Tuesday, March 9, 2010

എച്ചില്‍ തിന്നുന്ന ഭാര്യമാര്‍

“ഇതില്‍ ആറു പൊറാട്ടയുണ്ട്.
 നാലെണ്ണം എനിക്കും രണ്ടെണ്ണം നിനക്കും
 ഇത് ചിക്കന്‍ കറി”

കഷ്ണം നിനക്കും പാതി ചാറെനിക്കും അല്ലേ ?

കിലുക്കം എന്ന സിനിമയില്‍ ജഗതി ശ്രീകുമാറും മോഹന്‍ലാലും അഭിനയിച്ച ഈ രംഗം സിനിമ ഒരിക്കലെങ്കിലും കണ്ടവരാരും എളുപ്പമൊന്നും മറക്കും എന്ന് തോന്നുന്നില്ല. എന്നാല്‍  പൊറാട്ട മുഴുവന്‍ ഞാന്‍ തിന്നും, ഞാന്‍ തിന്നിട്ടു ബാക്കി വല്ലതും ഉണ്ടെങ്കില്‍ നീ നക്കിയാല്‍ മതി എന്നാണ് ജഗതി ശ്രീകുമാറിന്റെ ഡയലോഗ് എങ്കിലോ ?

ഏതാണ്ട് അത്തരത്തിലാണ്  ഇന്നലെ രാജ്യസഭയില്‍ നടന്ന സംഭവങ്ങള്‍ . ആറു പൊറാട്ടയില്‍ രണ്ടെണ്ണം മാത്രമാണ് സ്ത്രീകള്‍ അവകാശപ്പെട്ടത്.അതു ന്യായമാണ് എന്ന് രാജ്യം  മൊത്തത്തില്‍ സമ്മതിച്ചതുമാണ്. അപ്പോഴാണ് നിലവിലുള്ള സാമുഹ്യനിയമങ്ങള്‍ താളം തെറ്റുന്നതില്‍ ഉത്കണ്ടാകുലരായ ചില യുഗപുരുഷന്മാരുടെ വരവ് . 

കയ്യൂക്കും തെമ്മാടിത്തവും മാത്രം കൈമുതലായുള്ള പെരുവഴിക്കവര്‍ച്ചക്കാര്‍ പോലും തോല്‍ക്കുന്ന മട്ടില്‍ ആ രണ്ടു പൊറാട്ടകള്‍ അവരൊക്കെ സ്ത്രീകളുടെ കയ്യില്‍ നിന്നും പിടിച്ചുപറിച്ചു. ന്യൂനപക്ഷവനിതകളുടെ താല്പര്യം സംരക്ഷിക്കാന്‍ എന്ന വ്യാജേന നടന്ന ഈ പകല്‍ക്കൊള്ള കൊണ്ട് ഗുണം കിട്ടുന്നത് നിയമം നടപ്പാക്കാന്‍ വൈകുന്നതിലൂടെ ഭൂരിപക്ഷം വരുന്ന പുരുഷന്മാര്‍ക്ക് മാത്രമാണ്. 

കേരളത്തില്‍ ഇപ്പൊഴും ഭര്‍താക്കന്മാര്‍ ഭക്ഷണം കഴിച്ച പാത്രത്തില്‍ ചോറ് വിളമ്പിയുണ്ണുന്ന ഭാര്യമാരുണ്ട്. ആവശ്യത്തിനു ഭക്ഷണം കിട്ടാതിരുന്ന ഒരു കാലത്ത് ആണുങ്ങള്‍ ഉണ്ടതിനു ശേഷം വല്ലതുമുണ്ടെങ്കില്‍ മാത്രമാവും അവള്‍ക്ക് കിട്ടുക. ഒരിക്കലും ആവശ്യത്തിനു ഭക്ഷണം ബാക്കിവെയ്ക്കാതിരിക്കുന്ന അവന്റെ എച്ചിലും കൂടി വേണം അവളുടെ വിശപ്പു മാറാന്‍ !


എച്ചില്‍ കഴിക്കുന്ന ഈ പാരമ്പര്യം തന്നെയാണ് നമ്മുടെ സഭയിലും തുടരുന്നത്. അവന്‍ കഴിച്ചെണീറ്റതിനു ശേഷം മാത്രം അവള്‍ക്ക് ഉണ്ണാനിരിക്കാം. എപ്പോഴും അവന്‍ വല്ലതും ബാക്കി വെയ്ക്കുമായിരിക്കും എന്ന് പ്രതീക്ഷിക്കാം . 


നിസ്സംശയം പറയാം
അവനാണ് താരം !

9 comments:

 1. വനിതാസംവരണബില്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ച ചില ഗുണ്ടകളുടെ ചെയ്തികള്‍ക്ക് എതിരെയാണ് ഞാന്‍ ഈ പോസ്റ്റ് ഇട്ടത്. എന്നാല്‍ ഇപ്പോള്‍ ആ സാഹചര്യമല്ല.

  ഒന്നിനെതിരെ നൂറ്റിതൊണ്ണൂറ്റാറ് വോട്ടുകള്‍ക്ക് വനിതാസംവരണബില്‍ പാസാക്കിയെടുത്ത രാജ്യസഭയ്ക്ക് അഭിനന്ദനങ്ങള്‍.

  പെണ്ണുങ്ങള്‍ എച്ചില്‍തീനികള്‍ അല്ല.

  ReplyDelete
 2. “ന്യൂനപക്ഷവനിതകളുടെ താല്പര്യം സംരക്ഷിക്കാന്‍ എന്ന വ്യാജേന നടന്ന ഈ പകല്‍ക്കൊള്ള കൊണ്ട് ഗുണം കിട്ടുന്നത് നിയമം നടപ്പാക്കാന്‍ വൈകുന്നതിലൂടെ ഭൂരിപക്ഷം വരുന്ന പുരുഷന്മാര്‍ക്ക് മാത്രമാണ്.”

  :) എന്തായാലും ഒരു കടമ്പ കടന്നു....

  ReplyDelete
 3. പോസ്‌റ്റ്‌ നന്നായിട്ടുണ്ട്‌. പക്ഷേ, പോസ്‌റ്റിലെ എല്ലാ കാര്യങ്ങളോടും യോജിക്കാന്‍ വയ്യ. എച്ചിലു തിന്നുന്ന ഭാര്യമാര്‍ എന്ന ഹെഡ്ഡില്‍ തന്നെയാണ്‌ ആദ്യം കണ്ണുടക്കിയത്‌. ഇപ്പോഴും ഭര്‍ത്താക്കന്മാര്‍ കഴിച്ച പാത്രത്തില്‍ ചോറുണ്ണുന്ന ഭാര്യമാര്‍, എച്ചിലു തിന്നുന്നുവെന്ന്‌ വാദിക്കുമ്പോള്‍, അത്‌ അവരുടെ ബന്ധത്തിന്റെ കെട്ടുറപ്പിനെ കൂടി സൂചിപ്പിക്കുന്നുവെന്ന കാര്യം സൗകര്യപൂര്‍വ്വം മറക്കുകയല്ലേ...? എല്ലാം ഇങ്ങനെ സ്‌ത്രീപക്ഷത്തു (മാത്രം) നിന്ന്‌ ചിന്തിക്കുന്നത്‌ ശരിയാണോ...?

  ReplyDelete
 4. ദളിതർക്കും പിന്നോക്കകാർക്കും സംവരണം എന്ന്‌ കേട്ടാൽ കലി തുള്ളുന്ന സവർണ്ണ തമ്പുരാക്കൻമാരും തൂപ്പുജോലിക്ക്‌പോലും 916 പരിശുദ്ധിയുള്ള ജോലിക്കാരെ നിയമിക്കണം എന്ന്‌ വായിട്ടടിക്കുന്ന എലൈറ്റ്‌ ക്ലാസ്സും സ്ത്രീ സംവരണവിഷയത്തിൽ ഒന്നിക്കുന്നത്‌ കാണുമ്പോൾ, ഈ സ്ത്രീ സംവരണത്തിന്റെ ഘടന അവരെ സഹായിക്കും എന്നുള്ള തിരിച്ചറിവല്ലെ എന്ന്‌ കാക്കര ചുമ്മാ സംശയിക്കുന്നു.


  ചുമ്മാ ഇതും വായിക്കുക

  33.3% കൂടിയാൽ സംവരണം 56 ശതമാനം?

  http://georos.blogspot.com/2010/03/333-56.html

  ReplyDelete
 5. @ കാക്കര
  അന്‍പത് ശതമാനത്തിലധികം സംവരണം കൊടുക്കുന്നതിനെ ഈയുള്ളവനും എതിര്‍ക്കുന്നു. എന്നാല്‍ ആ എതിര്‍പ്പ് ഒരിക്കലും വനിതാസംവരണത്തെ എതിര്‍ത്തിട്ടാവരുത്.

  എന്റെ കുഞ്ഞുബുദ്ധിയില്‍ തോന്നിയ ഒരു പരിഹാരം ഞാന്‍ പറയാം. 22.5 % ദളിത് സംവരണം നിലവില്‍ ഉണ്ടല്ലോ . ദളിത് വനിതകള്‍ക്ക് വേണ്ട 7.5 % സംവരണം ആ ദളിത് ജനറല്‍ സംവരണത്തില്‍ നിന്നും കൊടുക്കുക.

  അപ്പോള്‍ ആകെ സംവരണം
  33.3 + 15 (22.5 - 7.5 )= 48.3 %

  ജനറല്‍ 100 - 48.3 = 51.7 %

  ReplyDelete
 6. @ മനോജ്
  വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
  കടമ്പകള്‍ ഇനിയും ഏറെ കടക്കാനുണ്ട്.

  @ raseesahammed

  സ്ത്രീപുരുഷന്മാര്‍ ഒരേ പാത്രത്തില്‍ നിന്നും ഭക്ഷണം കഴിക്കുന്നത് ബന്ധത്തിന്റെ കെട്ടുറപ്പ് കൂട്ടും എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. അവര്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ മാത്രം..

  ഒരിക്കലും ആവശ്യത്തിനു ഭക്ഷണം കിട്ടാതിരിക്കുന്ന ഒരവസ്ഥയിലാണ് ഭര്‍താവിന്റെ എച്ചില്‍ തിന്നുന്നത് ഒന്നാന്തരം പ്രവര്‍തിയായി മാറുന്നത്. അവന്‍ ആദ്യം ഉണ്ണാനിരിക്കുകയും അടുക്കളയില്‍ എന്തു ബാക്കിയുണ്ട് എന്ന് ആലോചിക്കാതെ ഇലയില്‍ തെരുതെരെ വിളമ്പി ബാക്കിവെയ്ക്കുകയും ചെയ്യുന്ന അവസ്ഥയില്‍ അവള്‍ക്ക് വിശപ്പടക്കാന്‍ മറ്റു മാര്‍ഗമൊന്നുമില്ല.

  തങ്ങള്‍ക്ക് വിളമ്പിയതിനുശേഷം ബാക്കി ലോകസഭാസീറ്റുകള്‍ മതി സ്ത്രീകള്‍ക്ക് എന്ന ധാര്‍ഷ്ട്യം കണ്ടപ്പൊഴാണ് ഞാന്‍ എച്ചില്‍ തിന്നുന്ന ഭാര്യമാര്‍ എന്ന ഉപമ ഉപയോഗിച്ചത്.

  വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

  ReplyDelete
 7. അരുൺ

  ഇങ്ങനെയാവുന്നതല്ലെ കൂടുതൽ അഭികാമ്യം?

  ദലിത് - ജനറൽ : 15%
  ദലിത് - വനിത : 7.5%
  വനിത - ജനറൽ : 25.8% (33.3-7.5)
  ആകെ - 48.3%

  എന്തിനാ ദളിതന്റെ അവകാശം പിടിച്ച്‌പറിക്കുന്നേ!!

  ReplyDelete
 8. പിന്നോക്കക്കാരുടെ പാര്‍ട്ടിയുടെ നേതാക്കള്‍ ആയ ലാലുവും മായാവതിയും മുലായവും ഇപ്പോള്‍ ഈ സ്ത്രീ സംവരണ ബില്ലിനെ എതിര്‍ക്കുന്നതില്‍ യാതൊരു അടിസ്ഥാനവും ഇല്ല. മുലായവും ലാലുവും മായാവതിയും പിന്നോക്ക സ്നേഹത്തിന്റെ കപട മുഖം മൂടി അണിഞ്ജവര്‍ ആണെന്ന് നാം പലതവണ കണ്ടതാണ്. അഴിമതിയും കുടുംബധിപത്യവും(മായാവതി ഒഴികെ) കയൂക്കും മാത്രം കയ്മുതല്‍ ആയുള്ള ഈ യാദവരുടെ അവര്‍ണ സ്നേഹം കപടം ആണ്. ബീഹാറിലും ഉത്തര പ്രദേശിലും ഇന്ന് പിന്നോക്ക വിഭാഗങ്ങളുടെ അവസ്ഥ തന്നെ ഇതുനു ഉദാഹരണം ആണ്. പഞ്ചായത്ത് തലം മുതല്‍ പാര്ലമെന്റ്റ്- തലം വരെ സ്ഥനാര്തികളെ നിര്‍ത്തുന്ന സമയത് ജാതിയും മതവും നോക്കാത്ത പണവും കുലീനതയും മാത്രം നോക്കി ഇക്കൂട്ടര്‍ മതേതരത്വ ജനാധിപത്യ നിഷ്പക്ഷത കാത്തു സൂക്ഷിക്കാനും ഇവര്‍ മറക്കാറില്ല. ഇനി പിന്നോക്കക്കാക്കും നൂന പക്ഷങ്ങള്‍ക്കും ഉള്ള പ്രാധിനിധ്യം ഈ പാവങ്ങളെ തന്നെ കൊന്നു തിന്നുന്ന എന്നാല്‍ പേര്കൊണ്ടും ജന്മം കൊണ്ടും മാത്രം പിന്നോക്കക്കാര്‍ ആയ ചില ക്രിമിനലുകളെ നിര്തികൊണ്ടും ആണ്. ഇന്ന് നമ്മുടെ പരമോന്നത സഭയിലേക്ക് ഏറ്റവും കൂടുതല്‍ ക്രിമിനളുകളെ സംഭാവന ചെയ്തത് ഈ പിന്നോക്ക പാര്‍ടികള്‍ തന്നെ ആണ് . ഈ പിന്നോക്ക പാര്‍ട്ടി - കളില്‍ ഉള്ള M-P മാരില്‍ എന്പതു ശതമനവും താക്കൂര്‍ (ഭൂവുടമകള്‍ ആയ ബ്രാമണര്‍) മാരും ക്ഷത്രിയരും മറ്റും ആണ് എന്നതാണ് ഇതിലുള്ള തമാശ. ഇതിനു അവര്‍ വിളിക്കുന്ന വിളിപ്പേര്‍ ദളിറ്റ്-ബ്രാഹ്മന്‍ ഐക്യം എന്നും. പക്ഷെ പേരിലുള്ള ദളിറ്റ്- പാര്‍ലമെന്റില്‍ കാണാനില്ല എന്നതാണ് സത്യം.
  ഏറ്റവും കൂടുതല്‍ ദളിതുകളെ കൊല്ലുകയും ഇതിനെതിരെ ചോദ്യം ചെയ്ത പോലിസ് ഇന്‍സ്പെക്ടറെ കത്തിച്ചു കൊന്നു പോലിസ് സ്റെഷന് തീയും വച്ച ടാകൂര്‍- നേതാവിനെതിരെ ദളിറ്റ് നേതാവ് മായാവതി പ്രതികരിച്ചത് പ്രതാബ് ഗട്- ലെ പര്ലമെന്റ്റ് സീറ്റ്‌ നല്‍കികൊണ്ടാണ്. കാരണം ദളിറ്റ്-ബ്രാമണ ഐക്യം തന്നെ. ഉത്തര പ്രദേശത്ത് പാര്‍ട്ടി ചിന്നമായ ആന പ്രതിമകള്‍ക്കും മഹാനായ കണ്ഷിരാമിന്റെ പ്രതിമകള്‍ക്കും ആയി ചിലവിട്ടത് മൊത്തം നികുതി വരുമാനത്തിന്റെ വലിയ ഒരു ശതമാനം ആണ്. ദളിടരും പിന്നോക്കക്കാരും ഏറ്റവും കൂടുതല്‍ ഉള്ള ഒരിടത് , ദളിടര്‍ പട്ടിണി കിടന്നു മരിക്കുന്ന ഒരിടത്ത് ഒരു ദളിറ്റ് നേതാവ് എന്ന് അഭിനയിക്കുന്ന ഒരു വനിത കാണിക്കുന്ന അതിക്രമങ്ങള്‍ ആരും കാണാതെ പോകുന്നു.സമ്പന്നരും വന്‍കിടക്കാരും ആയ ആളുകള്‍ കോടികള്‍ തുന്നിയ മാല ഇട്ടു മായാവതിയെ ആദരിക്കുന്നു. ഇതിനെ വിമര്‍ശിച്ചവര്‍ ദളിടരോടുള്ള അസൂയക്കാര്‍. ദളിടര്‍ക്കായി ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി അവസാനം ഒരു ദളിറ്റ് സ്ത്രീയെ അതിന്റെ തലപ്പത്തു പ്രതിഷ്ടിച്ച കാന്‍ഷി റാം -ന്റെ പാര്‍ട്ടിയുടെ ഇന്നത്തെ ഈ ദളിറ്റ് വിരുദ്ധ സമീപനം കാണുമ്പോള്‍ ഇങ്ങനെ എഴുതിപ്പോവുന്നു. ദളിതര്‍ക്കും പിന്നോക്കാക്കാര്‍ക്കും ആയ്‌ പ്രവര്‍ത്തിക്കാന്‍ ഇനിയും ഇവിടെ ഒരു സംഘടന ഉണ്ടാവെണ്ദി ഇരിക്കുന്നു. ഇപ്പോഴുള്ളവ എല്ലാം പേരുകൊണ്ട് മാത്രം പിന്നോക്കക്കാര്‍ക്ക് വേണ്ടിയുല്ല സംഘങ്ങള്‍ ആണ്. അതില്‍ ചില സംഘങ്ങള്‍ പിന്നോക്കാക്കാരെയും ദളിത്‌- റെയും ഉയര്‍ത്തി കാണിച്ചു അവരുടെ ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്നു. സി. പി. എം എന്ന പാറ്‍ടി, അവര്‍ പാവങ്ങളുടെയും തൊഴിലാളി വര്‍കത്തിന്റെയും പാറ്‍ടി ആണെന്ന് അവകാശപ്പെടുന്ന പോലെ മാത്രമേ ഈ അവകാശ വാദങ്ങളെയും . കാണാന്‍ കഴിയൂ.. വനിതകള്‍ക്ക് തീര്‍ച്ചയായും സംവരണം ആവശ്യമാണ്‌ . പുരുഷന്‍മാര്‍ ആണ് ഇന്നത്തെ ഏറ്റവും വലിയ സവര്‍ണര്‍. സ്ത്രീകള്‍ ദളിത്‌ ആയാലും ബ്രാമനര്‍ ആയാലും അവര്‍ അവര്‍ണകള്‍ ആണ്. ദളിത്‌ സ്ത്രീകള്‍ക്ക് പ്രത്യേക സംവരണം ഭരണ ഘടന അണുഷാസിക്കും വിധം നല്‍കേണ്ടതും ആവശ്യമാണ്. ഇവിടെ എല്ലാ പിടക്കോഴികളും കൂവടെ. നമുക്ക്‌ നേരം പുലരുന്നതും നോക്കി ഇരിക്കാം.

  ReplyDelete