളില്‍ - ജലദേവതമാരില്‍ എന്ന് കാവ്യഭാഷ - ലൂസസ്സിന്റെ വംശത്തിന്റെ വിത്ത് വിതയ്ക്കുന്ന പറങ്കിപ്പടയാളികളെ പറ്റി അഭിമാനത്തോടെയാ ണ്  കവി പറയുന്നത്.പഴയകാലത്ത് ഏതൊരു യുദ്ധത്തിന്റെയും അവസാനം പരാജിതന്റെ ഭാര്യയുടെ മേല്‍ വിജയി അവകാശം സ്ഥാപിക്കുമ്പോഴാണ്. ഒരു നാട്ടുനടപ്പു പോലെ കാണപ്പെടുന്ന ആ സംഗതിയാണ് പരാജിതന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി. അസുരന്മാര്‍ ഇന്ദ്രന്റെ മേലുള്ള വിജയം ആഘോഷിച്ചിരിക്കുന്നത് അപ്സരസ്സുകളുടെ കൂടെ ആയിരുന്നത്രെ !
കുംഭമുലച്ചികളാകിയസുരകുല
ശംഭളിമാരെവിളിച്ചുവരുത്തി
സംഭോഗാദിരസത്തെ നുകര്‍ന്നൊരു
സരസന്‍ ഞാനത് ബോധിച്ചാലും 
എന്നാണ് നാരദന്റെ മുമ്പില്‍ രാവണന്‍ അഹങ്കരിക്കുന്നത്. ശത്രുവായ വിഷ്ണുവിനോടൊത്ത് തന്റെ ഭാര്യ ഇണചേര്‍ന്നെന്ന വാര്‍ത്ത അവസാനിച്ചത് ജലന്ധരന്റെ മരണത്തിലാണ്. പോപ്ലീസിനെ കൊന്ന ഈഡിപ്പസിനെ ജനങ്ങള്‍ വരവേറ്റത്ത് പോപ്ലീസിന്റെ ഭാര്യയായ ജെക്കാസ്റ്റയെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ചാണ്.

ഇന്നാവട്ടെ ശത്രു തന്റെ ഇണയെ ലൈംഗികമായി കീഴ്പെടുത്തുന്നത്  തീരാത്ത അപമാനമായാണ് പുരുഷന്‍ കാണുന്നത്.
വിനയചന്ദ്രന്റെ ഉപരികുന്ന് എന്ന നോവലിലെ ഒന്നാമധ്യായം ആര്‍ക്കും എളുപ്പം മറക്കാനാവില്ല. ഭുജംഗയ്യനെ തോല്പിച്ചിട്ടും തോല്പിച്ചിട്ടും മതിയാവാതെ അവന്റെ ഭാര്യയായ പാര്‍വതിയെ വെപ്പാട്ടിയാക്കി അവന്റെ സര്‍വ അഹങ്കാരങ്ങളും ഒതുക്കാം എന്ന് കൊതിച്ചു നടക്കുന്ന പട്ടേല്‍ രുദ്രപ്പനെയും   ഓര്‍ക്കുക (ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍). ഭര്‍താവിന്റെ മരണദേവതയായിരുന്നു മനോരാജിന്റെ കഥയിലെ ഭാര്യ. കൂടുതല്‍ നല്ല പാതിയെ കിട്ടുന്നതു വരെയേ അവളുടെ പാതിവ്രത്യം നിലനിന്നുള്ളൂ.

8 comments:

  1. നിത്യജീവിതതില്‍ പക്ര്ത്തേണ്ട ഒരേയൊരു മഹത്‌വചനമാണിത്; എനിക്കുചുറ്റുമുള്ള മനുഷ്യനേയും മൃഗരൂപത്തില്‍ നിരൂപിക്കുന്ന എനിക്ക് ജീവിതം എത്ര ലളിതമാണെന്നോ.

    ഇനി ‘നുഴഞ്ഞുകയറ്റം’ ഒന്നു വായിക്കട്ടെ.

    ReplyDelete
  2. @യരലവ~yaraLava
    വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

    ഓഫ്:
    രാഹുല്‍ തന്റെ ഇന്‍ഫ്യൂഷന്‍ വഴി പറഞ്ഞുതന്ന കമന്റിനു മറുപടി നല്‍കുന്ന പുതിയ രീതി വളരെ നന്നായിട്ടുണ്ട്.

    രാഹുലിന് ഒരു മുട്ടന്‍ നന്ദി

    ReplyDelete
  3. “ഭര്‍താവിന്റെ മരണദേവതയായിരുന്നു മനോരാജിന്റെ കഥയിലെ ഭാര്യ. കൂടുതല്‍ നല്ല പാതിയെ കിട്ടുന്നതു വരെയേ അവളുടെ പാതിവ്രത്യം നിലനിന്നുള്ളൂ. വെറുതെയല്ല അരയത്തിപ്പെണ്ണ് പിഴച്ചുപോയീ, അവനേക്കടലമ്മ കൊണ്ടുപോയീ എന്ന് മുക്കുവന്‍ പാടിയത്.“

    ReplyDelete
  4. അരുൺ, ഞാൻ ആദ്യമായിട്ടാണ് ഇവിടെ വരുന്നത്. നല്ല അവലോകനം.

    ReplyDelete
  5. @അപ്പു
    ഈ ഇടവഴിയിലേയ്ക്ക് സ്വാഗതം. ഇനിയും വരണേ!

    ReplyDelete
  6. അരുണ്‍ / ArunMonday, August 02, 2010 4:14:00 PM

    @ഉമേഷ്‌ പിലിക്കൊട്
    വായനയ്ക്ക് നന്ദി

    ReplyDelete