Sunday, January 31, 2010

>വേശ്യാ < വൃത്തിയുള്ള വീട്

നിങ്ങളുടെ വീടിനു വൃത്തിയുണ്ടോ
നിങ്ങളുടെ വീട്ടിലുള്ളവര്‍ നേരത്തും കാലത്തും കുളിക്കുകയും
വെടുപ്പോടെ വസ്ത്രം ധരിക്കുകയും ചെയ്യുന്നവരാണോ
അല്ല, നിങ്ങളൊരു സവര്‍ണനും കൂടിയാണോ
ക്ഷമിക്കണം
ബ്ലോഗിലെ പുതിയ ട്രെന്‍ഡ് അനുസരിച്ച് നിങ്ങളുടെ വീട്
ഒരു വേശ്യാലയം ആവുന്നതിനുള്ള പ്രവേശനപ്പരീക്ഷ വിജയിച്ചിരിക്കുന്നു
എല്ലാവരും കൂടി എന്നെ തല്ലാന്‍ വരണ്ട.എന്റെ പേരില്‍ കേസും കൊടുക്കണ്ട.ഇതൊന്നും ഞാന്‍ പറഞ്ഞതല്ല.ബൂലോകത്ത് വിചിത്ര കേരളം എന്ന ഒരു ബ്ലോഗില്‍ റിട്ടയേഡ് അധ്യാപകനായ ജോര്‍ജ്ജ് ജോസെഫ് എന്ന ബ്ലോഗര്‍ എഴുതിയ നായന്മാരുടെ ലൈംഗികപൈതൃകം എന്ന ബ്ലോഗ് പോസ്റ്റില്‍ നിന്നും എടുത്തതാണിത് ചെയ്യുന്ന തൊഴിലിനോട് ആത്മാര്‍ഥത കാണിക്കുന്നവരാണ് നായരച്ചികള്‍.വൃത്തിയായി കുളിച്ചുകുറിതൊട്ട് ശ്രിങ്ങാര വതികളായി മാത്രമേ നടക്കു . വീട് വൃത്തിയായി സൂക്ഷിക്കുന്നതില്‍ ഇന്നും കേരളത്തില്‍ ആരെയും കവച്ചുവക്കും അച്ചികള്‍. തായ് ലണ്ടിലേതു പോലെ തങ്ങളുടെ വേശ്യാ ഗൃഹങ്ങള്‍ക്കു 5 സ്റ്റാര്‍ നിലവാരം വേണമെന്ന് നിര്‍ബന്ധം പുലര്‍ത്തുന്നവര്‍ ആണ് അച്ചികള്‍.
സ്വന്തം വീട് വൃത്തിയായി സൂക്ഷിക്കരുതെന്ന് പലവട്ടം പറഞ്ഞിട്ടുംകേള്‍ക്കാതെ വീടു വൃത്തിയാക്കി കുളിച്ച് അണിഞ്ഞൊരുങ്ങി നടക്കുന്നവര്‍ക്ക് ഇതൊരു പാഠമാണ്. അതിനാല്‍ നാളെ മുതല്‍ കുളിക്കരുത് , വീട് വൃത്തിയായി സൂക്ഷിക്കരുത് വൃത്തിയുള്ള വേഷം ധരിക്കരുത് . അല്ലെങ്കില്‍ സാഹിത്യത്തിലൂടെയും സിനിമയിലൂടെയും നായന്മാര്‍ പ്രചരിപ്പിക്കുന്ന അസത്യങ്ങളും താന്‍പോരിമയാര്‍ന്ന കള്ളചരിത്രവും സമൂഹത്തില്‍ സവര്‍ണര്‍അര്‍ഹിക്കാത്ത ഒരു സവര്‍ണാഭിമുഖ്യം ഉണ്ടാക്കിയിട്ടുണ്ട്.ശരിയായചരിത്രം പുതു തലമുറ മനസ്സിലാക്കിയാല്‍ സവര്‍ണര്‍ കല്ലെറിയപ്പെടും എന്നതാണ് സത്യം
അല്ലെങ്കില്‍ ജോര്‍ജ് ജോസഫ് മാഷുടെ ശിഷ്യന്മാര്‍ ആരെങ്കിലും കല്ലെറിഞ്ഞെന്നിരിക്കും . പാപം ചെയ്യാത്തവരാണല്ലോ അവര്‍‍ . എന്നാല്‍ ശിഷ്യത്വം സ്വീകരിക്കാത്ത എന്നെപ്പോലുള്ളവര്‍ക്ക് അത്തരം ബാധ്യതകളൊന്നുമില്ലല്ലോ . ശാസ്ത്രീയവും യുക്തിസഹവുമായ നിരീക്ഷണങ്ങളില്‍ നിന്നും എത്തിച്ചേരുന്ന നിഗമനങ്ങള്‍ അതെന്താ‍യാലും ഞാന്‍ അംഗീകരിക്കും. എന്നാല്‍ നിഗമനങ്ങള്‍ ആദ്യം ഉണ്ടാക്കി അതിനനുസരിച്ച് നിരീക്ഷണത്തെളിവുകളെ കാണാന്‍ നിന്നാല്‍ അതിനെ എതിര്‍ക്കുകയും ചെയ്യും. ഈ ഒരു കാഴ്ചപ്പാടില്‍ നിന്ന് നമുക്ക് ആ ബ്ലോഗ് ഒന്ന് പരിശോധിച്ചാലോ ലേഖനം തയ്യാറാക്കാന്‍ മൂപ്പര്‍ രണ്ടു രീതികള്‍ അവലംബിച്ചിട്ടുണ്ട് ശേഖരിച്ചെടുത്ത സ്ഥിതിവിവരക്കണക്കുകള്‍ അപഗ്രഥനം ചെയ്ത് അന്നത്തെ സാമൂഹികസ്ഥിതി എന്തായിരുന്നു ; അതില്‍ സംബന്ധത്തിന്റെ പ്രസക്തി എന്തായിരുന്നു എന്ന് പരിശോധിക്കുന്നതിനു പകരം നായരച്ചികള്‍ വേശ്യകളാണ് എന്ന പരിശോധനാഫലം ആദ്യമേ തയ്യാറാക്കി അതിനനുസരിച്ച് ചരിത്രം അവതരിപ്പിക്കുന്ന കബളിപ്പിക്കല്‍ ഒരു രീതിയാണ് ആദ്യത്തേത് . അതായത് ചെരിപ്പിനൊത്ത് കാലുമുറിക്കുന്ന രീതി. സംബന്ധം വേശ്യാവൃത്തിയുടെ മറ്റൊരു പേരു മാത്രമാണെന്ന് തെളിയിക്കാനുള്ള ശ്രമം ഉദാഹരണമാക്കാം. ഇതിനു വേണ്ടി നായന്മാരുടെ പഴയകാലചിട്ടകളായ തുടിച്ചുകുളി , ഇന്നും പിന്തുടരുന്ന ഈറനുടുത്തുള്ള ക്ഷേത്രദര്‍ശനം, തിരുവാതിരക്കളി, മുതലായവ വേശ്യാവൃത്തി പ്രചരിപ്പിക്കുന്നതിനുള്ള മാര്‍ഗമാണെന്ന് ജോര്‍ജ് ജോസഫ് സ്ഥാപിക്കുന്നു. ഈറനുടുത്തുള്ള ക്ഷേത്രദര്‍ശനം മറ്റു പുരുഷന്മാരെ ആകര്‍ഷിക്കുമെന്നത് ശരിതന്നെ . എന്നാല്‍ ആകര്‍ഷകമായി വേഷം ധരിക്കുന്ന അല്ലെങ്കില്‍ അല്പവസ്ത്രധാരിണികളായ ഓരോ യുവതിയും വേശ്യകളാണെന്നും വരുമാനം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് അവര്‍ ഇതെല്ലാം ചെയ്യുന്നതെന്നും കരുതുന്നത് തികഞ്ഞ വിവരക്കേടാണ്. അങ്ങനെ കരുതിയാല്‍ ഇന്ന് മോഡേണ്‍ വേഷം ആകര്‍ഷകമായി ധരിക്കുന്നവരെ എന്തു പേരിട്ടുവിളിക്കും ? നമ്മുടെ ബ്ലോഗര്‍മാര്‍ ചര്‍ച്ച ചെയ്യട്ടെ കൈകൊട്ടിക്കളി , തുടിച്ചുകുളിതുടങ്ങിയവ ലൈംഗികോത്തേജകങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇത് നായര്‍ സമുദായത്തില്‍ മാത്രമായിരുന്നോ ? അല്ല, ഉദാഹരണത്തിന് ഒപ്പന അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍ നടത്തുന്ന മാര്‍ഗം കളി ഒക്കെ കൈകൊട്ടിക്കളിപോലെയുള്ളതായിരുന്നു. എന്നാല്‍ ഇത്തരം സമാനതകള്‍ ജോര്‍ജ് ജോസഫ് അറിഞ്ഞോ അറിയാതെയോ അവഗണിക്കുന്നു സംബന്ധത്തെ വേശ്യാവൃത്തി എന്നു പറയുന്നത് എത്രമാത്രം യുക്തമാണെന്ന് നാം ആലോചിക്കണം. അപ്ഫന്‍ നമ്പൂതിരി , അമ്പലവാസി , നായര്‍ എന്നിവര്‍ക്കിടയില്‍ ഉണ്ടായിരുന്ന അംഗീകൃത വിവാഹബന്ധമായിരുന്നു സംബന്ധം . സ്ത്രീകള്‍ താമസിക്കുന്ന വീട്ടില്‍ പുരുഷന്മാര്‍ രാത്രി എത്തുന്നു. വിവാഹബന്ധം പുലര്‍തുന്നു എന്നതാണതിന്റെ രീതി. ഉടുക്കാനും (വസ്ത്രം ) തേയ്ക്കാനും (എണ്ണ) കൊടുക്കാന്‍ കഴിയുമെങ്കില്‍ വിവാഹബന്ധം പുലര്‍താമായിരുന്നു. സ്ത്രീ അവളുടെ വീട്ടില്‍ കഴിയുന്നു എന്നതിനാല്‍ കുടുംബച്ചെലവ് ഭര്‍താവിന്റെ ബാധ്യത ആയിരുന്നില്ല, അതേ സമയം തന്റെ പെങ്ങളുടെയും മരുമക്കളുടെയും കാര്യങ്ങള്‍ അയാള്‍ നോക്കുകയും ചെയ്യണമായിരുന്നു. അതിനാല്‍ തന്നെ സ്ത്രീധനമര്‍ദനം , സ്റ്റൌ പൊട്ടിത്തെറിക്കല്‍ , അമ്മായിയമ്മപ്പോര് , തൂങ്ങിമരണം തുടങ്ങിയ കലാപരിപാടികള്‍ ഒന്നും തന്നെ അക്കാലത്ത് ഉണ്ടായിരുന്നില്ല. വിവാഹബന്ധം പുലര്‍ത്തുന്നവനോട് അനിഷ്ടം തോന്നിയാല്‍ (അവന് അധികാരത്തിന്റെ പിന്‍ബലം ഇല്ലെങ്കില്‍ ) പോടാ പുല്ലേ എന്നു പറഞ്ഞ് പായ മടക്കി മുഖത്ത് ഒരാട്ടുവെച്ചുകൊടുക്കാന്‍ ഇന്ന് പലരും സ്വപ്നം കണ്ടു തുടങ്ങിയ സ്വാതന്ത്ര്യം സ്ത്രീക്ക് അന്നേ ഉണ്ടായിരുന്നു. ( സ്ത്രീ സ്വാതന്ത്ര്യമോ മ്ലേച്ഛം മ്ലേച്ഛം !! ) അതായത് മരുമക്കത്തായത്തില്‍ വിവാഹം ലഘു ആയിരുന്നു, വിവാഹമോചനം ലഘുതരവും. ഇതിനെയാണ് ജോര്‍ജ് ജോസഫ് വേശ്യാവൃത്തി എന്ന് ആക്ഷേപിക്കുന്നത് സംബന്ധം എന്നാല്‍ വേശ്യാവൃത്തി അല്ലെന്നിരിക്കെ ഈറനുടുത്തുള്ള ക്ഷേത്രദര്‍ശനം വരുമാനം കൂട്ടുന്നതിനു വേണ്ടിയല്ലെന്ന് വ്യക്തമാണ്. ജോര്‍ജ് ജോസഫ് പ്രയോഗിക്കുന്ന രണ്ടാമത്തെ അടവ് ഉറവിടം കാണിക്കാത്ത സ്ഥിതിവിവരക്കണക്കുകള്‍ കൊണ്ട് ചെപ്പും പന്തും കളിക്കുകയാണ്. അതായത് ചിലര്‍ ഇങ്ങനെ പറയുന്നു, ഇങ്ങനെ തെളിഞ്ഞിരിക്കുന്നു ,,, എങ്ങനെ എന്നു മാത്രം എവിടെയും ഉണ്ടാവില്ല. ഒരു വേശ്യാലയത്തിലെ സന്ദര്‍ശകര്‍പല തരത്തിലുള്ളവരാകും‍. അവര്‍ പല ശല്യങ്ങളും ഉണ്ടാക്കിയേക്കാം. വീടുകളില്‍ ആണ് ഇത്തരം ഏര്‍പ്പാടെങ്കില്‍ വീട്ടുകാര്‍ക്ക് അതൊരു ബുദ്ധിമുട്ടാവാന്‍ പാടില്ല. ഈ ചിത്രം മനസ്സില്‍ സൂക്ഷിച്ച് തന്റെ മുന്‍വിധികളോടെ നായര്‍ വീടുകളെ വേശ്യാലയങ്ങള്‍ ആക്കാന്‍ മൂപ്പര്‍ നടത്തുന്ന ചില കളികള്‍ നോക്കുക നായന്വീടുകള്ക്കും പ്രത്യേകതയുണ്ടായിരിക്കും. പെണ്ണുങ്ങളുടെ മുറികള്ക്ക്, പുറത്തേക്കു വാതില് ഉണ്ടായിരിക്കും. രാത്രി ഓരോരുത്തര്വന്നു കയറുന്നത് മറ്റുള്ളവര്ക്ക് ശല്യമാകരുതല്ലോ. ഏതു പ്രദേശത്ത് ഏതു കാലത്ത് ആണ് ഇത്തരം നായര്‍ വീടുകള്‍ നിലനിന്നിരുന്നത് എന്ന് മാത്രം മൂപ്പര്‍ മിണ്ടുന്നില്ല. തെക്കെ മലബാ‍റിലെ കാര്യമാണെങ്കില്‍ പടിഞ്ഞാറ്റ, തളം അകം എന്നീ ഭാഗങ്ങളില്‍ ആണ് സ്ത്രീകള്‍ അന്തിയുറങ്ങുക. ഇവയില്‍ ഒന്നിനു പോലും പുറത്തേയ്ക്ക് വാതിലുകള്‍ വെയ്ക്കാന്‍ തച്ചുശാസ്ത്രക്കണക്കുകള്‍ അനുവദിക്കുന്നില്ല . ഇന്നും തച്ചുശാസ്ത്രക്കണക്ക് മറികടക്കാന്‍ ധൈര്യം കാണിക്കുന്നവര്‍ കുറവാണെന്നിരിക്കെ അന്നത്തെ കാര്യം പറയാനുണ്ടോ വന്നു കയറുന്നവര്‍ ശല്യക്കാരാണ് എന്ന് കാണിക്കാനാണ് മൂപ്പര്‍ പടിഞ്ഞാറ്റയില്‍ നിന്നും ഒരു വാതില്‍ പുറത്തേയ്ക്ക് കൊടുത്തത്. വാസ്തവത്തില്‍ തെക്കെ മലബാറിലെങ്ങും അങ്ങനത്തെ വാതിലുമില്ല അതില്‍ കൂടി കയറുന്ന ശല്യക്കാരുമില്ല. സ്വന്തം മക്കളുടെ ഭര്‍താക്കന്മാര്‍ വീട്ടിലേയ്ക്ക് വരുന്നത് ഒരു വീട്ടുകാരും ശല്യമായി കണക്കാക്കില്ലെന്ന് നമുക്കറിയാം. അപ്പോള്‍ വരുന്നവര്‍ ശല്യക്കാരാണെന്ന് വരുത്തിതീര്‍ക്കുന്നത് ജോര്‍ജ് ജോസഫിന്റെ തെളിവുണ്ടാക്കല്‍ പരിപാടിയൂടെ ഭാഗമാണ്.ഈ അവസ്ഥ ഉണ്ടാക്കി മൂപ്പര്‍ അപമാനിക്കുന്നത് നായന്മാരെ മാത്രമല്ല മുസ്ലീങ്ങളെകൂടിയാണ്. കോഴിക്കോട്ടെ മുസ്ലിം വീടുകളില്‍ പോലും പലയിടത്തും പുയ്യാപ്ല പെണ്ണിന്റെ വീട്ടിലെ അറയിലാണ് രാപ്പാര്‍ക്കുക എന്ന് നമ്മള്‍ മനസ്സിലാക്കണം.അപ്പോള്‍ ആ മുസ്ലിം വീടുകളെ എന്തു വിളിക്കും ചുരുക്കത്തില്‍ നായര്‍ സ്ത്രീയെ വേശ്യയാക്കി മുദ്രകുത്താനുള്ള ഒരു കപടതന്ത്രത്തിനു കടന്നു വരാനുള്ള വാതിലാണ് ജോര്‍ജ് ജോസഫ് സ്വന്തം കയ്യാല്‍ പണിതത്. . വീടു വൃത്തിയോടെ സൂക്ഷിക്കുക എന്ന പ്രാഥമികമായ ഗൃഹപരിപാലനം വേശ്യക്ക് മാത്രം ഉള്ളതാണെന്ന് കരുതുന്നവന്‍ സ്വന്തം വീട് വൃത്തിയോടെ സൂക്ഷിക്കുന്നോ എന്ന് ആലോചിക്കുകയേ വേണ്ട. സ്വന്തം ബ്ലോഗു പോലേ സ്വന്തം വീടുംചീഞ്ഞുനാറുന്നതില്‍ മൂപ്പര്‍ അഭിമാനിക്കുന്നുണ്ടാവാം. അതിലെനിക്ക് ഒരു വിരോധവും ഇല്ല . മനുഷ്യന്‍ തന്റെ സന്തതി പരമ്പരകള്‍ നിലനിര്‍തുന്ന ലൈംഗീകബന്ധം വേശ്യാപ്പണിയുടെ സ്കെയില്‍ വെച്ച് മാത്രം അളക്കുന്നയാളോട് എനിക്ക് ഒരു അനുഭാവവും ഇല്ല

Wednesday, January 20, 2010

ദൈവം മരിച്ചു ?

ദൈവം ഇടയ്ക്കെപ്പോഴോ മരിച്ചു പോയി
അതുകൊണ്ടാണ് ഭൂമിയില്‍ വരാന്‍ ഇനി പ്രവാചകന്‍ ഇല്ലന്നു പറയുന്നത് .                          

Sunday, January 17, 2010

ചോഴികെട്ടുന്നവര്‍

തിരുവാതിരയുടെ തലേന്ന് നേരമിരുട്ടാന്‍ തുടങ്ങുമ്പോള്‍ തന്നെ ചോഴിയും മക്കളും കെട്ടുന്നതിനുള്ള ഒരുക്കത്തോടെ ഞങ്ങള്‍ വീട്ടില്‍ നിന്നും പുറത്തേയ്കിറങ്ങും .റോഡു മുറിച്ചുകടന്നാല്‍ നേരെ മുന്നില്‍ കോട്ടക്കുന്നാണ്. കുന്നിന്മുകളിലെ പഴയ അമ്പലത്തിന്റെ പിന്നില്‍ വച്ചോ ഞാവലിന്റെയും അക്കേഷ്യയുടെയും ഇടയില്‍ വെച്ചോ ആണ് സാധാരണ വേഷം കെട്ടല്‍.മേലാകെ വാഴന്‍ ചപ്പില വെച്ചുകെട്ടി കഴുങ്ങിന്‍ പാളയില്‍ മുറിച്ചെടുത്ത മുഖം മൂടിയും ഇട്ടാല്‍ ഞങ്ങള്‍ തയ്യാറായി. കരടിയായിരുന്നു ഞങ്ങളുടെ സംഘത്തിന്റെ തലവന്‍. രാത്രിയുടെ ഏതിരുട്ടിലും തെറ്റാത്തവിധം നാട്ടിലെ ഊടുവഴികളൊക്കെ മന:പാഠമായിരുന്നു അവന് ..മുതിര്‍ന്ന പിള്ളേര്‍ക്കൊപ്പം കുറേകാലമായി ചൊഴികെട്ടിനടന്ന മുന്‍പരിചയവും കരടിക്ക് ഉണ്ടായിരുന്നു.

അത്തവണ അവരുടെ കൂട്ടത്തില്‍ എന്നെയും കൂടി ചേര്‍ക്കാന്‍ ഞാനവരെ നിര്‍ബന്ധിച്ചു. രാത്രി വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍  വീട്ടുകാര്‍ നിന്നെ സമ്മതിക്കുമോ എന്നതായിരുന്നു അവരുടെ മറുചോദ്യം. ഭേദപ്പെട്ട ഒരു നല്ല കുട്ടിയെന്ന നിലയില്‍ അച്ഛനറിയാതെ രാത്രി വീട്ടില്‍ നിന്നും  പുറത്തിറങ്ങുന്ന പ്രശ്നമേ ഉദിക്കുന്നില്ല. ഒന്നാന്തരമൊരു ചീത്ത കേള്‍ക്കും എന്ന ഉറപ്പോടെ ഞാന്‍ വീട്ടില്‍ കാര്യം അവതരിപ്പിച്ചു.വീട്ടില്‍ നിന്നും അത്രവേഗം സമ്മതം കിട്ടുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. പുസ്തകത്തിന്റെ മുകളില്‍ അടയിരിക്കുന്ന മകന്‍ പുറം ലോകം കാണട്ടെ എന്ന് അച്ഛന്‍ കരുതിയിരിക്കണം.


മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി അന്നെനിക്കൊരു കോമാളിയുടെ പ്ലാസ്റ്റിക് മുഖം മൂടി ഉണ്ടായിരുന്നു. ഞാന്‍ വളരെ അഹങ്കാരത്തോടെ കൊണ്ടുചെന്ന ആ മുഖം മൂടി ഇടാന്‍ കരടി എന്നെ അനുവദിച്ചില്ല. ഞാന്‍ മറ്റുള്ളവരേക്കാ‍ള്‍ മിടുക്കനാവാന്‍ നോക്കുന്നതല്ല പ്രശ്നം, മറിച്ച് എന്റേതെന്ന് പലര്‍ക്കും അറിയുന്ന ആ മുഖം മൂടി ഇട്ട് വീടുകളില്‍ ചെന്നാല്‍ ഞങ്ങളെ തിരിച്ചറിയാന്‍ വഴി കൂടുതലാണ്. ബ്ലോഗര്‍മാര്‍ക്ക് മാത്രമല്ല  അനോണിത്വം വളരെ പ്രധാനമായത് .  

കോട്ടക്കുന്നിന്റെ  മുകളില്‍ നിന്നും ഞങ്ങളാറുപേരും ആര്‍പ്പുവിളിയോടെ ഇറങ്ങാന്‍ തുടങ്ങി. കരടി, പ്രകാശന്‍, വിജു, ശരവണന്‍, മുത്തു പിന്നെ ഈ ഞാനും.പോവുന്ന വഴി എന്നെ അത്ഭുതപ്പെടുത്തി പണപ്പെട്ടി എന്റെ കയ്യില്‍ വെയ്ക്കാന്‍ പറഞ്ഞു കരടി. കാണുമ്പോള്‍ ഒരു തൊണ്ട് പോലെ തോന്നിക്കുന്ന മട്ടില്‍ ഒരു പ്ലാസ്റ്റിക് ഡബ്ബയുടെ അടപ്പ് തുളച്ച് ഒരുക്കിയതായിരുന്നു അത്. തകരപ്പാട്ടയുടെ മോളില്‍ നല്ല ചെണ്ടക്കോലുകോണ്ട്   ശരവണന്‍ വൈകുന്നേരം പതിവില്ലാതെ തൊഴാന്‍ പോയത് ഇതിനാണല്ലേ എന്ന് ഞാന്‍ അതിശയിച്ചു. ആഞ്ഞടിച്ച് ഒച്ചയും ബഹളവുമുണ്ടാക്കി ഞങ്ങള്‍ ആദ്യത്തെ വീട്ടിലേയ്ക്ക് ചെന്നു.

തിരുവാതിരയുടെ തലേന്നുള്ള ഈ ആര്‍പ്പും ബഹളവും നേരിടാന്‍ വീട്ടുകാര്‍ നാണയത്തുട്ടുകളും കൊണ്ട് തയ്യാറായിരുന്നു.ആര്‍പ്പും കൊട്ടും അല്പനേരം പിന്നിട്ടപ്പോള്‍ ഞാന്‍ തൊണ്ട് വീട്ടുകാരുടെ മുന്നിലേയ്ക്ക് നീട്ടി. നാണയം തൊണ്ടിനുള്ളിലേയ്ക്ക് വീഴുന്ന മനം കുളിര്‍ക്കുന്ന ഒച്ച ഞങ്ങള്‍ കേട്ടു. ആര്‍പ്പു വിളിച്ച് മടങ്ങിയ സംഘം വഴിയിലെ ഇരുട്ടില്‍ എത്തിയപ്പോള്‍ പെട്ടെന്ന് നിശബ്ദരായി. കരടി എന്റെ കയ്യില്‍ നിന്നും തോണ്ട് വാങ്ങി തുറന്നു. രണ്ട് രൂപ കണ്ടു തൃപ്തിയില്‍ കുഴപ്പമില്ലെന്ന് പറഞ്ഞ് ആ നാണയങ്ങള്‍ സ്വന്തം കയ്യിലെ മറ്റൊരു തൊണ്ടിലേയ്ക്ക് മൂപ്പര്‍ മാറ്റി. എളുപ്പം തുറക്കാന്‍ പറ്റാത്ത മട്ടില്‍ ഒരു ചരട് കൊണ്ട് വരിഞ്ഞു കെട്ടിയിരുന്നു അത്. ഓരോ വീട്ടില്‍ നിന്നും കിട്ടിയ നാണയവും ഇങ്ങനെ ഇരുട്ടിന്റെ മറവില്‍ പരിശോധിക്കുകയും വിലയിരുത്തലിന്റെ അകമ്പടിയോടെ രണ്ടാമത്തെ പണപ്പെട്ടിയിലേയ്ക് മാറ്റുകയും ചെയ്തു.തൊണ്ടിലേയ്ക്കല്ലേ , ആരുമറിയില്ലല്ലോ എന്ന ധൈര്യത്തില്‍ ചില്ലറത്തുട്ടുകളിട്ട വീട്ടുകാരെ താഴ്ന്ന ശബ്ദത്തില്‍ ചീത്ത വിളിച്ച് ഞങ്ങള്‍ നടന്നു.

തൊട്ടടുത്ത് നിരനിരയായി കിടക്കുന്ന കമ്പനി ക്വാര്‍ടേഴ്സുകളിലേക്ക്  കേറിച്ചെല്ലുന്നതായിരുന്നു ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടം,അധികം നടക്കാതെ തന്നെ പണപ്പെട്ടിയില്‍ കനമുള്ള നാണയത്തുട്ടുകള്‍ നിറയും എന്നത് മാത്രമല്ല കാര്യം. ആ നാണയത്തുട്ടുകള്‍ തരുന്ന വിരലുകള്‍ ശില്പയുടെയോ തുഷാരയുടെയോ സിന്ധുവിന്റെയോ ജിബിതയുടെയോ ഒക്കെ ആവും. ഇങ്ങനെ കൂടുതല്‍ പണം കിട്ടുന്ന, ഇളന്നീരും പഴവും ഒക്കെ ഒരു ബോണസ്സായി കിട്ടുന്ന വീടുകളെ പറ്റി പലര്‍ക്കും പല ധാരണകളും ഉണ്ടാ‍യിരുന്നു. അമ്പത്തൊടി അത്തരമൊരു വീടാണ്. എന്നാല്‍ പ്രതീക്ഷയോടെ എത്തുമ്പോള്‍ അവര്‍ വീടും പൂട്ടി യാത്രപോയിരിക്കുകയാണ് എന്നറിഞ്ഞ് ആകെ നിരാശരായി ഞങ്ങള്‍ മടങ്ങിയിട്ടും ഉണ്ട്.
 

ചോഴികെട്ടുന്നവരുടെ ജീവിതത്തിലെ  ആ രാത്രി സ്വാതന്ത്ര്യത്തിന്റെ  മാത്രമല്ല , അരക്ഷിതതയുടെ കൂടിയായിരുന്നു. വഴിയില്‍ മുതിര്‍ന്ന ചോഴിച്ചെക്കന്മാരെ കാണുമ്പോള്‍ ഇരുട്ടിലേയ്ക്ക് മാറി പതുങ്ങി നില്‍ക്കുകയാവും നല്ലത്. മുന്‍പേ പോയ സംഘം തെങ്ങിന്‍ തോട്ടത്തില്‍ കയറി ഇളന്നീരിട്ട് കുടിച്ചതിന് അടി കൊള്ളേണ്ടത് പിന്നാലെ വരുന്നവരാവും. മുഖം മൂടിയുടെ മറവില്‍ ആത്യാവശ്യം മോഷണവും ദേഹോപദ്രവവും പിടിച്ചുപറിയും അല്പം കുണ്ടന്‍ പണിയും ഒക്കെ ആ രാത്രി പ്രതീക്ഷിക്കണമായിരുന്നു. എന്നാല്‍ ഈ അപകടം പുറമേ നിന്നും ഇറക്കുമതി ചെയ്യേണ്ട ആവശ്യമൊന്നും ഉണ്ടായിരുന്നും ഇല്ല. സംഘത്തില്‍ തന്നെ ചിലര്‍ക്ക് ചോഴികെട്ടലിനേക്കാള്‍ താല്പര്യം കുണ്ടന്‍ കെട്ടലില്‍ ആയിരുന്നു. പരമാവധി വാഴച്ചപ്പില  ദേഹത്ത് വെച്ച് കെട്ടുന്നത് കൊണ്ടുള്ള ചില ഗുണങ്ങള്‍ ആദ്യ യാത്രയില്‍ തന്നെ ഞാന്‍ മനസ്സിലാക്കി. നിങ്ങള്‍ക്ക് പരാതിപ്പെടാന്‍ അച്ഛനോ ഹെഡ് മാഷോ അടുത്തൊന്നും ഇല്ലെന്നിരിക്കെ, കൂരിരുട്ടില്‍ അറിയാത്ത വഴികളില്‍ ഒരൊറ്റ ഓട്ടത്തിന് വീടെത്താന്‍ പറ്റില്ലെന്ന് അറിയുന്നതിനാല്‍ അല്പം തഞ്ചത്തില്‍ നില്‍ക്കുകയായിരിക്കും ആരോഗ്യത്തിന് നല്ലത്..

പ്രധാനസ്ഥലങ്ങളിലൊക്കെ പോയെന്ന് വരുമ്പോള്‍ , ഓരോരുത്തനും മുപ്പതോ നാല്പതോ രൂപ കിട്ടുമെന്ന് തോന്നിയാല്‍ ഞങ്ങള്‍ പരിപാടി മെല്ലെ നിര്‍ത്തും. കാലടി എല്‍ പി സ്കൂള്‍ മതിലോ വാതിലോ ഇല്ലാതെ മലര്‍ക്കെ തുറന്ന് കിടക്കുമ്പോള്‍ വീതം വെയ്ക്കാന്‍ വേറൊരു സ്ഥലം തേടേണ്ട ആവശ്യമേയില്ല. പണം വിലപ്പെട്ട വസ്തുവായിരുന്നു. മിക്കവാറും തൊട്ടടുത്ത് വരുന്ന കല്യാണിക്കാവ് പൂരത്തിന് ചെലവാക്കാന്‍ വേണ്ടിയുള്ളവ.  ഒരിക്കല്‍ പൂരത്തിന്റെ രാത്രിയും ചോഴികളുടെ രാത്രിയും ഒന്നിച്ച് വന്നു. വന്നപോലെ ശൂന്യമായ പോക്കറ്റുമായി പുലര്‍ച്ചെ എല്ലാവരും വീട്ടിലേയ്ക് മടങ്ങി !

ഒരിക്കല്‍ പാതിര കഴിഞ്ഞ നേരത്ത് ഞങ്ങള്‍ പുതുതായി പാലുകാച്ചിയ ഒരു വീട്ടിലേയ്ക്ക് കയറിച്ചെന്നു. കുറെ അധികം നേരം ഞങ്ങള്‍ ആര്‍ത്തിട്ടും കൊട്ടിയിട്ടും ഫലമൊന്നും ഉണ്ടായില്ല.വാശി കൂടിയ ഞങ്ങള്‍ തകരപ്പാട്ട തകരും വിധം കൊട്ടാനും തൊണ്ട പൊട്ടും മട്ട് ആര്‍ക്കാനും തുടങ്ങി, അങ്ങനത്തെ ബഹളത്തില്‍ ചുറ്റുവട്ടത്ത് ആര്‍ക്കും ഉറങ്ങാനേ പറ്റുമായിരുന്നില്ല.
വാതില്‍ രൂക്ഷമായിതുറന്ന് ഗര്‍ജിച്ചുകൊണ്ട്
അമല്‍ മാഷ് പുറത്ത് വന്നു


എന്ത് തോന്നിവാസമാണിത് ? ആള്‍ക്കാരെ ഉറങ്ങാന്‍ സമ്മതിക്കില്ലേ നിങ്ങളൊന്നും ?

മൂപ്പര്‍ ഭയാനകമായി അലറി.
  
നിര്‍ത്ത് ഇതൊക്കെ” 
ഞങ്ങള്‍ മെല്ലെ കൊട്ടും ബഹളവും നിര്‍ത്തി.

ആരാ നിങ്ങളൊക്കെ ? ആ മുഖം മൂടി ഒക്കെ മാറ്റിയേ
മൂപ്പര്‍ ആജ്ഞാപിച്ചു.

ഞങ്ങള്‍ മെല്ലെ മുഖം മൂടികള്‍ മാറ്റി . 

(എല്ലാ അനോണിത്വവും   അധികാരത്തിനു മുന്നില്‍ തകരും !) 

ഞങ്ങളുടെ മുഖങ്ങള്‍ ഏറെ നേരം നോക്കി ഓരോരുത്തരെയും മനസ്സിലാക്കിയ ശേഷം
വീണ്ടും ചോദ്യം
എന്താ ഇതിന്റെ ഒക്കെ അര്‍ഥം ? 
രാത്രി ഇങ്ങനെ ബഹളമുണ്ടാക്കുന്നതിന്റെ കാര്യമെന്താ  ?

ശരവണന്‍ മെല്ലെ പറഞ്ഞു 
തിരുവാതിരയുടെ തലേന്ന് ആരും ഉറങ്ങാന്‍ പാടില്ല..
അതൊക്കെ വെറും അന്ധവിശ്വാസമാണ്.”

ശരവണനെ മുഴുമിക്കാന്‍ മാഷ് അനുവദിച്ചില്ല .
മനുഷ്യരെ മേലാല്‍ ഇതു പറഞ്ഞ് ബുദ്ധിമുട്ടിക്കരുത് ”

അല്പം കൂടി ഞങ്ങളെ ഉപദേശിച്ച ശേഷം മൂപ്പര്‍ ഭാര്യയെ നോക്കി പുരികം വെട്ടിച്ചു. ടീച്ചര്‍ കൊണ്ടുവന്ന അഞ്ചുരൂപാ നോട്ട് ഞങ്ങളുടെ തൊണ്ടിലേയ്ക്ക് ഇട്ടു.അങ്ങനെ ആദ്യമായി എന്റെ സ്വന്തം കണ്ണുകള്‍ കൊണ്ട് ഒരു യുക്തിവാദിയെ ഞാന്‍ ജീവനോടെ കണ്ടു.

Sunday, January 3, 2010

തീട്ടത്തിന്റെ സൌരഭ്യം !

ഏതാണ് പുതിയ ചിത്രം വരച്ചത് ?
വിരുന്നുകാരില്‍ ഒന്നാമന്‍ ചിത്രകാരനോട് ചോദിച്ചു

മറ്റു രണ്ടുപേരും ചുറ്റിനുമുള്ള ചിത്രങ്ങള്‍ നോക്കിക്കാണുകയായിരുന്നു. ചുമരിലെ ചിത്രങ്ങള്‍ അവര്‍ക്ക് പുതുമയായിരുന്നു.
വേനലിന്റെ മഞ്ഞ, ജീവന്റെ പച്ച അങ്ങനെ പലനിറങ്ങള്‍.

മരങ്ങള്‍,
വള്ളികള്‍,
പാമ്പുകള്‍
എന്തൊക്കെ തരം ചിത്രങ്ങള്‍!

അവര്‍ക്കിതൊര്‍ക്കെ പുതുമയാണ്.

ഒന്നാമന്റെ നിര്‍ബന്ധം കൊണ്ടായിരുന്നു അവര്‍ ചിത്രകാരന്റെ വീട്ടിലേയ്ക്ക് വന്നത്. മിക്ക സമയത്തും ഒറ്റയ്ക്കായിരുന്നു അയാള്‍ . വിരളമായി മാത്രം കൂട്ടുകാരോടൊപ്പം ചേര്‍ന്ന അയാളുടെ പരിചയത്തില്‍ പെട്ട ചുരുക്കം ചിലരില്‍ പെട്ട ഒരാളായിരുന്നു ഒന്നാമന്‍.

അയാള്‍ ശ്രദ്ധയോടെ ഒരു കാന്‍വാസ് ഒന്നാമന്റെ നേര്‍ക്ക് നീട്ടി. രണ്ടാമനും മൂന്നാമനും ഏന്തിവലിഞ്ഞ് അതിലേയ്ക്ക് നോക്കി. അതൊരാള്‍ തൂറാനിരിക്കുന്ന ചിത്രമായിരുന്നു. പുല്ലു വളര്‍ന്നുനില്‍ക്കുന്ന കുഴിയുടെ ഇരുവശത്തും കാലുകള്‍ വെച്ച് കുന്തിച്ചിരുന്ന് മുക്കുകയായിരുന്നു ഒരു കറമ്പന്‍. തീട്ടം ആ കുഴിയില്‍ നിറഞ്ഞു തുടങ്ങിയിരുന്നു.
രണ്ടാമനും മൂന്നാമനും പരസ്പരം നോക്കി.

പുറത്തിറങ്ങി ഒന്ന് കാര്‍ക്കിച്ച് തുപ്പുകയാണ് ആദ്യത്തെ ആവശ്യം . അവര്‍ തീരുമാനിച്ചു. പക്ഷെ ഇയാള്‍ക്കെന്തെങ്കിലും തോന്നിയാലോ. വീട്ടിലേയ്ക്ക് വരുകയും ചെയ്തു. അവരാകെ ഗതികെട്ടു.

എന്നാല്‍ ഒന്നാമന്‍ ആ ചിത്രത്തില്‍ നിന്നും കണ്ണെടൂത്തില്ല. ഓനും ഒന്റെയൊരു ചിത്രകലയും, പന്നി .... മറ്റു രണ്ടുപേരും പിറുപിറുത്തു.

ഇത് നന്നായിട്ടുണ്ട്. ഒന്നാമന്‍ പറഞ്ഞു.
സൌന്ദര്യം മാത്രമല്ല, വൈരൂപ്യവും കലയാണ്..
ഇതാ ഓറഞ്ച് നിറത്തില്‍ ജീവനുള്ള മണ്ണ്
തളിര്‍പച്ച നിറത്തില്‍ തെഴുത്ത് നില്‍ക്കുന്ന പുല്‍പ്പടര്‍പ്പുകള്‍
വെളുത്ത പശ്ചാത്തലം.
ആ പശ്ചാത്തലത്തില്‍ കുന്തിച്ചിരിക്കുന്ന കറുത്തുമെലിഞ്ഞ ഒരു മനുഷ്യന്‍ ഇതാ ഈ കുഴിയില്‍ മഞ്ഞയുടെ മാസ്മരികതയില്‍ മലം
ആ മലമാണ്

ഇതിന്റെ ജീവന്‍ ശരിയാണ്,
ഒന്നാമന്റെ അഭിപ്രായത്തോട് ചിത്രകാരന്‍ യോജിച്ചു
ആ മലം വരയ്ക്കാനാണ് ഞാന്‍ ഏറ്റവുമധികം ബുദ്ധിമുട്ടിയത്.

ഞാനൊന്നു മൂത്രമൊഴിച്ചിട്ട് വരാം , രണ്ടാമന്‍ പറഞ്ഞു.

ദാ അവിടെയാണ് ബാത്റൂം

ചിത്രകാരന്‍ ചൂണ്ടിക്കാട്ടിയ സ്ഥലത്തേയ്ക്ക് അവന്‍ രക്ഷപ്പെട്ടു.

പക്ഷേ എനിക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ടത് ഇതാണ്,
കരിമ്പനായ ഈ കുട്ടിച്ചാത്തന്റെ മലദ്വാരത്തിനു ചുറ്റും നിങ്ങള്‍ കൊടുത്ത നാലുമണിപ്പൂവിന്റെ നിറം.അയാളുടെ ഏറ്റവും സുന്ദരമായ അവയവം അതാണ്. ഈ കുമിഞ്ഞുകൂടിക്കിടക്കുന്ന മലം , ഈ ചന്തി ഇവയില്‍ നിന്നും മലത്തിന്റെ ഗന്ധം എന്നില്‍ പടരുന്നതായി എനിക്ക് തോന്നുന്നു.

ഒന്നാമന്‍ പറഞ്ഞു നിറുത്തിയപ്പോള്‍ മൂന്നാമന്‍ നിസ്സഹായതയോടെ ചുറ്റും നോക്കി. പെട്ടെന്ന് അയാള്‍ക്കും തോന്നി ആ ഗന്ധം തന്നെ വലയം ചെയ്യുന്നു എന്ന്

വെറുതെ പറഞ്ഞതല്ല.ശരിയ്ക്കും എനിക്കത് തോന്നുന്നു.
ഒന്നാമന്‍ ആവര്‍ത്തിച്ചു..

തോന്നുന്നതല്ല, ശരിയാണ്.
ചിത്രകാരന്‍ അതത്ര വലിയകാര്യമല്ലെന്ന മട്ടില്‍ പറഞ്ഞുതുടങ്ങി. കക്കൂസിന്റെ പൈപിന് ചില പ്രശ്നങ്ങള്‍ ഉണ്ട്. ഇടയ്ക്ക് വല്ലാതെ നാറ്റം തോന്നുന്നു. ആ നാറ്റം സഹിക്കാന്‍ വയ്യാതെ ഒരു ദിവസം ഇരിക്കുമ്പോഴാണ് ഈ ചിത്രം ഞാന്‍ വരച്ചത്. നമുക്ക് പുറത്തേയ്ക്കിറങ്ങാം. അതാ‍ണ് നല്ലത്