Tuesday, June 5, 2012

വി.എസും കൃഷ്ണനും

വേനലവധി അവസാനിച്ചപ്പോള്‍ പതിവുപോലെ ബസ്സുകളില്‍ തിരക്കേറി. ഇഴഞ്ഞുനീങ്ങുന്ന ഉള്‍നാടന്‍ ബസ്സുകളിലൊന്നില്‍ സീറ്റുകിട്ടാതെ വിഷമിച്ച് നില്‍ക്കുന്ന ഒരു വയസ്സന്‍ കാരണവര്‍ ഉറക്കെയുറക്കെ സംസാരിക്കുന്നുണ്ടായിരുന്നു. സീറ്റു കിട്ടാത്തതിലുള്ള ആത്മരോഷമാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷേ ഇടയ്ക്കൊരു സമയത്ത് മൂപ്പര്‍ നാല് വരി കവിത ചൊല്ലുന്നത് ഞാന്‍ കേട്ടു. അതേതാണ്ട് ഇങ്ങനെയായിരുന്നു.

ജയിച്ചു പാണ്ഡവരെങ്കില്‍  -      
തുണച്ചുവെന്നതു കൊണ്ടും – 
നശിച്ചു പാണ്ഡവരെന്നാല്‍ - 
നമുക്ക് തൊല്ലയും തീര്‍ന്നു. 

ഈ സംഗതി ആര് ആരോട് എപ്പോള്‍ പറഞ്ഞു എന്നൊക്കെ മൂപ്പര്‍ അടുത്ത് നിന്ന ആളോട് വിശദീകരിക്കുന്നുണ്ടായിരുന്നുവെങ്കിലും കുറച്ച് ദൂരെ നിന്ന എനിക്കത് കേക്കാന്‍ പറ്റിയില്ല. മിക്കവാറും കൃഷ്ണനെയോ ബലരാമനെയോ പറ്റിയാവണം. മഹാഭാരതയുദ്ധസമയത്ത് പരസ്യമായി രണ്ടു തോണിയിലും കാലിട്ടവര്‍ വേറെ അധികമില്ല. ഭീഷ്മരുണ്ട്, പക്ഷേ നശിച്ചൂ പാണ്ഡവരെങ്കില്‍ എന്ന വരി പറയുന്നതിനു മുമ്പ് ഭീഷ്മര്‍ ആത്മഹത്യ ചെയ്യും. 

എന്തായാലും ഇതിനു ശേഷം ബസ്സിലെ കാരണവര്‍ പറഞ്ഞത് മുഴുവന്‍ അച്യുതാനന്ദനെക്കുറിച്ചായിരുന്നു. തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ അച്യുതാനന്ദന്‍ നെയ്യാറ്റിന്‍കരയില്‍ പ്രചരണത്തിനു പോയത് അവനവന്റെ യശസ്സുയര്‍താനുള്ള തന്ത്രമാണെന്നായിരുന്നു മൂപ്പരുടെ അഭിപ്രായം . തെരഞ്ഞെടുപ്പ് ജയിച്ചാല്‍ അത് അച്ചുതാനന്ദന്റെ പ്രചാരണത്തിന്റെ ഗുണം, തോറ്റെങ്കില്‍ അത് ഔദ്യോഗികപക്ഷത്തിന്റെ നിലപാടുകള്‍ക്ക് ഏറ്റ തിരിച്ചടിയാണെന്നും പറയാം. രണ്ടായാലും ഗുണം അച്യുതാനന്ദന് തന്നെ. 

സ്വന്തം പെങ്ങളുടെ ഹിതത്തിനായി എന്തിനും തയ്യാറായിവന്ന ധൃഷ്ടദ്യുമ്നന്റെയും പാഞ്ചാലരുടെയും സൈന്യബലമോ ഭീമാര്‍ജുനന്മാരുടെ ബാഹുബലമോ അല്ല, മറിച്ച് യാദവന്‍ കൃഷ്ണന്റെ അനുഗ്രഹവും സഹായവുമാണ് പാണ്ഡവര്‍ യുദ്ധത്തില്‍ ജയിക്കാന്‍ സഹായിക്കുന്നതെന്ന് വിശ്വസിക്കുന്ന ശ്രീകൃഷ്ണഭക്തന്മാരുണ്ട്. ഒരു തരം അന്ധമായ ഭക്തി.

അതുപോലെത്തന്നെ  ദശകങ്ങളായി ജനങ്ങളില്‍ വേരൂന്നിയ ഇടതു ചിന്താഗതിയോ ഭാരവാഹികളുടെ ചിട്ടയായ പ്രവര്‍തനമോ അല്ല, മറിച്ച് അച്യുതാനന്ദന്റെ പ്രചാരണം മാത്രമാണ് ഇടതുസ്ഥാനാര്‍ഥികളുടെ വിജയകാരണം എന്ന് അച്യുതാനന്ദനെ ഒരു വിഗ്രഹമാക്കുന്നവര്‍ ചിലരെങ്കിലും കരുതുന്നെങ്കില്‍ ഞാനെന്ത് പറയാന്‍, ഇതല്ലാതെ


ജയിച്ചു പാണ്ഡവരെങ്കില്‍  -      
തുണച്ചുവെന്നതു കൊണ്ടും – 
നശിച്ചു പാണ്ഡവരെന്നാല്‍ - 
നമുക്ക് തൊല്ലയും തീര്‍ന്നു.

4 comments:

  1. ഇന്നത്തെ യാത്ര സാര്‍ഥകമാക്കിയ ആ കാരണവര്‍ക്ക് നന്ദി :)

    ReplyDelete
  2. എങ്ങിനെ വീണാലും നാലുകാലില്‍ നില്‍ക്കും മാമന്‍

    ReplyDelete
    Replies
    1. സംശയമില്ല. സൂരി നമ്പൂരിയെക്കണ്ട പഞ്ചുമേനോന്റെ അവസ്ഥയാണ് എന്റെ.

      ആദ്യമാദ്യം ആ പളപളപ്പ് കണ്ട് കേരള ജനത ഇദ്ദേഹത്തോടൊപ്പം ഇറങ്ങി ഓടും എന്നൊക്കെ തോന്നിയിരുന്നു. പക്ഷേ കാണെക്കാണേ വലുപ്പങ്ങളൊക്കെ ചെറുപ്പമായി ചെറുപ്പമായി വരുന്നു.

      Delete
  3. very well written. i really liked equating achuthanandan to krishnan. many pundits who studied mahabharath in depth have expressed their apprehensions about krishnan's many moves. some never attribute any holiness to him and describes him as a mere diplomat.few have even gone to the extent of describing him as a cheat.achuthanandan, as we all know, most of the time acts a holy cow.nicely done article.

    ReplyDelete