Tuesday, December 13, 2011

അടക്കവും ഒതുക്കവും

അവള്‍ക്കാവശ്യമായ കുറച്ചധികം പുസ്തകങ്ങള്‍ അവളുടെ ജൂനിയറായി പഠിച്ച ഒരു പെണ്‍കുട്ടിയുടെ കയ്യിലുണ്ടെന്ന് മനസ്സിലായപ്പോള്‍ എന്റെ ഭാര്യ കഴിഞ്ഞൊരു ദിവസം ആ കുട്ടിയെ ഫോണില്‍ വിളിച്ച് പുസ്തകങ്ങള്‍ കടം തരാമോ എന്ന് ചോദിക്കുന്നത് കേട്ടു. കൂട്ടത്തില്‍ അവളുടെ വീട് അല്‍പം ഉള്‍നാട്ടിലായതിനാല്‍ ഇനി എപ്പോഴാണ് ഞങ്ങടെ കൊച്ചുപട്ടണത്തില്‍ വരുന്നത് എന്നും ഇപ്പോളെവിടെയാണ് ജോലിക്ക് പോവുന്നതെന്നും അന്വേഷിച്ചു. അതിനു കിട്ടിയ മറുപടി അവളെ വല്ലാതെ അമ്പരപ്പിച്ചു കളഞ്ഞു.

ചേച്ചീ, പുസ്തകങ്ങളൊക്കെ എന്റെ ഭര്‍താവിന്റെ വീട്ടിലാ, ജോലിക്കൊന്നും എന്നെ വിടുന്നില്ല. അവിടെ ചെന്നാ പുറത്തേക്ക് പോവാന്‍ സമ്മതിക്കില്ല. ഇടയ്ക്ക് ഞാന്‍ ഇവിടെ, എന്റെ വീട്ടില്‍ വരുമ്പോ ആണ് ഫ്രീയാവുന്നത്. ചേച്ചി അങ്ങോട്ട് വന്നാ പുസ്തകങ്ങള്‍ ഒക്കെ തരാം. അല്ലെങ്കില്‍ ഇനി പോയി വരുമ്പോ കൊണ്ടുവരാം

അപ്പൊ  അങ്ങനെയും ഇങ്ങനെയുമൊക്കെയാണ് നമ്മള്‍ അടക്കവും ഒതുക്കവും ഉള്ള പെണ്‍കുട്ടികളെ ഉണ്ടാക്കുന്നത് :(


2 comments:

  1. കറുത്ത ഹാസ്യം കൊള്ളാം. അടക്കവും ഒതുക്കവും വേണ്ടത് തന്നെ, ആണിനും പെണ്ണിനും. പക്ഷെ അത് അവനവന്റെ ഉള്ളില്‍ നിന്നു തന്നെയാവണം. അടിച്ചേല്‍പ്പിച്ചതാവരുത്.

    ReplyDelete
    Replies
    1. നന്ദി ഏ ജെ. നമ്മുക്കു ചുറ്റും കാണുന്ന അച്ചടക്കമുള്ള പല മാതൃകാവ്യക്തികളും അങ്ങനെയാവാന്‍ നിര്‍ബന്ധിക്കപ്പെട്ടവരാണ്. ഇതാ മറ്റൊരു കഥ

      നാണക്കേട് തോന്നുന്നു.

      ഭാര്യ പഠിക്കുന്ന കോളേജില്‍ നിന്ന് ടൂറ് പോവുന്നതിനെപ്പറ്റിയുള്ള ആലോചന തുടങ്ങിയപ്പോള്‍ തന്നെ പ്രശ്നങ്ങളും ഉടലെടുത്തു. ചുരുങ്ങിയത് മൂന്നിലൊന്ന് രക്ഷിതാക്കളെങ്കിലും പെണ്‍കുട്ടികള്‍ ടൂറിന് പോവുന്നതിനെ അനുകൂലിക്കുന്നില്ല എന്നത് ഭീകരമായ വസ്തുതയാണ്. ബാച്ചികള്‍ക്ക് പൊതുവേ ഈ പ്രശ്നമില്ല കേട്ടോ :). ടൂറ് പോവണമെന്ന് കോളേജീന്ന് നിര്‍ബന്ധം പിടിച്ചാല്‍ പഠിത്തം നിര്‍ത്തിക്കൊള്ളാനാണ് ഒരുത്തീടെ ഗള്‍ഫീക്കെടക്കുന്ന കെട്ടിയോന്റെ അന്ത്യശാസനം. ബാംഗ്ലൂരിലേയ്ക്കാണ് യാത്രയെങ്കില്‍ പോണ്ടെന്നാണ് മറ്റൊരു യുവതിക്ക് കിട്ടിയ നിര്‍ദേശം. അവിടത്തെ കുളിമുറികളില്‍ ഒളിക്ക്യാമറ ബില്‍റ്റ് ഇന്‍ ആണത്രെ. ബാംഗ്ലൂര്‍ക്കാരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടാലോ :))

      നാളെ അധ്യാപികമാരായി ഒരു കൂട്ടം കുട്ടികളെ ചൊടിയും ചുണയും ഉള്ളവരായി വിടേണ്ട കൂട്ടരെയാണ് ഇങ്ങനെ കൂട്ടിലിട്ട് പഠിപ്പിക്കുന്നത് :(

      Delete