Sunday, July 31, 2011

പഴനി: വിശ്വരൂപദര്‍ശനം

ഈ യാത്രയുടെ ആദ്യഭാഗം വായിക്കാന്‍ പഴനി : മലമുകളില്‍ ഒരു അമ്പലം
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

പഴനിയിലെ തെരുവുകള്‍ മൂടിപ്പുതച്ചുകിടന്നുറങ്ങുകയായിരുന്നു ഞങ്ങള്‍ രാവിലെ നോക്കിയപ്പോള്‍. നേരം  അഞ്ചുമണിയായിട്ടേ ഉള്ളൂ. നല്ല തണുപ്പുണ്ട് ഇവിടെ. വൈകുന്നേരം സജീവമായിക്കണ്ട കടകളൊക്കെ തുണിക്കച്ച കെട്ടിമൂടിയിരിക്കുന്നു. പൂക്കച്ചവടക്കാര്‍ മാത്രം സൈക്കിളില്‍ പൂക്കൊട്ടയുമായി തെരുവില്‍ തങ്ങളുടെ അന്നം തേടുന്നു. മുല്ലപ്പൂവോ പിച്ചിപ്പൂവോ വേണ്ടത് എന്ന സംശയത്തില്‍ ഭാര്യ ഗതികെടുമ്പോഴാണ് ഇരുട്ടില്‍ നിന്നും മറ്റൊരുത്തന്‍ കൂടി കേറിവന്നത്. ഞാന്‍ പ്രതീക്ഷിച്ചപോലെത്തന്നെ. അവന്‍ തലമൊട്ടയടിക്കലുകാരുടെ ഒരു ഏജന്റ് ആയിരുന്നു.തിരുപ്പതി കഴിഞ്ഞാല്‍ പിന്നെ പഴനിയാണ് മൊട്ടയടിക്കല്‍ വഴിപാടുകളുടെ ദക്ഷിണേന്ത്യന്‍ പ്രഭു. മുടി എടുക്കും സ്ഥലം എന്ന് മലയാളികള്‍ക്കുകൂടി വേണ്ടിയുള്ള നിരവധി ബോര്‍ഡുകള്‍ പാതയോരത്ത് കാണാം. മിക്കവാറും മേലേക്കിടഹോട്ടലുകളിലെല്ലാം ഇവരുടെ ഏജന്റുകള്‍ വൈകുന്നേരം തന്നെ വന്ന് കരാറുറപ്പിക്കും. അതിരാവിലെ ലോഡ്ജില്‍ തന്നെ വന്ന് ജോലി ചെയ്യുകയും ചെയ്യും. ഇത് ഒരു വഴിപാടായതിനാല്‍ തലമുടി വടിച്ചവര്‍ മല കയറുമ്പോള്‍ മൊട്ടപ്പാസ് എടുക്കണം എന്ന് പറയുന്നു.


തിരുഅവിനാന്‍കുടി എന്ന പേരില്‍ അടിവാരത്തുള്ള മുരുകന്‍കോയില്‍ തുറന്നിട്ടില്ല. തിരിച്ചുവരുമ്പോഴാവാം  ഇവിടെ കയറുന്നതെന്ന് ഞങ്ങള്‍ തീരുമാനിച്ചു.  നല്ല ജനത്തിരക്കുള്ള അമ്പലമാണിത്. ശില്‍പഭംഗിയുള്ള തൂണുകളുണ്ട് ഇവിടെ. അടിവാരത്തുള്ള ഗണപതീപ്രതിഷ്ഠയ്ക്ക് മുന്നിലൂടെ ഞങ്ങള്‍ മലകയറാനാരംഭിച്ചു. ഇത്തവണ കുത്തനെയുള്ള പടികള്‍ കയറാനാണ് ഞങ്ങളൊരുങ്ങിയത്. കാവടിയേന്തിയ സംഘങ്ങള്‍ വന്നുതുടങ്ങിയിട്ടില്ല. വിശ്വരൂപദര്‍ശനത്തില്‍ താല്‍പര്യമുള്ളവരാണ് ഇത്ര നേരത്തെ മല കയറുക. ഇവിടെ ആറുമണിക്കാണ് നടതുറക്കുക. പക്ഷേ അതിനുമുമ്പുതന്നെ പൂജാരികള്‍ ചെന്ന് മുരുകനെ മൊട്ടയാണ്ടി വേഷത്തില്‍ ഒരുക്കി നിര്‍ത്തും. ഗുരുവായൂരില്‍ നിന്നു വിഭിന്നമായി നിര്‍മാല്യദര്‍ശനം ഇവിടെയില്ല. ഇരുപതുമിനിട്ടുകൊണ്ട് ഞങ്ങള്‍ മലമുകളിലെത്തി. സാമാന്യം നീളമുള്ള ഒരു ക്യൂവാണ് ഞങ്ങളെ എതിരേറ്റത്. അല്‍പം അഴിമതി കാണിക്കാതെ നിവൃത്തിയില്ലെന്ന് എനിക്കുടനേ മനസ്സിലായി.. നേരെ ചെന്ന് രണ്ട് പത്തുറുപ്പികടിക്കറ്റുകളെടുത്ത് ഞാന്‍ ആ ക്യൂവില്‍ നിന്നു. എന്റെ മുന്നില്‍ എട്ടോ പത്തോ ആളുകളേ ഉണ്ടായിരുന്നുള്ളൂ.


ഇതിനു പുറമേ നുറ്റമ്പതുരൂപയുടെ മറ്റൊരു ടിക്കറ്റ് കൂടിയുണ്ട്. അതെടുക്കുന്നവരെ ഏറ്റവും മുന്നില്‍ കയറ്റിയിരുത്തും അഞ്ചുമിനിട്ടോളം. നട തുറന്നാല്‍ ഒന്നോ പരമാവധി രണ്ടോ മിനിട്ട് അവിടെയിരുന്നു ദര്‍ശനം നടത്താം എന്നൊരു ഗുണം കൂടിയുണ്ട് അതിന്. ഇതിനു പിന്നിലായി പത്തുരുപക്കാരുടെ രണ്ടാം നിരയില്‍ ഞങ്ങള്‍ ചെന്നു നിന്നു. അഞ്ചേമുക്കാലോടെ അമ്പലത്തിന്റെ പ്രധാനവാതില്‍ തുറക്കും. ആ സമയം അനുഭവിച്ചറിയേണ്ടതാണ്. മുന്നിലുള്ളവരെ പിന്നിലാക്കാനായി കുട്ടികളെ വരെ തട്ടിമാറ്റി ഓടുന്ന ഭക്തരെ നമുക്കവിടെ കാണാം. അടഞ്ഞുകിടക്കുന്ന നടക്കുമുന്നില്‍ നിന്ന് ഒരു പുരോഹിതന്‍ അല്‍പനേരം തമിഴിലെ മുരുകസ്തുതികള്‍ പാടി.  മനോഹരമായിരുന്നു അത്. അതിനുശേഷമാണ് വിശ്വരൂപദര്‍ശനം. തലപ്പാവില്ലാതെ വെള്ളവസ്ത്രം ഞൊറിഞ്ഞുടുത്താണ് മുരുകന്റെ പ്രജാദര്‍ശനം. പ്രസാദമായി കിട്ടിയ മുന്തിരിങ്ങ, പാല്‍, കല്‍ക്കണ്ടം, ചന്ദനം എന്നിവ രുചിയോടെ തിന്ന് ഞങ്ങള്‍ പുറത്തേയ്ക്ക് വന്നു.ഇപ്പുറത്ത് മരച്ചുവട്ടിലുള്ള ഗണപതിയുടെ അലങ്കാരങ്ങള്‍ മുഴുവനാവുന്നതേയുള്ളൂ. 




മലമുകളില്‍ മെല്ലെ വെളിച്ചം പരന്നുതുടങ്ങിയിരിക്കുന്നു. കുന്നിന്‍ചെരിവിലെ മരച്ചില്ലയില്‍ ചേക്കയിരിക്കുന്ന മയിലുകള്‍ ചുറ്റിനും അശ്രദ്ധമായി നോക്കിത്തുടങ്ങി. ഇപ്പുറത്ത് മയില്‍പ്പീലിക്കാവടിയുമേറ്റി തകില്‍വാദ്യത്തിന്റെ അകമ്പടിയോടെ തീര്‍ഥാടകര്‍ മലകയറി വന്നു. പണ്ടൊരിക്കല്‍ ഇടുമ്പന്‍ എന്നൊരു രാക്ഷസന്‍ രണ്ടുമലകള്‍ കാവുകെട്ടി തോളിലേറ്റി സഞ്ചരിച്ചിരുന്നു.  തിരുഅവിനാന്‍ കുടിയിലെത്തിയപ്പോള്‍ മൂപര്‍ മലകളിളച്ച് ഒന്നു വിശ്രമിക്കാന്‍ തീരുമാനിച്ചു. അല്‍പനേരം കഴിഞ്ഞ് വീണ്ടും മലകള്‍ ഏറ്റാന്‍ നോക്കിയപ്പോള്‍ അവ പൊന്തുന്നില്ല. ഒന്നിന്റെ മുകളില്‍ മുരുകന്‍ വാസം തുടങ്ങിയത്രെ. അന്ന് ഇടുമ്പന്‍ ചെയ്തതിന്റെ അനുകരണമാണ് ഇന്നത്തെ ഈ പീലിക്കാവടികള്‍.പണ്ടുപണ്ട് ശബരിമലയിലേയ്ക്ക് പോയിരുന്ന യാത്രക്കാര്‍ യാത്രയ്ക്കാവശ്യമായ എല്ലാ വസ്തുക്കളും സൂക്ഷിച്ചിരുന്നത് ഇരുമുടിക്കെട്ടിലായിരുന്നത്രെ. അതുപോലെ പഴനി യാത്രയ്ക്ക് ആവശ്യമായ സാമഗ്രികളെല്ലാം കാവുകെട്ടി (നടുവിലൊരു വടി : രണ്ടറ്റത്തും ഭാരം) എടുത്തിരുന്നതിന്റെ അലങ്കാരരൂപമാവാം ഈ കാവടികള്‍.


തീര്‍ഥാടകര്‍ സജീവമാവുന്നതോടെ കുരങ്ങന്മാരുടെയും ഒരു ദിവസം ആരംഭിക്കുകയായി. ഒറ്റയായും ചെറുകൂട്ടങ്ങളായും മലമുകളില്‍ മുന്‍പന്തിയില്‍ തന്നെ അലഞ്ഞ്തിരിയുന്ന ഇവ തീര്‍ഥാടകരുടെ കയ്യില്‍ നിന്നും സഞ്ചികള്‍ പിടിച്ചുപറച്ച് പഴവും മറ്റും എടുത്തുതിന്നാന്‍ പോന്ന പോക്കിരികളാണ്. കൗതുകം കൊണ്ട്‌ ഇവയ്ക്ക് ഭക്ഷണം നല്‍കുന്നവരെയും അവിടെ കാണാം. ഏതായാലും മലമുകളില്‍ ഇവരെ പട്ടിണിയോ അപായഭീതിയോ അലട്ടുന്നില്ല. കുരങ്ങന്മാരുടെ വിക്രിയകള്‍ കണ്ട് കുട്ടികള്‍ പലരും പൊട്ടിച്ചിരിക്കുന്നു.


മലമുകളിലെ ഈ വാനരസംഘങ്ങള്‍ എന്നും എനിക്ക് കൗതുകമായിരുന്നു. നന്നെ ചെറുപ്പത്തില്‍ അമ്മക്കുരങ്ങൈന്റെ മാറിലള്ളിപ്പിടിച്ചും വാലില്‍ തൂങ്ങിയും വിടാതെ പിന്തുടരുന്ന കുട്ടിക്കുരങ്ങന്മാരെക്കണ്ട് ഞാന്‍, ഇന്നത്തെ ഈ കുട്ടികളെപ്പോലെത്തന്നെ പൊട്ടിച്ചിരിച്ചിട്ടുണ്ട്. പിന്നീട് മുതിര്‍ന്നപ്പോള്‍ അല്‍പം കൂടി ഗൗരവമുള്ള മറ്റോന്നിലേയ്ക്ക് ശ്രദ്ധചെന്നു. കുരങ്ങന്മാര്‍ ഇണചേരുന്നത് ഇവിടെ ഒരു സാധാരണ കാഴ്ചയാണ്. പെണ്‍കുരങ്ങിനെ വിടാതെ പിതുടരുന്ന ആണ്‍കുരങ്ങുകളെ എന്റെ കണ്ണും പിന്തുടര്‍ന്നിരുന്നു.ബലം പ്രയോഗിച്ച് അവര്‍ അവളുമാരെ കൈകാര്യം ചെയ്യുന്നത് നോക്കി നിന്ന് ഞാന്‍ രസിച്ചു.
ഒരിക്കല്‍ മീശമുളച്ചുതുടങ്ങി എന്ന മട്ടിലുള്ള ഒരു കുരങ്ങന്‍ കുട്ടി അതിലും ചെറിയ ഒരു പെങ്കൊച്ചിനെ ഇട്ടോടിക്കുന്നത് ഞാന്‍ കണ്ടു. ഗോപുരത്തില്‍ നിന്ന് പ്രദക്ഷിണവഴിയിലേയ്ക്കും അവിടെ നിന്ന് മേല്‍ക്കൂരയിലേയ്ക്കും തിരിച്ചും അവളുടെ പരക്കം പാച്ചില്‍. അവനോ വിടാതെ പിന്തുടരുകയാണ്. ഒടുവില്‍ അവിടെയിരിക്കുന്ന ഒരു കുട്ടിയാനപോലെ വലിപ്പമുള്ള ഒരു തള്ളക്കുരങ്ങിന്റെ അടുത്ത് ചെന്ന് നിന്നു ഈ കുരങ്ങത്തി. ഈ ചെക്കനാണേല്‍ നേരെ ചെന്ന് മേപ്പടി തള്ളക്കുരങ്ങിന്റെ മുന്നില്‍ മൂടുംകാട്ടി വാലും പൊക്കി ഒറ്റ നില്‍പ്പ്. ആ കുരങ്ങത്തിക്കാവട്ടെ തീറ്റയൊഴിച്ചൊരു കാര്യത്തിലുമൊരു മൈന്റുമില്ല. അങ്ങനെ ഒരു അഞ്ചെട്ടു സെക്കന്റ് കഴിഞ്ഞപ്പോള്‍ ഈ കുരങ്ങന്‍ ചെക്കന്‍ മറ്റേ കുരങ്ങത്തിപ്പെണ്ണിന്റെ പുറത്ത് കയറി ഒരു രാസലീല നടത്തി. അവള്‍ക്കാവട്ടെ അപ്പോള്‍ ഓടുകേം വേണ്ട എങ്ങും പോവുകേം വേണ്ട.  നഗ്നവാനരന്‍ വായിച്ചിരുന്ന കാലമായിരുന്നു അത്. ഞാന്‍ കണ്ട സംഭവത്തിന് ആ പുസ്തകം വഴി വിശദീകരണവും തെളിവുകളും ഉദ്ധരണികളുമായി ഡയറിയുടെ ഒരുപാട് പേജുകള്‍ നിറഞ്ഞിട്ടുണ്ട്.


ഞങ്ങള്‍ ഉണര്‍ന്നുവരുന്ന നഗരത്തെ നോക്കി നിന്നു. അല്‍പമകലെ ഇടുമ്പന്‍ മല കാണാം. പഴനിമലയേക്കാള്‍ അല്‍പം ഉയരം കുറഞ്ഞ ആ മലയില്‍ ഇടുമ്പന്റെ ഒരമ്പലമുണ്ട്. പക്ഷേ എനിക്കറിയാവുന്ന ഒരു തീര്‍ഥാടകനും ആ വഴി പോയതായി പറയുന്നത് കേട്ടിട്ടില്ല. പത്തുകൊല്ലം മുമ്പ് ഞങ്ങളൊരിക്കല്‍ ആ മലയില്‍ കയറിയിട്ടുണ്ട്. പ്രാകൃതമായ ആ മല പോലെയായിരിക്കണം ഒരിക്കല്‍ ഈ പഴനിമലയും. തികച്ചും മനോഹരവും അതേ സമയം അല്‍പം അപായസാധ്യതയുള്ളതുമായ ഒരനുഭവമായിരുന്നു അത്. അതിലേയ്ക്ക് കയറാന്‍ തീര്‍ഥാടകരെ അനുവദിക്കുന്നില്ലെന്നൊരു വാര്‍ത്തയും പിന്നീട് കേട്ടിരുന്നു. ഏതായാലും ഭാര്യയേയും കുട്ടിയേയും കൊണ്ട് അവിടം സന്ദര്‍ശിക്കാന്‍ എനിക്കൊട്ടും ധൈര്യം തോന്നിയില്ല.


ഇളവെയില്‍ തെളിഞ്ഞുവന്നതോടെ മലമുകളിലെ തിരക്കും വര്‍ദ്ധിച്ചുവന്നു. കഴുത്തില്‍ പൂമാലയുമിട്ട് പാല്‍ക്കുടവും കയ്യില്‍ വേലും കാവടിയും മറ്റുമെടുത്ത് ഹരോ ഹര എന്ന നാമജപത്തോടെ ഭക്തര്‍ ദര്‍ശനത്തിനായി തിരക്കുകൂട്ടുന്നു. ഞങ്ങള്‍ മലമുകളിലെ ഹോട്ടലില്‍ കയറി. ചില്ലലമാരയില്‍ ഇഡ്ഡലി, വട, പൂരി, പൊങ്കല്‍ എന്നിവയൊക്കെ നിറഞ്ഞിരിക്കുന്നു. പ്ലേറ്റില്‍ ഒരിലക്കീറ് വെച്ച് അതിലാണ് ഭക്ഷണം വിളമ്പുന്നത്. രണ്ട് ഇഡ്ഡലിയും ഓരോ ഉഴുന്നുവടയും കഴിച്ച് ഞങ്ങളിരുന്നു.  കുറുക്കിയ പാലില്‍ പൊടിയിട്ട് ആവശ്യത്തിലെറെ മധുരം ചേര്‍ത്ത കട്ടിച്ചായയ്ക്ക് എട്ടുരൂപയാണ് വില. പക്ഷേ ഒറ്റ വലിയ്ക്കില്ല അത്. ഞങ്ങളൂടെ സ്ഥിരം അളവ് ചായ വേണമെങ്കില്‍ ഓരോരുത്തരും അയ്യഞ്ച് ചായയെങ്കിലും കുടിക്കേണ്ടി വരും. ഒടുവില്‍ ചുക്കുവെള്ളം ആസ്വദിച്ചുകുടിച്ച് അതിനുമീതേ ഒഴക്ക് ചായയും കുടിച്ച് സ്ഥലമൊഴിവാക്കാന്‍ ഞങ്ങള്‍ ധാരണയായി .ചായ കുടിച്ചിറങ്ങുമ്പോള്‍ വലിയ ആള്‍ത്തിരക്ക് തോന്നി. വിഞ്ച് സ്റ്റേഷനില്‍ നിന്നും മലമുകളിലേയ്ക്കുള്ള ഏതാനും പടികള്‍ ചവിട്ടുന്നവരുടെ ബഹളമായിരുന്നു അത്. വൃദ്ധരേക്കാള്‍ വിഞ്ച് സൗകര്യം ഉപയോഗപ്പെടുത്തുന്നത് മെനങ്ങാക്കള്ളന്മാരും ദുര്‍മേദസ്സുള്ളവരുമാണെന്നാണ് എനിക്ക് തോന്നുന്നത്.മുപ്പതില്‍ താഴെ മാത്രമുള്ള പടികള്‍ കയറുന്നതില്‍ അവര്‍ കാണിക്കുന്ന അവശത കണ്ടാല്‍ ശരിക്കും ചിരിവരും.


മലമുകളിലേയ്ക്ക് യാത്രക്കാരെയും അവശ്യസാധനങ്ങളെയും വഹിച്ചുകൊണ്ട് സഞ്ചരിക്കുന്ന വാഹനമാണ് വിഞ്ച്. വീതികുറഞ്ഞ ഇരുമ്പുപാളങ്ങളിലൂടെ സഞ്ചരിക്കുന്ന പതിനാറോ ഇരുപതോ പേര്‍ക്കുവീതം സഞ്ചരിക്കാവുന്ന, അഞ്ചടിയിലധികം ഉയരമില്ലാത്ത രണ്ടു കുള്ളന്‍ റെയില്‍വേ ബോഗികള്‍ സങ്കല്‍പിക്കുക. ഏതാണ്ട് ആ രൂപമാണിതിന്. പ്രത്യേകതരം ഇരുമ്പുകമ്പികള്‍ കൊണ്ടു നിര്‍മിച്ച കയറുമായി വിഞ്ചിന്റെ മുന്‍ഭാഗം ബന്ധിച്ചിരിക്കുന്നു. കയര്‍ വലിക്കുമ്പോള്‍ ഈ വാഹനം മലമുകളിലേയ്ക്കും കയര്‍ അയയ്ക്കുമ്പോള്‍ താഴ്വരയിലേയ്ക്കും സഞ്ചരിക്കുന്നു.  മലമുകളില്‍ സ്ഥാപിച്ച കൂറ്റന്‍ മോട്ടോറുകളുടെ സഹായത്തോടെയാണ് ഇതിന്റെ പ്രവര്‍ത്തനം. നിലവില്‍ ഇവിടെ മൂന്നു വിഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഒന്ന് ഔദ്യോഗികാവശ്യത്തിനു മാത്രമെന്നാണ് വെപ്പ്. മറ്റു രണ്ടെണ്ണം മലമുകളിലേയ്ക്കും താഴേയ്ക്കും യാത്രക്കാരെക്കൊണ്ട് സഞ്ചരിക്കുന്നു.


കുട്ടിക്കാലത്ത് എനിക്കീ വാഹനത്തില്‍ കയറാന്‍ ശരിക്കും പേടിയായിരുന്നു. പണ്ടൊരിക്കല്‍ ഇതിലൊരെണ്ണം കയറുപൊട്ടി തലകുത്തി താഴെവീണ് യാത്രക്കാരൊക്കെ മരിച്ചു എന്നൊരു കഥ കേട്ടിട്ടായിരിക്കും അത്. എന്തായാലും  മലമുകളിലേയ്ക്ക് വിഞ്ച് യാത്ര നടത്തുന്നത് ഒരനുഭവമാണ്. കയറുന്നതിനേക്കാള്‍ ചാര്‍ജ് കുറവാണ് മലയിറങ്ങുന്നതിന് എന്നതിനാല്‍ മലയിറക്കത്തിലാണ് ഈ അനുഭവം  ഞാന്‍ പൊതുവേ ആസ്വദിക്കാറ്. ഈ പാളത്തിലെ വിഞ്ചില്‍ കൂടി നമ്മളിങ്ങനെ മലയിറങ്ങിച്ചെല്ലുമ്പോള്‍ ആ പാളത്തില്‍ കൂടി  മറ്റൊരു വിഞ്ച് മല കയറിവരുന്നുണ്ടാവും. ജനലരികിലെ സീറ്റാണ് നിങ്ങള്‍ക്ക് കിട്ടിയതെങ്കില്‍  അതില്‍ കൂടി പുറത്തേയ്ക്ക് നോക്കുന്നവരെ അഭിവാദ്യം ചെയ്യുക!


അടിവാരം. 
അടിവാരത്തെ മുരുകന്‍ കോയിലിനുമുന്നില്‍ ഭക്തരെ അനുഗ്രഹിക്കാന്‍ തയ്യാറായി ഒരു ആന നില്‍ക്കുന്നു. ഒരു മടക്കയാത്രകൂടി. സംഘമായി വന്നവര്‍ വീട്ടിലേയ്ക്ക് കൊണ്ടുപോവാനായി വലിയ പ്ലാസ്റ്റിക് കുടങ്ങളും മറ്റും വങ്ങുന്നു. ഇതൊന്നും നാട്ടില്‍ കിട്ടാഞ്ഞിട്ടല്ല. യാത്രയ്ക്ക് പല രസങ്ങളുണ്ടെന്ന് അവര്‍ തെളിയിക്കുന്നു. 

പോര്‍ക്കുകള്‍ കുത്തിമറിയുന്ന പാതയോരം. 

 ഒരു മടക്കയാത്രയ്ക്ക് സമയമായിരിക്കുന്നു. 
കുതിരച്ചാണകം വീണുകിടക്കുന്ന റോഡ് മുമ്പില്‍ നീണ്ടുകിടക്കുന്നു


വീട്ടിലേയ്ക്കുള്ള വഴി. .. 

6 comments:

  1. ഹര ഹരോ ഹര..

    നേരത്തെ ഒരു പോസ്റ്റ് കണ്ടു. അതൊന്നു കൂടെ എഡിറ്റ് ചെയ്തതാണോ ഇത്..? വെട്ടിക്കുറച്ചപ്പോ നന്നായി.

    ReplyDelete
  2. @മുല്ല
    അല്ല. അത് മറ്റൊന്നായിരുന്നു. സത്യത്തില്‍ രണ്ടൂം ചേരുമ്പോഴേ ഒരു പോസ്റ്റ് ആവുന്നുള്ളൂ

    ReplyDelete
  3. പളനിയിൽ പോകാൻ കഴിഞ്ഞിട്ടില്ല. നല്ല വിവരണം... ചിത്രങ്ങൽ ചേർക്കാമായിരുന്നു..

    ReplyDelete
  4. മരച്ചില്ലയില്‍ ചേക്കയിരിക്കുന്ന..
    ചേക്കേറിയിരിക്കുന്ന. എന്നായിരിക്കില്ലേ ശരി?

    നല്ല രസമുണ്ട് പോസ്റ്റ് വായിക്കാൻ.

    ReplyDelete
  5. കുട്ടിക്കാലത്ത് പഴനിയിൽ പോയപ്പോൾ കുരങ്ങിനെ കണ്ടതും പിന്നാലെ ഓടിയതും ഓർത്തുപോയി. നല്ല വിവരണം.
    ...
    പ്രിയപ്പെട്ട അരുൺ ഭാസ്ക്കരാ,,
    താങ്കൾ എന്റെ ‘മിനി കഥകളിൽ’ഉള്ള കഥ വായിച്ച് എഴുതിയ കമന്റ് ഒരിക്കൽ കണ്ണൂരിൽ വെച്ച് ഒരു ഡോക്റ്റർ പറഞ്ഞതും അത് കേട്ട നാട്ടുകാർ അയാളെ അടിച്ച് കാലൊടിച്ചതും ഡോക്റ്റർ ഉടലോടെ ആശുപത്രിയിൽ അഡ്‌മിറ്റായതും,,, ആയ കാര്യങ്ങൾ എനിക്ക് നല്ല ഓർമ്മയുണ്ട്. അതിനാൽ കഥ ഒന്ന് മാറ്റി എഴുതിയതാണ്, അടി പേടിച്ച് താങ്കളുടെ കമന്റും മാറ്റി വെച്ചിരിക്കയാണ്. എനിക്ക് പേടിയാ,,,
    താങ്കളെ ഇക്കാര്യം നേരിട്ട് അറിയിക്കാൻ മെയിൽ ഐഡി കാണാനില്ല, അതുകൊണ്ട് ഇവിടെ പോസ്റ്റുന്നു.
    എന്റെ മെയിൽ ഐഡി. souminik@gmail.com

    ReplyDelete