Sunday, April 24, 2011

പഴനി : മലമുകളില്‍ ഒരു അമ്പലം

അങ്ങനെ പതിനാറാമതോ ഇരുപത്തിമൂന്നാമതോ മുപ്പത്തിഒന്നാമതോ വട്ടം വീണ്ടൂം ഞാന്‍ പഴനിയിലേയ്ക്ക് പോയി. കിടുങ്ങാസും അര്‍ധാംഗിനിയുമാണ് ഇത്തവണ എന്റെ സഹയാത്രികര്‍. അതുകൊണ്ട് തന്നെ ബാഗിന്റെ കനം വല്ലാതെ കൂടിയോ എന്നൊരു സംശയം വീട്ടില്‍ നിന്നെറങ്ങുമ്പോഴേ തോന്നിയിരുന്നു. പാലക്കാട്ട് നിന്നും പഴനിയിലേയ്ക്കുള്ള കുഞ്ഞിപ്പാളം വല്‍പ്പാളം ആക്കുന്നതിനുള്ള പണി ഇതുവരെ തീര്‍ന്നിട്ടില്ല. അതുകാരണം ഇത്തവണ ബസ്സിലാണ് യാത്ര. രാവിലെ ഏഴുവെളുപ്പിന് തന്നെ അങ്ങാടിയിലെത്തിയതിന് ഗുണം കിട്ടി. പാലക്കാട്ടേക്ക് ധൃതിപിടിച്ച് പോവുന്ന ഒരു ആന ഞങ്ങളെക്കണ്ട് നിര്‍ത്തിത്തന്നു. പോവുന്നവഴിയിലൊരിടത്ത് ഭയങ്കര തിരക്കും ബഹളവും ആള്‍ക്കൂട്ടവും. നോക്കിയപ്പോള്‍ ബലൂണും പീപ്പിളിയും കച്ചവടം ചെയ്യുന്നവരെ കാണുന്നുണ്ട്. "ഏതോ പൂരമാണ് ". ഞാന്‍ അലസമായി  കെട്ടിയവളോട് പറഞ്ഞു. സീറ്റിലെ മൂന്നാമന്‍ അന്നാട്ടുകാരന്‍ എന്നെ തിരിഞ്ഞൊരു നോട്ടം നോക്കി. ഞാന്‍ ദഹിച്ചുപോയില്ലെന്നേയുള്ളൂ . ഒന്നുകൂടി ഏന്തിവലിഞ്ഞ് പുറത്തേക്ക് തലയിട്ടുനോക്കി. ഒരു വലിയ മൈതാനത്തിന്റെ രണ്ട് പുറവും നിരനിരയായി വിശ്രമിക്കുന്ന കെട്ടുകുതിരകള്‍. അപ്പൊ ഇതാണ്‌ ചിനക്കത്തൂര്‍ പൂരം !. ഇന്നലെയാണ് പൂരം. അതിന്റെ കെട്ടുമാറത്ത അവസ്ഥയാണ് ഇക്കാണുന്നത്. അപ്പൊ പൂരത്തിന്റെ സ്ഥിതി എന്താവും !


പാലക്കാട്ടെ കെ.എസ്.ആര്‍ .ടി.സി സ്റ്റാന്റില്‍ പഴനിയിലേയ്കുള്ള ബസ്സും കാത്ത് ഒരുമണിക്കൂറിലധികം തൂങ്ങിപ്പിടിച്ചിരിക്കേണ്ടിവരുമെന്ന് തോന്നി. പെട്ടെന്ന് പൊള്ളാച്ചിയിലേയ്ക്കുള്ള ഒരു ബസ് വന്നപ്പോള്‍ അതില്‍ ചാടിപ്പിടിച്ച് കയറി. ഒരു ഇന്റര്‍ സ്റ്റേറ്റ് ബസ്സിന് ഇത്ര മെല്ലെ പോവാമെന്ന് ഞാന്‍ കരുതിയതേയില്ല. മൂന്നുമണിക്കൂറോളം എടുത്തു ആ ജന്തു പൊള്ളാച്ചിയിലെത്താന്‍. വീണ്ടും അടുത്ത മാറിക്കയറലിനുള്ള നേരമായിരിക്കുന്നു. ഒരിക്കലും എന്നെ തൃപ്തിപ്പെടുത്തുന്നതല്ല ഈ ഒരു ബസ് യാത്ര. വീഡിയോ കോച്ചുകളാണ് ഇവിടങ്ങളിലെ മിക്ക ബസ്സുകളും. കാറ്റാടിയന്ത്രങ്ങള്‍ വിളഞ്ഞുനില്‍ക്കുന്ന പാടങ്ങളിലൂടെയാണ് യാത്ര . ജീവനില്ലാത്ത യാത്ര. ബസ്സുകളില്‍ പോവുമ്പോള്‍ വായുവില്‍ അപരിഷ്കൃതമായി ചാടിക്കൊണ്ടിരിക്കുന്നതു പോലെയും തീവണ്ടിയാത്ര ചെയ്യുമ്പോള്‍ ഞാന്‍ ഒരു സുന്ദരമായ കാര്യം ചെയ്യുന്ന പോലെയും  തോന്നുന്നു എന്ന് ജേ.ജേ പോലും പറഞ്ഞിട്ടുണ്ട്‌.
ചെറുപ്പത്തില്‍ അച്ഛന്റെയും അമ്മയുടെയുമൊപ്പം ഈ ദൂരം പിന്നിട്ടത് തീവണ്ടിയിലൂടെയായിരുന്നു. പാലക്കാട് നിന്നും ചൂളം വിളിച്ച് പുകതുപ്പിയോടുന്ന പണ്ടത്തെ മീറ്റര്‍ ഗേജ് തീവണ്ടികള്‍ പഴനി വരെയോ ദിണ്ടിഗല്‍ വരെയോ പോയെയ്ക്കും . അതില്‍ കയറിയിരിക്കുന്നവര്‍ ഒട്ടുമുക്കാലും വടക്കന്‍ കേരളത്തില്‍ നിന്നും പഴനിയിലേയ്ക്കുള്ള തീര്‍ഥാടകരാവും. പലപ്പൊഴും ആഴ്ചകള്‍ നീളുന്ന നോല്‍മ്പിനൊടുവില്‍ കാവിയുടുത്ത് കാവടിയെടുത്ത് കുടുംബസമേതം മലചവിട്ടാനൊരുങ്ങിയവര്‍. വഴിയിലെ സ്റ്റേഷനുകളില്‍ നിന്നും ചായയോ കാപ്പിയോ വടയോ സര്‍വത്തോ ഒക്കെ വാങ്ങിത്തിന്നുന്നത് കുട്ടികളെ (വലിയവരെയും!) സംബന്ധിച്ചിടത്തോളം തീര്‍ഥാടനത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു. അച്ഛനമ്മമാരാവട്ടെ അവരുടെ മടിശ്ശീല അനുവദിക്കുവോളം കുട്ടികളുടെ ആഗ്രഹം സാധിപ്പിക്കും. ഇടക്കിടക്ക് വലിയ കൊട്ടകളില്‍ കൊയ്യാപ്പളം (പേരക്ക) നിറച്ച് തമിഴത്തിപ്പെണ്ണുങ്ങള്‍ തീവണ്ടിയില്‍ കയറും. ചിലപ്പോള്‍ പേരക്കക്ക് പകരം പനനൊങ്കാവും അവരുടെ കുട്ടകളില്‍. കേരളത്തിന്റെ അതിരാണ് മുതലമട. അവിടെ എത്താറായാല്‍ എനിക്ക് കൂടുതല്‍ ആവേശമാണ്. അതല്‍പം വലിയ സ്റ്റേഷനാണ്. വലിയ അത്തിമരങ്ങളും പേരാലുകളും വരിവരിയായി നില്‍ക്കുന്നു. അവയ്ക്ക് ഇരുവശവുമാണ് രണ്ട് ലൈനുകള്‍. അവിടെ വെച്ചാവും മിക്കവാറും എതിര്‍ദിശയില്‍ നിന്നും വരുന്ന തീവണ്ടി കടന്നുപോവുക. മറ്റൊരു കല്‍ക്കരിവണ്ടി. അവയുടെ പിസ്റ്റണുകള്‍ ചലിക്കുന്ന കാഴ്ച. ഒരു ദിവസം ഞാന്‍ കണ്ടത് എതിരേ ചൂളം വിളിച്ച് വരുന്ന ഒരു മീറ്റര്‍ഗേജ് ഡീസല്‍ എഞ്ചിനാണ്. ഞാന്‍ ഏറെ അതിശയത്തോടെ ആ കാഴ്ച കണ്ടുനിന്നു. ഒരു കാലഘട്ടത്തിന്റെ അവസാനമായിരുന്നു ഞാന്‍ കണ്ട കാഴ്ച. അടുത്ത കൊല്ലം മുതല്‍ ഞാന്‍ കല്‍ക്കരിയെഞ്ചിനുകള്‍ ഓര്‍മയില്‍ പുനസൃഷ്ടിച്ചു കൊണ്ടിരുന്നു.
ഇപ്പോള്‍ എന്റെ കുഞ്ഞുമൊത്തുള്ള ഈ യാത്രയില്‍ ഞാന്‍ തീവണ്ടികള്‍ കാണില്ല. വേഗം കുറഞ്ഞ് തീവണ്ടികളോടുന്ന മീറ്റര്‍ ഗേജ് പാളങ്ങളും അപ്രത്യക്ഷമായിത്തീര്‍ന്നിരിക്കുന്നു. 
പഴനി റെയില്‍വേ സ്റ്റേഷന്‍ അമ്പലത്തില്‍ നിന്നും മൂന്നോ നാലോ കിലോമീറ്റര്‍ അകലെയാണ്. തീവണ്ടിയില്‍ വരുമ്പോള്‍ പുഷ്പത്തൂര്‍ കഴിഞ്ഞ് അല്‍പനേരം കഴിയുമ്പോള്‍ത്തന്നെ ദൂരെ നിന്നും ഇരട്ടമലകള്‍ കാണാന്‍ കഴിയും. അവയില്‍ ഉയരം കൂടിയതാണ് മുരുകനിരിക്കുന്ന മല. യാത്രികരെ കാത്ത് ഇവിടെ കുതിരവണ്ടികള്‍ ഏറെയുണ്ടാവും. കുതിരവണ്ടിയില്‍ നാലോ അഞ്ചോ ആള്‍ക്ക് വരെ കയറാം. ഒറ്റക്കുതിര വലിക്കുന്ന വണ്ടികളാണവ. ഇപ്പോള്‍ പഴനിയില്‍ മാത്രമാണ് കുതിരവണ്ടി അവശേഷിച്ചിരിക്കുന്നത് എന്നാണ് വണ്ടിക്കാരുടെ അവകാശവാദം. വണ്ടിയുടെ അടിയില്‍ കെട്ടിയ വലയിലാണ് കുതിരയ്ക്കുള്ള തീറ്റപ്പുല്ല് സൂക്ഷിച്ചിരിക്കുന്നത്. മൂക്കൊട്ട കെട്ടിയവയാണ് ചില കുതിരകള്‍.  ഓട്ടോ റിക്ഷകളും ഇവിടെയുണ്ട്‌. വേഗതയും സൗകര്യവും താല്‍പര്യമുള്ളവര്‍ക്ക് ഓട്ടോ വിളിക്കാം. കൗതുകത്തില്‍ അഭിരമിക്കുന്നവര്‍ക്ക് കുതിരവണ്ടിയാണ് ചേരുക. രണ്ടായാലും നിര്‍ലോഭം വിലപേശിയില്ലെങ്കില്‍ നമ്മള്‍ പറ്റിക്കപ്പെടുമെന്ന് ഉറപ്പാണ്. പഴനിയില്‍ നമ്മളെ കാത്തിരിക്കുന്നതും  ഇതുതന്നെ. വഞ്ചനയും ചതിയും ഭക്തിയും ഉന്മാദവും  വൃത്തികേടുകളും കുറുക്കിയെടുത്ത ഒരു പഞ്ചാമൃതക്കൂമ്പാരമാണ് ആ നഗരം.  
ബസ്സിറങ്ങി ഞങ്ങള്‍ പതിവുലോഡ്ജുകളിലൊക്കെ കേറിയിറങ്ങിയെങ്കിലും മുറിയൊന്നും ഒഴിവില്ലെന്ന മറുപടിയാണ് കിട്ടിയത്. ലോഡ്ജുകളുടെ ഏജന്റുമാര്‍ ബസ്സിറങ്ങിയതു മുതല്‍ കൂടെയുണ്ടായിരുന്നു. അവര്‍ക്ക് പിടികൊടുക്കേണ്ടിവരുമെന്ന് എനിക്ക് തോന്നി. ഒന്നു രണ്ടിടങ്ങളില്‍ മുറി ഒഴിവുണ്ടായിരുന്നു. പക്ഷേ ഒരു സ്ഥലത്ത് വാടക വല്ലാതെ കൂടുതലായിരുന്നു. മറ്റൊരിടത്ത് ഞങ്ങള്‍ കണ്ടത് കട്ടിലോ കിടക്കയോ ഒന്നുമില്ലാത്ത ഒരു മച്ചാണ്. അതിലെനിക്ക് വിരോധം തോന്നിയില്ല. പക്ഷേ ഒരു ബാത്റൂമെങ്കിലും മുറിയോട് ചേര്‍ന്ന് ഉണ്ടായേ പറ്റൂ. തോള്‍ബാഗിന്റെ കനം എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. ഒടുവില്‍ ഒരു കല്യാണമണ്ഡപത്തോട്‌ ചേര്‍ന്ന് രണ്ടാം നിലയില്‍ തെരുവിലേയ്ക്ക് മുഖമായ ഒരു മുറി ലഭിച്ചു. ഒരു രാത്രിക്ക് മുന്നൂറുരൂപ വാടക അത്ര അധികമല്ല ഇവിടെ.

പഴനിയിലെ തെരുവുകള്‍ കച്ചവടക്കാരെക്കൊണ്ട് നിറഞ്ഞവയാണ്. കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും വില്‍ക്കുന്ന കൂട്ടര്‍ തൊഴുതുമടങ്ങുന്നവരെയാണ് ലക്ഷ്യം വെയ്ക്കുക. എന്നാല്‍ പൂജാസാമഗ്രികള്‍ വില്‍ക്കുന്ന കടക്കാരുടെ ലക്ഷ്യം തിരക്കിട്ട് മല കയറുന്നവരാണ്. " ഹേ സ്വാമീ, അര്‍ച്ചനയ്ക്ക് ഒന്നും വാങ്ങാതെയാണോ മലകയറുന്നത്" എന്ന അവന്റെയൊക്കെ ചോദ്യം  കേട്ടാല്‍ "നീ നിന്റെ പാട് നോക്കി പോടാ" എന്നമട്ടില്‍ ഒന്ന് മുഖം ചുളിച്ചാല്‍ മതി. നമ്മള്‍ രക്ഷപ്പെട്ടു. അല്ല, ഇതൊക്കെ വാങ്ങണ്ടേ എന്ന സംശയം  മുഖത്തുദിക്കുകയാണെങ്കില്‍  അതോടെ നമ്മുടെ കാര്യം  പോക്കായി എന്നുറപ്പിക്കാം. ഭസ്മം, പനിനീര്‍, പാല്‍, കളഭം, കാവടി, തുടങ്ങി ഓരോന്നായി അവന്‍ നമ്മളെ പരാജയപ്പെടുത്തും. ഒടുക്കം ഈ ചുമടേറ്റാനും വാടകക്കെടുത്ത കാവടി തിരിച്ചുകൊണ്ടുവരാനുമായി അവന്റെ ഒരു സില്‍ബന്ധി നമ്മുടെ പിന്നാലെ വരും. ഇതിനൊക്കെയാണ് നമ്മള്‍ പുണ്യം എന്ന് പറയുന്നത്. ഇതിനെയൊക്കെ മറികടന്നുവേണം നമ്മള്‍ മലകയറ്റം ആരംഭിക്കാന്‍


റോഡരികില്‍ നാലാള്‍ ഉയരമുള്ള ഒരു വലിയ മണ്ഡപം . മണ്ഡപത്തിനു മുന്നില്‍ ഒരു ഗണപതിപ്രതിഷ്ഠ. അതിനുമുന്നില്‍ കര്‍പ്പൂരം കത്തിച്ചും ആരതിയുഴിഞ്ഞും ഏത്തമിട്ടുമാണ് ഏതാണ്ടെല്ലാവരും കയറ്റം തുടങ്ങുന്നത്. കരിങ്കല്ലില്‍ കൊത്തിയെടുത്ത സ്ത്രീശില്‍പങ്ങളും വ്യാളീ ശില്പങ്ങളും നിറഞ്ഞ മണ്ഡപത്തില്‍ നിന്നും രണ്ടുവഴികള്‍ പിരിഞ്ഞുപോവുന്നു. ഒന്നാമത്തേത് കുത്തനെയുള്ള പടികള്‍. അത് അറുനുറ്റിയിരുപതോളം വരും എണ്ണത്തില്‍നിരപ്പായ ഇടങ്ങള്‍ വളരെ കുറവാണ് ആ വഴിയില്‍. രണ്ടാമത്തെ വഴി ഇടത്തേയ്ക്ക് തിരിഞ്ഞുകയറുന്നു. വളഞ്ഞു പുളഞ്ഞു മലമുകളിലേയ്ക്ക് കയറിപ്പോവുന്ന ഈ വഴി വൃദ്ധര്‍ക്കും മറ്റും ഏറെ ആശ്വാസമാണ്ഒന്നുരണ്ടിടങ്ങളില്‍ വെച്ച് പടിക്കെട്ടുകളും നിരപ്പായ ഈ വഴിയും ഇടകലരുന്നുണ്ട്പഴനിയിലെ ഏറ്റവും വരുമാനമുള്ള വ്യവസായശാലകള്‍ ഈ വഴിയിലാണ് കാണുന്നത്. ചെറിയ ചെറിയ വിഗ്രഹങ്ങള്‍ ദേവപ്രതിഷ്ടകളെന്നോണം കണക്കാക്കി ചന്ദനവും കളഭവും ചാര്‍ത്തി തിരുവുടയാട, തമിഴ് മട്ടില്‍ സമൃദ്ധമായി അണിയിച്ച് പൂജാരികള്‍ ഒരുങ്ങിനില്ക്കുന്നു. തീര്‍ഥാടകക്കൂട്ടങ്ങളെ കാണുമ്പോള്‍ മുമ്പിലെ മണി ഉറക്കേ മുഴക്കി കര്‍പ്പൂരത്തട്ടിലേയ്ക്ക് ഒന്നുരണ്ടു തരി കര്‍പ്പൂരമിട്ട് അത് ജ്വലിപ്പിച്ച് ഇവര്‍ തയ്യാറായി നില്‍ക്കും. ദുര്‍ബലമാനസരുടെ കയ്യില്‍ നിന്നും കിട്ടുന്നതെന്തും അവര്‍ പിടിച്ചുവാങ്ങും, എന്നിട്ട് അവനു വാരിപ്പൂശാന്‍ കയ് നിറയെ ഭസ്മം കൊടുത്ത് യാത്രയാക്കും.അവര്‍ അടുത്ത വിഗ്രഹത്തിന്റെ മുന്നിലേയ്ക്ക് നീങ്ങും. അല്‍പം കഴിയുമ്പോള്‍ അതും മടുക്കും.  

കയറ്റം കയറാന്‍ തുടങ്ങുന്നവര്‍ ക്ഷീണിക്കുമ്പോള്‍ ശീതളപാനീയകച്ചവടക്കാരുടെ ഇടം തുടങ്ങുന്നു


മലകയറ്റം : കളഭം ചാര്‍ത്തിയ വഴികളിലൂടെ
തീര്‍ഥാടകരെ കാത്തിരിക്കുന്ന പുരോഹിത
മലകയറ്റത്തിന്റെ സൗന്ദര്യം കാണുക കുത്തനെയുള്ള വഴിയിലാണ്. കാവടികളെടുത്തവര്‍ ഒരു ക്ഷീണവുമേശാതെ ആ വഴി കടന്നുപോവും. നാക്കില്‍ ശൂലം തറച്ചവര്‍, പാല്‍ക്കുടം ശിരസ്സിലേന്തിയവര്‍ മുതലായവര്‍ അവരെ പിന്തുടരും. ചിലര്‍ ഓരോ പടിയും തൊട്ട് തലയില്‍ വെച്ചാവും കയറ്റം കയറുക. ചിലര്‍ക്ക് താല്‍പര്യം ഓരോ പടികള്‍ക്കും  കളഭവും സിന്ദൂരവും  കൊണ്ട് കുറി വരയ്കുന്നതിലായിരിക്കും. മറ്റു ചിലര്‍ അല്‍പം കൂടി ഭക്തിയില്‍ മുഴുകിയവരാണ്. കയ്യില്‍ കൊണ്ടുവന്ന കര്‍പ്പൂരത്തുണ്ടുകള്‍ മൂന്നോ നാലോ എണ്ണം വീതം ഓരോ പടിയുടെയും ഒത്ത നടുക്ക് വെച്ച് കത്തിക്കുക എന്നതാണ് മോക്ഷത്തിലേയ്ക്ക് അവര്‍ കണ്ടെത്തിയ എളുപ്പവഴി. ഒന്നാമത്തെ ആള്‍ കര്‍പ്പൂരം വെച്ച് മുന്നേറുമ്പോള്‌ രണ്ടാമി അതിന് തീ കൊളുത്തുന്നു. ആളുന്ന കര്‍പ്പൂരത്തുണ്ടുകളെ പുറകിലുപേക്ഷിച്ച് അവര്‍ പടികള്‍ കയറുന്നു. ഇറങ്ങിവരുന്ന തീര്‍ഥാടകരില്‍ പലരും ഇതില്‍ ചവിട്ടി കാല് പൊള്ളിക്കുകയും ചെയ്യുമ്പോള്‍ ഈ വിനോദം സാര്‍ഥകമാവുന്നു. ഇത്തരം പടിപൂജകള്‍ നടത്തുന്നവരില്‍ ഭൂരിഭാഗവും പെണ്ണുങ്ങള്‍ ആയിരിക്കുമെന്നത് പറയാതെ വയ്യ. ഒരിക്കല്‍ ഞാനീ പടിക്കെട്ടുകള്‍ കയറുമ്പോള്‍ ഒരു സുന്ദരിപെണ്‍കുട്ടിയുണ്ടായിരുന്നു മുന്നില്‍. അവളുടെ അരക്കെട്ടിന്റെ ചലനം നോക്കി നടന്നതിനാല്‍ ഞാന്‍ കയറ്റം മറന്നു. അവളെന്നെ പൊക്കിയെടുത്ത് മലമുകളില്‍ എത്തിച്ചതിനാലാണ് എനിക്ക് തളര്‍ച്ച തോന്നാത്തത് എന്നാണെന്റെ വിശ്വാസം.
അല്‍പദൂരം കേറിയപ്പോള്‍ ഞങ്ങള്‍ വഴിയരികിലെ സിമന്റ് ബെഞ്ചുകളില്‍ അലസമായി ഇരുന്ന് താഴേയ്ക്ക് കണ്ണോടിച്ചു. പതുക്കെ ഒരു നഗരം മുഴുവന്‍ നമ്മുടെ മുന്നില്‍ തെളിഞ്ഞുവരുന്നു.  പക്ഷേ വിശ്രമം ഇത്ര മതി ഇപ്പോള്‍. അല്‍പം കൂടി ഉയരേയ്ക്ക് ചെല്ലണം. ഇത്തരം സിമന്റ് ബെഞ്ചുകള്‍ വഴിയിലുടനീളമുണ്ട്. നീയിരിക്കുന്ന ഓരോ ഇരിപ്പിടത്തിലും അതിനുവേണ്ടി കാശിറക്കിയ ആളുടെ നാമം (തമിഴില്‍) കുറിക്കപ്പെട്ടിരിക്കുന്നു എന്ന് പറയുന്നത് ഇവിടെ തെറ്റല്ല. അല്‍പദൂരം കൂടി കയറിയാല്‍ ഇടുമ്പര്‍ക്ക് വേണ്ടി കെട്ടിയുയര്‍തിയ ഒരമ്പലം കാണാം. അവിടെയുമുണ്ട് മൂന്നു വിഗ്രഹങ്ങള്‍. ഒന്ന് സുബ്രഹ്മണ്യന്‍ തന്നെയാണെന്ന് തോന്നുന്നു. പടിക്കെട്ടുകള്‍ കേറിയെത്തുന്നവരും ഇവിടേയ്ക്ക് എത്തിച്ചേരുന്നു. പിന്നെയും കയറ്റം ബാക്കിയുണ്ട് .




ഹെയര്‍ പിന്‍ വളവുകളുടെ മട്ടിലാണ് ഈ വഴി തയ്യാറാക്കിയിട്ടുള്ളത്. ഈ വഴിയിലങ്ങിങ്ങായി മുരുകന്റെ കഥകളെ ശില്‍പരൂപത്തില്‍, ചായം തേച്ച് സ്ഥാപിച്ചിരിക്കുന്നു. ഒരു കടുവയുടെ പുറത്തിരിക്കുന്ന ഒരു താടിക്കാരന്‍ മഹര്‍ഷിയും അവ്വയാര്‍ക്ക് ജ്ഞാനപ്പഴം നല്‍കുന്ന മുരുകനും വള്ളിയെ തടഞ്ഞു നിര്‍ത്തുന്ന ചേയോനും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ തവണ വന്നപ്പോള്‍ മുരുകന്റെയും വള്ളിയുടെയും പ്രതിമയ്ക്കരികില്‍ നിന്ന് ഞങ്ങളുടെ ഫോട്ടോ എടുത്തുതന്ന ഫോട്ടോഗ്രാഫറെ ഇക്കുറി കാണാനില്ല. ഇത്തരം മൂന്നോ നാലോ ഹെയര്‍പിന്‍ വളവുകള്‍ക്ക് ശേഷം മറ്റൊരു കൂട്ടം വിഗ്രഹങ്ങള്‍ കാണാം. അതിന്നപ്പുറം നിരപ്പായ, നായ്ക്കളും പ്രാവുകളും വിശ്രമിക്കുന്ന ഒരു ചെറിയ ഭാഗം. അവിടെയാണ് വള്ളിചുന. ചുന എന്നാല്‍ പാറയിടുക്കില്‍ നിന്നും മറ്റും ഉറവെടുക്കുന്ന വെള്ളം. ചുന പഴനിയിലാവുമ്പോള്‍ അതിന് മുരുകന്റെ ഭാര്യയായ വള്ളിയുടെ പേരല്ലാതെ മറ്റേന്താണ് ചേരുക.


വള്ളിചുനൈ : വിഗ്രഹങ്ങളുടെ ഒരു ഫാഷന്‍ ഷോ
ആദ്യകാലങ്ങളില്‍ ഞാന്‍ വരുമ്പോള്‍ ഇങ്ങനെയൊരു സ്ഥലമുണ്ടെന്ന് പോലും മിക്കവരും അറിഞ്ഞിരുന്നില്ല. ഏതാണ്ട് പത്തുകൊല്ലം മുമ്പ് ചെന്നപ്പോള്‍ അവിടെ സ്ഥലത്തിന്റെ പേരെഴുതിയ ബോര്‍ഡും മറ്റും  തൂക്കി മാറാനൊരുങ്ങുകയായിരുന്നു. നാലഞ്ച് കൊല്ലം മുമ്പാണ് ആ സ്ഥലം ഒരു സെമി പ്രൊഫഷണല്‍ അമ്പലമായി മാറിത്തുടങ്ങിയത്. തെക്കോട്ടിറക്കത്തിന് നിരത്തിനിര്‍ത്തിയ ആനകള്‍ പോലെ വരിവരിയായി നില്‍ക്കുന്ന വിഗ്രഹങ്ങള്‍ ആരുടേതാണാവോ.
ഒടുവില്‍ മലമുകളിലെത്തിയപ്പോള്‍ ഞങ്ങള്‍ ചുറ്റും നോക്കി. തണുത്ത കാറ്റ് വീശുന്നു. മണ്ഡപത്തിനുമുന്നില്‍ നിന്ന് ഭക്തര്‍ പ്രാര്‍ഥിക്കുന്നു. കാവടിയെടുത്തവര്‍ അല്‍പനേരം അതിളച്ച് വിശ്രമിക്കുന്നു. വലിയ സംഘങ്ങളായി വന്നവര്‍ കൂട്ടത്തിലുള്ളവരെ കാത്തുനില്‍ക്കുകയാണ്. മൊത്തത്തില്‍ വലിയ തിരക്കൊന്നുമില്ല. എന്നിട്ടാണോ ലോഡ്ജുകള്‍ നിറഞ്ഞുകവിഞ്ഞത് ? ഏതായാലും വരിയില്‍ നില്‍ക്കാന്‍ തീരുമാനിച്ചു. പടിഞ്ഞാട്ട് അഭിമുഖമായിട്ടാണ് ഇവിടത്തെ പ്രതിഷ്ട. തിരക്കുകുറഞ്ഞ സമയമാണെങ്കില്‍ തെക്കുഭാഗത്തുകൂടിയാണ് ധര്‍മദര്‍ശനത്തിനായുള്ള ക്യൂ. ധര്‍മദര്‍ശനം എന്നുവെച്ചാല്‍ സൗജന്യമായി ഭഗവാനെ തൊഴുന്നതിനുള്ള അവസരം തന്നെ. ഇതിനുപുറമേ പത്തുരൂപ ടിക്കറ്റ് എടുത്താല്‍ സ്പെഷ്യല്‍ ദര്‍ശനവും നൂറുരൂപ കൊടുത്താലുള്ള വി.ഐ.പി.ദര്‍ശനവും ഇവിടെയുണ്ട്. ഉത്സവക്കാലത്ത് ഈ നിരക്കുകള്‍ രണ്ടും മൂന്നും ഇരട്ടിയാവുന്നത് സാധാരണമാണ്. കുറേയധികം ലക്ഷം രൂപ ഒന്നിച്ചുകൊടുത്താല്‍ ആ വിഗ്രഹം തന്നെ നമുക്ക് നല്‍ക്കാന്‍ ദേവസ്വം അധികാരികള്‍ തയ്യാറായേക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഭീമാകാരമായ പ്രധാനവാതില്‍ കടന്നാല്‍ പിന്നെ അമ്പലത്തിന്റെ ഉള്ളിലാണ് ക്യൂ. ഈ വരി ഒരു തളത്തിനു മുന്നില്‍ വെച്ച് രണ്ടായി പിരിയുന്നു. പെട്ടെന്ന് തലയ്ക്കു മുകളില്‍ എന്തോ കനമേറിയ വസ്തു വീഴുന്ന ഒച്ച കെട്ട് മിക്കവരും ഞെട്ടി. കുരങ്ങന്മാരുടെ കൂട്ടമായിരുന്നു അത്. മനുഷ്യരെപ്പോലെ നൂറുകണക്കിനു കുരങ്ങന്മാരും ഇവിടെ തീര്‍ഥാടകരെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. അമ്പലത്തിനുള്ളില്‍ വരെ അവയെ പലപ്പൊഴും കാണാം . 
തളത്തില്‍ വെള്ളികൊണ്ടുണ്ടാക്കിയ ഒരു മയില്‍ വിഗ്രഹം ഇരിക്കുന്നത് കണ്ടൂ. ക്യൂവില്‍ നിന്നും തെന്നി എല്ലാവരും അതിനെ തൊട്ട് തൊഴുത് കാണിക്കയിട്ടു. ചിലപ്പോള്‍ തങ്കമയില്‍ ആവാം അവിടെ കാണുക. ഈ മയിലുകളെ എഴുന്നെള്ളിച്ച് പ്രദക്ഷിണം വെപ്പിക്കുന്നത് ഒരു വഴിപാടാണ്. അതിനായി ഖജാനയില്‍ നിന്നും ഇവയെ പുറത്തിറക്കുമ്പോള്‍ പൂജാരികള്‍ ഇവയെ പൊതുപ്രദര്‍ശനം നടത്തി കാണിക്ക നേടുന്നു. 
ഇതിനിടയില്‍ ചില പണ്ഡാരികള്‍ പ്രത്യക്ഷപ്പെട്ടു. അര്‍ച്ചനയ്ക്കും മറ്റുമുള്ള ശീട്ടുകള്‍ എടുത്തവരില്‍ നിന്നും പൂജാദ്രവ്യങ്ങള്‍ അവര്‍ വാങ്ങി. ദക്ഷിണ എപ്പോഴും ഒപ്പമുണ്ടാവും. ഈ ഭക്തര്‍ ദര്‍ശനം നടത്തി പുറത്തിറങ്ങുമ്പോള്‍ പണ്ഡാരികള്‍ അര്‍ച്ചനയുടെ പ്രസാദം പച്ചയും ചുവപ്പും കരയുള്ള വെളുത്തമുണ്ട് ചുറ്റി പൂണൂലും ധരിച്ച് നടക്കുന്ന ഇവരില്‍ പലരും ഒന്നാന്തരം കള്ളന്മാരാണെന്ന് പറഞ്ഞാല്‍ പലരും വിശ്വസിക്കില്ല. പക്ഷേ അതാണ് സത്യം. ഇവരെയും പിന്നിട്ട് വേണം വിഗ്രഹത്തിന്റെ മുന്നിലേയ്ക്ക് എത്താന്‍. ഹരോ ഹര എന്ന നാമജപം അവിടെയാകെ മുഴങ്ങുന്നു. കൂടുതല്‍ വിലയുള്ള ശീട്ടുകള്‍ എടുത്തവര്‍ക്കുള്ള വരികള്‍ വിഗ്രഹത്തിനു കൂടുതല്‍ അരികില്‍ കൂടിയാണ്. രാജരാജേശ്വര വേഷവിധാനമാണ് ഇപ്പോള്‍ വിഗ്രഹത്തിലുള്ളത്. തിരിച്ചറിയാത്തതും അമൂല്യവുമായ എന്തൊക്കെയോ ധാതുക്കള്‍ കൊണ്ടാണ് ഈ വിഗ്രഹം നിര്‍മിച്ചിരിക്കുന്നതെന്നും  പലതരം വസ്തുക്കള്‍ വിഗ്രഹത്തില്‍ അഭിഷേകം  ചെയ്യുക മൂലം വിഗ്രഹം മെല്ലെ അലിഞ്ഞില്ലതാവുകയാണെന്നും ഒരു വാദം നിലനില്‍ക്കുന്നുണ്ട്. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍ അവിടെനിന്നും മാറിപ്പോവുകയായി. അത്രയ്ക്കുണ്ട് നമുക്കു പിന്നില്‍ കാത്തു നില്‍ക്കുന്നവര്‍. ശ്രീകോവിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ ഭോഗരുടെ സമാധിസ്ഥലമാണ്. ഭോഗരുടെ ജീവിതം ഇവിടത്തെ ചുമരുകളില്‍ കോട്ടയം ചിട്ടയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇതിനപ്പുറത്തെ ഇരുണ്ട ഭാഗങ്ങളിലേയ്ക്ക് പണ്ടാരികള്‍ ധൃതി പിടിച്ച് നടക്കുന്നത് കണ്ടൂ. അര്‍ച്ചനയ്ക്ക് എന്ന പേരില്‍ ഭക്തരില്‍ നിന്നും വാങ്ങിയെടുക്കുന്ന പൂജാദ്രവ്യങ്ങള്‍ തേങ്ങയുടച്ചും ഭസ്മപ്പാക്കറ്റ് പൊട്ടിച്ചും പനിനീര്‍കുപ്പി പിച്ചിമാലയിലേയ്ക്ക് കമഴ്ത്തിയും വേണ്ടവിധം സംസ്കരിച്ച് പ്രസാദമാക്കി എടുക്കുന്ന മഹല്‍കൃത്യങ്ങള്‍ അരങ്ങേറുന്നത് ഇവിടെ വെച്ചാണ്. 

പഴനി: മലമുകളില്‍ നിന്നുള്ള നഗരക്കാഴ്ച
പഴനി : ഒരു രാക്കാഴ്ച
തിരക്കില്ലാത്ത ദിവസമായതിനാല്‍ അമ്പലത്തിനുപുറത്ത് കുന്നിന്‍ മുകളില്‍ ഞങ്ങള്‍ യഥേഷ്ടം ചുറ്റിത്തിരിഞ്ഞു. മലമുകളില്‍ നിന്നുള്ള കാഴ്ച സ്വാഭാവികമായും മനോഹരമാണ്. മലയ്ക്ക് കിഴക്കുവശത്ത് കൊടൈക്കനാല്‍ മലനിരകള്‍ നെഞ്ഞുയര്‍ത്തി നില്‍ക്കുന്നു. ചില രാത്രികളില്‍ അവിടെ കാട്ടുതീ പടരുന്നത് ഇവിടെ നിന്നാല്‍ കാണാം. ചെറിയ തടാകങ്ങളും നെല്‍വയലുകളും ധാരളമുണ്ട്. മലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്താണ് നഗരം . തീര്‍ഥാടക സംഘങ്ങള്‍ അവരുടെ പൊങ്കല്‍പ്പൊതിയുടെ കെട്ടഴിച്ചുതുടങ്ങി. മലമുകളില്‍ ഒരു ചെറിയ ഹോട്ടലുമുണ്ട്. വര്‍ഷങ്ങളായി അത് ഒരുകൂട്ടര്‍ തന്നെ നടത്തുകയാണെന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങള്‍ പക്ഷേ പ്രസാദം വാങ്ങാന്‍ കിട്ടുന്ന കൗണ്ടറിലേയ്ക്കാണ് നീങ്ങിയത്. ലഡ്ഡു, പലതരം മുറുക്കുകള്‍, കല്‍ക്കണ്ടം, അപ്പം, പൊങ്കല്‍, പഞ്ചാമൃതം എന്നിവ നിവേദിച്ചപ്പോള്‍ പുത്രന്‍ പ്രസാദിക്കുകയും മുഖത്ത് മാന്തി അനുഗ്രഹം നല്‍കുകയും ചെയ്തു. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. മലമുകളിലെ മൊച്ചക്കൂട്ടങ്ങള്‍ പതുക്കെ ക്ഷേത്രപരിസരത്തുനിന്നും പിന്‍വാങ്ങി. താഴെ നഗരം ആദ്യം ഇരുളുകയും പിന്നീട് ഒരായിരം കണ്ണുകള്‍ തുറക്കുകയും ചെയ്തു. നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം പോലെയോ മിന്നാമിനുങ്ങകള്‍ നിറഞ്ഞ കാപ്പിത്തോട്ടം പോലെയോ ആണതെന്ന് എനിക്ക് തോന്നുന്നില്ല. നഗരം നഗരം പോലെത്തന്നെ. അതിമനോഹരമായ നഗരക്കാഴ്ചയാണ് ഇവിടെയുള്ളത്. ഞങ്ങള്‍ ഏറെനേരം താഴേക്ക് നോക്കിനിന്നു.


അമ്പലത്തിനു മുന്നിലെ തിരക്ക് മെല്ലെ ഏറിക്കൊണ്ടിരുന്നു. തങ്കത്തേര് എഴുന്നെള്ളിപ്പിന്റെ സമയം ആയിരിക്കുന്നു. നേരത്തേ പറഞ്ഞ വെള്ളിമയിലുകളുടെയും തങ്കമയിലിന്റെയും ഒക്കെ വല്യേട്ടനാണ് ഈ തങ്കത്തേര്. ഈ എഴുന്നെള്ളിപ്പ് കാണുക ഭക്തര്‍ക്ക് പരമാനന്ദമാണ്. അമ്പലത്തിനു പുറത്ത് കുന്നിന്‍മുകളില്‍ തന്നെ കനത്ത ബന്തവസ്സിലാണ് ഈ ശകടം സൂക്ഷിക്കുന്നത്. അതില്‍ തൊടാനോ ഫോട്ടോ എടുക്കാനോ അധികാരികള്‍ പൊതുവേ അനുവദിക്കില്ല.


തങ്കത്തേര് എഴുന്നെള്ളിപ്പ്
സ്വര്‍ണം കൊണ്ട് നിര്‍മിച്ച / സ്വര്‍ണം പൂശിയ ഈ രഥം വൈദ്യുതാലങ്കാരങ്ങളാല്‍  മനോഹരമാക്കിയിരിക്കുന്നു. മുമ്പ് അതിനായി ഒരു ജനറേറ്റര്‍ ഇതിനുപിന്നാലെ വന്നിരുന്നു. പ്രാകൃതമായ ഒരു ജീപ്പ് പോലെയായിരുന്നു അത്. എന്റെ നാട്ടിലെ തങ്കച്ചേച്ചിക്ക് പുറകേ ധൃതിയില്‍ നടക്കുന്ന ഉയരം കുറഞ്ഞ് കറുത്ത മാതവല്യമ്മയെ ഞാന്‍ ഓര്‍ത്തു. അവരുടെ സ്മരണ നിലനിര്‍ത്തുന്നതിനായി തങ്കത്തേരിനു പിന്നാലെ പോവുന്ന ആ ജനറേറ്ററിന് കുട്ടിക്കാലത്ത് ഞാന്‍ മാത ജീപ്പ് എന്ന് പേരിടുകയും ചെയ്തു.ഇപ്പോള്‍ സങ്കേതികവിദ്യ കൂടുതല്‍ മെച്ചെപ്പെട്ടതിനാലാവണം മാതജീപ്പ് അപ്രത്യക്ഷമായിരിക്കുന്നു.  ഈ രഥം വലിക്കാന്‍ ആയിരക്കണക്കിനുരൂപ അങ്ങോട്ടു കൊടുത്ത് രശീതി വാങ്ങണം. പ്രദക്ഷിണത്തിനിടയില്‍ എട്ട് സ്ഥലത്ത് ഈ എഴുന്നെള്ളിപ്പ് നില്‍ക്കും. തങ്കരത വഴിപാട് നില മൂന്ന് എന്നമട്ടില്‍ ശുദ്ധമായ മലയാളത്തില്‍ അവിടങ്ങളില്‍ അറിയിപ്പുകള്‍ എഴുതിവെച്ചിട്ടുണ്ട്‌. 


തങ്കത്തേര് എഴുന്നെള്ളിപ്പ്


ഭക്തര്‍ ഈ രഥത്തിലേയ്ക്ക് നാണയങ്ങള്‍ വലിച്ചെറിയുന്ന ഒച്ച കേള്‍ക്കാം. നിയമം പലരും കയ്യിലെടുക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. എന്റെ ക്യാമറയും ഞാന്‍ പുറത്തെടുത്തു. മൂന്നാല് ഫോട്ടോ എടുത്തപ്പോഴേയ്ക്കും പോലീസ് മാമന്‍ ലാത്തി ഒരൊറ്റ വീശ്. ഭാഗ്യത്തിന് ക്യാമറയില്‍ കൊണ്ടില്ല. പക്ഷേ അതോടെ ക്യാമറ ഞാന്‍ മാറ്റിവെച്ചു


കയറ്റത്തിനേക്കാള്‍ ബുദ്ധിമുട്ടാണ് ഇറക്കം. ഇരുട്ടായതോടെ ഞങ്ങള്‍ ധൃതിയില്‍ താഴേയ്ക്ക് ഇറങ്ങി. ഭക്ഷണം കഴിക്കേണ്ടതുണ്ട്‌. കാല്‍മുട്ടുകള്‍ വേദനിക്കാന്‍ തുടങ്ങിയിരിക്കുന്നു . അടിവാരത്തിലുള്ള കളിപ്പാട്ടക്കടക്കാര്‍ മോനെ ലക്ഷ്യം വെച്ചു, ഞാന്‍ അറിയുന്നതിനു മുമ്പുതന്നെ അവന്‍ ഒരു കുതിരയും ചെണ്ടയും കൈക്കലാക്കി. ഇനി അവര്‍ പറയുന്ന വില കൊടുക്കുകയല്ലാതെ നിവൃത്തിയില്ല. പെട്ടെന്ന് മുല്ലപ്പൂക്കളുടെ സുഗന്ധം പരന്നു. നോക്കുമ്പോള്‍ വയസ്സേറെയെത്തിയ ഒരു പൂക്കാരിയെയും ഏട്ടാ, ഇവര്‍ക്ക് പൈസ കൊടുക്കൂ എന്ന് പറയുന്ന ഭാര്യയെയുമാണ് കണ്ടത്. അപ്പൊ അതിലും ഒരു തീരുമാനമായി. ഇനി പേരക്ക, പഴം മുതലായവ ബാക്കിയുണ്ട് . തിരക്കിനിടയിലൂടെ കുതിരവണ്ടികള്‍ മെല്ലെ നീങ്ങുന്നു. കൊതുകുകള്‍ ശല്യം ചെയ്യാത്ത മുല്ലപ്പൂമണമുള്ള ഒരു രാത്രിയിലേയ്ക്ക് ഞങ്ങള്‍ നടന്നുനീങ്ങി 

( സന്തോഷിക്കണ്ട , ഇനിയുമുണ്ട് )

ഈ പോസ്റ്റിനു പൂര്‍ണത കിട്ടാന്‍ താഴെപ്പറയുന്ന രണ്ടു പോസ്റ്റുകള്‍ കൂടി വായിക്കുക 


1) പഴനി വണ്ടി ഒരോര്‍മ്മ 
2)  പഴനി യാത്രാ വിശേഷങ്ങൾ




12 comments:

  1. മൂന്നുമാസം മുമ്പ് പഴനിയിലേയ്ക്ക് പോയതിന്റെ ഒരു വിവരണം. ഒപ്പം മുമ്പ് നടത്തിയ യാത്രകളുടെ ഓര്‍മകളും. വായിച്ചവര്‍ അഭിപ്രായം പറയുമല്ലോ !

    ReplyDelete
  2. പഴനിമല കയറി ഇറങ്ങിയതുപോലെ .... ഭംഗിയായിരിക്കുന്നു വിവരണം.

    ReplyDelete
  3. ചെയ്ത യാത്രകൾ....
    അക്ഷരങ്ങളിലൂടെ പുനപ്രവേശിക്കുമ്പോൾ
    ഒരു സുഖം...
    കാഴ്ചകളെല്ലാം കണ്മുന്നിൽ ഇപ്പോഴും
    ഓർമ്മപ്പെടുത്തിയ നല്ല യാത്രാസ്മരണയ്ക്ക് നന്ദി..

    ReplyDelete
  4. മല കയറാൻ വരുന്ന ഭക്തന്മാരെ ഏതു മാർഗ്ഗം ഉപയോഗിച്ചും ചൂഷണം ചെയ്യാൻ അനുവാദം കൊടുത്തിട്ടുള്ള ഒരു പുള്ളിയാണ് മുരുകൻ. അതിൽ മുരുകനും ആണ്ടികൾക്കും തമ്മിൽ എന്താണ് ഉടമ്പടി എന്നറിയില്ല. കൊണ്ടു പോയ കാശ് തീരാതെ ഇതുവരെയും തിരിച്ച് ഹോട്ടൽ മുറിയിൽ എത്തിയിട്ടില്ല. അതികൊണ്ട് മല കയറുമ്പോൾ കയ്യിൽ മുഴുവൻ രൂപയും വയ്ക്കാറില്ല. എങ്കിലും ഇപ്പോഴും അവിടെ പോകുന്നു. മലയിൽ നിന്നുള്ള സൂര്യോദയം കാണുകയാണ് അതിൽ ഏറ്റവും പ്രധാനമായ വഴിപാട്.

    ReplyDelete
  5. @chithrakaran:ചിത്രകാരന്‍ നന്ദി. കഴിയുന്നതും വിശദമാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ബാക്കി ഭാഗം അടുത്തപോസ്റ്റ് ആയി ചേര്‍ക്കണമെന്ന് വിചാരിക്കുന്നുണ്ട്.

    ReplyDelete
  6. @Ranjith Chemmad / ചെമ്മാടന്‍ വന്നതിനും വായിച്ചതിനും കമന്റിട്ടതിനും നന്ദി. ഓരോ പഴനിയാത്രയും എനിക്ക് ഒരു നൊസ്റ്റി ഫീലിങ് ആണ് തരുന്നത്

    ReplyDelete
  7. @പാര്‍ത്ഥന്‍ മലമുകളില്‍ നിന്ന് നഗരം കാണുക , കുരങ്ങ്ന്മാരെ കാണുക , കുതിരവണ്ടി കാണുക , ഏറ്റവും പ്രധാനമായി കുഞ്ഞുതീവണ്ടിയില്‍ കേറുക എന്നതൊക്കെയാണ് എന്റെ മെയിന്‍ വഴിപാട്. കമന്റിനും നന്ദി. അതിരിക്കട്ടെ , സ്വന്തം ബ്ലോഗ് തെരഞ്ഞ്ടുത്ത വായനക്കാര്‍ക്ക് മാത്രമായി അംവരണം ചെയ്തത് എന്തിനാണ് ?

    ReplyDelete
  8. ശുചീകരണത്തിന് റണ്ടു ദിവസം അടച്ചതായിരുന്നു. ഇപ്പോൾ എല്ലാവർക്കും സ്വാഗതം.

    ReplyDelete
  9. ഒരിക്കൽ പോയിട്ടുണ്ട്. വിശദമായ ഈ വിവരണത്തിന് നന്ദി :)

    ReplyDelete
  10. വിരോധമില്ലെങ്കിൽ ഈ യാത്രാവിവരണം http://yathrakal.com/ സൈറ്റിലേക്ക് നൽകൂ.

    ReplyDelete
  11. യാത്രകൾ സൈറ്റിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. സഹകരണത്തിന് നന്ദി.

    http://www.yathrakal.com/index.php?option=com_content&view=article&id=612&catid=63&Itemid=2

    ReplyDelete