Wednesday, June 6, 2012

പുസ്തകം വില്‍ക്കുന്നവര്‍

ഒരിടത്തൊരിടത്ത് പുസ്തകക്കച്ചവടം ചെയ്ത് പണക്കാരനായ ഒരു വണികനുണ്ടായിരുന്നു. ഒരിടയ്ക്ക് കച്ചവടത്തിരക്ക് അല്‍പമൊന്ന്, അല്‍പം മാത്രം കുറഞ്ഞപ്പോള്‍ അയാള്‍ക്ക് വല്ലാതെ ഭയം തോന്നി. പുസ്തകങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടാതായോ എന്നയാള്‍ അന്വേഷിച്ചു. പുസ്തകങ്ങളേക്കാള്‍ ഞങ്ങള്‍ക്കാവശ്യം ഭക്ഷണമാണെന്നാണ് അയാള്‍ അന്വേഷിച്ചവരൊക്കെ മറുപടി പറഞ്ഞത്. എന്നാല്‍ ഇനി ഭക്ഷണക്കച്ചവടം കൂടി നടത്താം എന്ന് അയാള്‍ തീരുമാനിച്ചു.

പാവം കച്ചവടക്കാരന്‍.

അയാളുടെ കച്ചവടം പൊളിഞ്ഞു. പഴകിയതും ചീഞ്ഞതും നാറുന്നതുമായ പുസ്തകം വിറ്റ് കാശുണ്ടാക്കുന്ന തന്ത്രം ഭക്ഷണക്കച്ചവടത്തില്‍ വിജയിച്ചില്ല. ഭക്ഷണത്തിന്റെ കാര്യത്തിലാവുമ്പോള്‍ നല്ലതും ചീത്തയും രുചികരവും അരോചകവും വേണ്ടതും വേണ്ടാത്തതും തിരിച്ചറിയുന്ന ജനങ്ങള്‍ അയാളുടെ ഭക്ഷണശാലയുടെ പരിസരത്തേയ്ക്ക് പോലും വന്നില്ല

ഒടുവിലയാള്‍ ഭക്ഷണക്കച്ചവടം മതിയാക്കി വീണ്ടും പുസ്തകക്കച്ചവടം തന്നെ ചെയ്ത് ഇരട്ടി കാശുണ്ടാക്കി സുഖമായി ജീവിച്ചു.

കഥ തീര്‍ന്നു. 

ഈ കഥ മുമ്പ് മറ്റു പലരും പറഞ്ഞിട്ടുണ്ട്. എന്റെയറിവില്‍ ആദ്യം സുന്ദരരാമസ്വാമിയും പിന്നെ ജയമോഹനും. ജയമോഹന്‍ പറഞ്ഞ കഥ താഴെ

ഏട്ടന്‍ പുസ്തകക്കച്ചവടത്തിനൊരുങ്ങിയപ്പോള്‍ അനിയന്‍ ചോദിച്ചു 
ഏട്ടാ, പച്ചക്കറിക്കച്ചവടമല്ലേ കൂടുതല്‍ നല്ലത് ?
ഏട്ടന്‍ പറഞ്ഞു. 
മണ്ടാ, പച്ചക്കറി ചീഞ്ഞുപോവും, പുസ്തകം ചീയില്ല !


കഴിഞ്ഞൊരു ദിവസം തൃശ്ശൂരങ്ങാടിയില്‍ പുസ്തകം വാങ്ങാന്‍ പോയപ്പോള്‍ എനിക്കീ കഥ വെറുതേ ഓര്‍മവന്നു. കച്ചവടക്കാര്‍ അവര്‍ക്ക് ലാഭം കിട്ടുന്ന പുസ്തകങ്ങള്‍ അഴകോടെ ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു. ഒരിടത്ത് ചെന്ന് രാജന്‍ കാക്കനാടനെഴുതിയ ഹിമവാന്റെ മുകള്‍ത്തട്ടില്‍ എന്ന പുസ്തകമുണ്ടോ എന്ന് വെറുതേ ചോദിച്ചു. അതില്ല , പക്ഷേ അതിനേക്കാള്‍ നല്ലതുണ്ട് എന്ന് പറഞ്ഞ് അയാള്‍ രാമചന്ദ്രന്‍ ഹിമാലയത്തിലേയ്ക്ക് നടത്തിയ യാത്രാവിവരണം എടുത്ത് നീട്ടി. അവര്‍ തന്നെ അച്ചടിച്ച പുസ്തകം. ചിരിച്ച് സലാം പറഞ്ഞ് ഞാന്‍ സ്ഥലം വിട്ടു.

തൃശ്ശൂരിലെത്തന്നെ വേറൊരു വന്‍കടയില്‍ ചെന്ന് കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ തപ്പിനോക്കിയപ്പോള്‍ മറ്റൊരതിശയം എന്നെ കാത്തിരുന്നു. റോബിന്‍ ഡിക്രൂസ് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്റര്‍ ആയതില്‍ പിന്നെ അവര്‍ ഒരുപാട് നല്ല പുസ്തകങ്ങള്‍ പുറത്തിറക്കി എന്നെനിക്ക് അറിയാമായിരുന്നു. ( http://www.ksicl.org/ എന്ന സൈറ്റില്‍ ചെന്നാല്‍ അവയുടെ വൈവിധ്യം കാണാം. കണ്ടറിയൂ ) ആ പെരുത്ത കടയില്‍ ഏറെ നേരം തപ്പിനോക്കിയപ്പോള്‍ ഒരു തട്ടിന്റെ ഏറ്റവുമടിയില്‍ കൂട്ടി വെച്ച നിലയില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഒരു പുസ്തകമെനിക്ക് കിട്ടി. അതെടുത്തപ്പോള്‍ മറ്റൊന്ന്. അങ്ങനെ പതിമൂന്ന് പുസ്തകങ്ങള്‍ അവിടെ നിന്ന് ഞാന്‍ കണ്ടെത്തി. ഇതൊക്കെ എന്താണിങ്ങനെ നിലത്ത് കുട്ടിയിട്ടിരിക്കുന്നത് ? എല്ലാവര്‍ക്കും കാണുമ്പടി റാക്കില്‍ വെച്ചുകൂടേ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി വളരെ രസകരമായിരുന്നു.

ഞങ്ങള്‍ പുറത്തിറക്കുന്ന ബാലസാഹിത്യം മാത്രമേ റാക്കില്‍ നിരത്തി വയ്ക്കൂ. 

അത് ശരി. ഞാന്‍ നോക്കിയപ്പോള്‍ ചുറ്റുപാടും കുറേ പുസ്തകങ്ങള്‍ ഉണ്ട്. ഒക്കെ ആ കടക്കാര്‍ അച്ചടിച്ചിറക്കിയവ. ആള്‍ക്കാര്‍ വാങ്ങേണ്ടത് അതാണ് എന്ന് അവര്‍ നിശ്ചയിച്ചാല്‍ വായനക്കാരെന്ത് ചെയ്യും :(

അനുഭവവും തീര്‍ന്നു. ഇനി നിങ്ങളെഴുതു...

8 comments:

  1. അനുഭവവും തീര്‍ന്നു. ഇനി നിങ്ങളെഴുതു...

    ReplyDelete
  2. പുസ്തക കഥ പണ്ട് കേട്ടിട്ടുണ്ട് എന്നാല്‍ പുസ്തകം വാങ്ങിക്കാന്‍ പോയപ്പോഴത്തെ അനുഭവം എനിക്കും ഇത് പോലെ ഉണ്ടായിട്ടുണ്ട് .ആശംസകള്‍ .

    ReplyDelete
  3. ചില പുസ്തകങ്ങളും എഴുത്തുകളും ചീഞ്ഞ ഭക്ഷണം പോലെ തന്നെയാണ്. വായിലേയ്ക്കിട്ടാല്‍ അപ്പോള്‍ തന്നെ അറിയാം ചീഞ്ഞതാണെന്ന്. കൂടുതലൊന്നും ചവച്ചുനോക്കേണ്ട ആവശ്യമേയില്ല

    ReplyDelete
  4. ഉത്തമ സാഹിത്യങ്ങളുടെ കലവറയില്‍ ആണ് ഞാന്‍ .വരുമോ ഒരിക്കല്‍ പുസ്തകങ്ങള്‍ തേടി . അങ്ങനെ ഒരു കുറിപ്പും ചേര്കാം

    ReplyDelete
  5. boss,i had a similar experience in bangalore's best book shop gangaram's in mg road.i asked for thomas mann's magic mountain.the well dressed salesman's reply was " sir, this section is only for fiction, we don't have any books on magic". for most of them it is just a transit job

    ReplyDelete
  6. പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ക്കിത്തരമനുഭവങ്ങള്‍ പലപ്പോഴുമുണ്ടാവാറുണ്ട്.. നന്നായി എഴുതി..ആശംസകള്‍..

    ReplyDelete
    Replies
    1. ആശംസകള്‍...... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ, നാളെ.....? വായിക്കണേ........

      Delete
  7. താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

    ReplyDelete