Monday, December 12, 2011

ശിശിരത്തിലെ ഓക്കുമരം -വായനയുടെ ജീവഭൂമി

പ്രശസ്ത കഥകളിനടനായ കലാമണ്ഡലം രാമന്‍കുട്ടിനായര്‍ തന്റെ ആത്മകഥയില്‍ പലയിടത്തും കഥകളിയാശാനായ പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ കീഴിലുള്ള കഥകളി പഠനത്തെപ്പറ്റി അനുസ്മരിക്കുന്നുണ്ട്. കര്‍ശനമായ അച്ചടക്കവും ചിട്ടയായ പരിശീലനവുമായിരുന്നു രാവുണ്ണിമേനോന്റെ അധ്യയനത്തിന്റെ പ്രത്യേകത. ശിഷ്യരെ സ്നേഹിക്കുന്ന കാര്യത്തിലെന്നപോലെ . കുട്ടികളൂടെ തെറ്റിന് ശിക്ഷ നല്‍കുന്ന കാര്യത്തിലും  അദ്ദേഹം ശ്രദ്ധാലുവായിരുന്നു. ഈ ഗുണങ്ങളാവണം രാവുണ്ണിമേനോനെ പട്ടിക്കാംതൊടി രാവുണ്ണിമേനോനാശാന്‍ ആക്കിമാറ്റിയത്.

എന്നാല്‍ അദ്ദേഹത്തിന്റെ അധ്യാപനരീതിക്ക് കാര്യമായ ചില പോരായ്മകളും ഉണ്ടായിരുന്നു. തന്റെ ഗുരുവായ കല്ലുവഴി ഇട്ടിരാരിച്ചമേനോനില്‍ നിന്നും പകര്‍ന്നു കിട്ടിയ ചിട്ടവട്ടങ്ങള്‍ അതേപടി ഒട്ടും കുറയാതെ തന്റെ ശിഷ്യര്‍ക്ക് പകര്‍ന്നുനല്‍കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ചിട്ടവട്ടങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതുപോലും ഗുരുനിന്ദയായിട്ടാണ് പട്ടിക്കാംതൊടി കണ്ടിരുന്നത്. എന്തിനധികം  പറയുന്നു, സ്വന്തം ശിഷ്യര്‍ പുസ്തകങ്ങളോ, ന്യൂസ് പേപ്പറുകളോ വായിക്കുന്നതോ മറ്റു കഥകളിയാശാന്മാരുടെ കളരിയില്‍ പോവുന്നതോ പോലും അദ്ദേഹത്തിനിഷ്ടമല്ലായിരുന്നത്രെ :D :D :D
 
കര്‍ണാകര്‍ണികയാ കിട്ടുന്ന അറിവുകള്‍ ഒട്ടും മാറ്റം വരുത്താതെയും കാലാനുസൃതമായി നവീകരിക്കാതെയും അനന്തരതലമുറയ്ക്ക് കൈമാറുന്ന ഗുരുക്കന്മാര്‍ നമ്മുടെ നാട്ടില്‍  എന്നുമുണ്ടായിരുന്നു. ആദ്യകാലമലയാള സാഹിത്യത്തില്‍ പെട്ട നാട്ടെഴുത്തശ്ശന്മാര്‍ എന്ന ലേഖനം വായിച്ചാല്‍ നമുക്കത് അനുഭവപ്പെടും.  അക്ഷരത്തെറ്റുകളും ഓര്‍മപ്പിശകുകളും പോലും ഗുരുവചനങ്ങള്‍ എന്ന നിലയില്‍ പവിത്രങ്ങളാണ്. ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയിലെ കണ്ണപ്പച്ചേകവരെ ഒന്ന് ഓര്‍മിക്കുക.  അരിങ്ങോടരുടെ അടവുകള്‍ മുഴുവന്‍ കള്ള അടവുകളാണെന്ന കാര്യത്തില്‍ കണ്ണപ്പച്ചേകവര്‍ക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല. മറിച്ച് സ്വയം നവീകരിക്കാത്ത പുത്തൂരം ചേകവന്മാരെ , ഇതുവരെ കാണാത്ത അടവുകള്‍ വരുമ്പോള്‍ കള്ളച്ചുവടുകളാണെന്നു തോന്നും, അതു പഠിപ്പ് തികയാത്തതിന്റെ കുഴപ്പമാണ് എന്നാണ് അരിങ്ങോടര്‍ അപഹസിക്കുന്നത്. എന്തായാലും ഇത്തരം ഗുരുക്കള്‍ കേരളത്തില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും ഉണ്ടായിരുന്നു. ഇത്തരം ഗുരുക്കന്മാരുടെ പാഠശാലയില്‍ വിദ്യാര്‍ഥികളായി ഒരു ടോട്ടോചാനോ സവുഷ്കിനോ എത്തുമ്പോള്‍ ആ പാഠശാല സജീവമാവുന്നു.

പ്രശസ്ത റഷ്യന്‍ സാഹിത്യകാരനായ യൂറി നജിബിന്‍ തന്റെ ശിശിരത്തിലെ ഓക്കുമരം എന്ന കഥയിലൂടെ  മഞ്ഞുപെയ്യുന്ന റഷ്യന്‍ ശിശിരത്തിന്റെ വെളുത്ത പശ്ചാത്തലത്തില്‍ അന്ന വാസ്ല്യേവ്ന എന്ന പ്രൈമറിസ്കൂള്‍ അധ്യാപികയുടെയും സവുഷ്കിന്‍ എന്ന അഞ്ചാം തരത്തിലെ വിദ്യാര്‍ഥിയുടെയും ചിത്രം നമുക്കുമുന്നില്‍ വരച്ചിടുമ്പോള്‍ ആ കഥ പരമ്പരാഗത ഗുരുസങ്കല്‍പങ്ങളെ ദുര്‍ബലമാക്കുന്നു.കുന്‍മിന്‍സ്കിയിലെ ഏക പ്രൈമറിസ്കൂളിലെ അധ്യാപികയായ അന്ന വാസ്ല്യേവ്ന, തന്റെ ക്ലാസില്‍ നാമങ്ങളെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ ഏറെ വൈകി സ്കൂളിലെത്തിച്ചേരുന്ന സവുഷ്കിനില്‍ നിന്നാണ് കഥയുടെ കാമ്പ് നാം നുണയാന്‍ തുടങ്ങുന്നത്. ക്ലാസില്‍ വൈകിയെത്തിയതിനെച്ചൊല്ലി വിദ്യാര്‍ഥിയോട് ക്രുദ്ധയാവുന്ന അധ്യാപിക ക്ലാസ് തുടരുന്നു. നാമങ്ങള്‍ക്കുള്ള ഉദാഹരണങ്ങള്‍ വിദ്യാര്‍ഥികള്‍ സ്വയം കണ്ടെത്തി ക്ലാസില്‍ പറയുകയാണ്. മഴ പെയ്യുന്ന മാതിരി കുട്ടികള്‍ നാമത്തിനുള്ള ശരിയായ ഉദാഹരണങ്ങള്‍ പറയുകയും  ടീച്ചര്‍ സംതൃപ്തയാവുകയും ചെയ്ത നേരത്ത് ഒരു സ്വപ്നത്തില്‍ നിന്നും ഉണര്‍ന്ന പോലെ സവുഷ്കിന്‍ എണ്ണീറ്റുനിന്ന് ഉറക്കെ പറഞ്ഞു. ” ശിശിരത്തിലെ ഓക്കുമരം “

ക്ലാസ് മുറിയെ സംബന്ധിച്ചിടത്തോളം തെറ്റായ ഒരു ഉദാഹരണമായിരുന്നു അത്. ഓക്കുമരം എന്ന നാമത്തിന് ശിശിരത്തിലെ എന്ന വിശേഷണം ആവശ്യമില്ലെന്ന് ടീച്ചര്‍ സവുഷ്കിനെ ഓര്‍മിപ്പിച്ചു. എന്നാല്‍ ടീച്ചറുടെ വെറും വാക്കുകള്‍ക്കപ്പുറം തന്റെ ഹൃദയത്തില്‍ സൂക്ഷിച്ച അമൂല്യമായ ഒരു വാക്കുപോലെ സവുഷ്കിന്‍ വൈകാരികമായി വീണ്ടും പറഞ്ഞു. ” ശിശിരത്തിലെ ഓക്കുമരം” എങ്കിലേ അത് അര്‍ഥവത്തായ ഒരു നാമമാകൂ എന്നുകൂടി സവുഷ്കിന്‍ ചൂണ്ടിക്കാട്ടി. ഇത്തവണ അന്ന വാസ്ല്യേവ്ന ശരിക്കും  അരിശപ്പെട്ടു, ക്ലാസില്‍ വൈകിയെത്തുന്നതിന്റെ ഫലമാണ് ഇത്തരം തെറ്റുകളെന്ന് അവര്‍ക്ക് തോന്നി. ക്ലാസ് വിട്ടുകഴിഞ്ഞാല്‍ ടിച്ചര്‍മാരുടെ മുറിയില്‍ ഹാജരാവാന്‍ സവുഷ്കിനു നിര്‍ദേശം കൊടുത്ത് അവര്‍ ക്ലാസ് തുടര്‍ന്നു.
എന്തുകൊണ്ടാണ് നീ എന്നും നേരം വൈകി ക്ലാസില്‍ വരുന്നത്?
ഇടവേളയില്‍ ടീച്ചര്‍മാരുടെ മുറിയില്‍ എത്തിയ സവുഷ്കിനോട് അന്ന വാസ്ല്യേവ്നചോദിച്ചു.
എനിക്കുതന്നെ അറിഞ്ഞുകൂട, ഞാന്‍ എന്നും ഒരുമണിക്കൂര്‍ നേരത്തേതന്നെ വീട്ടില്‍ നിന്നിറങ്ങും, മാത്രമല്ല പ്രധാനപാതയിലൂടെയല്ല, കാട്ടിലെ എളുപ്പവഴിയില്‍ കൂടിയാണ് വരാറുള്ളത്.
സവുഷ്കിന്റെ മറുപടി അന്ന വാസ്ല്യേവ്നയ്ക് ഒട്ടും വിശ്വസിക്കാന്‍ പറ്റിയില്ല. കുട്ടി നുണ പറയുകയാണെന്ന് അവരുടെ ടീച്ചര്‍ബുദ്ധി അതിവേഗം മനസ്സിലാക്കി .  പ്രധാനപാതയില്‍കൂടി നടന്നാല്‍ തന്നെ സ്കൂളില്‍ നിന്നും സവുഷിന്റെ വീട്ടിലേയ്ക്ക് മുക്കാല്‍ മണിക്കൂര്‍ നേരത്തെ യാത്രയേ ഉള്ളൂ. ഇങ്ങനെ നുണപറയാതെ കുട്ടികള്‍ സത്യം പറഞ്ഞിരുന്നെങ്കില്‍ എന്ന് അവരാഗ്രഹിച്ചു. അവര്‍ പറഞ്ഞു.
സവുഷ്കിന്‍, എനിക്ക് നിന്റെ അമ്മയെ കാണണം. ഞാന്‍ നിന്റെ കൂടെ നിന്റെ വീട്ടിലേയ്ക്ക് വരുന്നു.
തീര്‍ച്ചയായും ടീച്ചര്‍, എന്റെ അമ്മ പക്ഷേ മൂന്നുമണിക്ക് ജോലിക്ക് പോകും
ശരി സവുഷ്കിന്‍, എന്റെ ക്ലാസ് രണ്ടുമണിക്കു കഴിയും. ഞാന്‍ നിന്നോടൊത്ത് രണ്ടുമണിക്കു തന്നെ വീട്ടിലേയ്ക്കുവരാം.
സ്കൂള്‍ പറമ്പിനു പിന്നിലുള്ള മഞ്ഞുമൂടിയ കാട്ടിനുള്ളില്‍ കൂടി സവുഷ്കിന്‍ തന്റെ ടീച്ചറെ വീട്ടിലേയ്ക്ക് നയിച്ചു. മഞ്ഞുമൂടിയ മരക്കൊമ്പുകളും തലപ്പൊക്കമുള്ള മാമരങ്ങളും കാട്ടരുവികളും സവുഷ്കിന്‍ ടീച്ചര്‍ക്ക് കാണിച്ചുകൊടുത്തു. മഞ്ഞില്‍ പുതഞ്ഞ കുളമ്പടിപ്പാടുകള്‍ എല്‍ക്കിന്റേതാണെന്നും അരുവികള്‍ പലയിടത്തും മഞ്ഞുമൂടിക്കിടക്കാത്തത് ചുടുനീരുറവകള്‍ ഉള്ളതുമൂലമാണെന്നും സവുഷ്കിന്‍ അന്ന വാസ്ല്യേവ്നയ്ക്ക് വിവരിച്ചുകൊടുത്തു. മരങ്ങള്‍ക്കിടയില്‍ പൊടുന്നനെ കണ്ട ഒരു വിടവിലൂടെ കാടിന്റെ അതിര്‍ത്തിയില്‍ ക്ഷേത്രഗോപുരം പോലെ പ്രൗഢമായി ശിശിരത്തിലെ ഓക്കുമരം നിലകൊണ്ടു. മഞ്ഞിന്റെ വെള്ളപ്പുതപ്പണിഞ്ഞ ആ ഭീമാകാരന്റെ ചുറ്റും ജീവികള്‍ അഭയം കണ്ടെത്തിയിരുന്നു. ആ വനപ്രദേശത്തെ ഓരോരോ അതിശയങ്ങളും കൗതുകത്തോടെ സവുഷ്കിന്‍ വിവരിക്കുമ്പോള്‍ അവന്റെ ചൂണ്ടുവിരലില്‍ പിടിച്ചു അത്ഭുതത്തോടെ  നിറഞ്ഞ കണ്ണുകളോടെ എല്ലാം നോക്കിക്കാണുന്ന ഒരു കൊച്ചുകുട്ടിയായി മാറി അന്ന വാസ്ല്യേവ്ന.

ശിശിരത്തിലെ ഓക്കുമരം എന്ന വാക്കുമാത്രമേ അര്‍ഥവത്താവൂ എന്ന് അന്ന വാസ്ല്യേവ്നയ്ക്ക് പൊടുന്നനെ മനസ്സിലായി.  മാത്രമല്ല,  സമയം മൂന്നേകാലിലധികമായിരിക്കുന്നു എന്നും താന്‍ വൈകിയിരിക്കുന്നു എന്നും അവര്‍ നടുക്കത്തോടെ ഓര്‍ത്തു. സവുഷ്കിന്റെ അമ്മയെ ഇന്നിനി തനിക്ക് കാണാനാവില്ല. സവുഷ്കിന്റെ വൈകിയുള്ള വരവ് ഉണ്ടാക്കുന്ന കുഴപ്പങ്ങളെ പറ്റി ഇനിയും അവന്റെ അമ്മയോട് പറഞ്ഞു മനസ്സിലാക്കേണ്ടതുമില്ല. പകരം  ക്ലാസില്‍ താന്‍ ചുണ്ടിക്കാണിക്കുന്ന ഉദാഹരണങ്ങള്‍ എത്രമാത്രം നിര്‍ജീവവും യാന്ത്രികവുമാണെന്ന് അന്ന വാസ്ല്യേവ്ന ദുഃഖത്തോടെ ഓര്‍ത്തു.

തന്റെ വനഭൂമിയെപ്പറ്റി അതിയായ ജാഗ്രത പുലര്‍ത്തുന്ന സവുഷ്കിനോട് യാത്രപറഞ്ഞ് അന്ന വാസ്ല്യേവ്ന തിരിഞ്ഞുനടന്നു. അവരുടെ കാഴ്ചയില്‍ അപ്പോഴും ആ  മനോഹരമായ ഹിമസാമ്രാജ്യത്തിന്റെ സംരക്ഷകനെന്നപോലെ ആ കുഞ്ഞുമനുഷ്യന്‍ കാണപ്പെട്ടു.

കഥ അവിടെ അവസാനിച്ചു. എന്നാല്‍ ഈ കഥ ഏതൊരു ക്ലാസ് മുറിയിലും ഒരു ഗോപുരം പോലെ പ്രൗഡമായി എപ്പോഴും നിലകൊള്ളുന്നുണ്ട്. പറിപ്പിക്കല്‍ എന്നത് ഗുരുവില്‍ നിന്നും വിദ്യാര്‍ഥിയിലേയ്ക്ക് മാത്രം നയിക്കുന്ന ഒരു വണ്‍വേ റോഡല്ലെന്നും വിദ്യാര്‍ഥിയില്‍ നിന്നു പലപ്പോഴും അധ്യാപകന്‍ അറിവുനേടേണ്ടി വരുമെന്നും ഇന്നു നമുക്കറിയാം. പഠനമെന്നത് ക്ലാസ് മുറിയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല, മറിച്ച് മിടിച്ചുകൊണ്ടിരിക്കുന്ന പുറംലോകത്തുനിന്നുകൂടി നാം അറിവുനേടേണ്ടതുണ്ട്. ഉന്നതമായ ഒരു ആദര്‍ശത്തിനുവേണ്ടി മരിച്ച ഒരു ധീരന്റെയും ഒരു ഷവര്‍നഴ്സിന്റെയും മകന്‍ അത് മനസ്സിലാക്കിയിരിക്കുന്നു.

ഇതും കൂടി വായിക്കുക
സവുഷ്കിന്റെ കഥ ആസ്വദിച്ച് ചില വിദ്യാര്‍ഥികളെഴുതിയ കുറിപ്പുകള്‍
പ്രകൃതിയിലെ അത്ഭുതക്കാഴ്ചകള്‍
പ്രകൃതി മനോഹരി

ഇതുകൂടി വായിക്കുക
വിദ്യാര്‍ഥി അഹങ്കാരിയാവാതിരിക്കാന്‍ അവനെ ക്രൂരമായി ശിക്ഷിക്കുന്ന അധ്യാപകന്റെയും അധ്യാപകനെ കൊല്ലണമെന്ന് വിചാരിച്ചു എന്ന കുറ്റത്തിന് ഉമിത്തീയില്‍ നീറി മരിച്ച് ഗുരുഭക്തി തെളിയിക്കേണ്ടിവന്ന വിദ്യാര്‍ഥിയുടേയും ഐതിഹ്യം

1 comment: