“ഇതില്‍ ആറു പൊറാട്ടയുണ്ട്.
നാലെണ്ണം എനിക്കും രണ്ടെണ്ണം നിനക്കും
ഇത് ചിക്കന്‍ കറി”
“കഷ്ണം നിനക്കും പാതി ചാറെനിക്കും അല്ലേ ?”
കിലുക്കം എന്ന സിനിമയില്‍ ജഗതി ശ്രീകുമാറും മോഹന്‍ലാലും അഭിനയിച്ച ഈ രംഗം സിനിമ ഒരിക്കലെങ്കിലും കണ്ടവരാരും എളുപ്പമൊന്നും മറക്കും എന്ന് തോന്നുന്നില്ല. എന്നാല്‍ പൊറാട്ട മുഴുവന്‍ ഞാന്‍ തിന്നും, ഞാന്‍ തിന്നിട്ടു ബാക്കി വല്ലതും ഉണ്ടെങ്കില്‍ നീ നക്കിയാല്‍ മതി എന്നാണ് ജഗതി ശ്രീകുമാറിന്റെ ഡയലോഗ് എങ്കിലോ ?
ഏതാണ്ട് അത്തരത്തിലാണ് ഇന്നലെ രാജ്യസഭയില്‍ നടന്ന സംഭവങ്ങള്‍ . ആറു പൊറാട്ടയില്‍ രണ്ടെണ്ണം മാത്രമാണ് സ്ത്രീകള്‍ അവകാശപ്പെട്ടത്.അതു ന്യായമാണ് എന്ന് രാജ്യം മൊത്തത്തില്‍ സമ്മതിച്ചതുമാണ്. അപ്പോഴാണ് നിലവിലുള്ള സാമുഹ്യനിയമങ്ങള്‍ താളം തെറ്റുന്നതില്‍ ഉത്കണ്ടാകുലരായ ചില യുഗപുരുഷന്മാരുടെ വരവ് .
കയ്യൂക്കും തെമ്മാടിത്തവും മാത്രം കൈമുതലായുള്ള പെരുവഴിക്കവര്‍ച്ചക്കാര്‍ പോലും തോല്‍ക്കുന്ന മട്ടില്‍ ആ രണ്ടു പൊറാട്ടകള്‍ അവരൊക്കെ സ്ത്രീകളുടെ കയ്യില്‍ നിന്നും പിടിച്ചുപറിച്ചു. ന്യൂനപക്ഷവനിതകളുടെ താല്പര്യം സംരക്ഷിക്കാന്‍ എന്ന വ്യാജേന നടന്ന ഈ പകല്‍ക്കൊള്ള കൊണ്ട് ഗുണം കിട്ടുന്നത് നിയമം നടപ്പാക്കാന്‍ വൈകുന്നതിലൂടെ ഭൂരിപക്ഷം വരുന്ന പുരുഷന്മാര്‍ക്ക് മാത്രമാണ്.
കേരളത്തില്‍ ഇപ്പൊഴും ഭര്‍താക്കന്മാര്‍ ഭക്ഷണം കഴിച്ച പാത്രത്തില്‍ ചോറ് വിളമ്പിയുണ്ണുന്ന ഭാര്യമാരുണ്ട്. ആവശ്യത്തിനു ഭക്ഷണം കിട്ടാതിരുന്ന ഒരു കാലത്ത് ആണുങ്ങള്‍ ഉണ്ടതിനു ശേഷം വല്ലതുമുണ്ടെങ്കില്‍ മാത്രമാവും അവള്‍ക്ക് കിട്ടുക. ഒരിക്കലും ആവശ്യത്തിനു ഭക്ഷണം ബാക്കിവെയ്ക്കാതിരിക്കുന്ന അവന്റെ എച്ചിലും കൂടി വേണം അവളുടെ വിശപ്പു മാറാന്‍ !
എച്ചില്‍ കഴിക്കുന്ന ഈ പാരമ്പര്യം തന്നെയാണ് നമ്മുടെ സഭയിലും തുടരുന്നത്. അവന്‍ കഴിച്ചെണീറ്റതിനു ശേഷം മാത്രം അവള്‍ക്ക് ഉണ്ണാനിരിക്കാം. എപ്പോഴും അവന്‍ വല്ലതും ബാക്കി വെയ്ക്കുമായിരിക്കും എന്ന് പ്രതീക്ഷിക്കാം .
നിസ്സംശയം പറയാം
അവനാണ് താരം !