Wednesday, April 28, 2010

സര്‍പദംശം

ചെലപ്പോള്‍ 
ഞാന്‍ വെഷം കേറി ചാവും

ഇന്നലെ പാതിരയ്ക്ക്
ആരാന്റെ വളപ്പിലേയ്ക്ക്
ആരുമറിയാതെ കടക്കുമ്പോള്‍
എന്റെ കാലില്‍
പത്തിവിരിച്ച് ആഞ്ഞുകൊത്തി

തുരുമ്പിച്ച ഒരു വേലിക്കമ്പി !

Tuesday, April 27, 2010

കണ്ണാടി


കരിയിലക്കിളി കൂട്ടമായെത്തുന്ന 
സമയമെന്നുടെ വീട്ടിന്റെ പിന്‍പുറം  

ഇമയടക്കാതെനോക്കിഞാന്‍ പക്ഷികള്‍ 
ഇരപിടിക്കുന്നതെങ്ങനെ തിന്നുമോ അരി,  

വിശക്കിലു മൂട്ടുമോ കുഞ്ഞിനെ,
അപരനില്‍ നിന്നു കാക്കുമോ പെണ്ണിനെ?.........  

ഇടവിടാതെഞാന്‍ നോക്കവേ കാണ്‍കയായ്  
ചിലചിലപ്പുകള്‍ക്കുള്ളിലു മേകനാ-
മൊരുവന്‍  നോക്കുന്നുവെന്നെ കുറിക്കുന്നു 
വിരലിനാല്‍ മണ്ണിലാകെ തുരുതുരെ.  

കുതുകമോടെ ഞാന്‍ ചെന്നു നോക്കീടവെ  
കിളിയെഴുത്തുകള്‍ മണ്ണിന്‍ ലിപികളില്‍ 

“മിഴികള്‍ വീഴുംബഹളവു മേകനാ-
മൊരുവന്‍ നമ്മളെ നോക്കുന്ന നോട്ടവും  

പലകുറി കണ്ട കാഴ്ചകള്‍ വീണ്ടുമി
ന്നൊരുകുറി കൂടി കാണുക ദുഷ്കരം”.

Monday, March 29, 2010

“പയ്യിറച്ചി ‍”

എസ്.കെ പൊറ്റേക്കാട് തന്റെ “ഒരു തെരുവിന്റെ കഥ” എന്ന നോവലില്‍ തെരുവുപിള്ളേര്‍ മക്കാറാക്കുന്ന ഒരു ഗുജറാത്തിബ്രാഹ്മണനെ ധൃതിയിലൊന്ന് വരച്ച് ചേര്‍ത്തിട്ടുണ്ട്. ദാരിദ്ര്യം കൊണ്ടും പട്ടിണികൊണ്ടും കിറുക്കുപിടിച്ച അയാള്‍ പയ്യിറച്ചി എന്ന് കേട്ടാല്‍ ഉടനെ നെഞ്ഞത്തടിച്ച് കരഞ്ഞ് ഗുജറാത്തിമലയാളത്തില്‍ അസഭ്യവാക്കുകള്‍ വിളിച്ച് തെരുവുമുഴുവന്‍ ഓടിനടക്കുമത്രെ.

ഇത്തരം “പയ്യിറച്ചികള്‍” ഇന്ന് എണ്ണത്തില്‍ ഒരുപാട്  കൂടിയിരിക്കുന്നു. മറ്റു നിവൃത്തിയില്ല്ലാത്തതിനാല്‍ ചത്ത പയ്യിനെ തിന്നു വരെ വിശപ്പടക്കിയിരുന്ന സമുദാ‍യങ്ങള്‍ ഉണ്ടായിരുന്ന നമ്മുടെ നാട്ടില്‍ പോലും പയ്യിറച്ചിനിരോധനം ചര്‍ച്ചയാവുന്നു. പശു എന്റെ അമ്മയാണെങ്കില്‍ എനിക്ക് വാലും കുളമ്പും ഉണ്ടാവണം. പാലുതരുന്നവയുടെ ഇറച്ചി തിന്നരുതെങ്കില്‍ നാളെ ആട്ടിറച്ചിയും എരുമയിറച്ചിയും ഒക്കെ നിരോധിക്കേണ്ടി വരും.

ഈ വിഷയത്തില്‍ ഈയിടെ റീഡര്‍ വഴി ഷെയര്‍ ചെയ്തു കിട്ടിയ രണ്ടു പോസ്റ്റുകളുടെ ലിങ്ക് സാധാ‍രണക്കാര്‍ക്ക് വായിക്കുന്നതിനും അസാധരണക്കാര്‍ക്ക് നെഞ്ഞത്തടിച്ച് കരഞ്ഞ് തെരുവുമുഴുവന്‍ ഓടിനടക്കുന്നതിനുമായി സമര്‍പ്പിക്കുന്നു.
 

Thou shall not eat beef!

Banning beef ?