Sunday, January 17, 2010

ചോഴികെട്ടുന്നവര്‍

തിരുവാതിരയുടെ തലേന്ന് നേരമിരുട്ടാന്‍ തുടങ്ങുമ്പോള്‍ തന്നെ ചോഴിയും മക്കളും കെട്ടുന്നതിനുള്ള ഒരുക്കത്തോടെ ഞങ്ങള്‍ വീട്ടില്‍ നിന്നും പുറത്തേയ്കിറങ്ങും .റോഡു മുറിച്ചുകടന്നാല്‍ നേരെ മുന്നില്‍ കോട്ടക്കുന്നാണ്. കുന്നിന്മുകളിലെ പഴയ അമ്പലത്തിന്റെ പിന്നില്‍ വച്ചോ ഞാവലിന്റെയും അക്കേഷ്യയുടെയും ഇടയില്‍ വെച്ചോ ആണ് സാധാരണ വേഷം കെട്ടല്‍.മേലാകെ വാഴന്‍ ചപ്പില വെച്ചുകെട്ടി കഴുങ്ങിന്‍ പാളയില്‍ മുറിച്ചെടുത്ത മുഖം മൂടിയും ഇട്ടാല്‍ ഞങ്ങള്‍ തയ്യാറായി. കരടിയായിരുന്നു ഞങ്ങളുടെ സംഘത്തിന്റെ തലവന്‍. രാത്രിയുടെ ഏതിരുട്ടിലും തെറ്റാത്തവിധം നാട്ടിലെ ഊടുവഴികളൊക്കെ മന:പാഠമായിരുന്നു അവന് ..മുതിര്‍ന്ന പിള്ളേര്‍ക്കൊപ്പം കുറേകാലമായി ചൊഴികെട്ടിനടന്ന മുന്‍പരിചയവും കരടിക്ക് ഉണ്ടായിരുന്നു.

അത്തവണ അവരുടെ കൂട്ടത്തില്‍ എന്നെയും കൂടി ചേര്‍ക്കാന്‍ ഞാനവരെ നിര്‍ബന്ധിച്ചു. രാത്രി വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍  വീട്ടുകാര്‍ നിന്നെ സമ്മതിക്കുമോ എന്നതായിരുന്നു അവരുടെ മറുചോദ്യം. ഭേദപ്പെട്ട ഒരു നല്ല കുട്ടിയെന്ന നിലയില്‍ അച്ഛനറിയാതെ രാത്രി വീട്ടില്‍ നിന്നും  പുറത്തിറങ്ങുന്ന പ്രശ്നമേ ഉദിക്കുന്നില്ല. ഒന്നാന്തരമൊരു ചീത്ത കേള്‍ക്കും എന്ന ഉറപ്പോടെ ഞാന്‍ വീട്ടില്‍ കാര്യം അവതരിപ്പിച്ചു.വീട്ടില്‍ നിന്നും അത്രവേഗം സമ്മതം കിട്ടുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. പുസ്തകത്തിന്റെ മുകളില്‍ അടയിരിക്കുന്ന മകന്‍ പുറം ലോകം കാണട്ടെ എന്ന് അച്ഛന്‍ കരുതിയിരിക്കണം.


മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി അന്നെനിക്കൊരു കോമാളിയുടെ പ്ലാസ്റ്റിക് മുഖം മൂടി ഉണ്ടായിരുന്നു. ഞാന്‍ വളരെ അഹങ്കാരത്തോടെ കൊണ്ടുചെന്ന ആ മുഖം മൂടി ഇടാന്‍ കരടി എന്നെ അനുവദിച്ചില്ല. ഞാന്‍ മറ്റുള്ളവരേക്കാ‍ള്‍ മിടുക്കനാവാന്‍ നോക്കുന്നതല്ല പ്രശ്നം, മറിച്ച് എന്റേതെന്ന് പലര്‍ക്കും അറിയുന്ന ആ മുഖം മൂടി ഇട്ട് വീടുകളില്‍ ചെന്നാല്‍ ഞങ്ങളെ തിരിച്ചറിയാന്‍ വഴി കൂടുതലാണ്. ബ്ലോഗര്‍മാര്‍ക്ക് മാത്രമല്ല  അനോണിത്വം വളരെ പ്രധാനമായത് .  

കോട്ടക്കുന്നിന്റെ  മുകളില്‍ നിന്നും ഞങ്ങളാറുപേരും ആര്‍പ്പുവിളിയോടെ ഇറങ്ങാന്‍ തുടങ്ങി. കരടി, പ്രകാശന്‍, വിജു, ശരവണന്‍, മുത്തു പിന്നെ ഈ ഞാനും.പോവുന്ന വഴി എന്നെ അത്ഭുതപ്പെടുത്തി പണപ്പെട്ടി എന്റെ കയ്യില്‍ വെയ്ക്കാന്‍ പറഞ്ഞു കരടി. കാണുമ്പോള്‍ ഒരു തൊണ്ട് പോലെ തോന്നിക്കുന്ന മട്ടില്‍ ഒരു പ്ലാസ്റ്റിക് ഡബ്ബയുടെ അടപ്പ് തുളച്ച് ഒരുക്കിയതായിരുന്നു അത്. തകരപ്പാട്ടയുടെ മോളില്‍ നല്ല ചെണ്ടക്കോലുകോണ്ട്   ശരവണന്‍ വൈകുന്നേരം പതിവില്ലാതെ തൊഴാന്‍ പോയത് ഇതിനാണല്ലേ എന്ന് ഞാന്‍ അതിശയിച്ചു. ആഞ്ഞടിച്ച് ഒച്ചയും ബഹളവുമുണ്ടാക്കി ഞങ്ങള്‍ ആദ്യത്തെ വീട്ടിലേയ്ക്ക് ചെന്നു.

തിരുവാതിരയുടെ തലേന്നുള്ള ഈ ആര്‍പ്പും ബഹളവും നേരിടാന്‍ വീട്ടുകാര്‍ നാണയത്തുട്ടുകളും കൊണ്ട് തയ്യാറായിരുന്നു.ആര്‍പ്പും കൊട്ടും അല്പനേരം പിന്നിട്ടപ്പോള്‍ ഞാന്‍ തൊണ്ട് വീട്ടുകാരുടെ മുന്നിലേയ്ക്ക് നീട്ടി. നാണയം തൊണ്ടിനുള്ളിലേയ്ക്ക് വീഴുന്ന മനം കുളിര്‍ക്കുന്ന ഒച്ച ഞങ്ങള്‍ കേട്ടു. ആര്‍പ്പു വിളിച്ച് മടങ്ങിയ സംഘം വഴിയിലെ ഇരുട്ടില്‍ എത്തിയപ്പോള്‍ പെട്ടെന്ന് നിശബ്ദരായി. കരടി എന്റെ കയ്യില്‍ നിന്നും തോണ്ട് വാങ്ങി തുറന്നു. രണ്ട് രൂപ കണ്ടു തൃപ്തിയില്‍ കുഴപ്പമില്ലെന്ന് പറഞ്ഞ് ആ നാണയങ്ങള്‍ സ്വന്തം കയ്യിലെ മറ്റൊരു തൊണ്ടിലേയ്ക്ക് മൂപ്പര്‍ മാറ്റി. എളുപ്പം തുറക്കാന്‍ പറ്റാത്ത മട്ടില്‍ ഒരു ചരട് കൊണ്ട് വരിഞ്ഞു കെട്ടിയിരുന്നു അത്. ഓരോ വീട്ടില്‍ നിന്നും കിട്ടിയ നാണയവും ഇങ്ങനെ ഇരുട്ടിന്റെ മറവില്‍ പരിശോധിക്കുകയും വിലയിരുത്തലിന്റെ അകമ്പടിയോടെ രണ്ടാമത്തെ പണപ്പെട്ടിയിലേയ്ക് മാറ്റുകയും ചെയ്തു.തൊണ്ടിലേയ്ക്കല്ലേ , ആരുമറിയില്ലല്ലോ എന്ന ധൈര്യത്തില്‍ ചില്ലറത്തുട്ടുകളിട്ട വീട്ടുകാരെ താഴ്ന്ന ശബ്ദത്തില്‍ ചീത്ത വിളിച്ച് ഞങ്ങള്‍ നടന്നു.

തൊട്ടടുത്ത് നിരനിരയായി കിടക്കുന്ന കമ്പനി ക്വാര്‍ടേഴ്സുകളിലേക്ക്  കേറിച്ചെല്ലുന്നതായിരുന്നു ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടം,അധികം നടക്കാതെ തന്നെ പണപ്പെട്ടിയില്‍ കനമുള്ള നാണയത്തുട്ടുകള്‍ നിറയും എന്നത് മാത്രമല്ല കാര്യം. ആ നാണയത്തുട്ടുകള്‍ തരുന്ന വിരലുകള്‍ ശില്പയുടെയോ തുഷാരയുടെയോ സിന്ധുവിന്റെയോ ജിബിതയുടെയോ ഒക്കെ ആവും. ഇങ്ങനെ കൂടുതല്‍ പണം കിട്ടുന്ന, ഇളന്നീരും പഴവും ഒക്കെ ഒരു ബോണസ്സായി കിട്ടുന്ന വീടുകളെ പറ്റി പലര്‍ക്കും പല ധാരണകളും ഉണ്ടാ‍യിരുന്നു. അമ്പത്തൊടി അത്തരമൊരു വീടാണ്. എന്നാല്‍ പ്രതീക്ഷയോടെ എത്തുമ്പോള്‍ അവര്‍ വീടും പൂട്ടി യാത്രപോയിരിക്കുകയാണ് എന്നറിഞ്ഞ് ആകെ നിരാശരായി ഞങ്ങള്‍ മടങ്ങിയിട്ടും ഉണ്ട്.
 

ചോഴികെട്ടുന്നവരുടെ ജീവിതത്തിലെ  ആ രാത്രി സ്വാതന്ത്ര്യത്തിന്റെ  മാത്രമല്ല , അരക്ഷിതതയുടെ കൂടിയായിരുന്നു. വഴിയില്‍ മുതിര്‍ന്ന ചോഴിച്ചെക്കന്മാരെ കാണുമ്പോള്‍ ഇരുട്ടിലേയ്ക്ക് മാറി പതുങ്ങി നില്‍ക്കുകയാവും നല്ലത്. മുന്‍പേ പോയ സംഘം തെങ്ങിന്‍ തോട്ടത്തില്‍ കയറി ഇളന്നീരിട്ട് കുടിച്ചതിന് അടി കൊള്ളേണ്ടത് പിന്നാലെ വരുന്നവരാവും. മുഖം മൂടിയുടെ മറവില്‍ ആത്യാവശ്യം മോഷണവും ദേഹോപദ്രവവും പിടിച്ചുപറിയും അല്പം കുണ്ടന്‍ പണിയും ഒക്കെ ആ രാത്രി പ്രതീക്ഷിക്കണമായിരുന്നു. എന്നാല്‍ ഈ അപകടം പുറമേ നിന്നും ഇറക്കുമതി ചെയ്യേണ്ട ആവശ്യമൊന്നും ഉണ്ടായിരുന്നും ഇല്ല. സംഘത്തില്‍ തന്നെ ചിലര്‍ക്ക് ചോഴികെട്ടലിനേക്കാള്‍ താല്പര്യം കുണ്ടന്‍ കെട്ടലില്‍ ആയിരുന്നു. പരമാവധി വാഴച്ചപ്പില  ദേഹത്ത് വെച്ച് കെട്ടുന്നത് കൊണ്ടുള്ള ചില ഗുണങ്ങള്‍ ആദ്യ യാത്രയില്‍ തന്നെ ഞാന്‍ മനസ്സിലാക്കി. നിങ്ങള്‍ക്ക് പരാതിപ്പെടാന്‍ അച്ഛനോ ഹെഡ് മാഷോ അടുത്തൊന്നും ഇല്ലെന്നിരിക്കെ, കൂരിരുട്ടില്‍ അറിയാത്ത വഴികളില്‍ ഒരൊറ്റ ഓട്ടത്തിന് വീടെത്താന്‍ പറ്റില്ലെന്ന് അറിയുന്നതിനാല്‍ അല്പം തഞ്ചത്തില്‍ നില്‍ക്കുകയായിരിക്കും ആരോഗ്യത്തിന് നല്ലത്..

പ്രധാനസ്ഥലങ്ങളിലൊക്കെ പോയെന്ന് വരുമ്പോള്‍ , ഓരോരുത്തനും മുപ്പതോ നാല്പതോ രൂപ കിട്ടുമെന്ന് തോന്നിയാല്‍ ഞങ്ങള്‍ പരിപാടി മെല്ലെ നിര്‍ത്തും. കാലടി എല്‍ പി സ്കൂള്‍ മതിലോ വാതിലോ ഇല്ലാതെ മലര്‍ക്കെ തുറന്ന് കിടക്കുമ്പോള്‍ വീതം വെയ്ക്കാന്‍ വേറൊരു സ്ഥലം തേടേണ്ട ആവശ്യമേയില്ല. പണം വിലപ്പെട്ട വസ്തുവായിരുന്നു. മിക്കവാറും തൊട്ടടുത്ത് വരുന്ന കല്യാണിക്കാവ് പൂരത്തിന് ചെലവാക്കാന്‍ വേണ്ടിയുള്ളവ.  ഒരിക്കല്‍ പൂരത്തിന്റെ രാത്രിയും ചോഴികളുടെ രാത്രിയും ഒന്നിച്ച് വന്നു. വന്നപോലെ ശൂന്യമായ പോക്കറ്റുമായി പുലര്‍ച്ചെ എല്ലാവരും വീട്ടിലേയ്ക് മടങ്ങി !

ഒരിക്കല്‍ പാതിര കഴിഞ്ഞ നേരത്ത് ഞങ്ങള്‍ പുതുതായി പാലുകാച്ചിയ ഒരു വീട്ടിലേയ്ക്ക് കയറിച്ചെന്നു. കുറെ അധികം നേരം ഞങ്ങള്‍ ആര്‍ത്തിട്ടും കൊട്ടിയിട്ടും ഫലമൊന്നും ഉണ്ടായില്ല.വാശി കൂടിയ ഞങ്ങള്‍ തകരപ്പാട്ട തകരും വിധം കൊട്ടാനും തൊണ്ട പൊട്ടും മട്ട് ആര്‍ക്കാനും തുടങ്ങി, അങ്ങനത്തെ ബഹളത്തില്‍ ചുറ്റുവട്ടത്ത് ആര്‍ക്കും ഉറങ്ങാനേ പറ്റുമായിരുന്നില്ല.
വാതില്‍ രൂക്ഷമായിതുറന്ന് ഗര്‍ജിച്ചുകൊണ്ട്
അമല്‍ മാഷ് പുറത്ത് വന്നു


എന്ത് തോന്നിവാസമാണിത് ? ആള്‍ക്കാരെ ഉറങ്ങാന്‍ സമ്മതിക്കില്ലേ നിങ്ങളൊന്നും ?

മൂപ്പര്‍ ഭയാനകമായി അലറി.
  
നിര്‍ത്ത് ഇതൊക്കെ” 
ഞങ്ങള്‍ മെല്ലെ കൊട്ടും ബഹളവും നിര്‍ത്തി.

ആരാ നിങ്ങളൊക്കെ ? ആ മുഖം മൂടി ഒക്കെ മാറ്റിയേ
മൂപ്പര്‍ ആജ്ഞാപിച്ചു.

ഞങ്ങള്‍ മെല്ലെ മുഖം മൂടികള്‍ മാറ്റി . 

(എല്ലാ അനോണിത്വവും   അധികാരത്തിനു മുന്നില്‍ തകരും !) 

ഞങ്ങളുടെ മുഖങ്ങള്‍ ഏറെ നേരം നോക്കി ഓരോരുത്തരെയും മനസ്സിലാക്കിയ ശേഷം
വീണ്ടും ചോദ്യം
എന്താ ഇതിന്റെ ഒക്കെ അര്‍ഥം ? 
രാത്രി ഇങ്ങനെ ബഹളമുണ്ടാക്കുന്നതിന്റെ കാര്യമെന്താ  ?

ശരവണന്‍ മെല്ലെ പറഞ്ഞു 
തിരുവാതിരയുടെ തലേന്ന് ആരും ഉറങ്ങാന്‍ പാടില്ല..
അതൊക്കെ വെറും അന്ധവിശ്വാസമാണ്.”

ശരവണനെ മുഴുമിക്കാന്‍ മാഷ് അനുവദിച്ചില്ല .
മനുഷ്യരെ മേലാല്‍ ഇതു പറഞ്ഞ് ബുദ്ധിമുട്ടിക്കരുത് ”

അല്പം കൂടി ഞങ്ങളെ ഉപദേശിച്ച ശേഷം മൂപ്പര്‍ ഭാര്യയെ നോക്കി പുരികം വെട്ടിച്ചു. ടീച്ചര്‍ കൊണ്ടുവന്ന അഞ്ചുരൂപാ നോട്ട് ഞങ്ങളുടെ തൊണ്ടിലേയ്ക്ക് ഇട്ടു.അങ്ങനെ ആദ്യമായി എന്റെ സ്വന്തം കണ്ണുകള്‍ കൊണ്ട് ഒരു യുക്തിവാദിയെ ഞാന്‍ ജീവനോടെ കണ്ടു.

10 comments:

 1. തിരുവാതിരയുടെ തലേന്ന് രാത്രി ചെറുപ്പക്കാരും കുട്ടികളും ചോഴികളുടെ വേഷം കെട്ടി വീടുകള്‍ തോരും ചെല്ലും. പാളമുഖം മൂടിയും വാഴഞ്ചപ്പില വേഷവും ആവും പൊതുവേ. ( പ്ലാസ്റ്റിക് മുഖം മൂടിയും നൈറ്റിയും/പര്‍ദയും പിന്നെ മൊബൈല്‍ പാട്ടും ഇക്കാലത്ത് !)ശിവന്റെ ഭൂതങ്ങള്‍ ആള്‍ക്കാര്‍ ഉറങ്ങാതിരിക്കാന്‍ വേണ്ടി നടക്കുകയാണെന്നാണ് സങ്കല്പം . പിറ്റേന്ന്‍ മൂപരുടെ പിറന്നാളാണല്ലോ

  ധനുമാസത്തില്‍ തിരുവാതിര
  ഭഗവാന്‍ തന്റെ പിറന്നാളല്ലോ
  ഭഗവതിക്ക് തിരുനോല്‍മ്പാണേ
  അടിയങ്ങള്‍ക്ക് പഴനോല്‍മ്പാണേ

  ചോഴികളുടെ പാട്ട് ഇതല്ല. അത് മൂന്നു വരിയേ ഉള്ളൂ. ഇതാ ഇങ്ങനെ

  രാമാ കൃഷ്ണാ‍ ഗോവിന്ദാ
  ചാമാ കുത്തിയ തവിടുണ്ടോ
  പപ്പടം കാച്ചിയ കോലുണ്ടോ

  1990 -1993 കാലത്ത് സ്കൂള്‍ കുട്ടി ആയിരിക്കെ ചോഴി കെട്ടാന്‍ പോയതിന്റെ ചില ഓര്‍മകള്‍ ആണ് ഈ പോസ്റ്റ്

  ReplyDelete
 2. ഈ വിശാലമായ ബൂലോകത്തു് മറ്റൊരു ചോഴിയെക്കുടി കണ്ടെത്തിയപ്പോള്‍ എന്തു സന്തോഷമായിയെന്നോ? കുട്ടിക്കാലത്തു ചോഴി കെട്ടി ഗ്രാമത്തിലെ വഴികളിലൂടെ കൂവിവിളിച്ചു നടന്ന ആ പഴയ രാത്രികളെ താങ്കള്‍ എന്നെ ഓര്‍മ്മിപ്പിച്ചു.നന്ദി.
  രായിരനെല്ലൂരിലെ പഴയ ഒരു ചോഴി
  ഇതു കൂടി ഒന്നു നോക്കു

  ReplyDelete
 3. ഓർമ്മകൾ പങ്കുവക്കൽ ഒരു രസമാണ​‍്‌ ഇവിടെ ഒന്നു നോക്കൂ
  www.thichur.blogspot.com

  ReplyDelete
 4. പോസ്റ്റ്‌ ഒഴുക്കോടെ ഭംഗിയായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ചോഴി കൊണ്ട്ട് ഉദ്ദ്യേശിക്കുന്നത് മനസ്സിലായെങ്കിലും അതിന്റെ ഐതിഹ്യം കൂടി വിവരിച്ചിരുന്നെങ്കില്‍ കൂടുതല്‍ മികവെറിയേനെ. കൃസ്തുമാസ്സും,വിഷുക്കണിയുമോക്കെയേ എന്നിക്കറിയൂ.
  നന്നായി.
  ആശംസകള്‍.

  ReplyDelete
 5. ബൂലോകത്ത് ചോഴികളുടെ ഒരു സംഘടന ഉണ്ടാക്കിയാല്‍ അംഗങ്ങളായി എത്രപേരെ കിട്ടുമോ ആവോ . ഓര്‍മകള്‍ പങ്കുവെയ്ക്നുന്നത് രസം തന്നെ. ചോഴികളെ പറ്റി കൂടുതലൊന്നും എനിക്ക് അറിയില്ല. വിക്കിപീഡിയയില്‍ ചോഴി എന്ന വാക്ക് ഇവിടെ . വായനക്കും കമന്റിനും നന്ദി

  ഒന്നാം ചോഴീം ചോഴീന്റെ മക്കളും
  അവരുടെ മക്കളും പേരക്കിടാങ്ങളും
  ഇനിയും ചോഴി കെട്ടിക്കളിക്കട്ടെ

  ReplyDelete
 6. എഴുത്ത് നന്നായിട്ടുണ്ട്

  ReplyDelete
 7. ചോഴികെട്ടാന്‍ പോയാല്‍ എന്തൊക്കെ സഹിയ്ക്കണം........ പാവം കുരുന്നുകള്‍ .....

  ReplyDelete
 8. “എന്താ ഇതിന്റെ ഒക്കെ അര്‍ഥം ?


  നന്നായിക്ക്ണ്....

  ReplyDelete
 9. എനിക്കീ ചോഴികെട്ടല്‍ അറിയില്ലായിരുന്നു...

  ReplyDelete
 10. കണ്ടിട്ടുണ്ട്.. വെള്ളറക്കാട് ചിങ്ങം കാവ് ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് ഈ പരിപാടി ..

  ReplyDelete