Sunday, April 22, 2012

തേങ്ങാമുതലാളിയുടെ ആത്മകഥ

ഇന്നലെ വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് ഓര്‍ത്തത് വെളിച്ചെണ്ണ തീരെയില്ലെന്ന്. ഒരു പ്ലാസ്റ്റിക് കാനും എടുത്ത് നേരെ മില്ലിലേയ്ക്ക് നടന്നു. അവിടേയ്ക്ക് കയറുമ്പോള്‍ തന്നെ ബോര്‍ഡില്‍ ഇന്നത്തെ വിലയെന്താണെന്ന് നോക്കി. കിലോയ്ക്ക് 67 ആയിരിക്കുന്നു. കുറച്ചുകാലം മുമ്പ് 85 ഉം  90 ഉം വരെ എത്തിയിരുന്നതാണ്. അപ്പോള്‍ വില കുറഞ്ഞു എന്ന് പറയാം. പക്ഷേ അതിനു ശേഷം  വെളിച്ചെണ്ണ വില കിലോയ്ക്ക് 60 വരെ എത്തിയതാണ്. അപ്പൊ വില ഉയര്‍ന്നു എന്നും പറയാം. അല്ലെങ്കിലും ഈ ഉയര്‍ച്ചതാഴ്ചകളൊക്കെ ആപെക്ഷികമല്ലേ :) വെളിച്ചെണ്ണ, കൊപ്ര, തേങ്ങ, തെങ്ങ് ഇങ്ങനെ തികഞ്ഞ പിന്തിരിപ്പനായി ചിന്തിച്ചപ്പോള്‍ ആണ് ഇന്ന് തേങ്ങയിടാന്‍ വരാന്‍ പണിക്കാരോട് പറഞ്ഞിട്ടുണ്ട് എന്ന് ഓര്‍ത്തത്. പരിചയമുള്ള കടയില്‍ ചെന്ന് ഒരു ആയിരത്തഞ്ഞൂറ് കടം വാങ്ങി. അത് മതിയാവുമെന്ന് കരുതി ഒന്നും ആലോചിക്കാതെ കിടന്നുറങ്ങി.


രണ്ടു ബാലന്മാരാണ് ഞങ്ങളുടെ പറമ്പില്‍ തെങ്ങുകേറാന്‍ സ്ഥിരമായി വരുന്നത്. ഇന്നും രാവിലെ ഏഴര വെളുപ്പിന് തന്നെ എത്തി അവര്‍ പണി തുടങ്ങി. നാളികേരം പെറുക്കിക്കൂട്ടാന്‍ ഞാനും അച്ഛനും. തെങ്ങുകേറുന്ന കാര്യത്തില്‍ അവരുടെ ഇടയില്‍ തന്നെ ഒരു ധാരണയുണ്ട്. ഒരാളുടെ ആരോഗ്യം അല്‍പം മോശമായതിനാല്‍ ആകാശത്തിന്റെ നെറുകയിലേയ്ക്ക് എത്തുന്ന തെങ്ങുകളൊക്കെ മറ്റാളാണ് കയറാറ്. ഒന്‍പതു കഴിഞ്ഞപ്പോഴേയ്ക്ക് അവരുടെ ജോലി അവര്‍ തീര്‍ത്തു. നാളികേരം പെറുക്കിക്കൂട്ടല്‍ പിന്നെയും ബാക്കി കിടന്നു ഇതു കഴിഞ്ഞാല്‍ വെട്ടിക്കുടിക്കാനുള്ള ഒരു കുല ഇളന്നീരിന്റെ ബലം മൂന്നര വയസ്സുകാരനെക്കൂടി ഉത്സാഹക്കമ്മറ്റിയില്‍ കൊണ്ടുവന്നു.


ഒന്നരമണിക്കൂര്‍ കൊണ്ട് അവര്‍ക്ക് രണ്ടുപേര്‍ക്കുംകൂടി ആയിരത്തിമുന്നൂറ് രൂപ കൂലിയായി കിട്ടി. കഴിഞ്ഞ തവണ തെങ്ങിന് പതിനഞ്ചായിരുന്നു കൂലി. ഇപ്പോള്‍ ഇരുവതായി അത്. മിക്ക സ്ഥലത്തും തെങ്ങൊന്നിന് ഇരുപത്തഞ്ചാണ് കൂലി എന്നുപറഞ്ഞ് അവര്‍ ഞങ്ങളെ സമാധാനിപ്പിച്ച് വ്യംഗ്യമായി ഭീഷണിപ്പെടുത്തി.


രണ്ടു തെങ്ങുകയറ്റക്കാര്‍ക്കും ഇനി ഇത്തരത്തില്‍ ഒരു പറമ്പില്‍ കൂടി പണി ചെയ്യാനുള്ള സമയമുണ്ട്. പൊതുവേ ചുരുങ്ങിയത് ആള്‍ക്ക് ആയിരം രൂപയോളം ഇവര്‍ ഒരു ദിവസം സമ്പാദിക്കും. അതും ഉച്ചവരെയുള്ള നേരം കൊണ്ട്. വെയില്‍ മൂത്താല്‍ പിന്നെ ഇവര്‍ പണിക്കു പോവാറില്ല. പറ്റുകയും ഇല്ല. ജോലി സമയത്തേക്കാള്‍ ഒരുപാടധികമുള്ള ഈ ഒഴിവുസമയം പൊതുവേ തെങ്ങുകയറ്റക്കാരുടെ അധ്വാനഫലത്തെ പോക്കറ്റടിക്കുന്നതില്‍ വലിയ പങ്കു വഹിയ്ക്കുന്നുണ്ട്. കഠിനമായ ദേഹാധ്വാനം മറക്കാന്‍ ലഹരി, ഭാഗ്യം പരീക്ഷിക്കാന്‍ ലോട്ടറികള്‍, കീശയില്‍ മിഴിവോടെ നില്‍ക്കുന്ന പച്ചനോട്ടുകള്‍ പകരുന്ന അമിതമായ ആത്മവിശ്വാസം ഇങ്ങനെ പലവഴിയ്ക്ക് പണം പാഴാക്കിക്കളയുന്നവരുണ്ട്. എല്ലാം കൂടി ഇവരെ പിറ്റേന്നും പണിക്കിറങ്ങേണ്ട അവസ്ഥയില്‍ പലപ്പോഴും എത്തിക്കുന്നു. ഒരു തെങ്ങിനു ഏറ്റവും കുറഞ്ഞത് ഇരുപത് മുതല്‍ ഇരുപത്തഞ്ച് വരെ കൂലി വാങ്ങുന്ന തെങ്ങുകയറ്റക്കാരില്‍ പലരും എഴുപതാം വയസ്സിലും തളപ്പ് കയ്യിലെടുക്കേണ്ടിവരുന്നു. എത്തിപ്പിടിക്കാന്‍ മറ്റൊരു കൊമ്പില്ലാത്ത ഉയരങ്ങളില്‍ ഒന്നു പിഴച്ചാല്‍, അതോടെ താല്‍കാലികമായെങ്കിലും ഒതുങ്ങുന്നു എല്ലാം :( നട്ടെല്ലിന് പരിക്കേറ്റ് മറ്റൊരു ജോലിക്കുമാവാതെ കഴിയുന്ന തെങ്ങുകയറ്റത്തൊഴിലാളികള്‍ കുറവൊന്നുമല്ല. 


ഇനി കൃഷിക്കാരന്റെ കണ്ണില്‍ കൂടി നോക്കിയാല്‍, അഞ്ചര രൂപയാണ് നാളികേരത്തിന് ഇന്ന് വില കിട്ടിയത്. അതായത് ഒരു തെങ്ങില്‍ നിന്ന് നാല് നാളികേരം കിട്ടണം തെങ്ങുകയറ്റക്കാരന് കൂലി കൊടുക്കാന്‍ മാത്രം. പറമ്പില്‍ ഉണങ്ങിവീഴുന്ന നാളികേരം എടുത്ത് വില്‍ക്കുന്നതാണ്  അവനു മെച്ചം. അപ്പോള്‍ പക്ഷേ അടുത്ത കുല പിടിച്ചുവരാന്‍ സമയമെടുക്കും. കൊച്ചിയിലൊക്കെ ചകിരി നീക്കിയ നാളികേരത്തിനു പതിനാല് രൂപ കൊടുക്കണമത്രെ കടയില്‍ നിന്നു വാങ്ങാന്‍. പ്ലസ്സിലൊരു സുഹൃത്ത് പറഞ്ഞതാണ്. അതൊക്കെ പക്ഷേ ചില അപവാദങ്ങളാണ്. ആദ്യം പറഞ്ഞ പോലെ വെളിച്ചെണ്ണ വില കുറഞ്ഞപ്പോള്‍ തന്നെ ഇതും മനസ്സില്‍ ഓര്‍ക്കേണ്ടതായിരുന്നു :)


ഉച്ചയ്ക്ക് പുറത്ത് പോയി വരുന്നതിന്റെ ഇടയ്ക്ക് നാളികേരത്തെപ്പറ്റി ആലോചിച്ചു ദാഹിച്ചു. ഉടനേ ഇളന്നീര്‍ കുടിക്കണമെന്ന് തോന്നി. വീട്ടില്‍ ഉണ്ട് ഈ സാധനം. പക്ഷേ ദാഹം സഹിക്കാന്‍ പറ്റിയില്ല. അടുത്ത് കണ്ട ഇളനീര്‍ പന്തലില്‍ കയറി വില ചോദിച്ചു. ഒരെണ്ണത്തിന് ഇരുപതാണെന്ന് കേട്ടപ്പോള്‍ ദാഹവും വിയര്‍പ്പും വറ്റി. വെട്ടണ്ടാ എന്നു ചാടിപ്പറഞ്ഞ് അവിടെ നിന്ന് തടിതപ്പി. ഇട്ടിക്കോരയുടെ പിന്‍ഗാമികളെ മനസ്സ് തുറന്ന് ശപിച്ചു.തെങ്ങുകയറ്റക്കാരന്റെ കൂലി, വണ്ടിക്കാരന്റെ കൂലി, ഇടനിലക്കാരന്റെ ലാഭം, വെട്ടിക്കൊടുക്കുന്നവന്റെ കൂലി, കച്ചവടക്കാരന്റെ ലാഭം, ഇതൊക്കെ വാങ്ങുന്നവന്‍ തന്നെ കൊടുക്കണ്ടേ :)


 അല്ലേലും ഉല്‍പാദകനല്ല, ഇടനിലക്കാരനല്ലേ എന്നും ലാഭം :). നാളികേരം കൊപ്ര ആയി വില്‍ക്കുന്നതാണ് കൂടുതല്‍ മെച്ചം. അപ്പൊ പക്ഷേ നമ്മുടെ അധ്വാനം കൂടും. മില്ലിലേയ്ക് സാധനം എത്തിച്ചാല്‍ പിന്നെയും നന്ന്. വര്‍ഷത്തില്‍ രണ്ടു തവണ തെങ്ങിന്റെ കടതുരക്കല്‍, വളമിടല്‍, ആവശ്യമെങ്കില്‍ നന, തെങ്ങുകയറ്റക്കൂലി എല്ലാം കൂട്ടി വായിച്ചാല്‍ ഒരു നാളികേരത്തിന് കര്‍ഷകന്, രണ്ടു രൂപ കിട്ടിയാല്‍ ലാഭം


സംഗതി ഇത്രേയുള്ളൂ. നമ്മളൊരു പ്രൊഫഷണല്‍ കൃഷിക്കാരനല്ലാത്തതുകൊണ്ട് വീട്ടില്‍ തെങ്ങുകള്‍ തല പൊക്കി നിക്കുന്നു. ചിലപ്പോഴൊക്കെ തോന്നും കുറേ തെങ്ങുകള്‍ വെട്ടിമാറ്റി ആ ഒഴിവുകളില്‍ തേക്കോ മറ്റോ നട്ടുവളര്‍തണമെന്ന്. ആത്മഹത്യ ചെയ്യാതിരിക്കാന്‍ ചില മുന്‍കരുതലൊക്കെ എടുക്കണ്ടേ :)