Tuesday, March 9, 2010

എച്ചില്‍ തിന്നുന്ന ഭാര്യമാര്‍

“ഇതില്‍ ആറു പൊറാട്ടയുണ്ട്.
 നാലെണ്ണം എനിക്കും രണ്ടെണ്ണം നിനക്കും
 ഇത് ചിക്കന്‍ കറി”

“കഷ്ണം നിനക്കും പാതി ചാറെനിക്കും അല്ലേ ?”

കിലുക്കം എന്ന സിനിമയില്‍ ജഗതി ശ്രീകുമാറും മോഹന്‍ലാലും അഭിനയിച്ച ഈ രംഗം സിനിമ ഒരിക്കലെങ്കിലും കണ്ടവരാരും എളുപ്പമൊന്നും മറക്കും എന്ന് തോന്നുന്നില്ല. എന്നാല്‍  പൊറാട്ട മുഴുവന്‍ ഞാന്‍ തിന്നും, ഞാന്‍ തിന്നിട്ടു ബാക്കി വല്ലതും ഉണ്ടെങ്കില്‍ നീ നക്കിയാല്‍ മതി എന്നാണ് ജഗതി ശ്രീകുമാറിന്റെ ഡയലോഗ് എങ്കിലോ ?

ഏതാണ്ട് അത്തരത്തിലാണ്  ഇന്നലെ രാജ്യസഭയില്‍ നടന്ന സംഭവങ്ങള്‍ . ആറു പൊറാട്ടയില്‍ രണ്ടെണ്ണം മാത്രമാണ് സ്ത്രീകള്‍ അവകാശപ്പെട്ടത്.അതു ന്യായമാണ് എന്ന് രാജ്യം  മൊത്തത്തില്‍ സമ്മതിച്ചതുമാണ്. അപ്പോഴാണ് നിലവിലുള്ള സാമുഹ്യനിയമങ്ങള്‍ താളം തെറ്റുന്നതില്‍ ഉത്കണ്ടാകുലരായ ചില യുഗപുരുഷന്മാരുടെ വരവ് . 

കയ്യൂക്കും തെമ്മാടിത്തവും മാത്രം കൈമുതലായുള്ള പെരുവഴിക്കവര്‍ച്ചക്കാര്‍ പോലും തോല്‍ക്കുന്ന മട്ടില്‍ ആ രണ്ടു പൊറാട്ടകള്‍ അവരൊക്കെ സ്ത്രീകളുടെ കയ്യില്‍ നിന്നും പിടിച്ചുപറിച്ചു. ന്യൂനപക്ഷവനിതകളുടെ താല്പര്യം സംരക്ഷിക്കാന്‍ എന്ന വ്യാജേന നടന്ന ഈ പകല്‍ക്കൊള്ള കൊണ്ട് ഗുണം കിട്ടുന്നത് നിയമം നടപ്പാക്കാന്‍ വൈകുന്നതിലൂടെ ഭൂരിപക്ഷം വരുന്ന പുരുഷന്മാര്‍ക്ക് മാത്രമാണ്. 

കേരളത്തില്‍ ഇപ്പൊഴും ഭര്‍താക്കന്മാര്‍ ഭക്ഷണം കഴിച്ച പാത്രത്തില്‍ ചോറ് വിളമ്പിയുണ്ണുന്ന ഭാര്യമാരുണ്ട്. ആവശ്യത്തിനു ഭക്ഷണം കിട്ടാതിരുന്ന ഒരു കാലത്ത് ആണുങ്ങള്‍ ഉണ്ടതിനു ശേഷം വല്ലതുമുണ്ടെങ്കില്‍ മാത്രമാവും അവള്‍ക്ക് കിട്ടുക. ഒരിക്കലും ആവശ്യത്തിനു ഭക്ഷണം ബാക്കിവെയ്ക്കാതിരിക്കുന്ന അവന്റെ എച്ചിലും കൂടി വേണം അവളുടെ വിശപ്പു മാറാന്‍ !


എച്ചില്‍ കഴിക്കുന്ന ഈ പാരമ്പര്യം തന്നെയാണ് നമ്മുടെ സഭയിലും തുടരുന്നത്. അവന്‍ കഴിച്ചെണീറ്റതിനു ശേഷം മാത്രം അവള്‍ക്ക് ഉണ്ണാനിരിക്കാം. എപ്പോഴും അവന്‍ വല്ലതും ബാക്കി വെയ്ക്കുമായിരിക്കും എന്ന് പ്രതീക്ഷിക്കാം . 


നിസ്സംശയം പറയാം
അവനാണ് താരം !

Sunday, March 7, 2010

പുരോഗമനം നമുക്ക് വേണ്ടേ വേണ്ട

പുരോഗമനവാദികളെ നൈമിഷികസുഖം തേടുന്നവരായി ചിത്രീകരിച്ചതിനു അടുക്കളയ്ക്ക് നന്ദി. അല്ലെങ്കില്‍ തന്നെ അവര്‍ക്ക് അഹമ്മതി അസാരം കൂടുതലായിരുന്നു. ഇവര്‍ക്കൊക്കെ ഇങ്ങനെ ഗര്‍ജിക്കാന്‍ ആരാണ് അധികാരം കൊടുത്തത് ? ഇവരൊന്നും സ്ഥലത്തെ അമ്പലക്കമ്മറ്റിയുടെയോ പള്ളിക്കമ്മറ്റിയുടെയോ മഹല് കമ്മറ്റിയുടേയോ കരയോഗത്തിന്റെയോ കടല്‍ യോഗത്തിന്റെയോ അടുത്തുവരാന്‍ പോലും അന്തസ്സുള്ള ഞങ്ങളാരും അനുവദിക്കാറില്ല.

സ്ത്രീസ്വാതന്ത്ര്യം,മനുഷ്യാവകാശം എന്നിങ്ങനെ പല മുദ്രാവാക്യങ്ങളും വിളിച്ച് നാടുചുറ്റി നടന്ന ഇവര്‍ക്കൊന്നും വീടും കുടുംബവും ഒന്നും ഉണ്ടാവില്ല. അല്ലെങ്കില്‍ ഇങ്ങനെ കുടുംബം തകര്‍ക്കുന്ന വര്‍താനങ്ങളൊന്നും ഈ പുരോഗമനവാദികള്‍ പറയില്ല. എന്റെ വീട് എന്നു പറഞ്ഞാ ഞാന്‍ പറയണം ഭാര്യ കേക്കണം അപ്പൊഴല്ലെ അദിനൊരു ഇദ് വരൂ ഏദ് ? അല്ലാതെ ഭാര്യ പറയുന്നതും കേക്കണം പറമ്പ് കെളക്കാന്‍ വരുന്നവന്‍ പറയുന്നതും കേക്കണം തുണി തിരുമ്പാന്‍ വരുന്നോള്‍ പറയുന്നതും കേക്കണം എന്ന് തുടങ്ങിയാല്‍ കാര്യങ്ങളെങ്ങനെ നടക്കും ?

ഇനി കാര്യത്തിലേക്ക് വരാം.

കണ്ട പെണ്ണുങ്ങളെയൊക്കെ ആണ്‍തൊണ ഇല്ലാതെ അവടവടെ തെണ്ടാന്‍ വിട്ടാ പെണ്‍വാണിഭവും സ്ത്രീപീഡനവും സാമൂഹ്യപ്രശ്നങ്ങളും ഒക്കെ  ഉണ്ടാവും. ചിലപ്പോള്‍ ബ്ലൂടൂത്തിലും ഇന്റര്‍നെറ്റിലും ഒക്കെ കണ്ടെന്നും വരും.അതിനൊക്കെ എന്റെ വീട്ടുകാരി. എവടെയ്ക്കാ പോവണ്ടതെന്ന് പറഞ്ഞാല്‍ കാറിലോ ഓട്ടോറിക്ഷായിലോ ഒക്കെ സൌകര്യം പോലെ ഞാന്‍ തന്നെ അവിടെ കൊണ്ടാക്കുകയും ചെയ്യും, തിരിച്ചു കൊണ്ടുവരികയും ചെയ്യും. ഇനി അഥവാ എനിക്ക് പറ്റിയില്ലെങ്കില്‍ എന്റെ അമ്മയെയൊ വല്യമ്മയെയൊ ഒക്കെ അവളുടെ കൂടെ പറഞ്ഞയക്കും. എന്തുവന്നാലും ഇവരുടെ മേല് നമ്മുടെ ഒരു കണ്ണ് ഉണ്ടാവണം. അതുകൊണ്ടെന്താ യാതൊരു പ്രശ്നവും ഇന്നോളം ഞങ്ങള്‍ക്കില്ല. എനിക്കവളെ ഭയങ്കരവിശ്വാസാ.... തിരിച്ചോ ; എന്നോടവള് പറഞ്ഞത് അവളെന്നെ ദൈവത്തെപോലെയാ കാണുന്നതെന്നാ . ഇതുവല്ലതും ഈ പുരോഗമനവാദികള്‍ക്ക് മനസ്സിലാവുമോ ?

നമ്മുടെ സര്‍ക്കാരും നാട്ടുകാരും ചെയ്യണ്ട ചിലകാര്യങ്ങള്‍ ഞാന്‍ പറയാം

ഒന്ന് ) 
പ്രായം തികഞ്ഞ പെണ്ണുങ്ങള്‍ ഒറ്റയ്ക്ക് പുറത്തേയ്ക്ക് ഇറങ്ങുന്നത് കര്‍ശനമായി നിരോധിക്കുക. അഥവാ ഭര്‍താവ് കൂടെയില്ലെങ്കില്‍ അമ്മയെയോ അമ്മായിയമ്മയെയോ കൂട്ടി മാത്രം പുറത്തിറങ്ങുക.

രണ്ട്) 
ആരുടെ കൂടെ എങ്ങനെ പുറത്തിറങ്ങിയാലും വഴിയിലൊക്കെ വെച്ച് അന്യപുരുഷന്മാരോട് സംസാരിക്കുന്നത് കര്‍ശനമായി ഒഴിവാക്കുക. (ഈ അന്യപുരുഷന്മാരെന്നൊക്കെ പറഞ്ഞാല്‍ സാമുദായികമേലാക്കന്മാരെയും നാട്ടുകാരണവന്മാരെയുമൊക്കെ ഒഴിവാക്കാം അവരൊക്കെ നമ്മുടെ ഒരു കുടുംബം പോലെ ആണല്ലോ)

മൂന്ന്)  
നാട്ടിലെ പെണ്‍കുട്ടികള്‍ ആരോടൊക്കെ സംസാരിക്കുന്നു എങ്ങോട്ടൊക്കെപ്പോവുന്നു എന്തൊക്കെ ചെയ്യുന്നു എന്നൊക്കെ നമ്മള്‍ വിടാതെ ശ്രദ്ധിക്കണം . സൂക്ഷിച്ചാല്‍ ദുഖിക്കണ്ട എന്ന്‍ പഴമൊഴി

നാല്) 
കോളേജുകളിലെ മിക്സഡ് സമ്പ്രദായം എടുത്തുകളയുക. പിള്ളാരെ കോളേജില്‍ വിടുന്നത് പഠിപ്പിക്കാനാ അല്ലാതെ പീഢിപ്പിക്കാനല്ല. വനിതാ കോളേജുകളില്‍ കോളേജ് ബസ്സ് ഏര്‍പെടുത്തുക. അവിടത്തെ അധ്യാപകരായി ടീച്ചര്‍മാര് മാത്രം മതി. ഇന്നത്തെക്കാലത്ത് മാഷന്മാരൊക്കെ കണക്കാ

അഞ്ച്) 
ഒരു വിശ്വാസത്തിന്റെ പേരിലാ നമ്മളീ പിള്ളാരെ ഒക്കെ മെനക്കെട്ട് വളര്‍തുന്നതും പഡിപ്പിക്കുന്നതും ഒക്കെ . അപ്പോ അതേ ബഹുമാനം തിരിച്ചും കിട്ടണം .തന്തതള്ളാരുടെ സമ്മതം കൂടാതെ ഒരു കല്യാണവും നടക്കാന്‍ സമ്മതിക്കരുത്. എവളുമാര്‍ക്കൊക്കെ വേണ്ടി സ്വര്‍ണവും തുണിയുമൊക്കെ കുന്നുകൂട്ടി വെച്ചിരിക്കുന്ന പാവപ്പെട്ട കച്ചവടക്കാരുടെ കാര്യവും നമ്മളൊക്കെ നോക്കണ്ടേ

ആറ് )
ഈ പുരോഗമനമണാകുണാഞ്ചന്മാരൊക്കെ അനാവശ്യമായി ഇങ്ങനെ ലൈംഗികതയുടെ സ്വാതന്ത്ര്യം എന്നും പറഞ്ഞ് ഇങ്ങനെ ഇറങ്ങിത്തിരിച്ചാല്‍ നമ്മളൊക്കെ എന്തോ ചെയ്യും ? കാര്യം ലൈംഗികസ്വാതന്ത്ര്യം എന്നുവെച്ചാല്‍ ലൈംഗികത വേണ്ടാന്നുവെയ്ക്കാന്‍ ഉള്ള സ്വതന്ത്ര്യം കൂടിയാണല്ലോ .അപ്പൊ ജോലിയൊക്കെ കഴിഞ്ഞ് ഒന്നു കുളിച്ച് വിശ്രമിച്ച് എന്തെങ്കിലും ഇത്തിരി നേരമ്പോക്കൊക്കെ ആവാമെന്ന് വെച്ച് നമ്മള്‍ ചെല്ലുമ്പോള്‍ അവളൊക്കെ ഓ ഒന്നു പോ മനുഷ്യാ ഞാന്‍ അജീത് കൌറിന്റെ ആത്മകഥ വായിക്കുകയാ ശല്യപ്പെടുത്താതെ എന്നുപറഞ്ഞാല്‍ സഹിക്കുവോ. അങ്ങനെത്തെ സ്വാതന്ത്ര്യങ്ങളൊന്നും സ്ത്രീകള്‍ക്ക് വേണ്ട.

ഏഴ്) 
ഇങ്ങനെയുള്ള വിഷയങ്ങളൊക്കെ ബ്ലോഗ്ഗ് എഴുതുന്നകാര്യം ആണുങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാ നല്ലത് - നിങ്ങടെ പേരിലൊരു ചീത്തപ്പേര് ഉണ്ടാവരുതല്ലോ.. പെണ്ണുങ്ങള്‍ക്ക് വല്ല ഇഞ്ചിപ്പുളി ഉണ്ടാക്കുന്നതിനെയും പറ്റി എഴുതിയാല്‍ പോരായോ ?

എട്ട്) 
ആണുങ്ങളും പെണ്ണുങ്ങളും ഇങ്ങനെ ഇടകലരുന്നതൊക്കെ ഒരുപാട് ദോഷം ചെയ്യും. അതുകൊണ്ട് ബന്ധുക്കളല്ലാത്ത ഏതെങ്കിലും ആണും പെണ്ണും ചുമ്മാ ഏര്‍വാടീല് കുളിച്ച് തൊഴുത് കുര്‍ബാന കൈക്കൊള്ളാന്‍ പോയതാണെങ്കിലും അല്ല  ചുമ്മാ ഊട്ടി കാണാന്‍ പോയതാണെങ്കിലും ശരി  നമ്മുടെ കൂട്ടത്തിലുള്ള ആള്‍ക്കാരെയൊക്കെ സംഘടിപ്പിച്ച് ഒരു കോലാഹലമൊണ്ടാക്കി പരമാവധി നാറ്റിച്ചേക്കണം. പിന്നെ അവളുമാരൊന്നും വീട്ടിനു പുറത്തിറങ്ങരുത്.

ഒന്‍പത്)  
പെണ്ണുങ്ങള്‍ അടുക്കളയിലും പിന്നാമ്പുറത്തും ഒക്കെ ഇരിക്കണം. അവര്‍ക്ക് ചെയ്യാന്‍ എന്തൊക്കെ പണിയുണ്ട്. കാപ്പിയും ചായയുമൊക്കെ സമയത്തിനിങ്ങനെ കിട്ടിയാലല്ലേ ബ്ലോഗെഴുതാനും ചിത്രം വരയ്ക്കാനും കമന്റ് ഇടാനുമൊക്കെ ഒരു ഊര്‍ജം കിട്ടൂ.

പത്ത്).
താഴെ പറയുന്ന ബ്ലോഗര്‍മാരെ നിരോധിക്കുക. ചുരുങ്ങിയപക്ഷം അവരുടെ പോസ്റ്റുകളുടെ മേല്‍ സെന്‍സര്‍ഷിപ് കൊണ്ടുവരിക

വെള്ളെഴുത്ത് - നാല് ഉപദേശങ്ങള്‍

കൂടാതെ ബൂലോകം കണ്ടതില്‍ വെച്ച് ഏറ്റവും വിനാശകരമായ രചന എന്ന് വിശേഷിപ്പിക്കാവുന്നതും ചാരിത്ര്യം , കന്യകാത്വം  മുതലായ കുടുംബ മൂല്യങ്ങളെ ചവിട്ടി തേയ്കുന്നതും ആയ താഴെ പറയുന്ന ബ്ലോഗ്‌ പോസ്റ്റ്‌ ആരും ഒരിക്കലും വായിക്കുകയോ ആരെയും വായിക്കാന്‍ പ്രേരിപ്പിക്കുകയോ അരുത്

വിനയ - മറുപടി
‌

Tuesday, February 2, 2010

ഇരട്ടത്തലച്ചി

അകലെ നിന്നാണ് ,
നനുത്ത സംഗീതം പടര്‍ന്നിറങ്ങുന്നു 

അടുക്കലെത്തുന്നു കവിളുകള്‍ ചോന്നും 
കറുത്ത വാര്‍മുടിയൊതുക്കിയും മെല്ലെ 

മനസ്സിലെ ചെടിത്തലപ്പുകള്‍ 
കാറ്റില്‍ വിളിക്കവെ 
വന്നു പടര്‍ന്നിരിക്കുന്നു 
 
ഒരു ചെറുതൂവല്‍ (കവിത തന്നുടെ)
അടര്‍ത്തിയിട്ടതാ പറന്നു പോവുന്നു