Thursday, February 3, 2011

അറബി പഠിക്കുന്ന സ്കൂള്‍കുട്ടി

ഗൗതം ഒന്നാംക്ളാസില്‍ ചേര്‍ന്നപ്പോള്‍ സഫിയടീച്ചറായിരുന്നു അവന്റെ ക്ളാസ് ടീച്ചര്‍ . കരച്ചിലിനെപ്പറ്റി ആലോചിക്കാനേ നേരമില്ലാത്ത ചേലില്‍ അവന് സ്കൂള് പെട്ടെന്നിഷ്ടായി. അവിടത്തെ ഓരോവിശേഷവും വൈകുന്നേരം  അവന്‍ ഓടിവന്ന് വീട്ടുകാരോട് പറഞ്ഞു. അവിടത്തെ കൂട്ടുകാര്‍ , അവന്‍ കളിച്ച കളികള്‍ , അവന്റെ പുസ്തകത്തിലെ ചിത്രങ്ങള്‍ ഒക്കെ വീട്ടിലവന്‍ വാരിവിതറി . അങ്ങനെ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ സ്കൂള്‍ വിട്ട് ഓടിവന്ന് അവന്‍ ധൃതിയില്‍ പറഞ്ഞു . 

"അമ്മേ അമ്മേ , അറബി പഠിക്കണ്ടോര് നാളെ പേര്    കൊടുക്കണംന്ന് പറഞ്ഞു ടീച്ചര്‍ "
"അതിന് നിനക്കെന്താ ? നിനക്കും പഠിക്കണോ "
"വേണം ."
"എന്നാ പേര് കൊടുത്തോ"

അങ്ങനെയാണ് ഗൗതം അറബി പഠിക്കാന്‍ തുടങ്ങിയത്  . അവന്റെ വീട്ടുകാര്‍ക്കും അതൊരു കൗതുകമായിരുന്നു . ഇതുവരെ കാണാത്ത പുതിയ ലിപിവിന്യാസങ്ങള്‍ അവന്റെ പുസ്തകങ്ങളില്‍ അവര്‍ കണ്ടു . അച്ചച്ചനെയും അച്ചമ്മയെയും  അറബി പഠിപ്പിച്ച് മിടുക്കരാക്കുമെന്ന് അവന്‍ അവരോട് പറഞ്ഞു.

ഒന്നുരണ്ടാഴ്ച അങ്ങനെ കഴിഞ്ഞു. അതിനിടയ്ക്ക് അവിചാരിതമായി ഒരു നാട്ടുപ്രമാണി അറബിപ്പുസ്തകവുമായി പോവുന്ന ഗൗതമിനെകണ്ട് നെറ്റിചുളിച്ചു . സഫിയടീച്ചര്‍ ഈ വിവരം അറിഞ്ഞു . ടീച്ചര്‍ക്ക് ആവശ്യത്തിന് ലോകപരിചയം  ഉണ്ടായിരുന്നു. പിറ്റേന്ന് അറബി പഠിക്കാന്‍ പോവേണ്ട കുട്ടികളുടെ കൂട്ടത്തില്‍ ഗൗതമിന്റെ പേര് വിളിച്ചില്ല .  അതിന്റെ പിറ്റേന്നും  ഇതുതന്നെ ആവര്‍തിച്ചു. 

ഗൗതമിനാണെങ്കില്‍ ആകെ സങ്കടം  . ഒപ്പം വരുന്ന റഷീദും ഫൈസലും നജീബും  ഒക്കെ അറബി പഠിക്കാന്‍ പോവുന്നു. അവനും വേറെ ചില കുട്ടികളും  ക്ളാസിലിരുന്ന് പുസ്തകം  വായിക്കുന്നു.  ഇതെന്ത് ലോകം  . അവര്‍ക്കും തനിക്കും തമ്മില്‍ എന്താ വ്യത്യാസം ? അവന്‍ ക്ളാസിലിരുന്ന് ആലോചിക്കാന്‍ തുടങ്ങി . ഒടുവില്‍ അവന്റെ കുഞ്ഞുമനസ്സില്‍ ടീച്ചര്‍ തന്നെ എന്ത് കൊണ്ട് അറബി പഠിപ്പിക്കുന്നില്ലെന്ന് പെട്ടെന്ന് മനസ്സിലായി . അതങ്ങനെവിട്ടാല്‍ പറ്റില്ല. അവന്‍ മുഖം ചുളിച്ചു.

"അടുത്തത് അറബിക്ളാസാണ് . പേര് വിളിക്ക‌ണ കുട്ടികള്‍  അറബിക്ളാസിലേയ്ക്ക് പോവുക , അല്ലാത്തവര്‍ ഒച്ചണ്ടാക്കാതെ ക്ളാസിലിരുന്ന് നല്ലകുട്ടികളായി പഠിക്കുക "
സഫിയ ടീച്ചര്‍ പേര് വായിക്കാന്‍ തുടങ്ങി . കുട്ടികള്‍ ഓരോരുത്തരായി എണീറ്റു .

" മുഹമ്മദ് ഫൈസല്‍ ,
  മുഹമ്മദ് നജീബ് ,
  മുഹമ്മദ് നവാസ് ,
  മുഹമ്മദ് റഷീദ്  "
ടീച്ചര്‍ അവസാനിപ്പിക്കാറായപ്പോള്‍ ഗൗതം പെട്ടെന്ന് എണീറ്റ് തന്റെ പേര് ഉറക്കെ വിളിച്ചുപറഞ്ഞു 
 "മുഹമ്മദ് ഗൗതം "

18 comments:

  1. ഇതെന്റെ അനുഭവമാണ്. ഈ സംഭവം യുറീക്കയില്‍ മനോഹരമായ ഒരു കുറിപ്പായി വന്നിരുന്നു എന്ന് കേട്ടു . വായിക്കാന്‍ യോഗം കിട്ടിയില്ല.

    കുട്ടികള്‍ ഒരുപാട് നിഷ്കളങ്കരാണ്. അറിയാനുള്ള അവരുടെ ന്യായമായ താല്പര്യങ്ങള്‍ക്ക് മേല്‍ അമ്മയച്ഛന്മാരുടെ താല്പര്യങ്ങള്‍ കുതിരകയറുമ്പോഴാണ് ഭൂമികുലുക്കങ്ങള്‍ ഉണ്ടാവുന്നത്.

    ReplyDelete
  2. കുഞ്ഞു മനസ്സിന്റെ പുഞ്ഞിരിപ്പിക്കുന്ന കുഞ്ഞു കാര്യങ്ങൾ. എന്നാൽ മുതിർന്നവരെന്ന് അഹങ്കരിക്കുന്നവർക്കുള്ള ചാട്ടുളി

    >>ടീച്ചര്‍ക്ക് ആവശ്യത്തിന് ലോകപരിചയം ഉണ്ടായിരുന്നു<<
    കളവ്‌.
    കൂതറ ടീച്ചർ. ഇതാണോ വിവരം??

    ReplyDelete
  3. ഞാന്‍ സ്കൂളില്‍ ഇത്തിരി സംസ്കൃതം പഠിച്ചിട്ടുണ്ട്. മദ്രസയില്‍ നിന്നും അറബിയും.

    :)

    ReplyDelete
  4. ഞാന്‍ നാലാം ക്ലാസ്സുവരെ സ്കൂളില്‍ അറബി പഠിച്ചു. കുറച്ച്‌ കളിയാക്കലൊക്കെ ഉണ്ടായിരുന്നു ആദ്യം. പിന്നെ ടീച്ചര്‍മാര്‍ ബാക്കിയുളള കുട്ടികളോട് പറയാന്‍ തുടങ്ങി.. ആ "ഇന്ദുക്കുട്ടി" പഠിക്കുന്നത് കണ്ടു പഠിക്ക്‌ :-) (പഠിച്ച അറബിയൊക്കെ മറന്നു. സുദീപ് എന്ന് കഷ്ടിച്ച് എഴുതാം.)

    ReplyDelete
  5. ഫണ്റ്റാസ്റ്റിക്ക്‌ എന്നേ പറയാനൊക്കൂ അനുഭവം ഇത്തിരി കടുത്തതാണെങ്കിലും. എന്തു ചെയ്യാം. നമ്മുടെ നാട്‌ ഇങ്ങിനെ ഒക്കെ ആയിപ്പോയി. അറബി കേവലം ഒരു ഭാക്ഷയാണ്‌. ആ ഭാക്ഷ പഠിക്കാനും പഠിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഈ ലോകത്ത്‌ എല്ലാവര്‍ക്കുമുണ്ട്‌. പക്ഷെ നമ്മുടെ നാട്ടില്‍ തലയില്‍ വാലുള്ള ചില ജീവികളുണ്ട്‌. ലോകം മുഴുവന്‍ നന്നായാലും, അവരു നന്നാവുമെന്ന് പ്രതീക്ഷിക്കുന്നതിനെക്കാള്‍ കടുത്ത പാപമില്ല.

    ReplyDelete
  6. ആ കാലമൊക്കെ മാറി.
    ജോലി ആവശ്യത്തിനായി അറബി പഠിച്ച് ഹിന്ദുസുഹ്യത്തുക്കള്‍ കുട്ടികളെയും പഠിപ്പിക്കുന്നു.

    ReplyDelete
  7. @ശ്രീ
    വന്നതിനും വായിച്ചതിനും നന്ദി

    ReplyDelete
  8. @കൂതറHashimܓസ്കൂളിന്റെ നിലനില്‍പ്പല്ലേ ടീച്ചര്‍ക്ക് വലിത് . വെറുതേ പ്രശ്നമുണ്ടാക്കേണ്ടെന്ന് അവര്‍ക്ക് തോന്നിക്കാണണം. വായിച്ച് അഭിപ്രായം പറഞ്ഞതിന് നന്ദി.

    ReplyDelete
  9. @പഥികന്‍
    വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    ReplyDelete
  10. @Sudeep
    ഒരു ഭാഷയെ ഭാഷയായി കാണാന്‍ കഴിയാത്തിടത്തോളം കളിയാക്കുന്ന വേന്ദ്രന്മാര്‍ക്ക് ഊണിന് പഞ്ഞമുണ്ടാവില്ല. വായനയ്ക്ക് നന്ദി

    ReplyDelete
  11. @ആസാദ്‌
    താങ്കള്‍ പറഞ്ഞത് ശരിയാണ്. ചില ഭാഷകളെ , വിഭവങ്ങളെ , വേഷങ്ങളെ , എല്ലാം ചിലര്‍ ചിലമതങ്ങള്‍ക്ക് തീരുകൊടുത്തിട്ടുണ്ട്. അത് നിലനില്‍ക്കുന്നിടത്തോളം കാലം ഇങ്ങനെയൊക്കെ ഉണ്ടാവും.

    ReplyDelete
  12. @കനല്‍
    ഇല്ല കനല്‍ , നിര്‍ഭാഗ്യവശാല്‍ ആ കാലം മുഴുവനായും മാഞ്ഞുപോയിട്ടില്ല, ഞാന്‍ എഴുതാത്ത ഒരു കാര്യമൂണ്ട്. ഇതിലെ വിദ്യാര്‍ഥി ഞാനല്ല. എനിക്കറിയുന്ന ഒരു കുട്ടി മാത്രമാണ്. ഇത് കഴിഞ്ഞവര്‍ഷം സംഭവിച്ച കാര്യവും.
    വായനയ്ക്ക് നന്ദി

    ReplyDelete
  13. ഈ കുറിപ്പ് ഒരു കുട്ടിയുടെ കൗതുകകരമായ ഭാവന ചൂണ്ടിക്കാട്ടുന്ന ഒന്നാവണമെന്നേ ഞാന്‍ കരുതിയിരുന്നുള്ളൂ. എന്നാല്‍ എനിക്കത് വൃത്തിയായി അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് തോന്നുന്നു. വായിച്ചവര്‍ എന്തുകരുതിയെന്ന് അറിയാന്‍ കമന്റുകളല്ലാതെ മറ്റു നിവര്‍ത്തിയൊന്നുമില്ലല്ലോ !

    ReplyDelete
  14. നന്നായിരിക്കുന്നു മുഹമ്മദ്‌ ഗൌതം :))

    ReplyDelete
  15. സൂപ്പര്‍..




    >>ടീച്ചര്‍ക്ക് ആവശ്യത്തിന് ലോകപരിചയം ഉണ്ടായിരുന്നു<<
    കളവ്‌.
    കൂതറ ടീച്ചർ. ഇതാണോ വിവരം??

    ഹാഷിം, ടീച്ചര്‍ക്കില്ലാതിരുന്നത് വിവരമല്ല, വിവേകമായിരുന്നു!

    ReplyDelete
  16. Good post, Commedy anenkilum chindikenda valaray karangal undu.

    MY BLOG
    antonymookken13@gmail.com

    http://comingsoon-movie-reviews.blogspot.com/p/watch-live-world-cup-cricket-online-for.html

    ReplyDelete
  17. വളരെ നന്നായിട്ടുണ്ട് അരുണ്‍.
    പ്രത്യേകിച്ച് ആ അവസാനിപ്പിച്ച ഭാഗം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വല്ലാതെ ശക്തമായ ഒരെഴുത്തുണ്ട് അവിടെ.
    @കൂതറാഹാഷിം:ടീച്ചര്‍ക്ക് ആവശ്യത്തിന് ലോകപരിചയം ഉണ്ടായിരുന്നു
    ഹാഷിമിക്കാ അത് ലോകപരിചയം എന്ന സംഗതിയെ നല്ല കണക്കില്‍ ഒന്നു വിമര്‍ശിച്ചതായി കൂട്ടിയാല്‍ മതി.

    ReplyDelete