Sunday, December 12, 2010

പാപീ , നിനക്ക് സ്വസ്ഥത കിട്ടുമോ ?

വിചിത്രമായ ഒരു ലക്ഷ്യത്തിലേയ്ക്ക് ഉന്നം വെച്ച് നിറയൊഴിക്കുന്ന ഒരു ഒന്നാംകിട വെടിക്കാരനെപ്പറ്റി കഴിഞ്ഞമാസം ചില പത്രങ്ങളില്‍ കണ്ടിരുന്നു. ഇതിനകം 88 തവണ ഈ പ്രതിഭ ലക്ഷ്യം കണ്ടുകഴിഞ്ഞു. ദാദ് മുഹമ്മദ് മുറാദ് എന്ന ഈ അറബിക്ക് ഇനി സ്വന്തം റിക്കാര്‍ഡ് തിരുത്തണമെങ്കില്‍ ഇന്ത്യയില്‍ നിന്ന് ഒരു പെണ്ണുകെട്ടണമത്രെ. അലവലാതി.


മനുഷ്യരുടെ ഉത്ഭവം എങ്ങനെയായിരുന്നാലും ഇടക്കാലത്തൊരിക്കല്‍ ഇന്നത്തെ മനുഷ്യന്റെ എണ്ണം തീരെ കുറഞ്ഞുപോയെന്നും അവന്‍ വംശനാശത്തിന്റെ വക്കിലെത്തിയിരുന്നെന്നും ചില നിരീക്ഷണങ്ങളുണ്ട്. എങ്കിലും ഒരു സമൂഹം എന്ന നിലയില്‍ കരുത്താര്‍ജിച്ച മനുഷ്യജന്തുവിന് തന്റെ എണ്ണം മെല്ലെ മെല്ലെ വര്‍ധിപ്പിക്കാനായി. ഭക്ഷണശേഖരണത്തില്‍ വന്ന മാറ്റം ഇതിന് അവളെ സഹായിച്ചിരിക്കണം. നായാടിയും കായ് കനികള്‍ പെറുക്കിയും നടന്നകാലത്ത് ഭൂമിയില്‍ പത്തുലക്ഷത്തോളം മനുഷ്യര്‍ ഉണ്ടായിരുന്നിരിക്കണം എന്നാണ് ഒരു കണക്ക്. മുഴുവന്‍ സമയകൃഷിയുടെ വരവോടെ ജനസംഖ്യ കുതിച്ചുയര്‍ന്നെങ്കിലും പകര്‍ച്ചവ്യാധികളും യുദ്ധവും മറ്റും ജനസംഖ്യാവര്‍ധനവിന് ഒരു ബ്രേക്ക് ആയി ചിലപ്പോഴൊക്കെ വന്നു.


പിന്നെപ്പിന്നെ  ആന്റിബയോട്ടിക്കുകളുടെ കണ്ടുപിടിത്തവും വൈദ്യത്തിലുള്ള വളര്‍ച്ചയും രോഗങ്ങളെ നേരിടാന്‍ മനുഷ്യരെ പ്രാപ്തരാക്കിയപ്പോള്‍ , വസൂരിയും പ്ലേഗും തോറ്റുമടങ്ങിയപ്പോള്‍ ശിശുമരണനിരക്കുകളും മാതൃമരണനിരക്കുകളും കുറയ്ക്കുന്നതിലും മാരകരോഗ്ഗങ്ങള്‍ക്ക് പോലും മികച്ച ചികിത്സ നല്‍കുന്നതിലും നാം വിജയിച്ചപ്പോള്‍ മനുഷ്യജന്തു തന്റെ അളവും ആയുസ്സും അതിവേഗം വര്‍ധിപ്പിച്ചു. ഒടുവില്‍ ഇപ്പോള്‍ ഭൂമിയില്‍ ഒരു ക്യാന്‍സര്‍ ആയി അവള്‍ മാറി.


ഒരുവശത്ത് മരണത്തെ നിയന്ത്രിക്കുമ്പോള്‍ മറുവശത്ത് ജനനത്തെ കെട്ടഴിച്ചുവിടാന്‍ നമ്മള്‍ മടിച്ചിരുന്നില്ല.വിശക്കുന്ന വയറുകളുടെ നിലവിളി കാതില്‍ മുഴങ്ങുമ്പോള്‍ അവരെ ഊട്ടാനായി നാം  കൂടുതല്‍ കൃഷിയിറക്കി.. കൂടുതല്‍ ഭക്ഷണം കിട്ടിയപ്പോള്‍ നമ്മള്‍ കൂടുതല്‍ കുട്ടികളെ പടച്ചുവിട്ടു. അവര്‍ക്ക് വിശക്കാന്‍ തുടങ്ങി. അതിന് പരിഹാരം നമുക്ക് അറിയാമായിരുന്നു


മനുഷ്യജന്തുവിന് ഈ സംഗതികള്‍ ഹിതകരമായിരുന്നെങ്കിലും നമ്മുടെ ചുറ്റുപാടിന് അതൊട്ടും ഗുണം ചെയ്തില്ല. ആഹാരത്തിനു ( ഭക്ഷണം , വസ്ത്രം , വീട് , ആയുധം , ആഭരണം, കല, സംഗീതം , ഉപകരണം , ഇന്റര്‍ നെറ്റ് കണക്ഷന്‍ അടക്കം ) വേണ്ടിയുള്ള ഈ പരക്കം പാച്ചില്‍ ഭൂമിയിലെ വിഭവങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. മനുഷ്യന്റെ വേട്ട മൂലം പല ജീവികളും അന്യം നിന്നു. ഇതില്‍ പലതും നിലനില്പിനായി എന്ന ന്യായം പറയാന്‍ പോലും പറ്റാത്തവയായിരുന്നു.  ആനക്കൊമ്പിനുവേണ്ടി , കടുവാത്തോലിനുവേണ്ടി , കസ്തൂരിക്ക് വേണ്ടി , എണ്ണയ്ക്കും വിനോദത്തിനും വേണ്ടി അവള്‍ കാട്ടാനകളെ , വലിയ പൂച്ചകളെ , കസ്തൂരിമാനുകളെ , എണ്ണത്തിമിംഗലങ്ങളെ , കിളിക്കൂട്ടങ്ങളെ എയ്തുവീഴ്ത്തി. ഈ ലോകത്തുള്ള മുഴുവന്‍ വിഭവങ്ങളും മനുഷ്യന് ഉപയോഗിക്കാന്‍ വേണ്ടിയാണെന്ന വിശ്വാസമാണ് അവളെ ഇത്രയും ഭയങ്കരിയാക്കിയത്. അവളതിന് മതപരവും ദൈവീകവുമായ കള്ളസാക്ഷ്യങ്ങള്‍ എഴുതിയുണ്ടാക്കുകയും ചെയ്തു


നിലനില്പ് അല്പം ഞെരുക്കത്തിലായിരുന്ന ഒരു കാലത്ത് ( മനുഷ്യജന്തുവിന്റെയല്ല ,  ചില പ്രത്യേക വംശങ്ങളുടെ ) ഉടലെടുക്കാന്‍ തുടങ്ങിയ മതഗ്രന്ഥങ്ങളില്‍ ഓരോ പുതിയ ജീവനെയും വിലമതിക്കാനാവാത്തതായി കാണുന്നതില്‍ അത്ഭുതമില്ല. അതിനാല്‍തന്നെ സന്താനനിയന്ത്രണത്തെപ്പറ്റി മതഗ്രന്ഥങ്ങളില്‍ പറയുന്നതായി അധികമൊന്നും കേട്ടിട്ടില്ല.( മഹാഭാരതത്തില്‍ നാലാമതൊരു കുഞ്ഞിനായുള്ള പാണ്ഡുവിന്റെ ആഗ്രഹത്തെ കുന്തി എതിര്‍ക്കുന്നു എന്ന് തോന്നുന്നുണ്ട് ) . എന്നാല്‍ ഇന്നത്തെ സ്ഥിതി ഈ പഴഞ്ചരക്കുകള്‍ എഴുതിയുണ്ടാക്കിയ കാലത്തേതല്ലല്ലോ !


2010ല്‍ ലോകജനസംഖ്യ എഴുനൂറുകോടി കവിഞ്ഞിരിക്കുമെന്നാണ് നാം കണക്കാക്കുന്നത്. ഭീമമായ ഈ ജനംഖ്യയുടെ അതിഭീമമായ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ ഇനിയും കടുംകൃഷി ചെയ്താല്‍ ഇവിടെ അവശേഷിക്കുന്ന ജൈവവൈവിധ്യവും തകര്‍ന്നടിയുമെന്ന് സംശയമില്ല. അതിനാല്‍ സന്താനനിയന്ത്രണം എന്ന ആവശ്യം നാം തത്വത്തിലെങ്കിലും അംഗീകരിക്കുന്നു. ഓ മഹാത്മജി , അങ്ങയെ ഒന്ന് തിരുത്തട്ടെ , സന്താനത്തിനു വേണ്ടിയുള്ള ലൈംഗികതയാണ് ഇന്ന് പാപം. നാം ഈ ലോകത്തിലേയ്ക്ക് പെറ്റിടുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറച്ചുവരികയാണെങ്കില്‍ നമ്മുടെ ആവശ്യങ്ങളിലും കുറവുവരും. ഇന്നത്തെ സാഹചര്യത്തില്‍ ഒരു കുട്ടി ഒരു ആവശ്യമാണ് , രണ്ടു കുട്ടി എന്നത് ആഡംബരമാണ് . മൂന്നുകുട്ടി എന്നത് വ്യക്തമായും ഒരു അധര്‍മമാണ്.


ഇവിടെയാണ് ദാദ് മുഹമ്മദ് മുറാദ് എന്ന ബിംബം നമുക്ക് അനഭിമതനാവുന്നത്.  ദരിദ്രമായ ഒരു സമൂഹത്തിലേയ്ക്ക് ഇനിയുമിനിയും തന്റെ വകയായി കുട്ടികളെ എറിഞ്ഞുകൊടുക്കണമെന്ന് കരുതുന്ന ഒരു കൂട്ടം ജനങ്ങളുടെ പ്രതിനിധിയാണ് അറുപത് കഴിഞ്ഞ ആ ഒറ്റക്കാലന്‍. വൃദ്ധമായ , അംഗഭംഗം വന്ന ഉണ്ണാനും ഉടുക്കാനുമില്ലാത്ത ഒരു ജനതയുടെ പ്രതിനിധിയായ അയാള്‍ അന്യന്റെ സഹാ‍യം കൊണ്ടാണതെ പലപ്പോഴും വീട്ടുചെലവുകള്‍ നടത്തുന്നത്. അറുപത്തിരണ്ട് വയസ്സിനിടെ അയാള്‍ പതിമൂന്ന് വിവാഹം കഴിച്ചുകഴിഞ്ഞു. പക്ഷേ അയാള്‍ ഇനിയും നിര്‍ത്താന്‍ തയ്യാറല്ല. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നും അടുത്ത പെണ്ണുകെട്ടാനാണത്രെ അവന്റെ പദ്ധതി. ഇവനൊക്കെ പെണ്ണുകിട്ടുന്ന സ്ഥലമാണല്ലോ നമ്മുടെ ഇന്ത്യ !


അപ്പോള്‍ തന്നെ ഒരേസമയം ഭാര്യമാരുടെ എണ്ണം നാലില്‍ കവിയാതിരിക്കാന്‍ അയാള്‍ ശ്രദ്ധിക്കുന്നുണ്ട്.  മക്കളുടെ എണ്ണത്തില്‍ ശതകം തികയ്ക്കണമെന്ന ദാദ് മുറാദിന്റെ മോഹത്തിന് ശക്തിപകരുന്നത് ഭാര്യമാരാണത്രെ ! ബാബയുടെ റെക്കോഡ് നേട്ടത്തിനായി നടക്കുന്ന ഓരോ വിവാഹത്തിനും മക്കളും ഭാര്യമാരും പൂര്‍ണപിന്തുണ നല്‍കുന്നു പോലും !!  അപ്പോ ഈ ഭാര്യമാര്‍ക്കൊക്കെ എന്താ പണി . കുഞ്ഞുങ്ങളെ പെറുക തന്നെ


ഡോക്ടര്‍ : നിങ്ങള്‍ ഗര്‍ഭിണിയാണ്
രോഗി : അത് എനിക്കറിയാം
ഡോക്ടര്‍ : ഇപ്പോ എത്ര മക്ക:ളുണ്ട് ?
രോഗി : ഏഴ്
ഡോക്ടര്‍ : ഏഴോ ?!!!
രോഗി : അതെ
ഡോക്ടര്‍ : ഭര്‍താവിനെന്താ പണി ?
രോഗി : ഇപ്പൊ പണിക്കൊന്നും പോണില്ല. പലവിധ വയ്യായ..
ഡോക്ടര്‍ : നിങ്ങളോ ?
രോഗി : ചെലപ്പ വല്ല വീട്ട്പണിക്കും പോവും
ഡോക്ടര്‍ : ( വല്ലാതെ ദേഷ്യത്തില്‍ ) പിന്നെ ഈ പിള്ളേര്‍ക്കൊക്കെ ആരാ തിന്നാന്‍ കൊടുക്കുന്നത് ?
രോഗി : ( അതേ ആവേശത്തില്‍ ) അതിനല്ലേ അനാഥാലയങ്ങള്‍ !


മുകളില്‍ കൊടുത്തത് എന്റെ കെട്ടിച്ചമപ്പല്ല , ഞാന്‍ ദൃക്‌സാക്ഷിയായ ഒരു സംഭവകഥയാണ് . അന്യന്റെ സഹായം സ്വീകരിച്ച് സ്വന്ത കുട്ടികളുടെ വിശപ്പ് മാറ്റി പിന്നെയും ശറശറേന്ന് കുഞ്ഞുങ്ങളെ പെറ്റിടുന്ന ഇവര്‍ക്ക് ഭക്ഷണം വേണമെങ്കില്‍ നെല്പാടം പത്തിരട്ടി കതിരണിയണം. ആട്ടിന്‍കുട്ടികള്‍ നൂറിരട്ടി വളരണം. മീന്‍കൂട്ടങ്ങള്‍ അക്ഷയമായി നിലകൊള്ളണം. ഊറ്റിയാലും ഊറ്റിയാലും ഖനികള്‍ വറ്റരുത്. മെരുങ്ങാത്ത , പാല്‍ ചുരത്താത്ത പഴംതരാത്തതൊക്കെ നമുക്ക് വഴിമാറീത്തരേണ്ടിവരും.  മനുഷ്യന്റെ ആവശ്യത്തിനുള്ളത് പ്രകൃതിയിലുണ്ട്. അത്യാഗ്രഹത്തിനുള്ളത്  ഇല്ലതാനും .


അതുകൊണ്ട് പ്രിയപ്പെട്ട മുറാദ് , താങ്കളുടെ ഈ അത്യാര്‍ത്തിക്കുള്ള വിഭവങ്ങള്‍ പ്രകൃതിയില്‍ ഇല്ലെന്ന് ദയവായി മനസ്സിലാക്കുക. ജനനമരണങ്ങളും അവയെ ഒരു പരിധിവരെ നിയന്ത്രിക്കാനുള്ള കഴിവും നമുക്കുണ്ടെന്നിരിക്കെ , മരണത്തെ മാത്രം നിയന്ത്രിക്കുന്നത് തിന്മയാണെന്ന് അറിയുക. കൊടിയ ഈ പാപത്തില്‍ നിന്നും പിന്തിരിയുക


അഥവാ താങ്കള്‍ പിന്തിരിയുന്നില്ലെങ്കില്‍ , വീണ്ടും വിശക്കുന്നവയറുകളെ ഈ ദരിദ്രഭൂമിയിലേയ്ക്ക് തള്ളിയിടുകയാണെങ്കില്‍ ഞാനിതാ നിന്നെ ശപിക്കുന്നു.


വരുന്ന നൂറുനൂറുജന്മങ്ങളില്‍ നീ അനപത്യതാദു:ഖത്തില്‍ വെന്തെരിയട്ടെ!

5 comments:

 1. ഇന്നത്തെ സാഹചര്യത്തില്‍ ഒരു കുട്ടി ഒരു ആവശ്യമാണ് , രണ്ടു കുട്ടി എന്നത് ആഡംബരമാണ് . മൂന്നുകുട്ടി എന്നത് വ്യക്തമായും ഒരു അധര്‍മമാണ്.

  ReplyDelete
 2. ഈ കുതിര കയറ്റത്തിന്റെ ഗുട്ടന്‍സ് പിടി കിട്ടുന്നില്ല ... അങ്ങോര് താങ്കള്‍ടെ വീട്ടീ വന്നു വല്ലതും ചോദിച്ചോ ആശാനേ ? ദൈവ വിശ്വാസം ഇല്ലാത്തതു (!?) കൊണ്ടാവാം താങ്കളുടെ ഈ ഗിമ്മിക്ക് .. ഒപ്പം പ്രകൃതി നിയമങ്ങള്‍ (??) ഒക്കെ ഉണ്ടല്ലോ അത് തന്നെ ഇതിനൊക്കെ മറുപടി നല്‍കിക്കൊണ്ടിരിക്കുന്ന കാലത്ത് അല്ലെ നാം ജീവിക്കുന്നത് ..

  ഒരു പോംവഴിയെ ഉള്ളൂ... ശാസ്ത്രം കണ്ടു പിടുത്തങ്ങള്‍ നിര്‍ത്തി വെക്കുക. ജനങ്ങള്‍ രോഗം വന്നും മറ്റും ചത്ത്‌ ഒടുങ്ങട്ടെ ...അല്ലെങ്കില്‍ ഒരു ലോക മഹാ യുദ്ധം നടക്കാനുള്ള സൂത്രം കണ്ടെത്തുക .. എങ്കില്‍ എല്ലാം ഭദ്രം (ഒളിക്കാന്‍ സ്ഥലം കണ്ടെത്തുക )
  ആഡംബരമാണ് എന്നൊക്കെ പറയുന്നത് അവനവന്‍ ജീവിക്കുന്ന ചുറ്റുപാടിനെ അനുസരിച്ച് മാറി മറിയില്ലേ ? മൊത്തത്തില്‍ അങ്ങിനെ ഒരു ആഡംബരം ഉള്ളത് കൊണ്ടാണ് ലോകത്തെ നമ്പര്‍ 2 മാര്‍ക്കറ്റ്‌ ആയി ഇന്ത്യ മാറിയത്.
  ജന സാന്ദ്രത കൂടുതല്‍ ഉള്ള ഇന്ത്യയില്‍ നിന്ന് ഇങ്ങനെ ചിന്തിക്കുന്നത് ശരിയാവാം .. പക്ഷെ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് കൂടുതല്‍ ഗ്രാന്‍ഡ്‌ ലഭ്യമാക്കുന്ന രാജ്യങ്ങള്‍ (ഗള്‍ഫ്) പ്രജനനത്തെ പ്രോത്സാഹിപ്പിക്കുന്നു ...

  ReplyDelete
 3. സമീറേ , ഇതില് ദൈവവിശ്വാസത്തിന്റെ കാര്യം വിട്. അത് പിന്നത്തെ കേസ്. ഇവിടെ ന്നൂറ് മക്കളെ ഒണ്ടാക്കിക്കൊള്ളാം ന്ന് പറഞ്ഞ് തുനിഞ്ഞെറങ്ങിയ ഒരാള്‍ടെ വാഴ്ത്ത് പാട്ടാണ് കണ്ടത്. അപ്പോ ഇന്ത്യന്‍ അവസ്ഥയില്‍ നിന്ന് ചിന്തിക്കുമ്പോ അതിനെ എതിര്‍ക്കണ്ടി വരും. പിന്നെ ജനസംഖ്യനിയന്ത്രിക്കാന്‍ ഇവിടെ യുദ്ധം ഒണ്ടാക്കണ്ട കാര്യമൊന്നുമില്ല. ഇത്തരം ആഭാസങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന ഒരു സര്‍ക്കാര്‍ മതി . പക്ഷേ ഇവിടത്തെ ചെല മുന്‍മന്ത്രിമാര്‍ക്ക് തന്നെണ്ട് ഒരു ബസ് നിറയാന്‍ കുട്ടികള്‍.

  ഇനി കുതിരകയറ്റത്തിന്റെ കാര്യം. അയാള്‍ക്കും പന്ത്രണ്ട് ഭാര്യമാര്‍ക്കും കൂടി 82 മക്കള്‍ . ഇതന്നെയാണ് ഈ ജനസംഖ്യാവിസ്ഫോടനം എന്നൊക്കെ പറയുന്ന ഭയങ്കരപ്രശ്നം.

  ഞാന്‍ പ്രശ്ന്മായി കരുതുന്നവ നിങ്ങള്‍ക്ക് അല്ലായിരിക്കം. തിരിച്ചും. വന്നതിനും അഭിപ്രായത്തിനും നന്ദി.

  ReplyDelete
 4. സമീറെ ഇത്ര ആവേശപ്പെടേണ്ടായിരുന്നു.

  ReplyDelete
 5. ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു! വായിച്ചില്ല. പോസ്റ്റുകൾ ഒന്നും വായിച്ചില്ല. പിന്നെ വന്ന് വായിക്കും!

  ReplyDelete