2013 ജനുവരി തുടക്കത്തിൽ ഞാൻ ഉത്തരേന്ത്യയിലെ ചില വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് നടത്തിയ യാത്രകളുടെ നാലാമധ്യായം. ഉദയ്‌പൂരിലെ ചില കാഴ്ചകൾ.
വായിക്കുന്നതിനായി താഴെ കാണിച്ച ലിങ്കിൽ പോവാൻ താല്പര്യപ്പെടുന്നു.
രജപുത്രവീഥികൾ
http://arunbhaskaran.blogspot.in/2013/09/blog-post_2193.html
മുൻപത്തെ മൂന്ന് അധ്യായങ്ങൾ വായിക്കാൻ താഴെ കാണിച്ച ലിങ്കുകളിലേയ്ക്ക് പോവുക
1) വടക്കോട്ടൊരു യാത്ര
2) കൊട്ടാരവും കോട്ടയും മറ്റു ചിലരും
3) രാജസ്ഥാനിലെ ഒരു വെയിൽ നേരം
.
Sunday, September 22, 2013
Sunday, May 12, 2013
ഐസ്‌ക്രീമും ഔഷധവും
അ വേണം
ഓ വേണ്ട
(ഐസ്ക്രീം വേണം, ഓട്ടോറിക്ഷ വേണ്ട എന്ന് ചുരുക്കം)
പറഞ്ഞതെന്താണെന്ന് വച്ചാല്‍ (അ+ഇ)സ്ക്രീം അല്ലെങ്കില്‍ അയ്സ്ക്രീം എന്നൊക്കെയല്ലേ നമ്മള്‍ സാധാരണ ഐസ്‌ക്രീം എന്ന വാക്ക് ഉച്ചരിക്കാറുള്ളത്. പക്ഷേ എഴുതുന്നത് എയുടെ ചിഹ്നം ഉപയോഗിച്ചും. അത് ശരിയാണോ ? എയ് / (എ+ഇ) എന്നല്ല സ്വന്തം ഉച്ചാരണമെന്നിരിക്കെ ഐ എന്ന ചിഹ്നം ആളത്ര ശരിയല്ല
അതുപോലെത്തന്നെയാണ് ഔ ന്റെ കാര്യവും. ഉച്ചാരണം ഏതാണ്ട് അവ് / (അ+ഉ) എന്നു വരും. എഴുതുന്നതോ ഒ എന്ന ചിഹ്നം ഉപയോഗിച്ചും. ഒവ്ഷധം / (ഒ+ഉ)ഷധം എന്നല്ല ഉച്ചാരണമെന്നിരിക്കെ ഔ ഉം ഒരു മുഖംമൂടിച്ചാത്തനാണ്.
ഇങ്ങനെ മാറ്റാവുന്നതല്ലേ, പ്രത്യേകിച്ചും മാറ്റുവിന്‍ ചട്ടങ്ങളെ എന്നുകൂടി ആയിരിക്കെ,,,
Saturday, April 13, 2013
കുറുങ്കവിതൈ
കനി തടവിലാകിലും
മൊഴി തടവിലാകുമോ
മൊഴി തടവിലാകുമോ
Saturday, November 10, 2012
നായ്ക്കള്‍ക്ക് ഒരു ചരമക്കുറിപ്പ്
നിന്റെയീ കിടപ്പ് നന്നായിട്ടുണ്ട്.
അവനവനിലേയ്ക്ക് ചുരുണ്ട് ചുരുണ്ട്
കണ്ണൂകള്‍ ഇറുക്കിയിറുക്കിയടച്ച്
ലിംഗത്തിന്റെ ഇളംചൂടില്‍ കൈകളമര്‍ത്തി
തലവഴി മൂടിപ്പുതച്ച്
ഈ കിടപ്പ് വളരെ നന്നായിട്ടുണ്ട്
ഞാനിപ്പോള്‍ തെരുവിലാണ്.
ഞാനിപ്പോള്‍ വെളിമ്പറമ്പുകളിലാണ്
ഞാനിപ്പോള്‍ വീട്ടുവളപ്പുകളിലാണ്
ഞാനിപ്പോള്‍ നിന്റെ മുറ്റത്താണ്
ഞാനിപ്പോള്‍ അവറ്റകളെ
ഒന്നൊന്നായി വെട്ടിനീക്കുകയാണ്.
നീയറിയാതെ നിനക്ക് കാവല്‍ നിന്നവരെ
നീ ചെവിമൂടിക്കെട്ടിയത് നന്നായി
അവറ്റയുടെ കുരയോ ഓളിയിടലോ നിലവിളിയോ
നിന്നെ ശല്യപ്പെടുത്തില്ല. നീ ഉറങ്ങിക്കോളൂ
എല്ലാം കഴിഞ്ഞ് ഞാന്‍ വരാം
അപ്പോള്‍ നീ ഞെട്ടിയുണരണം
ഭയത്തോടെ എന്നെ നോക്കണം
ഇങ്ങനെയൊക്കെയോ എന്ന് അതിശയിക്കണം
എല്ലാം പെട്ടെന്ന് വേണം
അതു കഴിഞ്ഞ് ഒറ്റവീശലില്‍ .....
നീ ഉറങ്ങിക്കോളൂ
സ്വസ്ഥമായി ഉറങ്ങിക്കോളൂ
Thursday, October 18, 2012
കഥമതിയും കിഥമതിയും
അമ്മേ ഒരു കഥ പറയണം
പിന്നെപ്പറയാം
ഇപ്പപ്പറയണം
പിന്നെ
ഞാന്‍ മാന്തുംട്ടോ (ഭീഷണി ) :))))
പണ്ടുപണ്ടൊരു നാട്ടില്‍ രണ്ട് പക്ഷികളുണ്ടായിരുന്നു.
ഒരു പക്ഷിടെ പേര് കഥമതി
മറ്റേ പക്ഷീടെ പേര് കിഥമതി
കിഥമതി :)))
ഒരു ദീസം രണ്ടു പക്ഷ്യോളുങ്കൂടെ പോഴേല് കുളിക്കാന്‍ പോയി. കുളിക്കെണേന്റെ എടയ്ക്ക് കിഥമതി പൊഴേക്കൂടെ ഒഴുകിപ്പോയി
അയ്യോ, കഷ്ടായി
ഇനി ബാക്കി ആരാള്ള് ?
കഥമതി
കഥമതീന്നല്ലേ പറഞ്ഞത് ? കഥ തീര്‍ന്നു :)))

Wednesday, October 3, 2012
പറന്നുപൊങ്ങുന്ന സ്വപ്നങ്ങള്‍
കടല്‍ക്കര,
മണല്‍
മലം,
ചളി, ചലം
വെയില്‍,
വെണ്മ
മാനം
നോക്കിക്കിടക്കുന്ന ഞാന്‍
ഉം
ഓടി
മറയുന്ന ഞണ്ടുകള്‍ക്കിടയില്‍
ചത്തടിഞ്ഞ
നക്ഷത്രമത്സ്യങ്ങള്‍ക്കിടയില്‍
തിരയായെത്തുന്ന
മീന്‍മണത്തിനിടയില്‍
മാനം
നോക്കി ഞാന്‍.
വട്ടം
ചുറ്റിയുയരുന്ന എന്റെ
സ്വപ്നങ്ങള്‍
പിന്നെ
?
ചിറകടിക്കാതെ
പൊന്തുന്ന സ്വപ്നങ്ങള്‍
ഉയര്‍ന്നുയര്‍ന്നുപൊന്തുന്ന
സ്വപ്നങ്ങള്‍
മതിയെടാ
വാ,
അല്‍പം
കൂടിയേ കാത്തിരിക്ക്,
അതിനകം
അവ പോവുമിഷ്ടാ
നേര്‍ത്തൊരു
പൊട്ടായി
ആകാശത്തേയ്ക്ക്
മറയും.
അതുവരെ
നോക്കട്ടെ..
ഞാനവ
നോക്കിയിരിക്കട്ടെ...
Wednesday, September 26, 2012
പേഴ്‌സ്പക്റ്റീവ്
പാടത്തിരിക്കുമ്പോ,
പയ്യിനെ നോക്കി
പുല്ലും ചെത്തി
പൊന്നാരം പറഞ്ഞ്
ഓള്‍ടെ കൂടെ
കാറ്റും കൊണ്ട്
പാടത്തിരിക്കുമ്പോ
അങ്ങേക്കരേലെ
കുന്നിനെന്തൊരു ഭംഗി !
കുന്നത്ത് നിക്കുമ്പോ
കല്ലും ചവിട്ടി
കള്ളും കുടിച്ച്
കൂക്കിവിളിച്ച്
ഓരടെ കൂടെ
വെയിലും കൊണ്ട്
കുന്നത്ത് നിക്കുമ്പോ
ഇങ്ങേത്താഴത്തെ
പാടത്തിനെതൊരു ഭംഗി.
എന്നാലും
പിന്നേം പാടത്തിരിക്കുമ്പൊ.....
26-09-2012
പയ്യിനെ നോക്കി
പുല്ലും ചെത്തി
പൊന്നാരം പറഞ്ഞ്
ഓള്‍ടെ കൂടെ
കാറ്റും കൊണ്ട്
പാടത്തിരിക്കുമ്പോ
അങ്ങേക്കരേലെ
കുന്നിനെന്തൊരു ഭംഗി !
കുന്നത്ത് നിക്കുമ്പോ
കല്ലും ചവിട്ടി
കള്ളും കുടിച്ച്
കൂക്കിവിളിച്ച്
ഓരടെ കൂടെ
വെയിലും കൊണ്ട്
കുന്നത്ത് നിക്കുമ്പോ
ഇങ്ങേത്താഴത്തെ
പാടത്തിനെതൊരു ഭംഗി.
എന്നാലും
പിന്നേം പാടത്തിരിക്കുമ്പൊ.....
26-09-2012
Monday, September 24, 2012
ഞാന്‍ വരച്ച ചിത്രത്തില്‍
മങ്ങിയ വരക്കടലാസ്
ചാരനിറം പുരണ്ട മാര്‍ജിന്‍.
അതിര്.
എന്തിനും അതിരിടുന്ന
കട്ടിയേറിയ മാര്‍ജിന്‍.
അതിര്
വിചാരത്തിന്റെ.
അതിര്
സ്വാതന്ത്ര്യത്തിന്റെ.
അതിര്
ഭാവങ്ങളുടെ.
അതിര്
പ്രേമത്തിന്റെ.
അതിര്
ഊര്‍ന്നിറങ്ങുന്ന മുടിക്കെട്ടിന്റെ.
അതിരുകെട്ടുന്ന മാര്‍ജിന്‍.
വിളര്‍ത്തുതുടങ്ങിയ മാര്‍ജിന്‍.
മാര്‍ജിനുകള്‍ വകവെയ്കാതെ
അതിരുവിടുന്ന
അഴകുറ്റ നിതംബങ്ങള്‍.
കടലാസുകളെ
നെടുകെ പിളര്‍ന്ന്
ഉയര്‍ന്നുപൊന്തിയ
പള്ളിമിനാരങ്ങള്‍.
അതിരില്ലായ്മ
നിറങ്ങളുടെ.
അതിരില്ലായ്മ
ഗന്ധങ്ങളുടെ.
അതിരില്ലായ്മ
ശബ്ദങ്ങളുടെ.
അതിരില്ലായ്മ
സമൃദ്ധിയുടെ.
അതിരില്ലായ്മ
ക്ഷാമത്തിന്റെ.
അതിരില്ലായ്മ
അതിരുകളുടെ.
ഈ തെരുവില്‍,
ഈ പകലില്‍,
ഇപ്പോള്‍.
24-09-2012
ചാരനിറം പുരണ്ട മാര്‍ജിന്‍.
അതിര്.
എന്തിനും അതിരിടുന്ന
കട്ടിയേറിയ മാര്‍ജിന്‍.
അതിര്
വിചാരത്തിന്റെ.
അതിര്
സ്വാതന്ത്ര്യത്തിന്റെ.
അതിര്
ഭാവങ്ങളുടെ.
അതിര്
പ്രേമത്തിന്റെ.
അതിര്
ഊര്‍ന്നിറങ്ങുന്ന മുടിക്കെട്ടിന്റെ.
അതിരുകെട്ടുന്ന മാര്‍ജിന്‍.
വിളര്‍ത്തുതുടങ്ങിയ മാര്‍ജിന്‍.
മാര്‍ജിനുകള്‍ വകവെയ്കാതെ
അതിരുവിടുന്ന
അഴകുറ്റ നിതംബങ്ങള്‍.
കടലാസുകളെ
നെടുകെ പിളര്‍ന്ന്
ഉയര്‍ന്നുപൊന്തിയ
പള്ളിമിനാരങ്ങള്‍.
അതിരില്ലായ്മ
നിറങ്ങളുടെ.
അതിരില്ലായ്മ
ഗന്ധങ്ങളുടെ.
അതിരില്ലായ്മ
ശബ്ദങ്ങളുടെ.
അതിരില്ലായ്മ
സമൃദ്ധിയുടെ.
അതിരില്ലായ്മ
ക്ഷാമത്തിന്റെ.
അതിരില്ലായ്മ
അതിരുകളുടെ.
ഈ തെരുവില്‍,
ഈ പകലില്‍,
ഇപ്പോള്‍.
24-09-2012
Saturday, September 22, 2012
ഒഴിഞ്ഞ ഇടങ്ങള്‍
ഒഴിഞ്ഞുകിടക്കുന്ന ഓരോ ഇടവും
സ്വൈര്യം കെടുത്താറുണ്ട് വീടിനെ.
അതുകൊണ്ടല്ലേ വീട് ഇക്കണ്ട
കൂറകളെയും എട്ടുകാലികളെയും
എറുമ്പുകളെയും ചെതലുകളെയും
പെറ്റുവളര്‍ത്തുന്നത് !!!!!
എറുമ്പുകളെയും ചെതലുകളെയും
പെറ്റുവളര്‍ത്തുന്നത് !!!!!
Friday, September 21, 2012
ഇന്ന് പെയ്ത മഴയില്‍
ജനലുകളടച്ച് കുറ്റിയിട്ടു
ഉമ്മറവാതില്‍ ചാരി
കര്‍ടണ്‍ വലിച്ചുമുറുക്കി
ഇടിമിന്നലോ മഴച്ചാറ്റലോ
അകത്തേയ്ക്ക് വരില്ലെന്നുറപ്പാക്കി
കണ്ണടച്ച് ഒരു വളി വിട്ടു
അഗ്നിമുഖന്‍ കമ്പ്യൂട്ടറിന്റെ വാതില്‍ വലിച്ചുതുറന്നു
മഴയെക്കുറിച്ചെഴുതിയ കവിതകള്‍
ഒന്നൊന്നായി നോക്കി
ദൃഡമായ ലിംഗം
കുലുക്കിക്കുലുക്കി
സൃഷ്ടിയുടെ ആനന്ദത്തില്‍ രമിച്ചു
നിലത്തേയ്ക്ക് വീണ
അവസാനത്തുള്ളിയും
തുടച്ചെടുത്ത്
ബ്ലോഗിലിട്ടു
ഇന്ന് പെയ്ത മഴയില്‍
എന്ന് പേരുകൊടുത്തു
18-06-2012

Saturday, September 1, 2012
വീട് വെറുമൊരു വീടല്ലല്ലോ
ജപ്തിനോട്ടീസിനൊടുവില്‍ വീടുവിട്ട് തെരുവിലേയ്ക്കിറങ്ങേണ്ടിവന്ന നേരത്ത് കൊട്ടാരം
വിട്ടിറങ്ങിയ സിദ്ധാര്‍ഥനാണെന്ന
അഹങ്കാരത്തിലും സന്യാസിയുടെ
കപടവിനയത്തിലും പൊതിഞ്ഞ്
നടന്നുനീങ്ങുന്ന മംഗലശ്ശേരി
നീലകണ്ഠന്റെ മുന്നിലേയ്ക്ക്
ചെന്ന് നിന്ന് വാനോളമുയര്‍ന്ന്
മംഗലശ്ശേരി എന്ന പേര്
മാഞ്ഞുപോയല്ലോ നീലകണ്ഠാ
എന്ന് ആഹ്ലാദത്തോടെ സഹതപിക്കുന്ന
മുണ്ടയ്ക്കല്‍ ശേഖരന് മറുപടിയായി
തീയേറ്ററില്‍ കൈയടി നിറയ്ക്കുന്ന ഒരു
ഡയലോഗടിക്കുന്നുണ്ട് ലാലാണ്ടന്‍,
ഏതാണ്ടിങ്ങനെ ..
പത്ത്
മുപ്പത് കൊല്ലമായി കൂടെക്കഴിഞ്ഞ
പെണ്ണ് പോയി. അതിലും
വലുതല്ല ശേഖരാ കല്ലിലും
മരത്തിലും പണിഞ്ഞ ഒരു വീട്
ഇമ്മാതിരി
ഒരു വാക്യത്തില്‍ പ്രയോഗം
നടത്താന്‍ മംഗലശ്ശേരി
നീലകണ്ഠനെപ്പോലുള്ള ഒരു
കഥാപാത്രത്തിനു മാത്രമേ
കഴിയൂ. അമ്മയുടെ
കെട്ടിയോന് ജന്മം കൊണ്ടും
കര്‍മം കൊണ്ടും ലഭിച്ച വഹകള്‍
ധൂര്‍ത്തടിച്ചും വിറ്റുതുലച്ചും
നശിപ്പിച്ച് തമ്പുരാനായി
വിലസുന്ന നീലാണ്ടന് അക്കൂട്ടത്തില്‍
പെട്ട മംഗലശ്ശേരി വെറും കല്ലും
മരവും മാത്രമാവാം. ഒരു
പണിക്ക് പോയതായോ നയാപൈസ
സമ്പാദിച്ചതായോ കാണാത്ത,
കാലം എല്ലാം
വെള്ളിത്തളികയില്‍ വെച്ച്
നീട്ടിത്തരുന്ന അയാളെപ്പോലുള്ളവര്‍ക്ക്
വീട് വെറും സിമന്റും മണലും
മാത്രമാണെന്ന് തോന്നിയേയ്ക്കാം.
എന്നാല്‍
ജന്മം മുഴുവന്‍ കഷ്ടപ്പെട്ട്
ഒരു രാത്രിയെങ്കിലും നീണ്ടു
നിവര്‍ന്ന് കിടക്കാന്‍
ആശിക്കുന്ന സാധാരണ മനുഷ്യര്‍ക്ക്
വീട് ഒരു വികാരം തന്നെയാണ്.
അതിനൊരു നനവുതട്ടിയാല്‍
തുമ്മുന്നത് താനാണ്. അതിനൊരു
മുറിവു പറ്റിയാല്‍ പൊടിയുന്നത്
തന്റെ ചോരയാണ്. ശാരദ
അക്കൂട്ടത്തില്‍ പെട്ടവളാണ്. വില്‍ക്കാന്‍ തയ്യാറാവുമ്പോള്‍ത്തന്നെ വീടുവാങ്ങാനെത്തുന്ന സ്ത്രീയോട്
തന്റെ വീടിനെപ്പറ്റിയുള്ള
സ്വപ്നങ്ങള്‍ ഒന്നൊന്നായി
പറയുന്ന ശാരദ തന്നെയാണ്
"എന്നാല്‍
താങ്കള്‍ക്ക് തരുന്നീലാ
ഞാന്‍ ഈ വീടിന്നുള്ളം"
എന്ന് വേറൊരു കവിയെക്കൊണ്ട്
പറയിപ്പിക്കുന്നതും. കല്ലിലും മരത്തിലും പണിഞ്ഞ എന്തോ ഒന്നായി സ്വന്തം വീടിനെക്കാണാന്‍ ശാരദയ്ക്ക് ഒരിക്കലുമാവില്ലതന്നെ.
നമ്മളില്‍ പലരും ഒരു ശാരദയാണ്. വീട് വെറുമൊരു വീടല്ലല്ലോ ...
സ്വകാര്യം
നീലകണ്ഠന്‍
: ഒരു സിനിമാക്കഥാപാത്രം
ശാരദ:
വല്‍സല എഴുതിയ
ശാരദയുടെ വീട് എന്ന കഥയിലെ
നായിക
ഇന്‍വര്‍ടഡ്
കോമയില്‍ ആറ്റൂര്‍ രവിവര്‍മ
എഴുതിയ വീടുവില്‍പന എന്ന
കവിതയുടെ അവസാനവരി.
Wednesday, June 6, 2012
പുസ്തകം വില്‍ക്കുന്നവര്‍
ഒരിടത്തൊരിടത്ത് പുസ്തകക്കച്ചവടം ചെയ്ത് പണക്കാരനായ ഒരു വണികനുണ്ടായിരുന്നു. ഒരിടയ്ക്ക് കച്ചവടത്തിരക്ക് അല്‍പമൊന്ന്, അല്‍പം മാത്രം കുറഞ്ഞപ്പോള്‍ അയാള്‍ക്ക് വല്ലാതെ ഭയം തോന്നി. പുസ്തകങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടാതായോ എന്നയാള്‍ അന്വേഷിച്ചു. പുസ്തകങ്ങളേക്കാള്‍ ഞങ്ങള്‍ക്കാവശ്യം ഭക്ഷണമാണെന്നാണ് അയാള്‍ അന്വേഷിച്ചവരൊക്കെ മറുപടി പറഞ്ഞത്. എന്നാല്‍ ഇനി ഭക്ഷണക്കച്ചവടം കൂടി നടത്താം എന്ന് അയാള്‍ തീരുമാനിച്ചു.
പാവം കച്ചവടക്കാരന്‍.
അയാളുടെ കച്ചവടം പൊളിഞ്ഞു. പഴകിയതും ചീഞ്ഞതും നാറുന്നതുമായ പുസ്തകം വിറ്റ് കാശുണ്ടാക്കുന്ന തന്ത്രം ഭക്ഷണക്കച്ചവടത്തില്‍ വിജയിച്ചില്ല. ഭക്ഷണത്തിന്റെ കാര്യത്തിലാവുമ്പോള്‍ നല്ലതും ചീത്തയും രുചികരവും അരോചകവും വേണ്ടതും വേണ്ടാത്തതും തിരിച്ചറിയുന്ന ജനങ്ങള്‍ അയാളുടെ ഭക്ഷണശാലയുടെ പരിസരത്തേയ്ക്ക് പോലും വന്നില്ല
ഒടുവിലയാള്‍ ഭക്ഷണക്കച്ചവടം മതിയാക്കി വീണ്ടും പുസ്തകക്കച്ചവടം തന്നെ ചെയ്ത് ഇരട്ടി കാശുണ്ടാക്കി സുഖമായി ജീവിച്ചു.
ഈ കഥ മുമ്പ് മറ്റു പലരും പറഞ്ഞിട്ടുണ്ട്. എന്റെയറിവില്‍ ആദ്യം സുന്ദരരാമസ്വാമിയും പിന്നെ ജയമോഹനും. ജയമോഹന്‍ പറഞ്ഞ കഥ താഴെ
കഴിഞ്ഞൊരു ദിവസം തൃശ്ശൂരങ്ങാടിയില്‍ പുസ്തകം വാങ്ങാന്‍ പോയപ്പോള്‍ എനിക്കീ കഥ വെറുതേ ഓര്‍മവന്നു. കച്ചവടക്കാര്‍ അവര്‍ക്ക് ലാഭം കിട്ടുന്ന പുസ്തകങ്ങള്‍ അഴകോടെ ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു. ഒരിടത്ത് ചെന്ന് രാജന്‍ കാക്കനാടനെഴുതിയ ഹിമവാന്റെ മുകള്‍ത്തട്ടില്‍ എന്ന പുസ്തകമുണ്ടോ എന്ന് വെറുതേ ചോദിച്ചു. അതില്ല , പക്ഷേ അതിനേക്കാള്‍ നല്ലതുണ്ട് എന്ന് പറഞ്ഞ് അയാള്‍ രാമചന്ദ്രന്‍ ഹിമാലയത്തിലേയ്ക്ക് നടത്തിയ യാത്രാവിവരണം എടുത്ത് നീട്ടി. അവര്‍ തന്നെ അച്ചടിച്ച പുസ്തകം. ചിരിച്ച് സലാം പറഞ്ഞ് ഞാന്‍ സ്ഥലം വിട്ടു.
തൃശ്ശൂരിലെത്തന്നെ വേറൊരു വന്‍കടയില്‍ ചെന്ന് കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ തപ്പിനോക്കിയപ്പോള്‍ മറ്റൊരതിശയം എന്നെ കാത്തിരുന്നു. റോബിന്‍ ഡിക്രൂസ് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്റര്‍ ആയതില്‍ പിന്നെ അവര്‍ ഒരുപാട് നല്ല പുസ്തകങ്ങള്‍ പുറത്തിറക്കി എന്നെനിക്ക് അറിയാമായിരുന്നു. ( http://www.ksicl.org/ എന്ന സൈറ്റില്‍ ചെന്നാല്‍ അവയുടെ വൈവിധ്യം കാണാം. കണ്ടറിയൂ ) ആ പെരുത്ത കടയില്‍ ഏറെ നേരം തപ്പിനോക്കിയപ്പോള്‍ ഒരു തട്ടിന്റെ ഏറ്റവുമടിയില്‍ കൂട്ടി വെച്ച നിലയില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഒരു പുസ്തകമെനിക്ക് കിട്ടി. അതെടുത്തപ്പോള്‍ മറ്റൊന്ന്. അങ്ങനെ പതിമൂന്ന് പുസ്തകങ്ങള്‍ അവിടെ നിന്ന് ഞാന്‍ കണ്ടെത്തി. ഇതൊക്കെ എന്താണിങ്ങനെ നിലത്ത് കുട്ടിയിട്ടിരിക്കുന്നത് ? എല്ലാവര്‍ക്കും കാണുമ്പടി റാക്കില്‍ വെച്ചുകൂടേ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി വളരെ രസകരമായിരുന്നു.
അത് ശരി. ഞാന്‍ നോക്കിയപ്പോള്‍ ചുറ്റുപാടും കുറേ പുസ്തകങ്ങള്‍ ഉണ്ട്. ഒക്കെ ആ കടക്കാര്‍ അച്ചടിച്ചിറക്കിയവ. ആള്‍ക്കാര്‍ വാങ്ങേണ്ടത് അതാണ് എന്ന് അവര്‍ നിശ്ചയിച്ചാല്‍ വായനക്കാരെന്ത് ചെയ്യും :(
അനുഭവവും തീര്‍ന്നു. ഇനി നിങ്ങളെഴുതു...
പാവം കച്ചവടക്കാരന്‍.
അയാളുടെ കച്ചവടം പൊളിഞ്ഞു. പഴകിയതും ചീഞ്ഞതും നാറുന്നതുമായ പുസ്തകം വിറ്റ് കാശുണ്ടാക്കുന്ന തന്ത്രം ഭക്ഷണക്കച്ചവടത്തില്‍ വിജയിച്ചില്ല. ഭക്ഷണത്തിന്റെ കാര്യത്തിലാവുമ്പോള്‍ നല്ലതും ചീത്തയും രുചികരവും അരോചകവും വേണ്ടതും വേണ്ടാത്തതും തിരിച്ചറിയുന്ന ജനങ്ങള്‍ അയാളുടെ ഭക്ഷണശാലയുടെ പരിസരത്തേയ്ക്ക് പോലും വന്നില്ല
ഒടുവിലയാള്‍ ഭക്ഷണക്കച്ചവടം മതിയാക്കി വീണ്ടും പുസ്തകക്കച്ചവടം തന്നെ ചെയ്ത് ഇരട്ടി കാശുണ്ടാക്കി സുഖമായി ജീവിച്ചു.
കഥ തീര്‍ന്നു.
ഈ കഥ മുമ്പ് മറ്റു പലരും പറഞ്ഞിട്ടുണ്ട്. എന്റെയറിവില്‍ ആദ്യം സുന്ദരരാമസ്വാമിയും പിന്നെ ജയമോഹനും. ജയമോഹന്‍ പറഞ്ഞ കഥ താഴെ
ഏട്ടന്‍ പുസ്തകക്കച്ചവടത്തിനൊരുങ്ങിയപ്പോള്‍ അനിയന്‍ ചോദിച്ചുഏട്ടാ, പച്ചക്കറിക്കച്ചവടമല്ലേ കൂടുതല്‍ നല്ലത് ?ഏട്ടന്‍ പറഞ്ഞു.മണ്ടാ, പച്ചക്കറി ചീഞ്ഞുപോവും, പുസ്തകം ചീയില്ല !
തൃശ്ശൂരിലെത്തന്നെ വേറൊരു വന്‍കടയില്‍ ചെന്ന് കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ തപ്പിനോക്കിയപ്പോള്‍ മറ്റൊരതിശയം എന്നെ കാത്തിരുന്നു. റോബിന്‍ ഡിക്രൂസ് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്റര്‍ ആയതില്‍ പിന്നെ അവര്‍ ഒരുപാട് നല്ല പുസ്തകങ്ങള്‍ പുറത്തിറക്കി എന്നെനിക്ക് അറിയാമായിരുന്നു. ( http://www.ksicl.org/ എന്ന സൈറ്റില്‍ ചെന്നാല്‍ അവയുടെ വൈവിധ്യം കാണാം. കണ്ടറിയൂ ) ആ പെരുത്ത കടയില്‍ ഏറെ നേരം തപ്പിനോക്കിയപ്പോള്‍ ഒരു തട്ടിന്റെ ഏറ്റവുമടിയില്‍ കൂട്ടി വെച്ച നിലയില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഒരു പുസ്തകമെനിക്ക് കിട്ടി. അതെടുത്തപ്പോള്‍ മറ്റൊന്ന്. അങ്ങനെ പതിമൂന്ന് പുസ്തകങ്ങള്‍ അവിടെ നിന്ന് ഞാന്‍ കണ്ടെത്തി. ഇതൊക്കെ എന്താണിങ്ങനെ നിലത്ത് കുട്ടിയിട്ടിരിക്കുന്നത് ? എല്ലാവര്‍ക്കും കാണുമ്പടി റാക്കില്‍ വെച്ചുകൂടേ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി വളരെ രസകരമായിരുന്നു.
ഞങ്ങള്‍ പുറത്തിറക്കുന്ന ബാലസാഹിത്യം മാത്രമേ റാക്കില്‍ നിരത്തി വയ്ക്കൂ.
അത് ശരി. ഞാന്‍ നോക്കിയപ്പോള്‍ ചുറ്റുപാടും കുറേ പുസ്തകങ്ങള്‍ ഉണ്ട്. ഒക്കെ ആ കടക്കാര്‍ അച്ചടിച്ചിറക്കിയവ. ആള്‍ക്കാര്‍ വാങ്ങേണ്ടത് അതാണ് എന്ന് അവര്‍ നിശ്ചയിച്ചാല്‍ വായനക്കാരെന്ത് ചെയ്യും :(
അനുഭവവും തീര്‍ന്നു. ഇനി നിങ്ങളെഴുതു...
Tuesday, June 5, 2012
ഹാന്‍ഡ് വാഷും ഓര്‍മകളും
ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ഞാനും കുടുംബവും കൂടി ഏട്ടന്റെ വീട്ടിലേയ്ക്ക് പുതിയ പുസ്തകങ്ങള്‍ കട്ടെടുക്കാനായി പോയി. ഒരു വൈകുന്നേരം അവിടെ ചെലവാക്കിയ ശേഷം കനം വെച്ച ബാഗും കൊണ്ട് തിരിച്ചുവരുന്നതിനിടയ്ക്ക് അങ്ങാടിയില്‍ എത്തിയപ്പോള്‍ കുട്ടി എന്റെ ഷര്‍ട്ടില്‍ പിടിച്ചുവലിച്ച് പറഞ്ഞു.
സ്റ്റൈല്‍ ! ഇത്തവണ കണ്ട കാഴ്ചകളില്‍ ചെക്കനെ ആകര്‍ഷിച്ചത് ഹാന്‍ഡ് വാഷ് ആണ്. ഇപ്പൊ കേരളത്തിലെ മിക്ക മധ്യവര്‍ഗ വീടുകളിലും വാഷ് ബേസിനടുത്ത് കാണുന്ന, ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമ്യായ വസ്തുക്കളിലെ പുത്തന്‍പുതിയ അധ്യായമായ ഹാന്‍ഡ് വാഷ്
ഏഴോ എട്ടോ കൊല്ലം (ചിലപ്പോള്‍ അതിലധികം) മുമ്പാണെന്ന് തോന്നുന്നു, നമ്മുടെ ഉള്‍നാടന്‍ വിപണികളില്‍ ഈ ഹാന്‍ഡ് വാഷിന്റെ ആദ്യത്തെ രംഗപ്രവേശം. അതും വല്ലാത്തൊരു വിവാദത്തോടെ. കൈ കഴുകിയില്ലെങ്കില്‍ അസുഖങ്ങള്‍ പിടിച്ചേയ്കാം എന്നും അതുകൊണ്ട് കൈ കഴുകാന്‍ ഒരു വസ്തു എന്നും മറ്റും പറഞ്ഞ് ഏതോ യൂറോ അമേരിക്കന്‍ സംഘടനയുടെ ഔദ്യോഗിക സ്വരത്തോടെ വന്ന ഈ കുപ്പിസോപ്പിനെ വിമര്‍ശകര്‍ നേരിട്ടത് വല്ലാത്തൊരു മുദ്രാവാക്യത്തോടുകൂടിയായിരുന്നു. ഞങ്ങളുടെ വായനശാലയില്‍ തമ്മില്‍ കണ്ടാല്‍ അഭിപ്രായങ്ങള്‍ എതിര്‍ക്കുക മാത്രം ശീലമാക്കിയ എല്ലാവരും, ഞാനടക്കം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. തൂറിയാല്‍ ചന്തി കഴുകാത്ത സായിപ്പ് മലയാളികളെ കൈ കഴുകാന്‍ പഠിപ്പിക്കണ്ട.
അങ്ങനെ മലയാളികളുടെ സ്വകാര്യ അഭിമാനമായ വ്യക്തിശുചിത്വത്തിനു നേരെ കൊഞ്ഞനം കുത്തിയ ഈ പുതിയ ഉല്‍പന്നത്തിനെ അന്ന് പലരും എതിര്‍ത്തു. തെറ്റായ വഴിയാണ് തങ്ങള്‍ തെരഞ്ഞെടുത്തത് എന്ന് ഉല്‍പാദകര്‍ക്കും മനസ്സിലായിട്ടുണ്ടാവണം. പിന്നീട് ഹാന്‍ഡ് വാഷ് എന്ന ഉല്‍പന്നത്തെപ്പറ്റി ഞാന്‍ കേള്‍ക്കുന്നത് ടി.വി. പരസ്യങ്ങളില്‍ കൂടിയാണ്. ഉപദേശങ്ങള്‍ക്ക് നേരെ അത് നന്നായാലും അല്ലെങ്കിലും നമുക്ക് മുഖം തിരിക്കാം/പക്ഷേ നിങ്ങള്‍ പറയുന്നതാണ് ശരി എന്നും നിങ്ങള്‍ക്ക് ഒരു പുതിയ അനുഭൂതി എന്നും പറഞ്ഞ് വരുന്ന പരസ്യങ്ങളെ. അവ കൊണ്ട് വരുന്ന കണ്‍സ്യൂമറിസത്തെ അതിജീവിക്കാന്‍,എതിര്‍ക്കാന്‍ അത്ര എളുപ്പമല്ല.
അടുത്ത വീട്ടുകാരന്റെ വാഷ് ബേസിന്‍ ഹാന്‍ഡ് വാഷ് കൊണ്ട് സമൃദ്ധമാണ്. അന്ന് നമ്മുടെ ഈഗോയെ മുറിപ്പെടുത്തിയ ആ സോപ്പുവെള്ളം കൊണ്ട് വേണം ഇന്ന് നമുക്ക് അവനോടൊപ്പമെത്താന്‍. അതുകൊണ്ട് ഞാനും വാങ്ങി ഒരു കുപ്പി.
ഈ പോസ്റ്റ് എഴുതിയതിനു ശേഷം ഞാന്‍ കൈ വൃത്തിയായി കഴുകുന്നുണ്ട്. അന്നത്തെ നിലപാടുകളുടെ രക്തം എന്റെയോ എന്റെ കിടാങ്ങളുടെയോ ദേഹത്ത് വീഴാതിരിക്കാന്‍
അച്ചാ, ഗോതമേട്ടന്റെ (ഏട്ടന്റെ മകന്‍, മുഹമ്മദ് ഗൗതം എന്ന കഥയിലെ നായകന്‍) വീട്ടിലെ പൈപ്പിന്റെ അടുത്ത് കയ്യ് കഴുകുന്ന സോപ്പ് കുപ്പീലാക്കി വെച്ചിട്ടുണ്ട്. നമ്മടെ വീട്ടിലെന്താ അതില്ലാത്തത് ?
സ്റ്റൈല്‍ ! ഇത്തവണ കണ്ട കാഴ്ചകളില്‍ ചെക്കനെ ആകര്‍ഷിച്ചത് ഹാന്‍ഡ് വാഷ് ആണ്. ഇപ്പൊ കേരളത്തിലെ മിക്ക മധ്യവര്‍ഗ വീടുകളിലും വാഷ് ബേസിനടുത്ത് കാണുന്ന, ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമ്യായ വസ്തുക്കളിലെ പുത്തന്‍പുതിയ അധ്യായമായ ഹാന്‍ഡ് വാഷ്
ഏഴോ എട്ടോ കൊല്ലം (ചിലപ്പോള്‍ അതിലധികം) മുമ്പാണെന്ന് തോന്നുന്നു, നമ്മുടെ ഉള്‍നാടന്‍ വിപണികളില്‍ ഈ ഹാന്‍ഡ് വാഷിന്റെ ആദ്യത്തെ രംഗപ്രവേശം. അതും വല്ലാത്തൊരു വിവാദത്തോടെ. കൈ കഴുകിയില്ലെങ്കില്‍ അസുഖങ്ങള്‍ പിടിച്ചേയ്കാം എന്നും അതുകൊണ്ട് കൈ കഴുകാന്‍ ഒരു വസ്തു എന്നും മറ്റും പറഞ്ഞ് ഏതോ യൂറോ അമേരിക്കന്‍ സംഘടനയുടെ ഔദ്യോഗിക സ്വരത്തോടെ വന്ന ഈ കുപ്പിസോപ്പിനെ വിമര്‍ശകര്‍ നേരിട്ടത് വല്ലാത്തൊരു മുദ്രാവാക്യത്തോടുകൂടിയായിരുന്നു. ഞങ്ങളുടെ വായനശാലയില്‍ തമ്മില്‍ കണ്ടാല്‍ അഭിപ്രായങ്ങള്‍ എതിര്‍ക്കുക മാത്രം ശീലമാക്കിയ എല്ലാവരും, ഞാനടക്കം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. തൂറിയാല്‍ ചന്തി കഴുകാത്ത സായിപ്പ് മലയാളികളെ കൈ കഴുകാന്‍ പഠിപ്പിക്കണ്ട.
അങ്ങനെ മലയാളികളുടെ സ്വകാര്യ അഭിമാനമായ വ്യക്തിശുചിത്വത്തിനു നേരെ കൊഞ്ഞനം കുത്തിയ ഈ പുതിയ ഉല്‍പന്നത്തിനെ അന്ന് പലരും എതിര്‍ത്തു. തെറ്റായ വഴിയാണ് തങ്ങള്‍ തെരഞ്ഞെടുത്തത് എന്ന് ഉല്‍പാദകര്‍ക്കും മനസ്സിലായിട്ടുണ്ടാവണം. പിന്നീട് ഹാന്‍ഡ് വാഷ് എന്ന ഉല്‍പന്നത്തെപ്പറ്റി ഞാന്‍ കേള്‍ക്കുന്നത് ടി.വി. പരസ്യങ്ങളില്‍ കൂടിയാണ്. ഉപദേശങ്ങള്‍ക്ക് നേരെ അത് നന്നായാലും അല്ലെങ്കിലും നമുക്ക് മുഖം തിരിക്കാം/പക്ഷേ നിങ്ങള്‍ പറയുന്നതാണ് ശരി എന്നും നിങ്ങള്‍ക്ക് ഒരു പുതിയ അനുഭൂതി എന്നും പറഞ്ഞ് വരുന്ന പരസ്യങ്ങളെ. അവ കൊണ്ട് വരുന്ന കണ്‍സ്യൂമറിസത്തെ അതിജീവിക്കാന്‍,എതിര്‍ക്കാന്‍ അത്ര എളുപ്പമല്ല.
അടുത്ത വീട്ടുകാരന്റെ വാഷ് ബേസിന്‍ ഹാന്‍ഡ് വാഷ് കൊണ്ട് സമൃദ്ധമാണ്. അന്ന് നമ്മുടെ ഈഗോയെ മുറിപ്പെടുത്തിയ ആ സോപ്പുവെള്ളം കൊണ്ട് വേണം ഇന്ന് നമുക്ക് അവനോടൊപ്പമെത്താന്‍. അതുകൊണ്ട് ഞാനും വാങ്ങി ഒരു കുപ്പി.
ഈ പോസ്റ്റ് എഴുതിയതിനു ശേഷം ഞാന്‍ കൈ വൃത്തിയായി കഴുകുന്നുണ്ട്. അന്നത്തെ നിലപാടുകളുടെ രക്തം എന്റെയോ എന്റെ കിടാങ്ങളുടെയോ ദേഹത്ത് വീഴാതിരിക്കാന്‍
വി.എസും കൃഷ്ണനും
വേനലവധി അവസാനിച്ചപ്പോള്‍ പതിവുപോലെ ബസ്സുകളില്‍
തിരക്കേറി. ഇഴഞ്ഞുനീങ്ങുന്ന ഉള്‍നാടന്‍ ബസ്സുകളിലൊന്നില്‍ സീറ്റുകിട്ടാതെ വിഷമിച്ച് നില്‍ക്കുന്ന
ഒരു വയസ്സന്‍ കാരണവര്‍ ഉറക്കെയുറക്കെ സംസാരിക്കുന്നുണ്ടായിരുന്നു. സീറ്റു കിട്ടാത്തതിലുള്ള ആത്മരോഷമാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷേ ഇടയ്ക്കൊരു സമയത്ത് മൂപ്പര്‍
നാല് വരി കവിത ചൊല്ലുന്നത് ഞാന്‍ കേട്ടു. അതേതാണ്ട് ഇങ്ങനെയായിരുന്നു.
ജയിച്ചു പാണ്ഡവരെങ്കില്‍ -
തുണച്ചുവെന്നതു കൊണ്ടും –
നശിച്ചു പാണ്ഡവരെന്നാല്‍ -
നമുക്ക് തൊല്ലയും തീര്‍ന്നു.
ഈ സംഗതി ആര് ആരോട് എപ്പോള്‍ പറഞ്ഞു എന്നൊക്കെ
മൂപ്പര്‍ അടുത്ത് നിന്ന ആളോട് വിശദീകരിക്കുന്നുണ്ടായിരുന്നുവെങ്കിലും കുറച്ച് ദൂരെ നിന്ന
എനിക്കത് കേക്കാന്‍ പറ്റിയില്ല. മിക്കവാറും കൃഷ്ണനെയോ ബലരാമനെയോ പറ്റിയാവണം. മഹാഭാരതയുദ്ധസമയത്ത്
പരസ്യമായി രണ്ടു തോണിയിലും കാലിട്ടവര്‍ വേറെ അധികമില്ല. ഭീഷ്മരുണ്ട്, പക്ഷേ നശിച്ചൂ പാണ്ഡവരെങ്കില്‍ എന്ന വരി പറയുന്നതിനു മുമ്പ് ഭീഷ്മര്‍ ആത്മഹത്യ ചെയ്യും.
എന്തായാലും ഇതിനു ശേഷം ബസ്സിലെ കാരണവര്‍
പറഞ്ഞത് മുഴുവന്‍ അച്യുതാനന്ദനെക്കുറിച്ചായിരുന്നു. തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പുള്ള
ദിവസങ്ങളില്‍ അച്യുതാനന്ദന്‍ നെയ്യാറ്റിന്‍കരയില്‍ പ്രചരണത്തിനു പോയത് അവനവന്റെ യശസ്സുയര്‍താനുള്ള
തന്ത്രമാണെന്നായിരുന്നു മൂപ്പരുടെ അഭിപ്രായം . തെരഞ്ഞെടുപ്പ് ജയിച്ചാല്‍ അത് അച്ചുതാനന്ദന്റെ
പ്രചാരണത്തിന്റെ ഗുണം, തോറ്റെങ്കില്‍ അത് ഔദ്യോഗികപക്ഷത്തിന്റെ നിലപാടുകള്‍ക്ക് ഏറ്റ തിരിച്ചടിയാണെന്നും
പറയാം. രണ്ടായാലും ഗുണം അച്യുതാനന്ദന് തന്നെ.
സ്വന്തം പെങ്ങളുടെ ഹിതത്തിനായി എന്തിനും തയ്യാറായിവന്ന ധൃഷ്ടദ്യുമ്നന്റെയും പാഞ്ചാലരുടെയും സൈന്യബലമോ ഭീമാര്‍ജുനന്മാരുടെ ബാഹുബലമോ അല്ല, മറിച്ച് യാദവന്‍ കൃഷ്ണന്റെ അനുഗ്രഹവും സഹായവുമാണ് പാണ്ഡവര്‍ യുദ്ധത്തില്‍ ജയിക്കാന്‍ സഹായിക്കുന്നതെന്ന് വിശ്വസിക്കുന്ന ശ്രീകൃഷ്ണഭക്തന്മാരുണ്ട്. ഒരു തരം അന്ധമായ ഭക്തി.
അതുപോലെത്തന്നെ ദശകങ്ങളായി ജനങ്ങളില്‍ വേരൂന്നിയ ഇടതു ചിന്താഗതിയോ ഭാരവാഹികളുടെ ചിട്ടയായ പ്രവര്‍തനമോ അല്ല, മറിച്ച് അച്യുതാനന്ദന്റെ പ്രചാരണം മാത്രമാണ് ഇടതുസ്ഥാനാര്‍ഥികളുടെ വിജയകാരണം എന്ന് അച്യുതാനന്ദനെ ഒരു വിഗ്രഹമാക്കുന്നവര്‍ ചിലരെങ്കിലും കരുതുന്നെങ്കില്‍ ഞാനെന്ത് പറയാന്‍, ഇതല്ലാതെ
സ്വന്തം പെങ്ങളുടെ ഹിതത്തിനായി എന്തിനും തയ്യാറായിവന്ന ധൃഷ്ടദ്യുമ്നന്റെയും പാഞ്ചാലരുടെയും സൈന്യബലമോ ഭീമാര്‍ജുനന്മാരുടെ ബാഹുബലമോ അല്ല, മറിച്ച് യാദവന്‍ കൃഷ്ണന്റെ അനുഗ്രഹവും സഹായവുമാണ് പാണ്ഡവര്‍ യുദ്ധത്തില്‍ ജയിക്കാന്‍ സഹായിക്കുന്നതെന്ന് വിശ്വസിക്കുന്ന ശ്രീകൃഷ്ണഭക്തന്മാരുണ്ട്. ഒരു തരം അന്ധമായ ഭക്തി.
അതുപോലെത്തന്നെ ദശകങ്ങളായി ജനങ്ങളില്‍ വേരൂന്നിയ ഇടതു ചിന്താഗതിയോ ഭാരവാഹികളുടെ ചിട്ടയായ പ്രവര്‍തനമോ അല്ല, മറിച്ച് അച്യുതാനന്ദന്റെ പ്രചാരണം മാത്രമാണ് ഇടതുസ്ഥാനാര്‍ഥികളുടെ വിജയകാരണം എന്ന് അച്യുതാനന്ദനെ ഒരു വിഗ്രഹമാക്കുന്നവര്‍ ചിലരെങ്കിലും കരുതുന്നെങ്കില്‍ ഞാനെന്ത് പറയാന്‍, ഇതല്ലാതെ
ജയിച്ചു പാണ്ഡവരെങ്കില്‍ -
തുണച്ചുവെന്നതു കൊണ്ടും –
നശിച്ചു പാണ്ഡവരെന്നാല്‍ -
നമുക്ക് തൊല്ലയും തീര്‍ന്നു.
Friday, June 1, 2012
കുടക്, താളുകള്‍ മറയുമ്പോള്‍ തെളിഞ്ഞുവരുന്നത്,
തീയൂര്‍
രേഖകള്‍ എന്ന നോവല്‍ എഴുതിയ
എന്‍.പ്രഭാകരന്റെ
ഒരു യാത്രാവിവരണഗ്രന്ഥമാണ്
കുടക് കുറിപ്പുകള്‍.
1985 മുതലുള്ള
പത്തിരുപത് കൊല്ലക്കാലം
അദ്ദേഹം കുടകിലേയ്ക്ക് നടത്തിയ
യാത്രകളാണ് ഈ പുസ്തകത്തിന്റെ
ആധാരം.
കുടകരുടെ
ദൈവസങ്കല്‍പങ്ങളും രാഷ്ട്രീയവും
സാംസ്കാരികവുമായ പ്രത്യേകതകളും
ഒക്കെ കൗതുകത്തോടെ നോക്കിക്കാണുന്ന
ഒരു വടക്കന്‍ മലബാറുകാരന്റെ
കണ്ണുകള്‍ ഈ പുസ്തകത്തിലുടനീളം
നമുക്ക് കാണാം.
ഗൗരവമേറിയ
ഒരുപാട് കാഴ്ചകള്‍ അദ്ദേഹം
കാണുന്നുവെന്നതിനാല്‍
കുറിപ്പുകള്‍ക്കും ഗൗരവമേറെയാണ്. അലസമായ ഒരുവായനയ്ക്കുപരി ആഴത്തിലുള്ള പല വായനകളാണ് ആ കുറിപ്പുകള്‍ നമ്മളോട് ആവശ്യപ്പെടുന്നത്. എനിക്കതിന് സാധിച്ചോ എന്നുറപ്പില്ലെങ്കിലും:)
ഈ
കുറിപ്പുകളുടെ ഒരു പ്രധാനപോരായ്മ
അവ ഏത് കാലത്തെഴുതിയതാണെന്ന്
വായനക്കാരനെ അറിയിക്കുന്നില്ല
എന്നതാണ്.
1985 മുതല്‍
നടത്തിയ യാത്രകളെക്കുറിച്ച്
2008 ല്‍
കൈരളി ബുക്സ് പ്രസിദ്ധീകരിച്ച
ഒരു പുസ്തകം 2012
ല്‍
ഞാന്‍ വായിക്കുമ്പോള്‍
എഴുത്തുകാരന്‍ കണ്ട ആ നാട്
ഇന്ന് നിലനില്കുന്നുണ്ടെന്ന്
ഒരിക്കലും കരുതാനാവില്ല.
കുടകിന്റെ
സ്ഥിതിയും മറിച്ചാവാന്‍
തരമില്ലെന്ന പൊതുനിയമം സത്യമാണെങ്കില്‍
ഒരിക്കല്‍ ഉണ്ടായിരുന്ന
കുടകിനെ പറ്റിയുള്ള എന്‍.പ്രഭാകരന്റെ
ഓര്‍മകളാണ് ഈ പുസ്തകമെന്ന്
പറയേണ്ടി വരും.
പില്‍കാലത്ത്
കതിവന്നൂര്‍ വീരന്‍ എന്ന
തെയ്യമായി മാറിയ മാങ്ങാട്ടുകാരനായ
മന്ദപ്പന്‍ അച്ചനോട്
തെറ്റിപ്പിരിഞ്ഞ് കുടകിലേയ്ക്ക്
പോയ വഴിയിലൂടെ 1985
മുതലിങ്ങോട്ട്
എഴുത്തുകാരന്‍ നടക്കാന്‍
തുടങ്ങുന്നതോടെയാണ് പുസ്തകം
ആരംഭിക്കുന്നത്.
മനുഷ്യനായി
മലകയറിയ മന്ദപ്പന്‍ ദൈവമായാണ്
മലയിറങ്ങുന്നത്.
എഴുത്തുകാരനും
സമാനമായ ഒരനുഭവം കുടക്
നല്‍കിയിരിക്കണം. കുടകിലേയ്ക്ക് പറങ്കിയണ്ടി കള്ളക്കടത്ത്
നടത്തുന്നവരേയും വൈകുന്നേരങ്ങളില്‍
ഉറവെടുക്കുന്ന മൂലവെട്ടി
എന്ന നാടന്‍ ചാരായത്തിനായി
ആലസ്യത്തോടെ കാത്തുകിടക്കുന്ന
കാഞ്ഞിരക്കൊല്ലി പോലുള്ള
ഗ്രാമങ്ങളേയും പിന്നിട്ട്,
ക്ഷയിക്കാത്ത
കുടക് കാടുകളുടെ ആഴത്തിലൂടെ
ഒരു ഒറ്റമരം നോക്കിയുള്ള
യാത്രയാണത്.
അങ്ങകലെ
നിന്നേ കാണാം ആ മരം.
ആ
മരമെത്തിയാല്‍ കുടകിലെത്തി
എന്നര്‍ഥം !
ദൈവത്തിന്റെ
വഴിയില്‍ എന്ന ഒന്നാമധ്യായവും
ഒരു മരം:
ഒറ്റമരം
എന്ന രണ്ടാമധ്യായവും
കുടകിലേയ്ക്കുള്ള വഴിക്കാഴ്ചകളാണ്.ഒരു
മുന്നറിയിപ്പും കുറേ വസ്തുതകളും
എന്ന മൂന്നാമധ്യായം മുതല്‍
നാം കടകിനെ അനുഭവിക്കാന്‍
തുടങ്ങുന്നു.
കുടകിലെ
പ്രകൃതിയുടെയും സ്ത്രീകളുടെയും
പുരുഷന്മാരുടെയും ഭംഗിയെപ്പറ്റി
കാലങ്ങളായി നാം അറിഞ്ഞ
സത്യങ്ങള്‍ പിന്നെയും നമ്മോട്
പറയുന്ന എഴുത്തുകാരന്‍ അതു
മാത്രമല്ല സത്യമെന്നുകൂടി
നമുക്ക് ചൂണ്ടീക്കാണിച്ചുതരുന്നു.
കദനത്തിന്റെ
ഊരില്‍ എന്ന നാലാമിടം കതിവന്നൂര്‍
വീരനായ മന്ദപ്പന്റെ ഓര്‍മകളാലാണ്
നിറയുന്നത്.
അരിവാളും കുരിശും എന്ന പേരുള്ള തൊട്ടടുത്ത
ഭാഗത്താവട്ടെ കേരളത്തില്‍
നിന്ന് പോയി കുടകില്‍
കമ്യൂണിസ്റ്റ് ആശയങ്ങള്‍
പ്രചരിപ്പിക്കുന്ന ഗോണിക്കൊപ്പയിലെ
സഖാക്കള്‍ നിറയുന്നു.
ഗോണിക്കൊപ്പയിലെ
തന്നെ ആത്മീയ എന്ന സ്ഥാപനത്തിലെ
തുളസീദേവിയെയും അരവിന്ദ
ആര്യയെയും കുടകിന്റെ തനത്
സാംസ്കാരികത കാക്കുന്നതിനായി
അവര്‍ നടത്തുന്ന ശ്രമങ്ങളെയും
പറ്റിയാണ് ആറാംഭാഗം.
പഴയകാലത്ത്
നെല്ലു നിറച്ച പത്തായങ്ങള്‍ക്ക്
കാവല്‍ നിന്നിരുന്ന
പത്തായമുത്തശ്ശിമാരുടെ
മരപ്രതിമകള്‍ മുതല്‍ ആധുനികകാലത്ത്
നിര്‍മിച്ചെടുത്ത പാരമ്പര്യ
കലാരൂപങ്ങളെ വിമര്‍ശിച്ചതിനാല്‍
ആത്മീയ നേരിടുന്ന പ്രശ്നങ്ങള്‍
വരെ ഇതില്‍ നമുക്ക് വായിക്കാം
കുശാലപ്പ
എന്ന നെല്‍കൃഷിക്കാരനെക്കുറിച്ചുള്ള
ഏഴാം ഖണ്ഡം കുടകിലെ
നെല്‍കൃഷിയെപ്പറ്റിയും
പുന്നെല്ലും പൊലിപ്പാട്ടും
പത്തായം നിറവും അടക്കം നെല്ല്
നമുക്ക് തന്ന ഉത്സവങ്ങളെപ്പറ്റിയും
കുടകരുടെ ആതിഥ്യമര്യാദയെപ്പറ്റിയും പറയുന്നു.
ഒപ്പം
നെല്ല് മെല്ലെമെല്ലെ കളമൊഴിയുന്ന
കാഴ്ചയും നാം കാണുന്നു.
എരുമാട്
എന്നു പേരിട്ട എട്ടാം ഭാഗം
കുടകിലെ മതബന്ധങ്ങളെപ്പറ്റി
നമ്മോട് പറയുന്നു.
കാരണവനാര്‍
ദൈവങ്ങളായി കൂട്ടുകുടുംബങ്ങളുടെ
ആരാധ്യനായി കഴിഞ്ഞിരുന്ന,
മഞ്ഞുരുകും
പോലെ മാഞ്ഞുപോവുന്ന കാഴ്ചകളും
കേരളത്തില്‍ നിന്നെത്തി
കുടകില്‍ നിലയുറപ്പിച്ച
ദൈവങ്ങളും ദ്രാവിഡരെന്ന്
അഭിമാനിക്കുമ്പോഴും മെല്ലെമെല്ലെ
ബ്രാഹ്മണവാഴ്ചകള്‍ക്ക്
കീഴ്പ്പെടുന്ന കുടകന്റെ
മത-സാംസ്കാരികബോധവുമെല്ലാം
ദൈവങ്ങളുടെ ദേശാടനം എന്ന
ഭാഗത്ത് വിവരിക്കപ്പെടുന്നു.
ഇതിന്റെ
തുടര്‍ച്ചയില്‍ ഹെബ്ബാലെയിലെ
കാട്ടിലുള്ള ക്ഷേത്രത്തില്‍
നടക്കുന്ന ലിംഗോത്സവത്തിന്റെ
അമ്പരപ്പിക്കുന്ന രംഗങ്ങളാനുള്ളത്.
അവസാനത്തെ
രണ്ടു ഭാഗങ്ങളില്‍ സൗന്ദര്യങ്ങള്‍ക്കും
കഥകള്‍ക്കുമപ്പുറം കുടകന്റെ
യഥാര്‍ഥ ജീവിതത്തെപ്പറ്റിയും
ദേശത്തിന്റെ സ്വകാര്യമായ
സംസ്കാരങ്ങള്‍ ലോകത്തിന്റെ
പൊതുവായ സംസ്കാരത്താല്‍
തിരസ്കരിക്കപ്പെടുമ്പോള്‍
നാട് കടക്കാനൊരുമ്പെടുന്ന
കുടകരെപ്പറ്റിയും കാട്ടിത്തരുന്നു.
ഈ പുസ്തകത്തിലെ ഏറ്റവും മനോഹരമായ രംഗവും അവസാന അധ്യായങ്ങളിലൊന്നിലാണ്. നിയമവിരുദ്ധമായ പാക്കറ്റ് ചാരായവും മുളമ്പാത്തിയില്‍ കൂടി ഒഴുകിയെത്തുന്ന വെള്ളവും തേടി നിശബ്ദമായി മെഴുകുതിരിയുടെ വെളിച്ചത്തില്‍ എത്തുന്ന ജനങ്ങള്‍ ഒരു പൗരാണികാചാരമെന്ന പോലെ തെളിയുന്ന കാഴ്ച. സത്യം പക്ഷേ എത്രയോ അകലെയാണെങ്കിലും. മലയാളികള്‍
തൊഴിലന്വേഷിച്ച് കുടകില്‍
ചെന്ന ആ പഴയകാലത്തും കഥകള്‍ക്കപ്പുറം
ഇത്തരം കയ്പ് നിറഞ്ഞ
നേരുകളുണ്ടായിരുന്നു എന്നും
എന്‍ പ്രഭാകരന്റെ ഈ പുസ്തകം
നമ്മോട് പറയും.
ഇങ്ങനെ
....
നാട്ടില് ചായ മന്താളത്തില്കൊടകില് പോയപ്പൊ ആടചായ വക്കുപൊട്ടിയ മന്താളത്തില്
Friday, May 25, 2012
അവസാനത്തെ കത്ത്
പ്രിയപ്പെട്ടവളേ
ശരിക്കും
നിന്റെ പേര്
ചന്ദ്രിക
എന്നുതന്നെ
ആയിരുന്നോ ?
ആടുജീവിതത്തെപ്പറ്റിയും
കാടുജീവിതത്തെപ്പറ്റിയും
നിറം തുടിക്കുന്ന
സ്വപ്നങ്ങള്‍ മെനഞ്ഞത്
നീ തന്നെയായിരുന്നോ ?
നീ ആരാണ്
ചന്ദ്രികയായി നടിച്ച രജനിയോ
അതോ
രാഗിണിയായി നടിച്ച വൈരാഗിയോ ?
അറിയാനായിട്ടൊരാശ.
പറഞ്ഞില്ലെങ്കിലും തെറ്റൊന്നുമില്ല
എന്ന്
നിന്റെ പ്രിയപ്പെട്ട
രമണന്‍
ശരിക്കും
നിന്റെ പേര്
ചന്ദ്രിക
എന്നുതന്നെ
ആയിരുന്നോ ?
ആടുജീവിതത്തെപ്പറ്റിയും
കാടുജീവിതത്തെപ്പറ്റിയും
നിറം തുടിക്കുന്ന
സ്വപ്നങ്ങള്‍ മെനഞ്ഞത്
നീ തന്നെയായിരുന്നോ ?
നീ ആരാണ്
ചന്ദ്രികയായി നടിച്ച രജനിയോ
അതോ
രാഗിണിയായി നടിച്ച വൈരാഗിയോ ?
അറിയാനായിട്ടൊരാശ.
പറഞ്ഞില്ലെങ്കിലും തെറ്റൊന്നുമില്ല
എന്ന്
നിന്റെ പ്രിയപ്പെട്ട
രമണന്‍
Sunday, May 13, 2012
കുലം കുത്തി എന്നാല്‍
മലയാളത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് സി.വി. രാമന്‍പിള്ളയുടെ ഭാവനയിലുടലെടുത്ത ചന്ത്രക്കാറന്‍. ധര്‍മരാജായില്‍ ചന്ത്രക്കാറനെ അവതരിപ്പിക്കുന്ന രണ്ടാമധ്യായം ഈയിടെയെടുത്ത് വായിച്ചപ്പോള്‍ മുമ്പ് അത്ര കാര്യമാക്കാതെ വിട്ട ഒരു സംഭാഷണത്തില്‍ മനസ്സുടക്കി. തന്റെ മുന്നില്‍ വന്ന് സങ്കടബോധനം നടത്തുന്ന ഉമ്മിണിപ്പിള്ളയോട് ചന്ത്രക്കാറന്‍ പറയുന്ന ഈ വരികള്‍ രസകരവും അര്‍ഥസമ്പുഷ്ടവുമാണ്.
മച്ചമ്പിക്കന്നാ, ആ കൊലംകുത്തിപ്പടത്തലവന്റെ മോളെ നീ വേട്ടൂടാ - ചെമ്പകശ്ശേരിയില്‍ ചവിട്ടൂണ കാല് ചെലമ്പിനേത്ത് തീണ്ടിക്കൂടാ. ചെമ്പകശ്ശേരിക്കാരും ചെലമ്പിനേത്തുകാരും നെഴല് വെലങ്ങിക്കൂടെടാ - വെലങ്ങിക്കൂടാ
നെഴല് വെലങ്ങിക്കൂടെടാ - വെലങ്ങിക്കൂടാ എന്ന് ചന്ത്രക്കാറന്‍ രണ്ടുവട്ടം ആവര്‍ത്തിക്കുമ്പോള്‍ അയാള്‍ക്ക് ചെമ്പകശ്ശേരിക്കാരുമായുള്ള ശത്രുതയുടെ ആഴം നമുക്ക് മനസ്സിലാക്കാം. ചെമ്പകശ്ശേരിക്കാരുമായി ചന്ത്രക്കാറന് എന്താണ് ഇത്ര ശത്രുത? അതറിയാന്‍ മാര്‍താണ്ഡവര്‍മയുടെ കാലത്തേയ്ക്ക് പോവേണ്ടിവരും.
എട്ടുവീട്ടില്‍ പിള്ളമാരും തിരുവിതാങ്കോട്ടിലെ മാടമ്പിപ്രഭുക്കന്മാരുമായുള്ള ബലാബലത്തില്‍ മാര്‍താണ്ഡവര്‍മയ്ക്ക് തുണയായി നിന്നത് പിള്ളമാരുടെ ബന്ധുക്കളായ അനന്തപത്മനാഭനും സംഘപ്രധാനിയായ കുടമണ്‍പിള്ളയുടെ അനന്തരവളായ സുഭദ്രയുമായിരുന്നു. ന്യായീകരണങ്ങളെന്തൊക്കെയുണ്ടായാലും വ്യക്തിവൈഭവത്തേക്കാള്‍ കുലമഹിമയ്ക്കും വിത്തശക്തിയേക്കാള്‍ വംശപാരമ്പര്യത്തിനും വിലകല്‍പിക്കുന്ന ഒരു സമൂഹത്തില്‍ കുലദ്രോഹം ഏറ്റവും നീചമായ അപരാധം തന്നെയാണ്. ആ കൊടുമ്പാതകം ചെയ്തവരില്‍ പ്രധാനിയായ സുഭദ്ര കഥാന്ത്യത്തില്‍ തന്നെ കുടമണ്‍പിള്ളയുടെ വാളിനിരയായി തന്റെ ശിക്ഷ ഏറ്റുവാങ്ങുന്നു.
അവശേഷിച്ചവരില്‍ മുമ്പന്‍ “ സ്വവര്‍ഗക്കാരായ കാട്ടാനകളെ പിടിപ്പാന്‍ പരിശീലിക്കപ്പെടുന്ന താപ്പാനകളെപ്പോലെ ” എട്ടുവീടരെ മുടിക്കുന്നതില്‍ സഹായിയായിരുന്ന അനന്തപത്മനാഭനാണ്. അയാളാവട്ടെ ഇന്ന് ധര്‍മരാജാവിന്റെ വലിയപടത്തലവനാണ്. രാമനാമഠം പിള്ളയുടെ മകനായ ചന്ത്രക്കാറന്റെ മനസ്സില്‍ നിന്നും പക്ഷേ സ്ഥാനമഹിമ കൊണ്ടോ വിത്തബലം കൊണ്ടോ കഴുകിക്കളയാവുന്നതല്ല അനന്തപത്മനാഭന്‍ ചെയ്ത അപരാധം. വലിയപടത്തലവനാണെങ്കിലും ചന്ത്രക്കാറന്‍ അനന്തപത്മനാഭനെ വിശേഷിപ്പിക്കുന്നത് കുലംകുത്തിപ്പടത്തലവന്‍ എന്നാണ്. അനന്തപത്മനാഭനുമായുള്ള ബലപരീക്ഷണത്തില്‍ ചന്ത്രക്കാറന്‍ പലതവണ തോറ്റു. പക്ഷേ കുലത്തിന്റെ മഹിമയില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ശിക്ഷ, സ്ത്രീ സന്താനമില്ലാതെ അന്യം നില്‍ക്കുന്ന അവസ്ഥ ചെമ്പകശ്ശേരിക്കാര്‍ക്ക് ഒറ്റത്തലമുറയ്ക്കപ്പുറം വന്നെത്തുമ്പോള്‍ ദൈവനീതിയ്ക്ക് ദാക്ഷിണ്യമില്ല എന്ന് നാമറിയുന്നു.
പടത്തലവന്റെ മകളെ മോഹിച്ചുനടക്കുന്ന ഉമ്മിണിയോട് തുടക്കം തൊട്ട് ഒടുക്കം വരെ അയാള്‍ക്ക് ഒന്നേ പറയാനുള്ളൂ. “ആ കൊലംകുത്തിപ്പടത്തലവന്റെ മോളെ നീ വേട്ടൂടാ”.കുലദ്രോഹത്തിന്റെ അളവുകോല്‍ ജനപ്രിയതയുമായി ഒത്തുനോക്കാവുന്നതല്ല. സത്യത്തിനായി നിലകൊണ്ടു എന്നതോ അധികാരികളുടെ പിന്തുണയുണ്ട് എന്നതോ ജനപ്രിയനാണ് എന്നതോ ഒരാളെ കുലദ്രോഹി അഥവാ നല്ല മലയാളത്തില്‍ പറഞ്ഞാല്‍ കുലംകുത്തി അല്ലാതാക്കുന്നില്ല. വ്യക്തികളേക്കാള്‍ പ്രധാനം കുലത്തിനും വംശത്തിനും മതത്തിനും സംഘത്തിനും ഗോത്രത്തിനും നാം നല്‍കുമ്പോള്‍ കുലംകുത്തികള്‍ സ്വാഭാവികമായും ഉണ്ടാകും. കുലമഹിമയില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ ശിക്ഷാര്‍ഹരുമാണ്.
ആദികാവ്യമെന്ന് പലരും കരുതുന്ന രാമായണത്തില്‍ തന്നെ ആദ്യത്തെ കുലംകുത്തിയേയും നമുക്ക് കാണാനാവും. അന്യന്റെ ഭാര്യയെ കട്ടതിനെച്ചൊല്ലി കുംഭകര്‍ണന്‍ രാവണനോട് കലഹിക്കുന്നുവെങ്കിലും ലങ്കയ്ക്ക് വേണ്ടി പോരാടാന്‍ അയാള്‍ ഒരുമടിയും കാണിക്കുന്നില്ല. എന്നാല്‍ വാനരപ്പട കടലിനക്കരെയെത്തി എന്നറിഞ്ഞപ്പോള്‍ ധര്‍മത്തിന്റേയും ന്യായത്തിന്റെയും കറുത്ത മറപറ്റി സ്വജനങ്ങളെ ഉപേക്ഷിച്ചുപോയ വിഭീഷണന്‍ കുലംകുത്തിയല്ലാതെ മറ്റാരുമല്ല. ഒരു രാവണായനമുണ്ടെങ്കില്‍ അതില്‍ വിഭീഷണന്റെ സ്ഥാനം ഒരു ചതിയന്റേതായിരിക്കും. സി.എന്‍. എഴുതിയ ലങ്കാലക്ഷ്മിയില്‍ മേഘനാഥന്‍ പറയുന്നതുപോലെ, “ആപത്തില്‍ പിരിയുന്നവന്‍ ശത്രുവാണ്, വധ്യനുമാണ് !”
പക്ഷേ വ്യക്തികളില്‍ വിശ്വസിക്കുന്നവര്‍ക്ക് കുലത്തെപ്പറ്റിയോ കുലമഹിമയെപ്പറ്റിയോ കുലദ്രോഹത്തെപ്പറ്റിയോ കുലംകുത്തികളെപ്പറ്റിയോ ഒരു ചുക്കുമറിയില്ല. ചെയ്യുന്നതെല്ലാം കുലമഹിമയുമായി ഒത്തുനോക്കുന്നവര്‍ അതൊരു വലിയ തെറ്റായി കണക്കാക്കാറുണ്ടെങ്കിലും.
അവലംബം
1) എന്‍. കൃഷ്ണപിള്ളയുടെ പ്രതിപാത്രം ഭാഷണഭേദം
2) ഡ്കോ:കെ.ഭാസ്കരന്‍ നായരുടെ ദൈവനീതിക്ക് ദാക്ഷിണ്യമില്ല
Saturday, May 12, 2012
ചിത്രം വരയ്കുന്നവര്‍
പടര്‍ന്നുപൊന്തിയ കടലാസില്‍
ഒരിടത്തൊരച്ചനും മകനും കൂടി
ഒരു മാവുവരച്ചു.
മാവിന്റെ ഇങ്ങേക്കൊമ്പില്‍
കൂടുകാക്കുന്ന ഒരു കാക്ക
മാവിന്റെ അങ്ങേക്കൊമ്പില്‍
പാട്ടുപാടുന്ന ഒരു കുയില്‍
ഹായ് ഹായ് ഹായ്...
കാക്കയെ നോക്കി കുട്ടി തുള്ളിച്ചാടി.
കൂയ് കൂയ് കൂയ്...
പാട്ടുകേട്ട് അവന്‍ കൂക്കിവിളിച്ചു.
ദേഷ്യം പിടിച്ച കാക്ക
ചിത്രത്തില്‍ നിന്നിറങ്ങി
കുട്ടിയെ കൊത്താന്‍ വന്നു
അതു കണ്ട്
അച്ചന്‍ കാക്കയെ എറിഞ്ഞോടിച്ചു.
പേടിച്ചുപോയ കുയില്‍
വേഗം അപ്പുറത്തെ പറമ്പിലേയ്ക്ക് പാറിപ്പോയി.
കുയിലിന്റെ പിന്നാലെ കുട്ടി..
കുട്ടിയുടെ പിന്നാലെ അച്ചന്‍..
ചിത്രത്തിലിപ്പോള്‍ മാവു മാത്രം ...
പടര്‍ന്നുനിക്കുന്ന ആ മാവിന്റെ ചോട്ടിലിരുന്ന്
രണ്ടു കുണ്ടന്മാര്‍ ചിത്രം വരയ്ക്കാന്‍ തുടങ്ങി.
മാവിന്റെ ഇങ്ങേ വശത്ത്
പൊന്നണിഞ്ഞൊരു പെണ്ണ് !!
മാവിന്റെ അങ്ങേ വശത്ത്
പമ്മിനിക്കുന്നൊരു കള്ളന്‍ !!
Sunday, April 22, 2012
തേങ്ങാമുതലാളിയുടെ ആത്മകഥ
ഇന്നലെ വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് ഓര്‍ത്തത് വെളിച്ചെണ്ണ തീരെയില്ലെന്ന്. ഒരു പ്ലാസ്റ്റിക് കാനും എടുത്ത് നേരെ മില്ലിലേയ്ക്ക് നടന്നു. അവിടേയ്ക്ക് കയറുമ്പോള്‍ തന്നെ ബോര്‍ഡില്‍ ഇന്നത്തെ വിലയെന്താണെന്ന് നോക്കി. കിലോയ്ക്ക് 67 ആയിരിക്കുന്നു. കുറച്ചുകാലം മുമ്പ് 85 ഉം 90 ഉം വരെ എത്തിയിരുന്നതാണ്. അപ്പോള്‍ വില കുറഞ്ഞു എന്ന് പറയാം. പക്ഷേ അതിനു ശേഷം വെളിച്ചെണ്ണ വില കിലോയ്ക്ക് 60 വരെ എത്തിയതാണ്. അപ്പൊ വില ഉയര്‍ന്നു എന്നും പറയാം. അല്ലെങ്കിലും ഈ ഉയര്‍ച്ചതാഴ്ചകളൊക്കെ ആപെക്ഷികമല്ലേ :) വെളിച്ചെണ്ണ, കൊപ്ര, തേങ്ങ, തെങ്ങ് ഇങ്ങനെ തികഞ്ഞ പിന്തിരിപ്പനായി ചിന്തിച്ചപ്പോള്‍ ആണ് ഇന്ന് തേങ്ങയിടാന്‍ വരാന്‍ പണിക്കാരോട് പറഞ്ഞിട്ടുണ്ട് എന്ന് ഓര്‍ത്തത്. പരിചയമുള്ള കടയില്‍ ചെന്ന് ഒരു ആയിരത്തഞ്ഞൂറ് കടം വാങ്ങി. അത് മതിയാവുമെന്ന് കരുതി ഒന്നും ആലോചിക്കാതെ കിടന്നുറങ്ങി.
രണ്ടു ബാലന്മാരാണ് ഞങ്ങളുടെ പറമ്പില്‍ തെങ്ങുകേറാന്‍ സ്ഥിരമായി വരുന്നത്. ഇന്നും രാവിലെ ഏഴര വെളുപ്പിന് തന്നെ എത്തി അവര്‍ പണി തുടങ്ങി. നാളികേരം പെറുക്കിക്കൂട്ടാന്‍ ഞാനും അച്ഛനും. തെങ്ങുകേറുന്ന കാര്യത്തില്‍ അവരുടെ ഇടയില്‍ തന്നെ ഒരു ധാരണയുണ്ട്. ഒരാളുടെ ആരോഗ്യം അല്‍പം മോശമായതിനാല്‍ ആകാശത്തിന്റെ നെറുകയിലേയ്ക്ക് എത്തുന്ന തെങ്ങുകളൊക്കെ മറ്റാളാണ് കയറാറ്. ഒന്‍പതു കഴിഞ്ഞപ്പോഴേയ്ക്ക് അവരുടെ ജോലി അവര്‍ തീര്‍ത്തു. നാളികേരം പെറുക്കിക്കൂട്ടല്‍ പിന്നെയും ബാക്കി കിടന്നു ഇതു കഴിഞ്ഞാല്‍ വെട്ടിക്കുടിക്കാനുള്ള ഒരു കുല ഇളന്നീരിന്റെ ബലം മൂന്നര വയസ്സുകാരനെക്കൂടി ഉത്സാഹക്കമ്മറ്റിയില്‍ കൊണ്ടുവന്നു.
ഒന്നരമണിക്കൂര്‍ കൊണ്ട് അവര്‍ക്ക് രണ്ടുപേര്‍ക്കുംകൂടി ആയിരത്തിമുന്നൂറ് രൂപ കൂലിയായി കിട്ടി. കഴിഞ്ഞ തവണ തെങ്ങിന് പതിനഞ്ചായിരുന്നു കൂലി. ഇപ്പോള്‍ ഇരുവതായി അത്. മിക്ക സ്ഥലത്തും തെങ്ങൊന്നിന് ഇരുപത്തഞ്ചാണ് കൂലി എന്നുപറഞ്ഞ് അവര്‍ ഞങ്ങളെ സമാധാനിപ്പിച്ച് വ്യംഗ്യമായി ഭീഷണിപ്പെടുത്തി.
രണ്ടു തെങ്ങുകയറ്റക്കാര്‍ക്കും ഇനി ഇത്തരത്തില്‍ ഒരു പറമ്പില്‍ കൂടി പണി ചെയ്യാനുള്ള സമയമുണ്ട്. പൊതുവേ ചുരുങ്ങിയത് ആള്‍ക്ക് ആയിരം രൂപയോളം ഇവര്‍ ഒരു ദിവസം സമ്പാദിക്കും. അതും ഉച്ചവരെയുള്ള നേരം കൊണ്ട്. വെയില്‍ മൂത്താല്‍ പിന്നെ ഇവര്‍ പണിക്കു പോവാറില്ല. പറ്റുകയും ഇല്ല. ജോലി സമയത്തേക്കാള്‍ ഒരുപാടധികമുള്ള ഈ ഒഴിവുസമയം പൊതുവേ തെങ്ങുകയറ്റക്കാരുടെ അധ്വാനഫലത്തെ പോക്കറ്റടിക്കുന്നതില്‍ വലിയ പങ്കു വഹിയ്ക്കുന്നുണ്ട്. കഠിനമായ ദേഹാധ്വാനം മറക്കാന്‍ ലഹരി, ഭാഗ്യം പരീക്ഷിക്കാന്‍ ലോട്ടറികള്‍, കീശയില്‍ മിഴിവോടെ നില്‍ക്കുന്ന പച്ചനോട്ടുകള്‍ പകരുന്ന അമിതമായ ആത്മവിശ്വാസം ഇങ്ങനെ പലവഴിയ്ക്ക് പണം പാഴാക്കിക്കളയുന്നവരുണ്ട്. എല്ലാം കൂടി ഇവരെ പിറ്റേന്നും പണിക്കിറങ്ങേണ്ട അവസ്ഥയില്‍ പലപ്പോഴും എത്തിക്കുന്നു. ഒരു തെങ്ങിനു ഏറ്റവും കുറഞ്ഞത് ഇരുപത് മുതല്‍ ഇരുപത്തഞ്ച് വരെ കൂലി വാങ്ങുന്ന തെങ്ങുകയറ്റക്കാരില്‍ പലരും എഴുപതാം വയസ്സിലും തളപ്പ് കയ്യിലെടുക്കേണ്ടിവരുന്നു. എത്തിപ്പിടിക്കാന്‍ മറ്റൊരു കൊമ്പില്ലാത്ത ഉയരങ്ങളില്‍ ഒന്നു പിഴച്ചാല്‍, അതോടെ താല്‍കാലികമായെങ്കിലും ഒതുങ്ങുന്നു എല്ലാം :( നട്ടെല്ലിന് പരിക്കേറ്റ് മറ്റൊരു ജോലിക്കുമാവാതെ കഴിയുന്ന തെങ്ങുകയറ്റത്തൊഴിലാളികള്‍ കുറവൊന്നുമല്ല.
ഇനി കൃഷിക്കാരന്റെ കണ്ണില്‍ കൂടി നോക്കിയാല്‍, അഞ്ചര രൂപയാണ് നാളികേരത്തിന് ഇന്ന് വില കിട്ടിയത്. അതായത് ഒരു തെങ്ങില്‍ നിന്ന് നാല് നാളികേരം കിട്ടണം തെങ്ങുകയറ്റക്കാരന് കൂലി കൊടുക്കാന്‍ മാത്രം. പറമ്പില്‍ ഉണങ്ങിവീഴുന്ന നാളികേരം എടുത്ത് വില്‍ക്കുന്നതാണ് അവനു മെച്ചം. അപ്പോള്‍ പക്ഷേ അടുത്ത കുല പിടിച്ചുവരാന്‍ സമയമെടുക്കും. കൊച്ചിയിലൊക്കെ ചകിരി നീക്കിയ നാളികേരത്തിനു പതിനാല് രൂപ കൊടുക്കണമത്രെ കടയില്‍ നിന്നു വാങ്ങാന്‍. പ്ലസ്സിലൊരു സുഹൃത്ത് പറഞ്ഞതാണ്. അതൊക്കെ പക്ഷേ ചില അപവാദങ്ങളാണ്. ആദ്യം പറഞ്ഞ പോലെ വെളിച്ചെണ്ണ വില കുറഞ്ഞപ്പോള്‍ തന്നെ ഇതും മനസ്സില്‍ ഓര്‍ക്കേണ്ടതായിരുന്നു :)
ഉച്ചയ്ക്ക് പുറത്ത് പോയി വരുന്നതിന്റെ ഇടയ്ക്ക് നാളികേരത്തെപ്പറ്റി ആലോചിച്ചു ദാഹിച്ചു. ഉടനേ ഇളന്നീര്‍ കുടിക്കണമെന്ന് തോന്നി. വീട്ടില്‍ ഉണ്ട് ഈ സാധനം. പക്ഷേ ദാഹം സഹിക്കാന്‍ പറ്റിയില്ല. അടുത്ത് കണ്ട ഇളനീര്‍ പന്തലില്‍ കയറി വില ചോദിച്ചു. ഒരെണ്ണത്തിന് ഇരുപതാണെന്ന് കേട്ടപ്പോള്‍ ദാഹവും വിയര്‍പ്പും വറ്റി. വെട്ടണ്ടാ എന്നു ചാടിപ്പറഞ്ഞ് അവിടെ നിന്ന് തടിതപ്പി. ഇട്ടിക്കോരയുടെ പിന്‍ഗാമികളെ മനസ്സ് തുറന്ന് ശപിച്ചു.തെങ്ങുകയറ്റക്കാരന്റെ കൂലി, വണ്ടിക്കാരന്റെ കൂലി, ഇടനിലക്കാരന്റെ ലാഭം, വെട്ടിക്കൊടുക്കുന്നവന്റെ കൂലി, കച്ചവടക്കാരന്റെ ലാഭം, ഇതൊക്കെ വാങ്ങുന്നവന്‍ തന്നെ കൊടുക്കണ്ടേ :)
അല്ലേലും ഉല്‍പാദകനല്ല, ഇടനിലക്കാരനല്ലേ എന്നും ലാഭം :). നാളികേരം കൊപ്ര ആയി വില്‍ക്കുന്നതാണ് കൂടുതല്‍ മെച്ചം. അപ്പൊ പക്ഷേ നമ്മുടെ അധ്വാനം കൂടും. മില്ലിലേയ്ക് സാധനം എത്തിച്ചാല്‍ പിന്നെയും നന്ന്. വര്‍ഷത്തില്‍ രണ്ടു തവണ തെങ്ങിന്റെ കടതുരക്കല്‍, വളമിടല്‍, ആവശ്യമെങ്കില്‍ നന, തെങ്ങുകയറ്റക്കൂലി എല്ലാം കൂട്ടി വായിച്ചാല്‍ ഒരു നാളികേരത്തിന് കര്‍ഷകന്, രണ്ടു രൂപ കിട്ടിയാല്‍ ലാഭം
സംഗതി ഇത്രേയുള്ളൂ. നമ്മളൊരു പ്രൊഫഷണല്‍ കൃഷിക്കാരനല്ലാത്തതുകൊണ്ട് വീട്ടില്‍ തെങ്ങുകള്‍ തല പൊക്കി നിക്കുന്നു. ചിലപ്പോഴൊക്കെ തോന്നും കുറേ തെങ്ങുകള്‍ വെട്ടിമാറ്റി ആ ഒഴിവുകളില്‍ തേക്കോ മറ്റോ നട്ടുവളര്‍തണമെന്ന്. ആത്മഹത്യ ചെയ്യാതിരിക്കാന്‍ ചില മുന്‍കരുതലൊക്കെ എടുക്കണ്ടേ :)

Thursday, December 22, 2011
ദൈവാശ്രയബോധം
ആത്മനാഥാനുഭവം എന്ന ബ്ലോഗില്‍ ഈയിടെ വന്ന ദൈവാശ്രയബോധം എന്ന പോസ്റ്റ് വായിച്ചതില്‍ പിന്നെ എന്റെയുള്ളിലും ദൈവാശ്രയബോധം , വേനലിന്റെ തുടച്ചുമാറ്റിയെത്തുന്ന മഴത്തുള്ളികള്‍ പോലെ ഉറവെടുക്കുകയും കമന്റ് ബോക്സിലേയ്ക്ക് പെയ്തിറങ്ങുകയും ചെയ്തു. എന്നാല്‍ കമന്റ് മോഡറെഷനെന്ന മുല്ലപ്പെരിയാര്‍ ഡാം കെട്ടി എന്റെ ദൈവവിളി തടുത്തുനിര്‍ത്തപ്പെട്ടതിനാല്‍ ഞാന്‍ അസ്വസ്ഥനായി. ഒടുവില്‍ നിന്റെ ബ്ലോഗിലൂടെ നീ അത് പ്രചരിപ്പിക്കുക എന്നൊരു അശരീരി ഞാന്‍ കേള്‍ക്കയാല്‍ അത് സവിനയം ഈ ബ്ലോഗ് പോസ്റ്റില്‍ ചേര്‍ക്കുന്നു.
ഈ പോസ്റ്റ് വായിക്കുന്ന ഓരോരുത്തരെയും ഇഹത്തിലും പരത്തിലും ഡിങ്കഭഗവാന്‍ അനുഗ്രഹിക്കുമാറാകട്ടെ.
ഡിങ്കഭഗവാനിലാശ്രിതര്‍ക്കുള്ളൊരു
വിശ്വാസമൊക്കെ വ്യതിചലിക്കെ
ആശ്രിതവത്സല മൂഷികനേകുന്നു
കേരകരൂപിയാം ഭീകരരെ
ഭീകരരാക്ഷസരൂപത്തെ കാണുമ്പോള്‍
ഭീതിദരായ് നാം കരഞ്ഞിടുമ്പോള്‍
ഡിങ്കനാമങ്ങള്‍ താന്‍ ആശ്രയമെന്നുള്ള
ശാശ്വതസത്യം തെളിഞ്ഞിടുമ്പോള്‍
ആപത്തകന്നു സമാധാനമെങ്ങുമേ
കാണായ് വന്നീടുന്നൂ ചിത്രം ചിത്രം
ഡിങ്കകൃപകണ്ടനുഭവിക്കാനുള്ള
സങ്കേതമത്രെ ഭുവനജന്മം !
ഈ പോസ്റ്റ് വായിക്കുന്ന ഓരോരുത്തരെയും ഇഹത്തിലും പരത്തിലും ഡിങ്കഭഗവാന്‍ അനുഗ്രഹിക്കുമാറാകട്ടെ.
Subscribe to:
Posts (Atom)