Sunday, March 7, 2010

പുരോഗമനം നമുക്ക് വേണ്ടേ വേണ്ട

പുരോഗമനവാദികളെ നൈമിഷികസുഖം തേടുന്നവരായി ചിത്രീകരിച്ചതിനു അടുക്കളയ്ക്ക് നന്ദി. അല്ലെങ്കില്‍ തന്നെ അവര്‍ക്ക് അഹമ്മതി അസാരം കൂടുതലായിരുന്നു. ഇവര്‍ക്കൊക്കെ ഇങ്ങനെ ഗര്‍ജിക്കാന്‍ ആരാണ് അധികാരം കൊടുത്തത് ? ഇവരൊന്നും സ്ഥലത്തെ അമ്പലക്കമ്മറ്റിയുടെയോ പള്ളിക്കമ്മറ്റിയുടെയോ മഹല് കമ്മറ്റിയുടേയോ കരയോഗത്തിന്റെയോ കടല്‍ യോഗത്തിന്റെയോ അടുത്തുവരാന്‍ പോലും അന്തസ്സുള്ള ഞങ്ങളാരും അനുവദിക്കാറില്ല.

സ്ത്രീസ്വാതന്ത്ര്യം,മനുഷ്യാവകാശം എന്നിങ്ങനെ പല മുദ്രാവാക്യങ്ങളും വിളിച്ച് നാടുചുറ്റി നടന്ന ഇവര്‍ക്കൊന്നും വീടും കുടുംബവും ഒന്നും ഉണ്ടാവില്ല. അല്ലെങ്കില്‍ ഇങ്ങനെ കുടുംബം തകര്‍ക്കുന്ന വര്‍താനങ്ങളൊന്നും ഈ പുരോഗമനവാദികള്‍ പറയില്ല. എന്റെ വീട് എന്നു പറഞ്ഞാ ഞാന്‍ പറയണം ഭാര്യ കേക്കണം അപ്പൊഴല്ലെ അദിനൊരു ഇദ് വരൂ ഏദ് ? അല്ലാതെ ഭാര്യ പറയുന്നതും കേക്കണം പറമ്പ് കെളക്കാന്‍ വരുന്നവന്‍ പറയുന്നതും കേക്കണം തുണി തിരുമ്പാന്‍ വരുന്നോള്‍ പറയുന്നതും കേക്കണം എന്ന് തുടങ്ങിയാല്‍ കാര്യങ്ങളെങ്ങനെ നടക്കും ?

ഇനി കാര്യത്തിലേക്ക് വരാം.

കണ്ട പെണ്ണുങ്ങളെയൊക്കെ ആണ്‍തൊണ ഇല്ലാതെ അവടവടെ തെണ്ടാന്‍ വിട്ടാ പെണ്‍വാണിഭവും സ്ത്രീപീഡനവും സാമൂഹ്യപ്രശ്നങ്ങളും ഒക്കെ  ഉണ്ടാവും. ചിലപ്പോള്‍ ബ്ലൂടൂത്തിലും ഇന്റര്‍നെറ്റിലും ഒക്കെ കണ്ടെന്നും വരും.അതിനൊക്കെ എന്റെ വീട്ടുകാരി. എവടെയ്ക്കാ പോവണ്ടതെന്ന് പറഞ്ഞാല്‍ കാറിലോ ഓട്ടോറിക്ഷായിലോ ഒക്കെ സൌകര്യം പോലെ ഞാന്‍ തന്നെ അവിടെ കൊണ്ടാക്കുകയും ചെയ്യും, തിരിച്ചു കൊണ്ടുവരികയും ചെയ്യും. ഇനി അഥവാ എനിക്ക് പറ്റിയില്ലെങ്കില്‍ എന്റെ അമ്മയെയൊ വല്യമ്മയെയൊ ഒക്കെ അവളുടെ കൂടെ പറഞ്ഞയക്കും. എന്തുവന്നാലും ഇവരുടെ മേല് നമ്മുടെ ഒരു കണ്ണ് ഉണ്ടാവണം. അതുകൊണ്ടെന്താ യാതൊരു പ്രശ്നവും ഇന്നോളം ഞങ്ങള്‍ക്കില്ല. എനിക്കവളെ ഭയങ്കരവിശ്വാസാ.... തിരിച്ചോ ; എന്നോടവള് പറഞ്ഞത് അവളെന്നെ ദൈവത്തെപോലെയാ കാണുന്നതെന്നാ . ഇതുവല്ലതും ഈ പുരോഗമനവാദികള്‍ക്ക് മനസ്സിലാവുമോ ?

നമ്മുടെ സര്‍ക്കാരും നാട്ടുകാരും ചെയ്യണ്ട ചിലകാര്യങ്ങള്‍ ഞാന്‍ പറയാം

ഒന്ന് ) 
പ്രായം തികഞ്ഞ പെണ്ണുങ്ങള്‍ ഒറ്റയ്ക്ക് പുറത്തേയ്ക്ക് ഇറങ്ങുന്നത് കര്‍ശനമായി നിരോധിക്കുക. അഥവാ ഭര്‍താവ് കൂടെയില്ലെങ്കില്‍ അമ്മയെയോ അമ്മായിയമ്മയെയോ കൂട്ടി മാത്രം പുറത്തിറങ്ങുക.

രണ്ട്) 
ആരുടെ കൂടെ എങ്ങനെ പുറത്തിറങ്ങിയാലും വഴിയിലൊക്കെ വെച്ച് അന്യപുരുഷന്മാരോട് സംസാരിക്കുന്നത് കര്‍ശനമായി ഒഴിവാക്കുക. (ഈ അന്യപുരുഷന്മാരെന്നൊക്കെ പറഞ്ഞാല്‍ സാമുദായികമേലാക്കന്മാരെയും നാട്ടുകാരണവന്മാരെയുമൊക്കെ ഒഴിവാക്കാം അവരൊക്കെ നമ്മുടെ ഒരു കുടുംബം പോലെ ആണല്ലോ)

മൂന്ന്)  
നാട്ടിലെ പെണ്‍കുട്ടികള്‍ ആരോടൊക്കെ സംസാരിക്കുന്നു എങ്ങോട്ടൊക്കെപ്പോവുന്നു എന്തൊക്കെ ചെയ്യുന്നു എന്നൊക്കെ നമ്മള്‍ വിടാതെ ശ്രദ്ധിക്കണം . സൂക്ഷിച്ചാല്‍ ദുഖിക്കണ്ട എന്ന്‍ പഴമൊഴി

നാല്) 
കോളേജുകളിലെ മിക്സഡ് സമ്പ്രദായം എടുത്തുകളയുക. പിള്ളാരെ കോളേജില്‍ വിടുന്നത് പഠിപ്പിക്കാനാ അല്ലാതെ പീഢിപ്പിക്കാനല്ല. വനിതാ കോളേജുകളില്‍ കോളേജ് ബസ്സ് ഏര്‍പെടുത്തുക. അവിടത്തെ അധ്യാപകരായി ടീച്ചര്‍മാര് മാത്രം മതി. ഇന്നത്തെക്കാലത്ത് മാഷന്മാരൊക്കെ കണക്കാ

അഞ്ച്) 
ഒരു വിശ്വാസത്തിന്റെ പേരിലാ നമ്മളീ പിള്ളാരെ ഒക്കെ മെനക്കെട്ട് വളര്‍തുന്നതും പഡിപ്പിക്കുന്നതും ഒക്കെ . അപ്പോ അതേ ബഹുമാനം തിരിച്ചും കിട്ടണം .തന്തതള്ളാരുടെ സമ്മതം കൂടാതെ ഒരു കല്യാണവും നടക്കാന്‍ സമ്മതിക്കരുത്. എവളുമാര്‍ക്കൊക്കെ വേണ്ടി സ്വര്‍ണവും തുണിയുമൊക്കെ കുന്നുകൂട്ടി വെച്ചിരിക്കുന്ന പാവപ്പെട്ട കച്ചവടക്കാരുടെ കാര്യവും നമ്മളൊക്കെ നോക്കണ്ടേ

ആറ് )
ഈ പുരോഗമനമണാകുണാഞ്ചന്മാരൊക്കെ അനാവശ്യമായി ഇങ്ങനെ ലൈംഗികതയുടെ സ്വാതന്ത്ര്യം എന്നും പറഞ്ഞ് ഇങ്ങനെ ഇറങ്ങിത്തിരിച്ചാല്‍ നമ്മളൊക്കെ എന്തോ ചെയ്യും ? കാര്യം ലൈംഗികസ്വാതന്ത്ര്യം എന്നുവെച്ചാല്‍ ലൈംഗികത വേണ്ടാന്നുവെയ്ക്കാന്‍ ഉള്ള സ്വതന്ത്ര്യം കൂടിയാണല്ലോ .അപ്പൊ ജോലിയൊക്കെ കഴിഞ്ഞ് ഒന്നു കുളിച്ച് വിശ്രമിച്ച് എന്തെങ്കിലും ഇത്തിരി നേരമ്പോക്കൊക്കെ ആവാമെന്ന് വെച്ച് നമ്മള്‍ ചെല്ലുമ്പോള്‍ അവളൊക്കെ ഓ ഒന്നു പോ മനുഷ്യാ ഞാന്‍ അജീത് കൌറിന്റെ ആത്മകഥ വായിക്കുകയാ ശല്യപ്പെടുത്താതെ എന്നുപറഞ്ഞാല്‍ സഹിക്കുവോ. അങ്ങനെത്തെ സ്വാതന്ത്ര്യങ്ങളൊന്നും സ്ത്രീകള്‍ക്ക് വേണ്ട.

ഏഴ്) 
ഇങ്ങനെയുള്ള വിഷയങ്ങളൊക്കെ ബ്ലോഗ്ഗ് എഴുതുന്നകാര്യം ആണുങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാ നല്ലത് - നിങ്ങടെ പേരിലൊരു ചീത്തപ്പേര് ഉണ്ടാവരുതല്ലോ.. പെണ്ണുങ്ങള്‍ക്ക് വല്ല ഇഞ്ചിപ്പുളി ഉണ്ടാക്കുന്നതിനെയും പറ്റി എഴുതിയാല്‍ പോരായോ ?

എട്ട്) 
ആണുങ്ങളും പെണ്ണുങ്ങളും ഇങ്ങനെ ഇടകലരുന്നതൊക്കെ ഒരുപാട് ദോഷം ചെയ്യും. അതുകൊണ്ട് ബന്ധുക്കളല്ലാത്ത ഏതെങ്കിലും ആണും പെണ്ണും ചുമ്മാ ഏര്‍വാടീല് കുളിച്ച് തൊഴുത് കുര്‍ബാന കൈക്കൊള്ളാന്‍ പോയതാണെങ്കിലും അല്ല  ചുമ്മാ ഊട്ടി കാണാന്‍ പോയതാണെങ്കിലും ശരി  നമ്മുടെ കൂട്ടത്തിലുള്ള ആള്‍ക്കാരെയൊക്കെ സംഘടിപ്പിച്ച് ഒരു കോലാഹലമൊണ്ടാക്കി പരമാവധി നാറ്റിച്ചേക്കണം. പിന്നെ അവളുമാരൊന്നും വീട്ടിനു പുറത്തിറങ്ങരുത്.

ഒന്‍പത്)  
പെണ്ണുങ്ങള്‍ അടുക്കളയിലും പിന്നാമ്പുറത്തും ഒക്കെ ഇരിക്കണം. അവര്‍ക്ക് ചെയ്യാന്‍ എന്തൊക്കെ പണിയുണ്ട്. കാപ്പിയും ചായയുമൊക്കെ സമയത്തിനിങ്ങനെ കിട്ടിയാലല്ലേ ബ്ലോഗെഴുതാനും ചിത്രം വരയ്ക്കാനും കമന്റ് ഇടാനുമൊക്കെ ഒരു ഊര്‍ജം കിട്ടൂ.

പത്ത്).
താഴെ പറയുന്ന ബ്ലോഗര്‍മാരെ നിരോധിക്കുക. ചുരുങ്ങിയപക്ഷം അവരുടെ പോസ്റ്റുകളുടെ മേല്‍ സെന്‍സര്‍ഷിപ് കൊണ്ടുവരിക

വെള്ളെഴുത്ത് - നാല് ഉപദേശങ്ങള്‍

കൂടാതെ ബൂലോകം കണ്ടതില്‍ വെച്ച് ഏറ്റവും വിനാശകരമായ രചന എന്ന് വിശേഷിപ്പിക്കാവുന്നതും ചാരിത്ര്യം , കന്യകാത്വം  മുതലായ കുടുംബ മൂല്യങ്ങളെ ചവിട്ടി തേയ്കുന്നതും ആയ താഴെ പറയുന്ന ബ്ലോഗ്‌ പോസ്റ്റ്‌ ആരും ഒരിക്കലും വായിക്കുകയോ ആരെയും വായിക്കാന്‍ പ്രേരിപ്പിക്കുകയോ അരുത്

വിനയ - മറുപടി

7 comments:

 1. പിതാ രക്ഷതി കൌമാരേ
  ഭര്‍തൃ രക്ഷതി യൌവനേ
  പുത്രോ രക്ഷതി വാര്‍ധക്യേ
  ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി !

  ReplyDelete
 2. അടുക്കളയിലെ കമന്റ് ഇവിടേയും കിടക്കട്ടെ..

  "വ്യക്തിസ്വാതന്ത്ര്യം എന്നാൽ സദാചാരമില്ലായ്‌മയായി വ്യഖ്യാനിക്കേണ്ട. അധാർമികതയുടെ കൂത്തരങ്ങുമല്ല, പക്ഷെ ധാർമികത മറ്റുള്ളവർ അടിച്ചേൽപ്പികേണ്ടതുമല്ല എന്ന്‌ വിശ്വാസിക്കുന്നു.

  ഒരു പുരുഷനും സ്ത്രിയും (ഭർത്താവോ, ഭാര്യയോ, കാമുകിയോ, കാമുകനോ ആരുമാവട്ടെ) സ്വന്തം ഇഷ്ടപ്രകാരം, പാർക്കിലൊ, കുർബാനയ്‌ക്കൊ, മഞ്ചേരിയ്‌ക്കോ, ഊട്ടിയിലൊ എവിടെയെങ്ങിലും പോകട്ടെ, അത്‌ സമൂഹതിന്റെ മൊത്തത്തിലുള്ള സദാചാര അളവുകളിൽപെടുന്നില്ല എന്ന ഒറ്റ കാരണത്താൽ അവരെ തടഞ്ഞ്‌ നിറുത്തി “മാനഭംഗപ്പെടുത്താൻ” സദാചാരകമ്മിറ്റിയ്‌ക്ക്‌ അധികാരമില്ല.

  സ്പീഡ്‌ കൂടി എന്ന്‌ യാത്രക്കാർ തീരുമാനിക്കുകയും യാത്രക്കാർ ബ്രെയ്‌ക്ക്‌ ചവിട്ടുകയും ചെയ്‌താൽ!!!!"

  ReplyDelete
 3. വെള്ളെഴുത്തിന്റെ വാക്കുകള്‍ കടമെടുത്തെഴുതാം. പേപ്പട്ടി കടിക്കാതിരിക്കാന്‍ പട്ടിയെയല്ല പട്ടി കടിക്കാന്‍ സാധ്യതയുള്ളവരെയാണ്‍ കെട്ടിയിടേണ്ടത് :)

  ReplyDelete
 4. സമൂഹം ഏര്‍പെടുത്തിയ സദാചാരനിയമങ്ങള്‍ ഒന്നിനു പിന്നാലെ ഒന്നായി മറികടന്നുകൊണ്ടാണ് നാം ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത്. നിയമങ്ങള്‍ അനുസരിക്കുന്ന നല്ലകുട്ടികളില്‍ നിന്നും ലോകം എന്തു നേടി ?

  സതി ഒരു കാലത്ത് ഒരു വടക്കേ ഇന്ത്യന്‍ ഹിന്ദു സമൂഹനിയമമായിരുന്നു. വിധവാവിവാഹം എന്ന് ചിന്തിക്കാന്‍ പോലും ആര്‍ക്കും പറ്റിയിരുന്നില്ല. തീണ്ടല്‍ ജാതിക്കാരെ മൃഗത്തേക്കാള്‍ ഏറെയൊന്നും വിലമതിക്കാത്ത സമൂഹനിയമങ്ങളും നാം പൊട്ടിച്ചെറിഞ്ഞു. സ്ത്രീകള്‍ ജോലിക്ക് പോവുന്നതിനെ എത്രപേര്‍ അനുകൂലിച്ചിരുന്നു.
  പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ അനുകൂലിക്കുന്ന ഒരു സമൂഹസദാചാരനിയമം എനിക്ക് കാണാന്‍ കൊതിയായിട്ടു വയ്യ

  ഞാന്‍ പറഞ്ഞുവരുന്നത് സമൂഹത്തിന്റെ സദാചാര അളവുകള്‍ മറികടക്കുന്നതാണ് ജീവന്റെ ലക്ഷണം എന്ന് മാത്രമാണ്.

  രണ്ട് പേര്‍ ഒരു മുറിയില്‍ തങ്ങിയാല്‍ അത് ഇണചേരാനാണെന്ന് നാം തീരുമാനിക്കും . എന്നിട്ട് ഭാവനയില്‍ ഒരു കഥ മെനഞ്ഞെടുക്കും എന്നിട്ട് തന്റെ ഭാവനയാണ് സത്യം എന്ന മട്ടില്‍ കഥ പ്രചരിപ്പിക്കും.

  സ്ത്രീപുരുഷന്മാര്‍ ഒന്നിച്ചിരുന്നാല്‍ അത് ഇണചേരാനാണെന്ന് തീരുമാനിക്കുന്നവര്‍ക്ക് എന്തോ ഒരു കുഴപ്പമുണ്ട്.അവര്‍ക്ക് നിത്യജീവിതത്തില്‍ ആവശ്യത്തിന് സെക്സ് കിട്ടുന്നുണ്ടാവില്ല.

  ഇക്കാണുന്ന സദാചാരക്കമ്മറ്റിക്കാര്‍ പലരും ഒരു സംഘബലം മാത്രം തേടിവന്നവരാണ്. ഒറ്റയ്ക്ക് നിന്നാല്‍ ഒന്നിനും കൊള്ളാത്തവര്‍ കൂട്ടമായി തങ്ങളുടെ കഴിവുകേടുകളെ മറയ്കുകയും നിസ്സഹായര്‍ക്ക് മേല്‍ തങ്ങളുടെ എല്ലാ ദേഷ്യങ്ങളും തീര്‍ക്കുകയും ചെയ്യുന്ന കാഴ്ച എന്നും എവിടെയും കാണാം.

  ഒന്ന് കുരയ്ക്കാന്‍ , വെള്ളം കുടിക്കാന്‍ , വല്ലതും തിന്നാന്‍ , എന്തിന് ഒന്ന് ഇണചേരാന്‍ പോലും വയ്യാത്ത പേപ്പട്ടികള്‍ക്ക് വഴിയില്‍ പോവുന്നവരെ ഒക്കെ കടിക്കണം എന്ന ഒറ്റ ചിന്ത മാത്രമേയുള്ളൂ.

  ReplyDelete
 5. നൈസ് സറ്റയര്‍ :)

  ഫോണ്ടിന്റെ മഞ്ഞ കളര്‍ വായന അരോചക മാക്കുന്നു

  ReplyDelete
 6. വായനയ്ക്ക് നന്ദി. നിര്‍ദേശത്തിനും.
  ഫോണ്ട് ഒരു വിധം കറുപ്പിച്ചിട്ടുണ്ട്

  ReplyDelete
 7. ഹ ഹ കൊള്ളാം അരുണ്(അടുക്കളയുടെ പോസ്റ്റും വായിച്ചു :) ) മുകളിലെ മറ്റു ബ്ലോഗുകളും വായിച്ചും കൊണ്ടിരിക്കുകയാണ്(വെള്ളെഴുത്തിന്റെയും മറ്റും) . ഈ ബ്ലോഗുകള്‍ ഞാന്‍ നേരത്തെ കാണേണ്ടതായിരുന്നു. ഏതായാലും ഇത്തരം ചിന്തകള്‍ പങ്കു വയ്ക്കുന്ന കുറച്ചു പേരെ കൂടി കാണിച്ചു തന്നതിന് നന്ദി.

  ReplyDelete