Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, April 13, 2013

Saturday, November 10, 2012

നായ്ക്കള്‍ക്ക് ഒരു ചരമക്കുറിപ്പ്


നിന്റെയീ കിടപ്പ് നന്നായിട്ടുണ്ട്.

അവനവനിലേയ്ക്ക് ചുരുണ്ട് ചുരുണ്ട്
കണ്ണൂകള്‍ ഇറുക്കിയിറുക്കിയടച്ച്
ലിംഗത്തിന്റെ ഇളംചൂടില്‍ കൈകളമര്‍ത്തി
തലവഴി മൂടിപ്പുതച്ച്

ഈ കിടപ്പ് വളരെ നന്നായിട്ടുണ്ട്

ഞാനിപ്പോള്‍ തെരുവിലാണ്.
ഞാനിപ്പോള്‍ വെളിമ്പറമ്പുകളിലാണ്
ഞാനിപ്പോള്‍ വീട്ടുവളപ്പുകളിലാണ്
ഞാനിപ്പോള്‍ നിന്റെ മുറ്റത്താണ്

ഞാനിപ്പോള്‍ അവറ്റകളെ
ഒന്നൊന്നായി വെട്ടിനീക്കുകയാണ്.
നീയറിയാതെ നിനക്ക് കാവല്‍ നിന്നവരെ

നീ ചെവിമൂടിക്കെട്ടിയത് നന്നായി
അവറ്റയുടെ കുരയോ ഓളിയിടലോ നിലവിളിയോ
നിന്നെ ശല്യപ്പെടുത്തില്ല. നീ ഉറങ്ങിക്കോളൂ

എല്ലാം കഴിഞ്ഞ് ഞാന്‍ വരാം
അപ്പോള്‍ നീ ഞെട്ടിയുണരണം
ഭയത്തോടെ എന്നെ നോക്കണം
ഇങ്ങനെയൊക്കെയോ എന്ന് അതിശയിക്കണം
എല്ലാം പെട്ടെന്ന് വേണം

അതു കഴിഞ്ഞ് ഒറ്റവീശലില്‍ .....

നീ ഉറങ്ങിക്കോളൂ
സ്വസ്ഥമായി ഉറങ്ങിക്കോളൂ

Wednesday, October 3, 2012

പറന്നുപൊങ്ങുന്ന സ്വപ്നങ്ങള്‍


കടല്‍ക്കര, മണല്‍
മലം, ചളി, ചലം
വെയില്‍, വെണ്മ

മാനം നോക്കിക്കിടക്കുന്ന ഞാന്‍

ഉം

ഓടി മറയുന്ന ഞണ്ടുകള്‍ക്കിടയില്‍
ചത്തടിഞ്ഞ നക്ഷത്രമത്സ്യങ്ങള്‍ക്കിടയില്‍
തിരയായെത്തുന്ന മീന്‍മണത്തിനിടയില്‍

മാനം നോക്കി ഞാന്‍.
വട്ടം ചുറ്റിയുയരുന്ന എന്റെ സ്വപ്നങ്ങള്‍

പിന്നെ ?

ചിറകടിക്കാതെ പൊന്തുന്ന സ്വപ്നങ്ങള്‍
ഉയര്‍ന്നുയര്‍ന്നുപൊന്തുന്ന സ്വപ്നങ്ങള്‍

മതിയെടാ വാ,

അല്‍പം കൂടിയേ കാത്തിരിക്ക്,
അതിനകം അവ പോവുമിഷ്ടാ
നേര്‍ത്തൊരു പൊട്ടായി
ആകാശത്തേയ്ക്ക് മറയും.
അതുവരെ നോക്കട്ടെ.. 
ഞാനവ നോക്കിയിരിക്കട്ടെ...

Wednesday, September 26, 2012

പേഴ്‌‌സ്പക്റ്റീവ്

പാടത്തിരിക്കുമ്പോ,

പയ്യിനെ നോക്കി
പുല്ലും ചെത്തി
പൊന്നാരം പറഞ്ഞ്
ഓള്‍ടെ കൂടെ
കാറ്റും കൊണ്ട്
പാടത്തിരിക്കുമ്പോ

അങ്ങേക്കരേലെ
കുന്നിനെന്തൊരു ഭംഗി !

കുന്നത്ത് നിക്കുമ്പോ

കല്ലും ചവിട്ടി
കള്ളും കുടിച്ച്
കൂക്കിവിളിച്ച്
ഓരടെ കൂടെ
വെയിലും കൊണ്ട്
കുന്നത്ത് നിക്കുമ്പോ

ഇങ്ങേത്താഴത്തെ
പാടത്തിനെതൊരു ഭംഗി.

എന്നാലും
പിന്നേം പാടത്തിരിക്കുമ്പൊ..... 

26-09-2012

Monday, September 24, 2012

ഞാന്‍ വരച്ച ചിത്രത്തില്‍

മങ്ങിയ വരക്കടലാസ്
ചാരനിറം പുരണ്ട മാര്‍ജിന്‍.

അതിര്.
എന്തിനും അതിരിടുന്ന
കട്ടിയേറിയ മാര്‍ജിന്‍.

അതിര്
വിചാരത്തിന്റെ.
അതിര്
സ്വാതന്ത്ര്യത്തിന്റെ.
അതിര്
ഭാവങ്ങളുടെ.
അതിര്
പ്രേമത്തിന്റെ.
അതിര്
ഊര്‍ന്നിറങ്ങുന്ന മുടിക്കെട്ടിന്റെ.

അതിരുകെട്ടുന്ന മാര്‍ജിന്‍.
വിളര്‍ത്തുതുടങ്ങിയ മാര്‍ജിന്‍.

മാര്‍ജിനുകള്‍ വകവെയ്കാതെ
അതിരുവിടുന്ന
അഴകുറ്റ നിതംബങ്ങള്‍.

കടലാസുകളെ
നെടുകെ പിളര്‍ന്ന്
ഉയര്‍ന്നുപൊന്തിയ
പള്ളിമിനാരങ്ങള്‍.

അതിരില്ലായ്മ
നിറങ്ങളുടെ.
അതിരില്ലായ്മ
ഗന്ധങ്ങളുടെ.
അതിരില്ലായ്മ 
ശബ്ദങ്ങളുടെ.
അതിരില്ലായ്മ 
സമൃദ്ധിയുടെ.
അതിരില്ലായ്മ 
ക്ഷാമത്തിന്റെ.

അതിരില്ലായ്മ
അതിരുകളുടെ.

ഈ തെരുവില്‍,
ഈ പകലില്‍,
ഇപ്പോള്‍.


24-09-2012

Saturday, September 22, 2012

ഒഴിഞ്ഞ ഇടങ്ങള്‍

ഒഴിഞ്ഞുകിടക്കുന്ന ഓരോ ഇടവും
സ്വൈര്യം കെടുത്താറുണ്ട് വീടിനെ.

അതുകൊണ്ടല്ലേ വീട് ഇക്കണ്ട
കൂറകളെയും എട്ടുകാലികളെയും
എറുമ്പുകളെയും ചെതലുകളെയും
പെറ്റുവളര്‍ത്തുന്നത് !!!!!

Friday, September 21, 2012

ഇന്ന് പെയ്ത മഴയില്‍

ജനലുകളടച്ച് കുറ്റിയിട്ടു
ഉമ്മറവാതില്‍ ചാരി
കര്‍ടണ്‍ വലിച്ചുമുറുക്കി

ഇടിമിന്നലോ മഴച്ചാറ്റലോ
അകത്തേയ്ക്ക് വരില്ലെന്നുറപ്പാക്കി
കണ്ണടച്ച് ഒരു വളി വിട്ടു

അഗ്നിമുഖന്‍ കമ്പ്യൂട്ടറിന്റെ വാതില്‍ വലിച്ചുതുറന്നു
മഴയെക്കുറിച്ചെഴുതിയ കവിതകള്‍
ഒന്നൊന്നായി നോക്കി

ദൃഡമായ ലിംഗം
കുലുക്കിക്കുലുക്കി
സൃഷ്ടിയുടെ ആനന്ദത്തില്‍ രമിച്ചു

നിലത്തേയ്ക്ക് വീണ
അവസാനത്തുള്ളിയും
തുടച്ചെടുത്ത്
ബ്ലോഗിലിട്ടു

ഇന്ന് പെയ്ത മഴയില്‍
എന്ന് പേരുകൊടുത്തു

18-06-2012

Saturday, May 12, 2012

ചിത്രം വരയ്കുന്നവര്‍


പടര്‍ന്നുപൊന്തിയ കടലാസില്‍ 
ഒരിടത്തൊരച്ചനും  മകനും കൂടി 
ഒരു മാവുവരച്ചു. 


മാവിന്റെ ഇങ്ങേക്കൊമ്പില്‍ 
കൂടുകാക്കുന്ന ഒരു കാക്ക


മാവിന്റെ അങ്ങേക്കൊമ്പില്‍ 
പാട്ടുപാടുന്ന ഒരു കുയില്‍ 


ഹായ് ഹായ് ഹായ്...
കാക്കയെ നോക്കി കുട്ടി തുള്ളിച്ചാടി. 


കൂയ് കൂയ് കൂയ്...
പാട്ടുകേട്ട് അവന്‍ കൂക്കിവിളിച്ചു.  


ദേഷ്യം പിടിച്ച കാക്ക 
ചിത്രത്തില്‍ നിന്നിറങ്ങി 
കുട്ടിയെ കൊത്താന്‍ വന്നു 


അതു കണ്ട് 
അച്ചന്‍ കാക്കയെ എറിഞ്ഞോടിച്ചു.


പേടിച്ചുപോയ കുയില്‍ 
വേഗം അപ്പുറത്തെ പറമ്പിലേയ്ക്ക് പാറിപ്പോയി.


കുയിലിന്റെ പിന്നാലെ കുട്ടി.. 
കുട്ടിയുടെ പിന്നാലെ അച്ചന്‍.. 


ചിത്രത്തിലിപ്പോള്‍ മാവു മാത്രം ...  


പടര്‍ന്നുനിക്കുന്ന ആ മാവിന്റെ ചോട്ടിലിരുന്ന് 
രണ്ടു കുണ്ടന്മാര്‍ ചിത്രം വരയ്ക്കാന്‍ തുടങ്ങി.


മാവിന്റെ  ഇങ്ങേ വശത്ത്
പൊന്നണിഞ്ഞൊരു പെണ്ണ്‌ !!


മാവിന്റെ അങ്ങേ വശത്ത്
പമ്മിനിക്കുന്നൊരു കള്ളന്‍ !!


 

Monday, December 12, 2011

കറുത്ത കാമുകര്‍

കരിമ്പനക്കൂറ്റനൊരുത്
തന്‍ നില്‍ക്കയാം
കരിമുകിലോളമുയര്‍ന്ന്, വേരൂന്നി


കറമ്പിയായോരു യുവതി
കണ്ണന്റെ ദയിത കൃഷ്ണയോ
കരളില്‍ കുത്തുന്നു


ഉറച്ച വേരുകള്‍
കറുത്ത മണ്ണിനെ പുണര്‍ന്നുനില്‍ക്കയാല്‍
ഇരുവര്‍ക്കുമോടിയടുക്കുവാനാകാ:(


പ്രണയം ചിന്തയില്‍ കടന്നലാകുമ്പോള്‍
പുണരുവാന്‍പോലുമസാധ്യമാകുമ്പോള്‍
പ്രണയരേതസ്സു കലര്‍തിനാന്‍ കാറ്റില്‍


കരിമ്പനപ്പട്ട മുടിയില്‍ ചുംബിച്ചാ
പെരും കൈകള്‍ ചുറ്റിപ്പിണച്ചു പുല്‍കീട്ട്
ഇളംകാ
റ്റേകിയ പ്രണയപ്പൂമ്പൊടി
ശ്വസിക്കെ
മേനിയില്‍ പരക്കെ 
പെണ്ണിന്റെ മുലയില്‍
പൊക്കിളി
ലുടലിലൊക്കെയും
നടനം ചെയ്കയായ്
പെരും കവിമൂര്‍ച്ഛ


ഞരമ്പിലൂടെത്തി
കവിത
ചേലൊത്ത കരിമ്പനത്തേങ്ങമുലയി
ലൂറുവാന്‍

Wednesday, April 28, 2010

അകലെ കുന്നിന്റെ ചരിവില്‍  
ഊക്കോടെ മുരളുന്നു ചെണ്ട 

ഇടം തല കോലില്‍ പടരുമ്പോളാണോ 
വലം തല നാണിച്ചകലുമ്പോളാണോ 

ഇലത്താളപ്പെരുമഴയില്‍ പൊങ്ങുന്നു 
നനഞ്ഞ നെഞ്ഞിന്റെ പുരാതനമണം 

തിളക്കുമാ നാദപ്രകമ്പനം സഹി
ക്കരുതാഞ്ഞാരാനും മരിച്ചു പോയാവോ

Tuesday, April 27, 2010

കണ്ണാടി


കരിയിലക്കിളി കൂട്ടമായെത്തുന്ന 
സമയമെന്നുടെ വീട്ടിന്റെ പിന്‍പുറം  

ഇമയടക്കാതെനോക്കിഞാന്‍ പക്ഷികള്‍ 
ഇരപിടിക്കുന്നതെങ്ങനെ തിന്നുമോ അരി,  

വിശക്കിലു മൂട്ടുമോ കുഞ്ഞിനെ,
അപരനില്‍ നിന്നു കാക്കുമോ പെണ്ണിനെ?.........  

ഇടവിടാതെഞാന്‍ നോക്കവേ കാണ്‍കയായ്  
ചിലചിലപ്പുകള്‍ക്കുള്ളിലു മേകനാ-
മൊരുവന്‍  നോക്കുന്നുവെന്നെ കുറിക്കുന്നു 
വിരലിനാല്‍ മണ്ണിലാകെ തുരുതുരെ.  

കുതുകമോടെ ഞാന്‍ ചെന്നു നോക്കീടവെ  
കിളിയെഴുത്തുകള്‍ മണ്ണിന്‍ ലിപികളില്‍ 

“മിഴികള്‍ വീഴുംബഹളവു മേകനാ-
മൊരുവന്‍ നമ്മളെ നോക്കുന്ന നോട്ടവും  

പലകുറി കണ്ട കാഴ്ചകള്‍ വീണ്ടുമി
ന്നൊരുകുറി കൂടി കാണുക ദുഷ്കരം”.

Tuesday, February 2, 2010

ഇരട്ടത്തലച്ചി

അകലെ നിന്നാണ് ,
നനുത്ത സംഗീതം പടര്‍ന്നിറങ്ങുന്നു 

അടുക്കലെത്തുന്നു കവിളുകള്‍ ചോന്നും 
കറുത്ത വാര്‍മുടിയൊതുക്കിയും മെല്ലെ 

മനസ്സിലെ ചെടിത്തലപ്പുകള്‍ 
കാറ്റില്‍ വിളിക്കവെ 
വന്നു പടര്‍ന്നിരിക്കുന്നു 
 
ഒരു ചെറുതൂവല്‍ (കവിത തന്നുടെ)
അടര്‍ത്തിയിട്ടതാ പറന്നു പോവുന്നു

Thursday, December 17, 2009

മഴയ്ക്ക് ഒരു കത്ത്

കുടിലുകളുടെ മേല്‍ക്കൂരകള്‍
നഖം കൊണ്ട് കീറീപ്പൊളിച്ച്

ചേരികള്‍ക്ക് മീതെ
തീട്ടച്ചാലുകള്‍ ഒഴുക്കി 

തണുത്തു വിറയ്ക്കുന്ന അടുപ്പുകളെ
മുക്കിക്കൊന്ന്


കുണുങ്ങിച്ചിരിച്ച്
പൊട്ടിച്ചിരിച്ച്
മനം കുളിര്‍ത്ത് നീ വരും..

എന്റെ ഉറപ്പേറിയ വീട്ടില്‍,

എന്നെ കാണാന്‍

രാവും പകലുമില്ലാതെ
ഒടുങ്ങാതെ നമുക്ക് രമിക്കണം.

എന്റെ കലവറ
ഒരു അക്ഷയപാത്രമാണ്.
നിലാവു പെയ്തപ്പോള്‍

റയില്‍ പാളത്തില്‍
വെണ്‍നിലാവിന്റെ കട്ടകള്‍ കുന്നുകൂടി

പാളം തെറ്റിയ തീവണ്ടികള്‍
നിലാവു കുടിച്ച് മദിച്ച്
എങ്ങോട്ടെന്നില്ലാതെ അലഞ്ഞ് തിരിഞ്ഞ്
കൂവിയാര്‍ക്കാന്‍ തുടങ്ങി

ചിലത്
തടാകത്തിലെ ഓളം വെട്ടുന്ന തിളക്കത്തില്‍
മുങ്ങി നിവര്‍ന്നു

നിലാവു വീഴ്ച മൂലം അധികൃതര്‍
റയില്‍ ഗതാഗതം നിര്‍ത്തിവച്ചു