Saturday, May 12, 2012

ചിത്രം വരയ്കുന്നവര്‍


പടര്‍ന്നുപൊന്തിയ കടലാസില്‍ 
ഒരിടത്തൊരച്ചനും  മകനും കൂടി 
ഒരു മാവുവരച്ചു. 


മാവിന്റെ ഇങ്ങേക്കൊമ്പില്‍ 
കൂടുകാക്കുന്ന ഒരു കാക്ക


മാവിന്റെ അങ്ങേക്കൊമ്പില്‍ 
പാട്ടുപാടുന്ന ഒരു കുയില്‍ 


ഹായ് ഹായ് ഹായ്...
കാക്കയെ നോക്കി കുട്ടി തുള്ളിച്ചാടി. 


കൂയ് കൂയ് കൂയ്...
പാട്ടുകേട്ട് അവന്‍ കൂക്കിവിളിച്ചു.  


ദേഷ്യം പിടിച്ച കാക്ക 
ചിത്രത്തില്‍ നിന്നിറങ്ങി 
കുട്ടിയെ കൊത്താന്‍ വന്നു 


അതു കണ്ട് 
അച്ചന്‍ കാക്കയെ എറിഞ്ഞോടിച്ചു.


പേടിച്ചുപോയ കുയില്‍ 
വേഗം അപ്പുറത്തെ പറമ്പിലേയ്ക്ക് പാറിപ്പോയി.


കുയിലിന്റെ പിന്നാലെ കുട്ടി.. 
കുട്ടിയുടെ പിന്നാലെ അച്ചന്‍.. 


ചിത്രത്തിലിപ്പോള്‍ മാവു മാത്രം ...  


പടര്‍ന്നുനിക്കുന്ന ആ മാവിന്റെ ചോട്ടിലിരുന്ന് 
രണ്ടു കുണ്ടന്മാര്‍ ചിത്രം വരയ്ക്കാന്‍ തുടങ്ങി.


മാവിന്റെ  ഇങ്ങേ വശത്ത്
പൊന്നണിഞ്ഞൊരു പെണ്ണ്‌ !!


മാവിന്റെ അങ്ങേ വശത്ത്
പമ്മിനിക്കുന്നൊരു കള്ളന്‍ !!


 

6 comments:

  1. നന്നായിട്ടുണ്ട്. ഇനിയും എഴുതുക. നല്ല ചിന്തകള്‍ വളരട്ടെ...

    ReplyDelete
    Replies
    1. നന്ദി നജീം. വീണ്ടും വന്നു വായിക്കുക ..

      Delete
  2. മനോഹരം....നന്നായിട്ടുണ്ട്..:)

    ReplyDelete
  3. Replies
    1. ചിത്രകാരന്‍ മാഷെ, വായനയ്ക്ക് നന്ദി. ചിത്രം കടലാസികാക്കാന്‍ ശ്രമിക്കുകയാണ്.

      Delete